Saturday, November 09, 2024

വെറുമൊരു പെണ്ണോ ?

കുറച്ച് വർഷങ്ങൾക്ക് മുൻപ്‌ എനിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. ഹൈലി മാനിപുലേറ്റീവ് അഗ്ഗ്രസിവ് നാർസിസിസ്റ്റിക് പേഴ്സൺ; അഥവാ എന്റെ കലിപ്പൻ.

ആഗ്രഹിച്ചു വാങ്ങിയ ഡ്രസ്സ്‌ ഇടുമ്പോൾ അടിമുടിയുള്ള ഒരൊറ്റ നോട്ടത്താൽ എല്ലാ ആവേശവും തളർത്തിക്കളഞ്ഞിട്ടുണ്ട് അവൻ. ഫോൺ പാസ്സ്‌വേർഡ്‌ മാറ്റിയാലും ഏതെങ്കിലും വിധേനെ കണ്ടുപിടിച്ച് ചാറ്റുകൾ മുഴുവൻ വായിക്കും. ഇഷ്ടമുള്ള കാര്യം ആദ്യമായി ചെയ്ത ത്രില്ലിൽ ഇരിക്കുമ്പോ "എന്ത് ഷോ ആടി" എന്നതാവും മറുപടി. ചെയ്യുന്നതിനെയെല്ലാം കുറ്റപ്പെടുത്തി. എന്നെ ഒന്നിനും കൊള്ളില്ലെന്ന് വിശ്വസിപ്പിച്ച് ചെറുതും വലുതുമായ എന്റെ എല്ലാ സന്തോഷങ്ങളെയും തല്ലിക്കെടുത്തിയിട്ടുണ്ട്. കൂട്ടുകാരേം വീട്ടുകാരേം ഒക്കെ പലതും പറഞ്ഞ് വെറുപ്പിച്ച് അകറ്റിയിട്ടുണ്ട്.

advertise

സ്വന്തം തീരുമാനങ്ങളെല്ലാം തെറ്റാണെന്നും സ്വയം ചിന്തിച്ച് ഒരു ഡിസിഷൻ എടുക്കാൻ എനിക്കറിയില്ലെന്നും അവൻ എനിക്കുവേണ്ടി എടുത്ത് തരുന്നതാണ് നല്ലതെന്നും ആവർത്തിച്ച് പറഞ്ഞ് വിശ്വസിപ്പിച്ചിട്ടുണ്ട്. അത്രയ്ക്കധികം ഡിപെൻഡൻസി തിരിച്ചറിയാൻ കഴിയാത്ത വിധം പതുക്കെ ഇൻജെക്ട് ചെയ്ത് തന്നിട്ടുണ്ട്. എന്നിട്ട് ഒടുക്കം പുള്ളീടെ ഒരു സീക്രെട് റിലേഷൻ പിടിക്കപ്പെട്ടപ്പോൾ "നിന്നെ ഒന്നിനും കൊള്ളില്ല, അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്തത്, നിനക്കൊക്കെ പോയി ചത്തൂടെടി?" എന്ന് പറഞ്ഞ് ആ തെറ്റും കൂടെ എന്റെ തലയിൽ കെട്ടിവെച്ച് പുച്ഛത്തോടെ ഇറങ്ങിപ്പോയിട്ടുണ്ട്. എന്നിട്ടും വെറുതെ വിടാതെ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന എല്ലാ വേദിയിലും ഏറ്റവും മുന്നിൽ വന്നിരുന്ന് മുഖത്തുനോക്കി "നീയോ!?" എന്ന് പുച്ഛത്തോടെ ദഹിപ്പിച്ചിട്ടുണ്ട്.

ഒടുവിൽ ഫൈനൽ പ്രസന്റേഷന് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത കോൺഫിഡൻസ് ഒറ്റ ഫോൺ കോളിൽ തകർത്ത് കളഞ്ഞിട്ടുണ്ട്. എനിക്ക് സിവിയർ ഡിപ്രെഷന്റെ തുടക്കം അവിടെ വെച്ചായിരുന്നു. ഇതൊന്നും തുറന്നു പറഞ്ഞാൽ പോലും ഒരാൾ വിശ്വസിക്കാത്ത വിധം പകൽ മാന്യനായിരുന്നു അവൻ എന്നിടത്താണ് എല്ലാ കലിപ്പനെയും പോലെ അവന്റെയും സെക്യൂരിറ്റി. ഫിസിക്കൽ അബ്യുസ് പോലെ വിസിബിൾ അല്ലാത്തതിനാലും വളരെ സ്ലോ പോയ്സണിങ് ആയതിനാലും ഈ ടോക്സിസിറ്റി മനസ്സിലാക്കാനും ഇറങ്ങി വരാനും ബുദ്ധിമുട്ടായിരുന്നു.

ഇപ്പൊ ആലോചിക്കുമ്പോൾ അന്ന് എത്ര വലിയ സങ്കൽപ്പ ലോകത്താണ് ജീവിച്ചിരുന്നത് എന്ന് തോന്നും. ഒരിക്കൽ പോലും തെറ്റാണെന്ന് തോന്നിക്കാത്ത വിധം അത്രമേൽ യുഷ്വൽ ആയി തോന്നിയിരുന്നു അവയെല്ലാം. അവൻ ചെയ്തത് പലതും പൊസസ്സീവെൻസും കരുതലും മൂലമാണെന്ന് വിശ്വസിച്ചു പോന്നിരുന്നു. ഇന്നിപ്പോ മുമ്പ് ആരോ എഴുതി കണ്ടപോലെ ഇനി ഒരിക്കൽ അവനെ കണ്ടാൽ ആരോഗ്യപരമായി ഒരു ഷേക്ഹാൻഡ്‌ കൊടുത്തിട്ട് "എടാ.. ഞാൻ ചത്തില്ല കേട്ടോ. അന്ന് നീ പറഞ്ഞത് കേട്ടെങ്ങാനും ആ വിവരക്കേട് ചെയ്തിരുന്നേൽ കുറെ അടിപൊളി മനുഷ്യന്മാരെ എനിക്ക് നഷ്ടപ്പെട്ടേനെ..!!" എന്ന് പറയണം, അത് വേറെ കാര്യം.

ഇത്രയും പറഞ്ഞത് പക്ഷേ, ശരി ഏത് തെറ്റേത് എന്ന് ചിന്തിക്കാൻ തുടങ്ങും മുമ്പേ സിനിമകളാൽ സ്വാധീനിക്കപ്പെടുന്ന ഒരു അവസ്ഥ ഉണ്ടെന്നും അവരാണ് പലപ്പോഴും കലിപ്പൻ-കാന്താരി ദ്വന്തനിർമ്മിതിക്ക് ഇരകളാവുന്നത് എന്നും പറയാനാണ്. അത് കൂടാതെ നമ്മുടെ സമൂഹത്തിൽ പ്രണയമെന്നത് പിന്നാലെ നടന്ന് ശല്യപ്പെടുത്തി വളച്ചെടുക്കുന്നതാണെന്ന ബോധ്യം ഉണ്ടാക്കാനും സിനിമകൾ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മറ്റൊരാളുടെ പ്രൈവസിയിലേക്ക് ഇടിച്ചു കയറി തങ്ങളുടെ ഇഷ്ടങ്ങൾ സ്ഥാപിച്ചെടുക്കുന്ന തെറ്റായ പ്രവണതയാണ്. നമ്മൾ ഓരോരുത്തരും ലൈഫിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഇത്തരം ടോക്സിക് ബിഹേവിയർ പ്രകടിപ്പിച്ചിട്ടുണ്ടാകും.

മലയാള സിനിമയിൽ പ്രണയ ബന്ധങ്ങൾ establish ചെയ്യാൻ stalking-ന്റെ glorified വേർഷൻസ് ആണ് ഉപയോഗിച്ച് വരുന്നത്. ആദ്യ കാലം മുതൽ ഈ അടുത്തിറങ്ങിയ അനുഗ്രഹീതൻ ആന്റണി വരെ മലയാള സിനിമ ഈ തെറ്റ് ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. പണ്ടാണെങ്കിൽ, ഒരാളോട് ഇഷ്ടം തോന്നുക, കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അയാളുടെ പിറകെ നടന്ന് വളക്കാൻ ശ്രമിക്കുക, വളഞ്ഞില്ലേൽ വളയുന്നത് വരെ അയാൾ പോകുന്നിടത്തെല്ലാം ചെല്ലുക, കഴിയുമെങ്കിൽ അയാളുടെ വീട്ടിൽ മതിൽ ചാടി അയാളുടെ റൂമിന്റെ ജനലിൽ കൂടി അയാളറിയാതെ അയാളെ നോക്കി നിൽക്കുക, അയാളെ അവസാനം 'യെസ്' എന്ന് പറയിക്കുക. ഇപ്പോളാണെങ്കിൽ മുകളിൽ ഉള്ളതെല്ലാം അതേ പോലെ നിർത്തിക്കൊണ്ട് ഒന്ന് രണ്ട് കാര്യം കൂടി ഉണ്ടാകും, ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി മെസ്സേജ് അയച്ച് തന്റെ സ്നേഹം അറിയിക്കുക (മറുപടി തരുന്നത് വരെ), വാട്‌സ്ആപ്പ് നമ്പർ കണ്ട് പിടിച്ച് അതിൽ മെസ്സേജ് അയക്കുക, കഴിയുമെങ്കിൽ ഫോണിൽ വിളിച്ച് അവരെ കൊണ്ട് ഇഷ്ടമാണ് എന്ന് പറയുന്നത് വരെ വിളിച്ചു കൊണ്ടേയിരിക്കുക.

Advertise

മേൽപ്പറഞ്ഞതൊക്കെ വായിക്കുമ്പോൾ നിങ്ങൾക്കത് പ്രണയമായി തോന്നുന്നുണ്ടെങ്കിൽ, അതിന്റെ പ്രധാന കാരണം നമ്മുടെ നാട്ടിലെ സിനിമയും, അത് ഇക്കാലമത്രയും നമുക്ക് പ്രണയമെന്ന പേരിൽ ഫീഡ് ചെയ്ത് തന്ന 'stalking' എന്ന പ്രക്രിയയുമാണ്. ഒരാളുടെ പ്രൈവറ്റ് സ്പേസിൽ അതിക്രമിച്ച് കടന്ന്, അവരെ ഉപദ്രവിക്കാവുന്നതിന്റെ പരമാവധി ഉപദ്രവിച്ചതിന് ശേഷം അവർ സമ്മതം മൂളുന്നത് ഇത്രയും നാൾ ഒളിപ്പിച്ചു വെച്ച ഇഷ്ടം കൊണ്ടാണെന്ന് സിനിമ നമ്മളെ പഠിപ്പിച്ചു, പക്ഷെ അതവരുടെ ഗതികേട് മൂലമാണ് എന്നതാണ് വസ്തുത. അല്ലെങ്കിൽ പ്രേമം മൂത്ത് ഈ പിറകെ നടക്കുന്നവന്മാർ പെട്രോളുമായും, ആസിഡുമായും, മിനിമം തെരുവോരത്തെ 'തേപ്പുകാരി' എന്ന് വിളിച്ചുള്ള ഒരു കൂട്ടച്ചിരിയുമായൊക്കെ അത് പരിണമിച്ചേക്കാം എന്ന ഭയവും ഒരു വശത്ത്. അതിശയോക്തിയല്ല, നടക്കുന്ന കാര്യമാണ്.

അർജുൻ റെഡ്ഢി ആഘോഷമാക്കിയ, ഉയരെയിലെ ഗോവിന്ദിന്റെ നിസ്സഹായാവസ്ഥ ന്യായീകരിച്ച, "ഒരടിയല്ലേ അവൾക്ക് വേണേൽ ക്ഷമിക്കാമായിരുന്നു!" എന്ന് തപ്പടിലെ അമുവിനെ പറ്റി വിലപിച്ച, നീ വെറുമൊരു പെണ്ണാണ് എന്ന് ഓർമപ്പെടുത്തിയ ഡയലോഗുകൾ ആഘോഷമാക്കുന്ന പ്രേക്ഷക സമൂഹത്തിന് ബോധവത്കരണം ഉണ്ടാകേണ്ടതുണ്ട്. സിനിമയെ സിനിമയായി മാത്രം കാണേണ്ട ഒന്നല്ല. ഒരു സോഷ്യൽ ടൂൾ ആയി തന്നെ സിനിമ എടുത്ത്‌ അതിന്റെ വിമർശന വിധേയമാക്കണം, തിരുത്തലുകൾ ഉണ്ടാകണം.

By
Navya SD | Movie Street

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.