തുല്യ വേതനവും ഫെമിനിസവും
തൊഴിൽ മേഖലകളിൽ, പ്രത്യേകിച്ച് സിനിമ മേഖലയിൽ ഇടയ്ക്കിടെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വിഷയം ആണ് വേതനത്തിൽ ഉള്ള തുല്യത എന്നത്. റിമ, പാർവതി, അനിഖ, കൂടാതെ, ഈ അടുത്ത് ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളിയും ഈ ആവശ്യവുമായി രംഗത്ത് വരുന്നത് കണ്ടു. ഫെമിനിസ്റ്റ് എന്ന് സ്വയം വിലാസപ്പെടുത്തുന്ന ഒരുപാട് ആളുകൾ ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്.
തുല്യമായി ജോലി ചെയ്യുന്ന ആളുകൾക്കു ഇടയിൽ പക്ഷപാതം പാടില്ലെന്നും സ്ത്രീ ശാക്തീകരണത്തിന് ഇങ്ങനെ ഉള്ള ആവശ്യങ്ങൾ അംഗീകരിക്കപ്പെടുക എന്നത് അത്യാവശ്യം ആണെന്നും അവർ വാദിക്കുന്നു. ഈ വാദത്തിന്റെ ഉദ്ദേശശുദ്ധി നല്ലത് ആണെങ്കിലും, ഈ ഒരു വാദം യഥാർത്ഥത്തിൽ ഒരു നല്ല ഫലം സ്ത്രീകളുടെ ജീവിതത്തിൽ ഉണ്ടാക്കുന്നുണ്ടോ എന്ന് അധികം ആരും അന്വേഷിക്കാൻ പോകാറില്ല.
ഒരു ജോലിക്ക് ആരെ എടുക്കണം, എത്ര പ്രതിഫലം കൊടുക്കണം എന്ന് ഒരു നിർമ്മാതാവ് കണക്കാക്കുന്നത് ആ ജോലി ചെയ്താൽ നിർമ്മാതാവിന് ലാഭം ഉണ്ടാക്കാൻ സാധിക്കും എന്ന് തോന്നുമ്പോൾ ആണ്. അഭിനേതാക്കൾ ആയാലും മറ്റു സാങ്കേതിക പ്രവർത്തകർ ആയാലും ഇത് തന്നെ ആണ് വലിയ ഘടകം.
നിങ്ങളുടെ കഴിവുകൾ മാറ്റിസ്ഥാപിക്കാവുന്നതാണെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ പ്രകടനം കൊണ്ട് ലാഭം ഉണ്ടാക്കാൻ കഴിയുന്നില്ല എന്ന് തോന്നുക ആണെങ്കിൽ നിങ്ങൾക്ക് ഉയർന്ന പ്രതിഫലം തരാൻ ആളുകൾ തയ്യാറാകില്ല.
ഇനി ഈ 'തോന്നൽ' എന്നതിൽ നിർമ്മാതാക്കളുടെ പല തരത്തിൽ ഉള്ള പക്ഷപാതങ്ങൾ സ്വാധീനിക്കുന്നുണ്ടാകും. സമൂഹത്തിൽ നില നിൽക്കുന്ന പുരുഷാധിപത്യം കാരണം സ്ത്രീകൾക്ക് പുരുഷന്മാരെക്കാളും കഴിവ് കുറവാണ്, അവർക്ക് ജോലി ചെയ്യുന്നതിൽ കാര്യക്ഷമത ഉണ്ടാകില്ല, കാലങ്ങൾ ആയി പുരുഷന്മാർ ചെയ്തുകൊണ്ടിരുന്ന ജോലികൾ സ്ത്രീകൾ ചെയ്‌താൽ ശരി ആകില്ല എന്ന തരത്തിൽ ഉള്ള നിരവധി മുൻവിധികൾ നിലനിൽക്കുന്നു. അത്കൊണ്ട് സമൂഹത്തിന്റെ ആ പ്രതിഫലനം ഇവിടെയും ഉണ്ടാകാൻ ഉള്ള സാധ്യത വളരെ അധികം ആണ്. പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതി എന്ന മുൻവിധിയോടെ അപേക്ഷകൾ സ്വീകരിച്ചിരുന്ന ഒരു കാലത്ത്, സ്ത്രീ ആണെന്ന കാരണത്താൽ സ്വന്തം കഴിവുകൾ തെളിയിക്കാൻ അവസരം നിഷേധിക്കരുത് എന്ന് സാക്ഷാൽ JRDടാറ്റ യ്ക്കു നേരിട്ട് കത്തെഴുതി TELCO യിലെ ആദ്യ Woman Engineer ആയി സുധ മൂർത്തി മാറിയപ്പോൾ അവർക്ക് തരണം ചെയ്യേണ്ടി വന്നത് ഇതുപോലെ ഉള്ള നിരവധി നാട്ടു നടപ്പുകളും മുൻവിധികളും കൂടി ആയിരുന്നു.
എന്നാൽ ഇതിന്റെ പരിഹാരം ആയി ഫെമിനിസം സപ്പോർട്ട് ചെയ്യുന്ന ആളുകൾ നിർദേശിക്കുന്നത് തുല്യ വേതനം നിർബന്ധിതമായി നടപ്പാക്കുക എന്നതാണ്. എന്താണ് തുല്യ വേതനം കൊണ്ട് ഉണ്ടാകുന്ന മാറ്റങ്ങൾ ? യഥാർത്ഥത്തിൽ അത് സ്ത്രീകളെ ശാക്തീകരിക്കുവാൻ സഹായിക്കുമോ ? ഇല്ല എന്നതാണ് ഉത്തരം. സ്ത്രീ പക്ഷം എന്ന് നമ്മൾ കരുതുന്ന ഇത്തരം തീരുമാനങ്ങൾ യഥാർത്ഥത്തിൽ സ്ത്രീ വിരുദ്ധം ആകുകയാണ് ചെയ്യുന്നത്.
നോബൽ സമ്മാന ജേതാവ് ആയ മിൽട്ടൺ ഫ്രിഡ്‌മാൻ നമ്മുടെ ഇക്കണോമിയിൽ ഇതിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കും എന്ന് കൃത്യമായി വിശദീകരിക്കുന്നുണ്ട്.
ഒരു ജോലി സ്ത്രീകളെക്കാൾ നല്ല പോലെ ചെയ്യാൻ കഴിയുക പുരുഷന്മാർക്ക് ആണ് എന്ന് ആളുകൾക്ക് തോന്നുന്നതിനു 2 തരത്തിൽ ഉള്ള കാരണങ്ങൾ ഉണ്ടാകാം. ഒന്നുകിൽ യഥാർത്ഥത്തിൽ വിവിധ കാരണങ്ങളാൽ അങ്ങിനെ ഒരു വൈദഗ്ധ്യത്തിന്റെ അഭാവം സ്ത്രീകൾക്ക് ഉണ്ടാകാം, അല്ലെങ്കിൽ ആളുകളുടെ തെറ്റായ മുൻവിധികൾ കാരണം അങ്ങിനെ സംഭവിക്കാം. ഇങ്ങനെ ഏതെങ്കിലും ഒരു മേഖലയിൽ എന്തെങ്കിലും കാരണത്താൽ സ്ത്രീകളെക്കാൾ പുരുഷന്മാർ ആണ് ഈ ജോലിയിൽ നല്ലത് എന്ന് ആർക്കെങ്കിലും തോന്നുകയാണെങ്കിൽ, അതിനു എതിരെ സ്ത്രീകൾക്ക് ഉള്ള ഏക നേട്ടം എന്നത് കുറഞ്ഞ വേതനത്തിൽ ആ ജോലി ചെയ്യുക എന്നുള്ളത് ആണ്. തിരിച്ചു സ്ത്രീകൾക്ക് മുൻഗണന ചെയ്യുന്ന ജോലികളിൽ പുരുഷന്മാർക്കും അങ്ങനെ തന്നെ ചെയ്യാം.
തുല്യ വേതനം ഉറപ്പാക്കുന്നതിലൂടെ അങ്ങിനെ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യാനുള്ള അവസരം നിങ്ങൾ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. കാരണം ഇവിടെ സ്ത്രീകളെ വിവേചനപരമായി സമീപിക്കുന്ന ഒരു വ്യക്തിക്ക് തന്റെ തെറ്റായ മുൻ വിധികൾക്ക് ഒരു വിലയും കൊടുക്കേണ്ട കാര്യം ഇല്ല. അയാൾ പുരുഷന്മാരെ വെച്ചാലും സ്ത്രീകളെ വെച്ചാലും ഒരേ വേതനം ആണ് കൊടുക്കേണ്ടത്, അങ്ങനെ വരുമ്പോൾ അയാൾക് തന്റെ വിവേചനം കൂടുതൽ കാണിക്കുന്നതിലൂടെ ഒരു നഷ്ടവും സംഭവിക്കുന്നില്ല. മാത്രവുമല്ല, കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യാൻ താല്പര്യം ഉള്ള സ്ത്രീകൾക്ക് ലഭിക്കേണ്ടിയിരുന്ന അവസരങ്ങൾ കൂടെ ഇവിടെ നഷ്ടം ആകുകയാണ്.
യഥാർത്ഥത്തിൽ ഏതെങ്കിലും മേഖലയിൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കഴിവ് കുറവാണെന്നിരിക്കട്ടെ, അങ്ങിനെ ഉള്ള സന്ദർഭങ്ങളിൽ ഇങ്ങനെ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യാൻ അവസരം ലഭിക്കുന്ന സ്ത്രീകൾക്ക് അത് വഴി തങ്ങളുടെ കഴിവുകളും അറിവും മെച്ചപ്പെടുത്താനും അതുവഴി കൂടുതൽ മെച്ചപ്പെട്ട വേതനം സ്വന്തം ആക്കാനും കഴിയും. ഇതാണ് സ്വാഭാവികമായി ഒരാൾക്ക് ഉയർന്നു വരുവാൻ ഉള്ള വഴി.
തുല്യ വേതനം നിർബന്ധം ആക്കിയാൽ സ്ത്രീകളുടെ ഈ അവസരവും കൂടെ ആണ് ഇല്ലാതെ ആകുന്നത്.
ലളിതമായി മനസിലാക്കാൻ വേണ്ടി, ഒരു നിർമാതാവിന് തന്റെ സിനിമയിൽ ഒരു സിനിമാട്ടോഗ്രാഫറെ ആവശ്യമുണ്ടെന്നും, സ്ത്രീകൾക്ക് ഈ മേഖലയിൽ കഴിവ് അല്പം കുറവാണ് എന്നും സങ്കൽപ്പിക്കുക. തുല്യ വേതനം ആണ് അവിടെ ഉള്ളത് എങ്കിൽ, ആ ജോലി സ്വാഭാവികമായും തന്റെ സിനിമ വിജയിപ്പിക്കാൻ ആരെ നിയമിച്ചാൽ ആണ് കൂടുതൽ സാധ്യത എന്ന് നിർമാതാവിന് തോന്നുന്നോ, അയാളിലേക്ക് ആ ജോലി പോകും.
സ്വാഭാവികമായും ഇത് കഴിവ് കൂടുതൽ ഉള്ള പുരുഷന്മാരിലേക്ക് ആവും പോകുന്നത്. ഇനി കഴിവ് കുറഞ്ഞ സ്ത്രീകൾക്ക് ഉയർന്ന വേതനം നിർബന്ധം ആയും കൊടുക്കേണ്ടി വരുമ്പോൾ നിർമ്മാതാക്കൾക്ക് അവർ കരുതുന്നതിനേക്കാൾ ഉയർന്ന തുക കൊടുക്കേണ്ടി വരും. അത്കൊണ്ട് തന്നെ തങ്ങളുടെ മുടക്കുമുതൽ തിരിച്ചു കിട്ടും എന്ന വിശ്വാസം താരതമ്യേനെ അവർക്ക് കുറവ് ആയിരിക്കും. ഇതിന്റെ ഫലമായി സിനിമയിൽ മുതൽ മുടക്കുന്നവരുടെ എണ്ണം കുറഞ്ഞു വരും. ഇതെല്ലാം കഴിഞ്ഞു ബാക്കി വരുന്ന അവസരങ്ങൾ മാത്രമേ സ്ത്രീകൾക്ക് തുല്യ വേതനം നടപ്പാക്കപ്പെടുമ്പോൾ അവിടെ ലഭിക്കുന്നുള്ളൂ. ഇത് കൂടുതൽ കഴിവ് നേടാനും അവർക്ക് തടസ്സം സൃഷ്ടിക്കുന്നു. നോക്കൂ, ഇവിടെ നമ്മൾ എന്താണോ ലക്‌ഷ്യം വെച്ചത്, അതിന്റെ വിപരീത ഫലം ആണുണ്ടായത്.
ഇനി തുല്യമായ കഴിവുകൾ അല്ലെങ്കിൽ കൂടുതൽ കഴിവുകൾ ഉണ്ടായിട്ടും മുൻവിധികൾ മൂലം അവരെ ഒഴിവാക്കുകയാണ് എന്നിരിക്കട്ടെ. തുല്യ വേതനം നിർബന്ധം അല്ലാത്ത സാഹചര്യത്തിൽ സ്ത്രീകളെ ഒഴിവാക്കുന്നത് മൂലം സെക്സിസ്റ് ആയ ആളുകൾക്ക് കൂടുതൽ ചെലവ് വഹിക്കേണ്ടി വരുന്നു. അതായത് ഒരേ കഴിവുണ്ടായിട്ടും പുരുഷൻ ഉയർന്ന തുകയ്ക്കും സ്ത്രീ കുറഞ്ഞ തുകയ്ക്കും ആണ് ജോലി ചെയ്യാൻ തയ്യാറാകുന്നത്. അപ്പോൾ തന്റെ മുൻവിധി കാരണം പുരുഷനെ നിയമിക്കാൻ അവർക്ക് കൂടുതൽ തുക മുടക്കേണ്ടി വരുന്നു.
തന്റെ അനാവശ്യ മുൻ വിധികൾ മൂലം കൂടുതൽ ചെലവ് വഹിക്കേണ്ടി വരും എന്ന തിരിച്ചറിയുന്ന ആളുകൾ പതിയെ അത് മാറ്റി വെക്കാൻ നിർബന്ധിതർ ആകും. അല്ലാത്ത പക്ഷം അയാളുടെ ബിസിനസിനെ ആ മുൻവിധി ഇല്ലാതാക്കും. കൂടാതെ, കഴിവ് ഉള്ള സ്ത്രീകൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാൻ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നത് കൂടുതൽ അവസരവും ഒരുക്കുന്നു. അങ്ങനെ അവരുടെ കഴിവ് തെളിയിക്കപ്പെടുന്നതിനും അവർക്ക് അർഹതപ്പെട്ട വേതനം ലഭിക്കുവാനും സഹായകം ആകുന്നു.
അനന്തര ഫലങ്ങളെക്കുറിച്ച് ഒട്ടും ചിന്തിക്കാൻ ശ്രമിക്കാതെ ഉദ്ദേശശുദ്ധി കൊണ്ട് മാത്രം ഇത്തരം ആവശ്യങ്ങളെ പരിഗണിക്കുന്നത് കൊണ്ടാണ് സ്ത്രീ ശാക്തീകരണം ലക്‌ഷ്യം ആക്കികൊണ്ടു മുന്നോട്ടു വെക്കപ്പെടുന്ന ഇത്തരം വാദങ്ങൾ സ്ത്രീ വിരുദ്ധം ആയി പരിണമിക്കുന്നത്.
തെറ്റായ കാരണങ്ങൾ കൊണ്ട് വിവേചനം കാണിക്കുന്ന ആളുകൾക്ക് അത് ചെയ്യുന്നത് കൊണ്ട് നഷ്ടം ഉണ്ടാവേണ്ടതുണ്ട്. അല്ലെങ്കിൽ അത് ആവർത്തിക്കപ്പെടാൻ അവർക്ക് പ്രേരണ ആകുകയാണ് ചെയ്യുക. എന്നാൽ തുല്യ വേതനം നിർബന്ധം ആക്കുന്നതിലൂടെ ആ നഷ്ടം അവർക്ക് വഹിക്കേണ്ട ആവശ്യം ഇല്ലാതെ ആകുന്നു. അതുകൊണ്ട് തന്നെ സ്ത്രീകൾക് വേണ്ടി എന്ന് കരുതി ഉയർത്തുന്ന ഇത്തരം വാദങ്ങൾ അവരെ പുറകോട്ടടിപ്പിക്കുന്നതിനു ആക്കം കൂട്ടുക മാത്രമേ ചെയ്യുന്നുള്ളൂ.സാമ്പത്തിക ശാസ്ത്രത്തിനു വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ Milton Friedman 1978 ലെ തന്റെ പ്രസംഗത്തിൽ ഇത് വിശദീകരിച്ചപ്പോൾ എതിർത്ത ഒരു ഫെമിനിസ്റ്റിനോട് Milton Friedman പറഞ്ഞു, I am on your side. But, you are not.
ഇന്നത്തെ കാലത്തും വളരെ പ്രസക്തം ആയി ഈ വാക്കുകൾ നില നിൽക്കുന്നു.
പാർവതി വളരെ നല്ല ഒരു നടി ആണ്. ആളുടെ ഉദ്ദേശവും ചിലപ്പോൾ നല്ലത് ആയിരിക്കാം.
പക്ഷേ തുല്യ വേതനം വേണം, സ്ത്രികൾക്ക് സിനിമയിൽ സംവരണം വേണം തുടങ്ങി സ്ത്രീകൾക്ക് തുല്യത വേണം, അനീതി ഇല്ലാതെ ആക്കണം എന്ന പേരിൽ ഇവരടക്കം ഉള്ള ചില ഫെമിനിസ്റ്റുകൾ ഉന്നയിക്കുന്ന പല നിലപാടുകളും വളരെ റിഗ്രസീവും, ദുരന്തവും സ്ത്രീകളെ തന്നെ സിനിമ ഇൻഡസ്ട്രിയിൽ നിന്ന് അകറ്റുവാൻ ഇടയാക്കുന്നതും ആണ്. മിനിമം വേതനം വർധിപ്പിക്കണം എന്ന വാദവും അങ്ങിനെ തന്നെ.
ഇത്തരം ബാലിശമായ ആവശ്യങ്ങളൊക്കെ ഭയങ്കര പുരോഗമനം ആയി കാണുന്ന ഓർപാട് പേർ ഇവിടെ ഉണ്ട് എന്നത് അതിനേക്കാൾ വലിയ ദുരന്തവും. ഒരാളുടെ വേതനം അയാൾക്ക് വേതനം കൊടുക്കുന്ന ആളിന് എത്രത്തോളം ആദായം ലഭിക്കും എന്നതിനെ കുറിച്ചുള്ള പ്രതീക്ഷകളെ അടിസ്ഥാനം ആക്കി ആണ് കൊടുക്കുക. അതിൽ നടി നടന്മാരെ സംബന്ധിച്ച് ഉള്ള വലിയ ഒരു ഘടകം എത്രത്തോളം ആളുകളെ തീയേറ്ററിലേക്ക് ആകർഷിക്കാൻ അവർക്ക് കഴിയും എന്നത് ആണ്. അല്ലാതെ അവർ എടുക്കുന്ന അധ്വാനമോ അഭിനയത്തിൻ്റെ കഴിവോ എക്സ്പീരിയൻസോ ഒന്നും അല്ല ആത്യന്തികമായി വിഷയം ആകുന്നത്.
അതിനുള്ള സാധ്യതകൾ ഉണ്ടോ എന്നത് ഓരോ ആളുകളും ആത്മനിഷ്ഠമായാണ് വിലയിരുത്തുക. അവിടെ വസ്തുനിഷ്ഠമായി കൂടി എന്നോ കുറഞ്ഞു എന്നോ പറയാൻ കഴിയില്ല. തികച്ചും ആത്മനിഷ്ഠമായ ഈ മൂല്യ നിർണയത്തിൽ നിർമാതാവിന് അയാളുടെ ബയാസുകൾ അടക്കം പലവിധ കാര്യങ്ങൾ കൊണ്ട് തെറ്റ് പറ്റാം. എന്നാല് അങ്ങിനെ തെറ്റിയാൽ അയാൾക്ക് മുടക്ക് മുതൽ തിരിച്ച് പിടിക്കാൻ കഴിയില്ല. നഷ്ടം അയാള് തന്നെ സഹിക്കേണ്ടതായുണ്ട്. അത് കൊണ്ട് തന്നെ ഒരാൾക്ക് കഴിവുണ്ടോ ഇല്ലയോ, എത്ര ശമ്പളം കൊടുക്കണം, ആരെ എടുക്കണം എന്നത് എല്ലാം നിർമാതാവിൻ്റെ വിവേചനത്തിന് തന്നെ വിട്ട് കൊടുക്കുക ആണ് വേണ്ടത്.
കഴിവ് ഉള്ള നടി നടന്മാർക്ക്, ആണായാലും പെണ്ണായാലും അവരുടെ കഴിവിന് അനുസരിച്ച് അല്ല പ്രതിഫലം ലഭിക്കുന്നത് എന്ന് തോന്നിയാൽ നിർമാതാവിൻ്റെ ഓഫർ സ്വീകരിക്കാതെ ഇരിക്കാം. തങ്ങളുടെ കഴിവുകൾക്ക് മൂല്യം കല്പിക്കുന്ന ആളുകളുടെ സിനിമയിൽ പോകാം. അവിടെ തുല്യത എന്നും പറഞ്ഞ് നിർമാതാവിന് തോന്നുന്ന മാർക്കറ്റ് വാല്യൂ ഒന്നും നോക്കാതെ സ്ത്രീകൾക്കും ഒരേപോലെ ശമ്പളം കൊടുക്കണം എന്ന് പറഞ്ഞാൽ മുകളിൽ പറഞ്ഞത് ആവർത്തിച്ചാൽ സ്ത്രീകൾക്ക് നിലവിൽ ഉള്ള സാധ്യതകൾ കൂടെ ചുരുങ്ങുക എന്ന അവസ്ഥയെ ഉണ്ടാകൂ.
ഇനി അതും പരിഹരിക്കാൻ സംവരണം വെക്കണം, അല്ലെങ്കിൽ വിവേചനം ആണ് എന്നൊക്കെ പറഞ്ഞാൽ ഇതിനകം തന്നെ വിജയ നിരക്ക് കുറഞ്ഞിരിക്കുന്ന സിനിമ എന്ന വ്യവസായം തന്നെ പച്ച തൊടില്ല. ഉള്ള നിർമാതാക്കൾക്ക് തന്നെ നിർത്തി പോകേണ്ട അവസ്ഥ ആകും. ഇനി ഇതൊന്നും ശരി അല്ല, വിവേചനം ആണ് എന്നു തോന്നുന്ന ആളുകൾ ഉണ്ടെങ്കിൽ അവർക്ക് തന്നെ പണം മുടക്കി സ്ത്രീകൾക്ക് ഉയർന്ന ശമ്പളം കൊടുത്തും സംവരണം കൊടുത്തും സിനിമ ഇറക്കുന്നതിന് ആരും തടസ്സം നിൽക്കുന്നും ഇല്ല. അവരുടെ തോന്നൽ ആണ് ശരി എങ്കിൽ വിവേചനം നടത്തുന്ന നിർമാതാവിനെക്കാൾ ലാഭം അവർക്ക് തന്നെ നേടി എടുക്കാൻ സാധിക്കും. അത് ചെയ്താൽ മതിയല്ലോ, മറ്റുള്ളവർ ഇവരുടെ ഇഷ്ടത്തിന് സിനിമ പിടിക്കണം എന്ന് വാശി പിടിക്കേണ്ട കാര്യവും ഇല്ല.
തുല്യ വേതനം, മിനിമം വേതനം തുടങ്ങിയവ സിനിമ എന്നല്ല ഏത് ഇൻഡസ്ട്രിയിൽ കൊണ്ട് വരാൻ ശ്രമിച്ചാലും ഉണ്ടാകുന്ന പരിണിത ഫലങ്ങളും അത് എങ്ങിനെ നിങ്ങൾ സഹായിക്കാൻ ഉദ്ദേശിക്കുന്ന ആളുകളെ തന്നെ നെഗറ്റീവ് ആയി ബാധിക്കുന്നു എന്നതും തുടക്കത്തിൽ തന്നെ വിശദീകരിച്ചിട്ടുണ്ട്. പാർവതി എത്ര നല്ല ഉദ്ദേശത്തോടെ ആണ് ഇതൊക്കെ പറയുന്നത് എങ്കിലും ഇത്തരം ദുരന്ത വാദങ്ങൾ ഒന്നും പുരോഗമനം ആകുക ഇല്ല.
#equalpayforequalwork #feminism
Vishnu Ajith