അശാസ്ത്രീയതയുടെ ആയൂര്‍വേദം
ആയുര്‍വേദത്തില്‍, രോഗങ്ങള്‍ ഉണ്ടാവുന്നത് വാത-പിത്ത-കഫങ്ങളുടെ ഏറ്റക്കുറച്ചില്‍ കൊണ്ടാണ് എന്നതാണ് വിശ്വാസം. വാത-പിത്ത-കഫം എന്താണ് എന്നോ അത് എങ്ങനെ അളക്കാം എന്നോ ചോദിച്ചാല്‍ ഏകാഭിപ്രായത്തില്‍ കൃത്യമായ ഒരുത്തരം ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് പോലും പറയാന്‍ സാധിക്കുന്നില്ല. പത്തു ആയുര്‍വേദക്കാരോട് ചോദിച്ചാല്‍ അത് അനുഭവത്തില്‍ കൂടി മനസ്സിലാവുന്നതാണ് എന്ന് തുടങ്ങി പത്തു തരം ഉത്തരങ്ങള്‍ ആണ് കിട്ടുക. ഇത് സയന്‍സിന്റെ രീതിശാസ്ത്രത്തിന് നിരക്കുന്നതല്ല. Alternate physics, alternate chemistry എന്നൊന്ന് ഇല്ല എന്നിരിക്കെ ഒരു ചോദ്യത്തിന് പരസ്പരബന്ധമില്ലാത്ത പല ഉത്തരങ്ങള്‍ സാധ്യമല്ലല്ലോ. ആധുനിക വൈദ്യം രോഗകാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണമായി വൈറസ്, ബാക്റ്റീരിയ, ഫംഗസ്, പരാദങ്ങള്‍ തുടങ്ങി മോശം ജീവിത ശൈലി തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് രോഗങ്ങള്‍ ഉണ്ടാവുന്നത്. ഒരു രോഗലക്ഷണം കാണുമ്പോള്‍ അത് എന്ത് കൊണ്ടാണ് ഉണ്ടാവുന്നത് എന്ന് കൃത്യമായി നിര്‍ണ്ണയിച്ചാല്‍ മാത്രമേ ശാസ്ത്രീയമായ ചികിത്സ സാധ്യമാവൂ. ഒരു ബാക്ടീരിയ ആണ് രോഗകാരണം എങ്കില്‍ ആ ബാക്ടീരിയ ഏതാണ് എന്ന് തിരിച്ചറിയണം. അതിന് എതിരെ പ്രവര്‍ത്തിക്കുന്ന തന്മാത്ര ഏതാണ് എന്ന് പരീക്ഷണങ്ങളിലൂടെ തിരിച്ചറിഞ്ഞ്, പാര്‍ശ്വഫലങ്ങള്‍ പരമാവധി കുറഞ്ഞ ആന്റിബയോട്ടിക്ക് മരുന്ന് ഉല്‍പ്പാദിപ്പിച്ച്, കൃത്യമായ ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ശേഷം വിപണിയിലിറങ്ങും. വൈറസ്സിനെയോ ബാക്റ്റീരിയയെയോ തിരിച്ചറിയാന്‍ ഉള്ള ഒരു മാര്‍ഗവും ആയുര്‍വേദത്തിന്റെ സമാനമായ ഇതര വൈദ്യങ്ങളിലോ ഇല്ല.
Click here for purchase
മഞ്ഞപ്പിത്തതിന് കീഴാര്‍നെല്ലി മതിയോ?
ഉദാഹരണത്തിന് മഞ്ഞപ്പിത്തത്തിന്റെ കാര്യമെടുക്കാം. മഞ്ഞപ്പിത്തം ഒരു രോഗലക്ഷണം ആണ്. അതുണ്ടാവുന്നത് Hepatitis A, B, C തുടങ്ങിയ മൂന്ന് വൈറസുകള്‍ കാരണമാണ്. Hepatitis-A കൊണ്ടുണ്ടാവുന്ന മഞ്ഞപ്പിത്തം ഒരു self-limiting disease ആണ്. അതായത് മരുന്നൊന്നും കഴിച്ചില്ലെങ്കിലും അല്‍പ്പകാലത്തിനുള്ളില്‍ തന്നെ മാറും. എന്നാല്‍ Hepatitis- B & C കരളിനെ ബാധിക്കുന്ന അപകടകാരി ആണ്. ഈ മൂന്ന് വൈറസുകള്‍ കൊണ്ടുണ്ടാവുന്ന മഞ്ഞപ്പിത്തത്തിന് ഒരേ ലക്ഷണങ്ങള്‍ ആണ്. വാത-പിത്ത-കഫ സിന്ധാന്തം ഉപയോഗിച്ച് Hepatitis A, B, C കൊണ്ടുണ്ടായ ഒരേ ലക്ഷണം ഉള്ള മഞ്ഞപിത്തം എങ്ങനെ വേര്‍തിരിച്ചു തിരിച്ചറിയും? മഞ്ഞപ്പിത്തം ചികില്‍സിക്കാന്‍ ആയി ആയുര്‍വേദക്കാര്‍ കൊടുക്കുന്നത് കീഴാര്‍നെല്ലി ആണ്. Hepatitis B, C കൊണ്ടുണ്ടാവുന്ന മഞ്ഞപ്പിത്തത്തിന് കീഴാര്‍നെല്ലി കൊടുത്തു ആധുനിക വൈദ്യം ഒഴിവാക്കിയാല്‍ കരളിന്റെ കാര്യം പോക്കാണ്. അതായത് ഒരു ചികിത്സയും ചെയ്യേണ്ടാത്ത Hepatitis-A മഞ്ഞപ്പിത്തത്തിന് കീഴാര്‍നെല്ലി കൊടുത്താല്‍ ഫലം ഉണ്ടായതായി തോന്നാം. വിഷമുള്ള പാമ്പാണോ വിഷമില്ലാത്ത പാമ്പാണോ കടിച്ചത് എന്ന് നിശ്ചയമില്ലാത്ത അവസ്ഥയില്‍ പച്ചമരുന്ന് ചികിത്സ തേടുന്നത് പോലെയാണ് ഇത്. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെങ്കില്‍ പച്ച മരുന്ന് ചികിത്സ ഫലിച്ചതായി തോന്നും. വിഷമുള്ള പാമ്പാണെങ്കില്‍ പച്ചമരുന്ന് ചികിത്സ ചെയ്താല്‍ രോഗി മരിക്കും.
Click here for more info
ആയുര്‍വേദത്തിനും പാര്‍ശ്വഫലമുണ്ട്
Dose and frequency makes the poison എന്നാണ്. നമ്മുടെ ശരീരത്തിന് അത്യാവശ്യമായ പച്ചവെള്ളം 6 ലിറ്റര്‍ ഒറ്റയിരിപ്പിന് കുടിച്ചാല്‍ മരണം വരെ സംഭവിക്കാം. അധികമായാല്‍ അമൃതും വിഷമാണ് എന്ന് പറയുന്നത് അത് കൊണ്ടാണ്. ആയുര്‍വേദ കഷായങ്ങളുടെ കാര്യമെടുത്താല്‍ ധാരാളം ചെടികള്‍ പിഴിഞ്ഞാണ് അത് നിര്‍മ്മിക്കുന്നത്. ഏതൊരു ചെടിയിലും alkaloids, acids, glycosides, resins, tanins, steroids തുടങ്ങി ധാരാളം രാസഘടകങ്ങളും കൂടാതെ heavy metals, digoxin തുടങ്ങിയ വിഷങ്ങളും ഉണ്ടാവും. ഇതില്‍ പല രാസപദാര്‍ത്ഥങ്ങളും ഒരു പരിധി കഴിഞ്ഞാല്‍ വൃക്കകളെയും കരളിനേയും തകരാറില്‍ ആകുന്നതാണ്. ഒരു മരുന്നിനു ഫലം ഉണ്ടെങ്കില്‍ പാര്‍ശ്വഫലങ്ങളും ഉണ്ടാവും. ഈ പാര്‍ശ്വഫലങ്ങള്‍ പഠിക്കാനുള്ള ഒരു പ്രയത്‌നവും ആയുര്‍വേദത്തിന്റെ ഭാഗത്തു നിന്ന് കാണാനില്ല. ആയുര്‍വേദ മരുന്നുകള്‍ക്ക് യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ല എന്ന തെറ്റായ പൊതുബോധം ജനങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് കൊണ്ട് അത്തരം പഠനങ്ങളുടെ സാധ്യതയും വിദൂരമാണ്.
മോഡേണ്‍ മെഡിസിന്‍ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടര്‍ നിങ്ങള്‍ക്ക് അനാവശ്യമായി മരുന്ന് എഴുതി അല്ലെങ്കില്‍ സി ടി സ്‌കാന്‍ എഴുതി എന്ന് നിങ്ങള്‍ക്ക് തോന്നിയത് കൊണ്ട് നിങ്ങള്‍ ആയുര്‍വ്വേദം പരീക്ഷിക്കുന്നു. മോഡേണ്‍ മെഡിസിന്‍ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടര്‍ നിങ്ങള്‍ക്ക് അനാവശ്യമായി സി ടി സ്‌കാന്‍ എഴുതിയാല്‍ അത് ചൂഷണം ആണ്. അത് കൊണ്ട് മോഡേണ്‍ മെഡിസിന്‍ അശാസ്ത്രീയമാവുന്നില്ല. അത് പോലെ ആയുര്‍വ്വേദം ശാസ്ത്രീയവും ആവുന്നില്ല, എന്തെന്നാല്‍ രോഗ നിര്‍ണ്ണയത്തിനുള്ള ആയുര്‍വേദത്തിന്റെ അടിസ്ഥാനം തന്നെ തെറ്റാണ്. ഇന്നത്തെ ആയുര്‍വേദ ആരാധകര്‍ ആയുര്‍വേദത്തിന്റെ തലതൊട്ടപ്പന്മാരായ ചരകനും സുശ്രുതനും വാഗ്ഭടനുമൊക്കെ സര്‍വ്വജ്ഞാനികള്‍ക്കുള്ള ആദരം കൊടുക്കുന്നുണ്ട്. സമാനമായ തത്വജ്ഞാനികള്‍ക്ക് ഋഷി തുല്യമായ പദവി കൊടുത്തു ആരാധിക്കുന്നുണ്ട്. ഇവര്‍ ഇന്ദ്രിയങ്ങളെ അതിജീവിച്ചതായും, മനുഷ്യന്റെ പരിധിക്ക് അപ്പുറം പ്രപഞ്ചത്തെ മനസ്സിലാക്കി എന്ന് ഈ ആരാധകര്‍ മിഥ്യാ ധരിച്ചു വച്ചിരിക്കുന്നു. തീര്‍ച്ചയായും ഈ മനീഷികള്‍ അവര്‍ ജീവിച്ചിരുന്ന കാലത്തേ ഏറ്റവും ബുദ്ധിയുള്ളവര്‍ ആയിരുന്നു. എന്നാല്‍ അവരുടെ അറിവുകള്‍ക്ക് കാലഘട്ടത്തിന്റെ പരിമിതികള്‍ ഉണ്ടായിരുന്നു.അത് കൊണ്ടാണ്ഒരു സ്ത്രീ അവളുടെ മാസമുറയുടെ നാലാം ദിവസം കുളിച്ച ശേഷം ഭര്‍ത്താവിനെ അല്ലാതെ ഒരു അന്യ പുരുഷനെ കണ്ടാല്‍ അവള്‍ക്കുണ്ടാവുന്ന കുട്ടി അന്യപുരുഷനെ പോലെ ഇരിക്കും എന്ന് ചരകന്‍ എഴുതിവച്ചത്.
പാമ്പുകടിച്ചാല്‍ തിരിച്ചുകടിക്കുക
ആ കാലഘട്ടത്തിന്റെ അറിവിന്റെ പരിമിതിയില്‍ നിന്ന് കൊണ്ടാണ് പാമ്പു കടിച്ചാല്‍ അതിന് ചികിത്സയായി കടിച്ച പാമ്പിനെ അപ്പൊ തന്നെ തിരിച്ചു കടിക്കണം എന്നും ഇനി അതിനു കഴിഞ്ഞില്ലെങ്കില്‍ കല്ലോ മണ്ണാങ്കട്ടയോ കടിച്ചു ആ തുപ്പല്‍ എടുത്തു കടി കിട്ടിയ സ്ഥലത്തു തേക്കുക എന്ന് വാഗ്ഭടന്‍ എഴുതിവച്ചത്. ഇത്തരത്തില്‍ ഉള്ള ധാരാളം യുക്തിഹീനമായ ചികിത്സാരീതികള്‍ ചരകസംഹിതയിലും സുശ്രുതസംഹിതയിലും ധാരാളമായി കാണാം. ആ കാലഘട്ടത്തില്‍ ഒരു മൈക്രോസ്‌കോപ്പ് ഉണ്ടായിരുന്നെങ്കില്‍ വാത-പിത്ത-കഫ പോലെയുള്ള അശാസ്ത്രീയ സിദ്ധാന്തങ്ങള്‍ ജനിക്കുമായിരുന്നില്ല. ഇതൊക്കെ ഇന്നും ആയുര്‍വേദ ടെക്സ്റ്റ് ബുക്കുകളില്‍ കുട്ടികള്‍ക്ക് പഠിക്കാനുണ്ട് എന്നത് ശാസ്ത്രീയ മനോവൃത്തിക്ക് നേരെ എത്ര മാത്രം പുറംതിരിഞ്ഞു നില്‍ക്കുകയാണ് നമ്മുടെ സമൂഹം എന്നതിന്റെ ഉദാഹരണമാണ്.
പഞ്ചേന്ദ്രിയങ്ങളുടെ പരിധിക്ക് അപ്പുറം പ്രപഞ്ചത്തെ മനസ്സിലാക്കാന്‍ സയന്‍സ് പഠിച്ച മനുഷ്യര്‍ക്ക് ഇന്ന് സാധിച്ചിട്ടുണ്ട്. അവര്‍ ടെലെിസ്‌കോപ്പും മൈക്രോസ്‌കോപ്പും തുടങ്ങി ആധുനിക ഉപകരണങ്ങള്‍ കണ്ടു പിടിച്ചു. ഈ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ഗുഹയില്‍ അടച്ചിരുന്നു ധ്യാനിച്ച് ഇരുട്ടിലേക്ക് നോക്കി അകത്തേക്ക് ഉള്‍വലിഞ്ഞു ഇന്ദ്രിയങ്ങളെ പീഡിപ്പിച്ചു ലോകത്തെ ബഹിഷ്‌കരിച്ചു ഗുരുക്കന്മാര്‍ മനസ്സിലാക്കിയതും ഒരേ കാര്യങ്ങള്‍ ആണെന്നാണ് പൊതുബോധ ധാരണ. ആ മഹാ മനീഷികള്‍ ലോകത്തിന് നല്‍കിയ ദര്‍ശനങ്ങള്‍ അജ്ഞത മാത്രമാണ്.
Rakesh unnikrishnan