ഹിന്ദ്യയല്ലിത് !
അതെ! നമ്മുടെ രാജ്യം ഭാഷകളിലുൾപ്പടെ വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയാണ്. അല്ലാതെ ഹിന്ദിയെന്ന ഏക ഭാഷ മാത്രം സംസാരിക്കുന്ന 'ഹിന്ദ്യ'യല്ല. എന്നാൽ, ചിലർ ചേർന്ന് നമ്മുടെ രാജ്യത്തെ അങ്ങനെയൊരു ഹിന്ദ്യയാക്കി മാറ്റിയെടുക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
എന്ന് മുതൽ തുടങ്ങിയതാണ് ഈ പരിശ്രമം?
ഏതാനും ചില വർഷങ്ങൾക്ക് മുന്നെയോ? ഹിന്ദു-ദേശീയവാദികൾ ഭരണത്തിൽ വന്ന ശേഷമോ?
ഹിന്ദിയുടേയും, ഹിന്ദി വത്ക്കരണത്തിന്റേയും ചരിത്രം അവിടെ നിന്നൊന്നുമല്ല, അതിനുമൊക്കെയെത്രയോ നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ ആരംഭിച്ചതാണെന്നുള്ളതാണ് വാസ്തവം!
സത്യത്തിൽ, ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളിലൊന്നായി 1949 ൽ ഹിന്ദിയെ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ ഇന്ത്യയിൽ നിന്നും ഹിന്ദി എന്ന ഭാഷ തന്നെ അപ്രത്യക്ഷമാവുയിരുന്നുവെന്നതാണ് യാഥാർത്ഥ്യം. കാരണം, ഹിന്ദി ഇന്ത്യക്കാരുടെ സാധാരണ ഭാഷകളിലൊന്നുപോലുമായിരുന്നില്ല! ഇന്നു കാണുന്ന ഹിന്ദി ബെൽറ്റിൽ, പണ്ട് ഹിന്ദിക്ക് പകരം ഉപയോഗിച്ചിരുന്നത് പ്രധാനമായും ഹിന്ദുസ്ഥാനിയും, ഉർദുവും, ഭോജ്പൂരി, മൈഥിലി തുടങ്ങിയ പ്രാദേശിക ഭാഷകളുമായിരുന്നു. ഉർദു ഉടലെടുക്കുന്നത് ഹിന്ദുസ്ഥാനിയിൽ നിന്നുമാണ്. ഹിന്ദുസ്ഥാനിയെന്നതോ, അതിനും മുന്നേയുള്ള ഖരിബോലി (Khariboli) ഭാഷയിൽ പേർഷ്യൻ-അറബിക്ക് വാക്കുകൾ കൂട്ടി ചേർത്തതും!
ഹിന്ദുസ്ഥാനിയിൽ നിന്ന് തന്നെയാണ് ഹിന്ദിയും ജനിക്കുന്നത്. അത് പക്ഷേ, മറ്റു ഭാഷകൾ പരിണമിച്ചുണ്ടായത് പോലെ അത്ര സ്വാഭാവികമായൊരു പ്രക്രിയയായിരുന്നില്ലെന്ന് മാത്രം! ഹിന്ദുസ്ഥാനി ഭാഷയിൽ നിന്നും പേർഷ്യൻ-അറബിക്ക് വാക്കുകൾ എടുത്തു മാറ്റി, അതിന് പകരം ഇന്ത്യയിലൊരു കാലത്തും പ്രചാരത്തിലില്ലായിരുന്ന, ഇന്ത്യക്കാരുടെ സാധാരണ ഭാഷകളിൽ ഒന്നു പോലുമല്ലാതിരുന്ന, ദേവന്മാരുടെ ഭാഷയെന്ന് സങ്കല്പിക്കപ്പെടുന്ന, സംസ്കൃത ഭാഷയിലെ വാക്കുകൾ മനഃപൂർവം കുത്തി നിറച്ചു കൊണ്ടാണ് ഹിന്ദിയെന്ന ഭാഷയുണ്ടാക്കിയെടുത്തത്. ഹിന്ദിയെന്നത് മനപ്പൂർവ്വമായി ഉണ്ടാക്കിയെടുത്ത ഒരു ഭാഷയാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ, ആരുണ്ടാക്കി എന്ന കാര്യത്തിലാണ് ഇപ്പോഴും തർക്കം നിലനിൽക്കുന്നത്.
പ്രധാനമായും രണ്ടു തിയറികളാണ് ഇതിന് പുറകിലുള്ളത്.
- ഹിന്ദുക്കളെ ഏകോപിപ്പിക്കാൻ വേണ്ടി ഹിന്ദു മതത്തെ ശക്തിപ്പെടുത്താൻ വേണ്ടി, പശുവിനെ വിശുദ്ധയായി പ്രഖ്യാപിച്ചത് പോലെ, ഹിന്ദുക്കൾക്ക് മാത്രമായി ചില പ്രത്യേക അടയാളങ്ങൾ ദത്തെടുത്തത് പോലെ, ഹിന്ദുക്കളുടെ ഭാഷയെന്ന രൂപത്തിൽ ഹിന്ദുക്കൾ തന്നെ ഉണ്ടാക്കിയെടുത്ത ഭാഷയാണ് ഹിന്ദി.
- ഇന്ത്യയിലെ മുസ്ലീങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാൻ വേണ്ടി ബ്രിട്ടീഷുകാർ ഉണ്ടാക്കിയെടുത്ത ഭാഷയാണ് ഹിന്ദി.
ആദ്യ കാലങ്ങളിൽ ബ്രിട്ടീഷ് ഗവൺമെന്റ് ഹിന്ദിക്ക് വലിയ രീതിയിലുള്ള പിന്തുണ കൊടുത്തിരുന്നു എന്നത് ഒഴിച്ചാൽ, മുസ്ലീങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാൻ വേണ്ടി, അഞ്ചോളം ഭാഷകൾ പഠിച്ച്, ഇന്ത്യൻ ഭാഷാ വിദഗ്ദ്ധരെ കൂലിക്കെടുത്ത്, ബ്രിട്ടീഷുകാരാണ് ഹിന്ദിയെന്ന ഭാഷയിവിടെയുണ്ടാക്കിയതെന്ന വാദം പൊള്ളയായ ഒന്നാണെന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. എന്തു തന്നെയായാലും, ഹിന്ദിയെന്ന ഭാഷയുടെ ഉത്ഭവത്തിനും, ഹിന്ദി വൽക്കരണത്തിനും മതങ്ങളുമായും മത രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും വലിയ രീതിയിലുള്ള ബന്ധമുണ്ട്. മുസ്ലീം രാജ വംശങ്ങൾ ഇന്ത്യ ഭരിച്ചിരുന്ന കാലത്താണ് ഹിന്ദുസ്ഥാനിയും പിന്നീട് അതിൽ നിന്ന് ഉർദുവും പൂർണ്ണ വളർച്ചയിലേക്ക് എത്തുന്നത്. മാത്രമല്ല ഹിന്ദുസ്ഥാനിയും ഉർദുവും പേർഷ്യൻ-അറബിക്ക് വാക്കുകളാൽ സമ്പന്നവുമായിരുന്നു. അതിനാൽ തന്നെ പിൽക്കാലത്ത് ഇവ രണ്ടും അറിയപ്പെട്ടിരുന്നത് മുസ്ലീം ഭാഷകൾ എന്ന പേരിലാവുകയും ചെയ്തു.
ചിന്നിച്ചിതറി കിടന്നിരുന്ന ഹിന്ദുക്കളെ ഒന്നിപ്പിക്കാനായി ഹിന്ദുക്കൾക്കായൊരു ഭാഷ എന്ന വാദത്തിന്, ഉറുദുവും ഹിന്ദുസ്ഥാനിയും മുസ്ലിം ഭാഷകളാണെന്ന ഈ വാദം ശക്തി പകർന്നിടുകയും ചെയ്തിരുന്നു. അങ്ങനെ ഇതിന്റെയെല്ലാം അവസാനമെന്നോണമാണ് ഹിന്ദുക്കൾക്കായി ഇന്നത്തെ ആധുനിക ഹിന്ദിയും മുസ്ലീങ്ങൾക്കായി ഇന്നത്തെ ഉർദുവും ഹിന്ദുസ്ഥാനിയിൽ നിന്നും ജന്മമെടുക്കുന്നത്. അതായത്, ഹിന്ദി ജനിച്ചു വീഴുന്നത് പോലും മത താൽപര്യങ്ങൾ മാത്രം മുൻനിർത്തിയാണെന്ന് സാരം! പിന്നീടങ്ങോട്ട് ഹിന്ദിയുടേയും ദേവനാഗരി ലിപിയുടേയും കാലമായിരുന്നു! ഹിന്ദി ഹിന്ദുക്കളെ ഏകോപിപ്പിക്കുമെന്ന് ഹിന്ദുക്കൾ വിശ്വസിച്ചിരുന്നത് പോലെ, ഹിന്ദി ഇന്ത്യയെ ഏകോപിപ്പിക്കുന്നുമെന്ന് ചില ഇന്ത്യൻ രാഷ്ട്രീയ നേതാക്കളും വിശ്വസിച്ചിരുന്നു. അതോടു കൂടിയാണ് ഹിന്ദിക്ക് ഇന്ത്യൻ മണ്ണിൽ കൂടുതൽ വേരോട്ടമുണ്ടാവുന്നതും, ഹിന്ദിയൊരു രാഷ്ട്രീയ വിഷയമായി ഇന്ത്യയിലുയർന്നു വരുന്നതും.
സാധാരണക്കാരുടെ നിത്യ ജീവിതത്തിന്റെ ഭാഗമല്ലാതിരുന്നൊരു ഭാഷ എങ്ങനെയാണ് പൊടുന്നനെ അവരെ കീഴടക്കിയത്?
ഉത്തരം വളരെ ലളിതമാണ്. നിങ്ങൾക്ക് ജോലി ലഭിക്കാനുള്ള യോഗ്യത ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമാണെന്ന നിബന്ധന വന്നാൽ നിങ്ങൾ നിങ്ങളുടെ മാതൃഭാഷ തന്നെ കെട്ടിപ്പിടിച്ച് ഇരിക്കുമോ, അതോ ഇംഗ്ലീഷിലേക്ക് പതിയെ ചേക്കേറുമോ? ഇത് തന്നെയാണ് അന്ന് ഇന്ത്യയിലും നടന്നത്. സർക്കാർ ജോലി ലബ്ധിക്കായുള്ള യോഗ്യത പേർഷ്യൻ ഭാഷാ പരിചയമായിരുന്നത്, ദേവനാഗരി ലിപിയിലുള്ള പരിചയമാക്കി മാറ്റി. കോടതികളിലുൾപ്പെടെ പേർഷ്യൻ ഭാഷയുടെ സ്ഥാനം ദേവനാഗരി ലിപി കീഴടക്കുകയും ചെയ്തു. അങ്ങനെ ഉറുദു ഉൾപ്പെടെ പേർഷ്യൻ-അറബിക് ലിപി പിന്തള്ളപ്പെടുകയും ദേവനാഗരി ലിപിയും ഹിന്ദിയും തൽസ്ഥാനങ്ങളിലേക്ക് കടന്നു വരികയും ചെയ്തു. മുസ്ലീം വിഭാഗങ്ങളുടെ ഭാഗത്ത് നിന്നും ഇതിനെതിരെ ഉയർന്നു വന്ന പ്രതിഷേധങ്ങളും പിന്നീട് ഇതിനെ തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ അസ്വാരസ്യങ്ങളും, ഹിന്ദിയിൽ നിന്നും കൂടുതൽ പേർഷ്യൻ-അറബിക്ക് വാക്കുകൾ വെട്ടി മാറ്റുന്നതിനും, തൽസ്ഥാനത്തേക്ക് സംസ്‌കൃത വാക്കുകൾ കൂടുതലായി കൂട്ടി ചേർക്കുന്നതിനും, ഉർദു മുസ്ലീങ്ങൾക്കായും, ഹിന്ദി ഹിന്ദുക്കൾക്കായും പതിച്ചു നൽകുന്നതിനും കാരണമായി. അതായത്, ഒരു മത വിഭാഗത്തോടുള്ള വിരോധം അന്നു വരെ ഇവിടെയുള്ളവർക്ക് അത്ര പരിചിതമല്ലാതിരുന്ന ഒരു ഭാഷയ്ക്ക് കൂടുതൽ പ്രചരണം നേടി കൊടുത്തുവെന്ന് സാരം! ഇംഗ്ലീഷ് അറിയാത്തവരെ എങ്ങനെയാണോ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വില കുറച്ചു കാണുന്നത്, അത് പോലെ തന്നെയാണ് അന്ന് കാലങ്ങളിൽ ഹിന്ദി അറിയാത്തവരെ അവിടുള്ളവർ കണക്കാക്കിയിരുന്നത്. പിന്നീട് ഗോ സംരക്ഷണ സമിതികൾ രൂപപ്പെട്ടത് പോലെ ഹിന്ദി പ്രചാര സഭകളും ഇന്ത്യയിൽ ഉടലെടുക്കാൻ തുടങ്ങി. ഇതെല്ലാം ഹിന്ദിയുടെ വളർച്ച കൂടുതൽ കൂടുതൽ സുഗമമാക്കുകയും ചെയ്തു.
എങ്ങനെയാണ് ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി മാറിയത്?
അതിനുള്ള പ്രധാന കാരണവും മതം തന്നെയായിരുന്നുവെന്നതാണ് യാഥാർത്ഥ്യം. 'ഇന്ത്യ-പാക്ക് വിഭജനം നടന്നില്ലായിരുന്നുവെങ്കിൽ ഹിന്ദുസ്ഥാനിയാവുമായിരുന്നു ഇന്ത്യയുടെ ഔദ്യോഗിക ഭാഷ' എന്ന് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി അംഗമായിരുന്ന കെ സന്താനം പിന്നീടൊരിക്കെ പറയുക പോലും ചെയ്തിട്ടുണ്ട്. ആദ്യമെല്ലാം അസംബ്ലിയിലെ ഹിന്ദു അംഗങ്ങൾ ഹിന്ദുസ്ഥാനി ഭാഷയ്ക്ക് തന്നെയായിരുന്നു പിന്തുണ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇന്ത്യ-പാക്ക് വിഭജനം നടക്കുകയും അതേ തുടർന്ന് കലാപങ്ങൾ അരങ്ങേറുകയും ചെയ്തതോടെ, ഇവർ ഇവരുടെ പഴയ നിലപാട് മാറ്റി ഹിന്ദിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണുണ്ടായത്. കലാപങ്ങളെ തുടർന്നുണ്ടായ മുസ്ലീം വിരോധം, ഉറുദു വിരോധമായും ഹിന്ദുസ്ഥാനി വിരോധമായും മാറി കഴിഞ്ഞിരുന്നു എന്നതായിരുന്നു ഇതിന് പുറകിലെ കാരണം. ഹിന്ദി തിരഞ്ഞെടുക്കാൻ മറ്റൊരു കാരണമുണ്ടായിരുന്നത്, ഇംഗ്ലീഷ് പോലെയുള്ള വിദേശ ഭാഷകൾക്ക് ഇന്ത്യയെ ഒരിക്കലും ഒരുമിപ്പിക്കാൻ കഴിയില്ലയെന്ന ചില രാഷ്ട്രീയ നേതാക്കളുടെ വിശ്വാസമായിരുന്നു. ഇന്ത്യയുടെ പൊതു ഭാഷയായി ഇംഗ്ലീഷ് പരിണമിക്കുമോ എന്ന ഭയം പോലും ഇക്കൂട്ടർക്കുണ്ടായിരുന്നു. ഈ ഭയം തന്നെയായിരുന്നു ഇംഗ്ലീഷിനോടൊപ്പം ഇന്ത്യയിലെ മറ്റൊരു ഭാഷയെ കൂടി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണമെന്ന തീരുമാനത്തിന് പുറകിലും. ഇതേ തുടർന്ന് ഹിന്ദി, ഉർദു, ഹിന്ദുസ്ഥാനി, ബംഗാളി, സംസ്കൃതം തുടങ്ങിയ ഭാഷകൾക്കായി അസംബ്ലിയിൽ മുറവിളികൾ ഉയർന്നു വന്നു. എന്നാൽ വൈകാരിക പിന്തുണയുള്ളതു കൊണ്ട് തന്നെ ഹിന്ദിയാണ് ഇതിൽ വിജയിച്ചത്. അങ്ങനെ ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. ഹിന്ദിയോടൊപ്പം ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷിനെ തുടരാൻ അനുവദിച്ചത് കേവലം 15 വർഷം മാത്രമായിരുന്നു. അതിനുള്ളിൽ ഇന്ത്യയുടെ സാധാരണ ഭാഷയായി ഹിന്ദി പരിണമിക്കുമെന്നും അതുവഴി ഇംഗ്ലീഷ് പിന്തള്ളപ്പെടുമെന്നും രാഷ്ട്ര ശില്പികൾ സ്വപ്നം കണ്ടു. എന്നാൽ അങ്ങനെയൊന്നുണ്ടായില്ലെന്ന് മാത്രമല്ല, ഹിന്ദി വൽക്കരണത്തിനെതിരെ നിരവധിയായിട്ടുള്ള പ്രതിഷേധ സ്വരങ്ങൾ ഇന്ത്യയുടെ നാനാ ഭാഗത്തു നിന്നും ഉയർന്നു വരാനും തുടങ്ങി. ഇത് ഇംഗ്ലീഷിനെ തന്റെ കാലാവധി കഴിഞ്ഞിട്ടും തൽസ്ഥാനത്ത് തന്നെ പിടിച്ചു നിർത്തി.
ആശയ വിനിമയം നടത്താനുള്ള ഒരു വഴി മാത്രമാണ് ഭാഷകൾ. അതിനപ്പുറത്തേക്ക് അതിനൊരു വൈകാരിക പശ്ചാത്തലം നൽകേണ്ട ആവശ്യം ആർക്കുമില്ല. നമ്മൾ ഇന്ന് ഉപയോഗിക്കുന്ന ഭാഷകൾ ഇതേ പോലെ തന്നെ നാളെ നിലനിൽക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. അങ്ങനെ വാശിപിടിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല! എന്നാൽ മറ്റു ചില ഭാഷകൾ നിർബന്ധപൂർവ്വം നമ്മളിലേക്ക് അടിച്ചേൽപ്പിക്കുന്നത് ഏതു വിധേനയും ചെറുത്തു നിന്നേ നമുക്ക് മതിയാവൂ. പ്രത്യേകിച്ചു അതൊരു മത-രാഷ്ട്രീയ അജണ്ടയുടെ ഫലമായുള്ള അടിച്ചേൽപ്പിക്കലാവുമ്പോൾ!
"ഒരു ദേശം, ഒരു മതം, ഒരു ഭാഷ" എന്നുള്ളത് ഇവിടെയുള്ള ഹിന്ദു-ദേശീയ വാദികൾ ഇന്ത്യയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന ആശയമാണ്. അത് നടപ്പിൽ വരുത്താനായി ആർഎസ്എസ് പോലുള്ള സംഘടനകൾ ഉയർത്തി പിടിക്കുന്ന മുദ്രാവാക്യമോ "ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ" എന്നുള്ളതും. അതായത്, ഇത്തരം ഹിന്ദുത്വ അജണ്ടകളുടെ ഭാഗം തന്നെയാണ് ഹിന്ദി വൽക്കരണവും. അതൊരു കേവലം ഭാഷാ പ്രശ്നം മാത്രമല്ലെന്ന് സാരം! മറ്റു ഭാഷകളെ അപമാനിക്കുകയും അവഹേളിക്കുകയും, അതിലെ സാഹിത്യ സംഭാവനകളെ തകർക്കാൻ ശ്രമിക്കുകയും ചെയ്തു കൊണ്ട്, ഹിന്ദുസ്ഥാന്റെയോ ഹിന്ദുവിന്റെയോ ഭാഷയായി ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ഏതു വിധേനയും നമുക്ക് ചെറുത്തേ മതിയാവൂ...
കാരണം, നമ്മുടെ രാജ്യം ഒരു ഹിന്ദു രാഷ്ട്രമായ ഹിന്ദുസ്ഥാനല്ല, ഹിന്ദി മാത്രം സംസാരിക്കുന്ന ഒരു ഹിന്ദ്യയുമല്ല!
C S Suraj