Saturday, November 09, 2024
Sajeev ala / വീക്ഷണം / June 27, 2024

മകൻ മരിക്കട്ടെ.. എന്നാലും മരുമകൾ കരയണം.

ജമ്മുവിലെ റിയാസിയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഉത്തർപ്രദേശിൽ നിന്നുള്ള 9 തീർത്ഥാടകർ കൊല്ലപ്പെട്ടു. 40ൽ പരം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ അഞ്ചോ ആറോ വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. ക്ഷേത്രദർശനത്തിന് പോയ സാധുക്കളായ മനുഷ്യരുടെ നേർക്കുള്ള നിന്ദ്യവും ഹീനവുമായ ഈ ആക്രമണം നടന്നത് ജൂൺ 9 ന് ആയിരുന്നു. അതായത് മോഡി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ അതേ ദിവസമാണ് തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ ഭീകരർ നിറയൊഴിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പോ പ്രചരണകാലത്തോ ആയിരുന്നു ഈ ഭീകരാക്രമണം നടന്നിരുന്നതെങ്കിൽ, ഇലക്ഷൻ വിജയിക്കുന്നതിനായി നരേന്ദ്ര മോഡി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൂട്ടക്കൊലയാണിതെന്ന് ഇവിടുത്തെ രാജ്യവിരുദ്ധർ ആരോപിക്കുമായിരുന്നു. തെരഞ്ഞെടുപ്പെല്ലാം കഴിഞ്ഞ് വോട്ടും എണ്ണി പുതിയ സർക്കാർ അധികാരമേല്ക്കുന്ന ദിവസം ഭയകരാക്രമം ഭീകാരാക്രമണം നടന്നത് കൊണ്ട് കപടലിബറൽസിന് രാജ്യത്തെ പ്രതിക്കൂട്ടിലാക്കാനുള്ള കനകാവസരം നഷ്ടപ്പെട്ടുവെന്ന് പറയാം.

സംശയമുള്ളവർ 2019 ഫെബ്രുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണത്തിന്റെ തുടർവാർത്തകർ പരിശോധിച്ചാൽ മതി. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക്  പോയ 2500 CRPF ജവാന്മാരുടെ വാഹനവ്യൂഹത്തിന് നേരെ സ്ഫോടകവസ്തുക്കൾ നിറച്ച ഒരു കാർ ഇടിച്ചുകയറ്റി. 40 ധീരജവാന്മാർ കൊല്ലപ്പെട്ടു. 22 വയസ്സുകാരനായിരുന്ന ആദിൽ അഹമ്മദ് ദർ എന്ന ജയ്ഷെ മുഹമ്മദ് ചാവേറാണ് പുൽവാമയിൽ പൊട്ടിത്തെറിച്ചത്.കാശ്മീരിലെ കാകാപോറ എന്ന സ്ഥലത്ത് മാതാപിതാക്കളൊത്ത് താമസിച്ചിരുന്ന ആദിൽ അഹമ്മദ്  2018ൽ വീട് വിട്ടിറങ്ങി കൊടുംഭീകരൻ മസൂദ് അസർ നയിക്കുന്ന ജയ്ഷെ മുഹമ്മദിൽ ചേരുകയായിരുന്നു. പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജയ്ഷെ മുഹമ്മദ്,  ആദിലിന് ചാവേർ പരിശീലനം നല്കുന്ന വീഡിയോയും പുറത്തുവിട്ടു.

പുൽവാമാ ആക്രമണത്തിന്റെ പ്രതികാരമായി  ബാലാക്കോട്ടിലെ ഭീകരപരിശീലന  ക്യാമ്പുകൾക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തുകയും ചെയ്തു. 40 ജവാന്മാർക്ക് ജീവൻ നഷ്ടമായ ഭീകരാക്രമണത്തിനെതിരെ രാജ്യത്തിന്റെ മന:സാക്ഷി രോഷത്താൽ  ജ്വലിച്ചപ്പോൾ, പുൽവാമ ആക്രമണം ഇന്ത്യ സ്വയം ആസൂത്രണം ചെയ്തതാണെന്ന് ഇവിടുത്തെ സ്യൂഡോ സെക്കുലറിസ്റ്റുകൾ പ്രചരണം നടത്തി. ഭീകരതയെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന പാകിസ്താന്റെ നിലപാടിനെതിരെ  അന്താരാഷ്ട്രവേദികളിൽ  ഇന്ത്യ ആഞ്ഞടിക്കാൻ ശ്രമിച്ചപ്പോൾ ഇവിടെ ചിലർ, സ്വന്തം ജവാന്മാരെ കൊലപ്പെടുത്തിയത് ഭാരതം തന്നെയാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു. മകൻ മരിച്ചാലും കുഴപ്പമില്ല മരുമോളുടെ കണ്ണുനീർ കണ്ടാൽ മതി എന്ന ക്രൂരവും നികൃഷ്ടവുമായ ചിന്തയാൽ മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കാൻ ശ്രമിച്ചവരിൽ നല്ലൊരു ശതമാനം കേരളത്തിൽ നിന്നുള്ളവരായിരുന്നു. 

ചാവേർ ആദിൽ മുഹമ്മദ് കാറിൽ നിറച്ചിരുന്ന സ്ഫോടകവസ്തുക്കളിൽ  80കിലോ RDXഉം ഉണ്ടായിരുന്നു. അതിന്റെ സോഴ്സ് ഇന്ത്യൻ സൈന്യമാണെന്നാണ് ചിലർ ആരോപിച്ചത്. അതായത് 2019ലെ ഇലക്ഷൻ വിജയിക്കാനായി മോഡി സർക്കാർ, ജയ്ഷെ മുഹമ്മദ് ചാവേറിന് ആർഡിഎക്സ് കൊടുത്തുവിട്ടു എന്ന തരത്തിലായിരുന്നു വിഷപ്രചരണം. എയർ ഇന്ത്യാ വിമാനം റാഞ്ചി താലിബാന്റെ സ്വന്തം കാണ്ഡഹാറിൽ ഇറക്കാൻ ശേഷിയുള്ള, ഇന്ത്യൻ പാർലമെന്റ്  അറ്റാക്ക് ചെയ്തിട്ടുള്ള, രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിരന്തരം ബോംബ് സ്ഫോടനവും ഭീകരാക്രമണവും നടത്തിയിട്ടുള്ള ആഗോള ഭീകരവലയത്തിന്റെ  ഭാഗമായുള്ള ജയ്ഷെ മുഹമ്മദ്  RDX ഒന്നും സംഘടിപ്പിക്കാൻ പാങ്ങൊന്നുമില്ലാത്ത നിഷ്കളങ്ക കുഞ്ഞുങ്ങളാണെന്നാണ് അവരുടെ ഇവിടുത്തെ ഇന്ത്യൻ ആരാധകർ പറയുന്നത്. ജമ്മു- ശ്രീനഗർ ഹൈവേയിൽ കൂടി പോകാതെ വ്യോമമാർഗം CRPF പോയിരുന്നെങ്കിൽ ഭീകരാക്രമണം നടക്കില്ലായിരുന്നു എന്നൊക്കെയാണ് ചാവേർ ആദിൽ അഹമ്മദിന്റെ സീക്രട്ട് ഫാൻസ് വാദിക്കുന്നത്.  

ഭിന്ദ്രൻവാലയുടെ പുനരവതാരം എന്നുപറഞ്ഞ് എംകെ 47 ചുഴറ്റി നടന്നിരുന്ന ഖാലിസ്ഥാൻ വാദി അമൃതപാൽ സിംഗും ഇന്ദിരാഗാന്ധിയുടെ ഘാതകനായ ബിയാന്ത് സിംഗിന്റെ മകനും പഞ്ചാബിൽ നിന്ന് വൻഭൂരിപക്ഷത്തോട് വിജയിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ ജീവനെടുത്ത ബെൽറ്റ് ബോംബിനുള്ള ബാറ്ററി സംഘടിപ്പിച്ചു കൊടുത്തതിന് സുപ്രീംകോടതി വധശിക്ഷയ്ക്ക് വിധിച്ച പേരറിവാളനെ തമിഴ് സ്റ്റാലിൻ ഹീറോ പരിവേഷത്തിൽ കൊണ്ടു നടക്കുന്നു. അകത്തുനിന്ന്  തന്നെയാണ് രാജ്യം വെല്ലുവിളി നേരിടുന്നത്.

വളരെ ശ്രദ്ധയോടും ഗൗരവത്തോടും കൂടി കൈകാര്യം ചെയ്തില്ലെങ്കിൽ പഞ്ചാബും കാശ്മീരും വീണ്ടും അസമാധാനത്തിന്റെയും രക്തചൊരിച്ചിലിന്റെയും പാതയിലേക്ക് തിരിച്ചുപോയേക്കാം. മോഡിയോ രാഹുലോ ആരും ഭരിച്ചാലും രാജ്യം ഛിന്നഭിന്നമാകാൻ പാടില്ല. ഈ ജനാധിപത്യവും സ്വാതന്ത്ര്യവും സെക്കുലറിസവും ഭരണഘടനയുമൊക്കെ  ഇന്ത്യ എന്ന ആശയത്തിന്റെ ഉപോല്പന്നങ്ങളാണ്. ചുമരില്ലാതെ ആർക്കും പോസ്റ്റർ ഒട്ടിക്കാനാവില്ല.

ആർട്ടിക്കിൾ 370 പിൻവലിച്ചത് ഉൾപ്പടെയുള്ള കേന്ദ്രസർക്കാരിന്റെ ശക്തമായ നടപടികളുടെ ഫലമായി കാശ്മീരിലെ  ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലായിട്ടുണ്ട്. ഭീകരർ പൂണ്ടുവിളയാടിയിരുന്ന ആനന്ദ്നാഗിലും ബാരാമുള്ളയിലും വർധിച്ച ആവേശത്തോടെയാണ് കാശ്മീരികൾ വോട്ട് ചെയ്യാനെത്തിയത്. ഭീകരതയുടെ പിടിയിൽ നിന്ന് ഇന്ത്യയുടെ സ്വിറ്റ്സർലണ്ട് പൂർണമായും വിമോചിക്കപ്പെടുമെന്ന പ്രതീക്ഷ എല്ലാവരും പങ്കുവെച്ചുതുടങ്ങിയ സമയത്താണ് റിയാസിയിൽ  തീർത്ഥാടകർക്ക് നേരെ ആക്രമണമുണ്ടായിട്ടുള്ളത്. 

എന്തിനാണ് നിങ്ങൾ പാവം ജയ്ഷെ മുഹമ്മദിനെ പഴിക്കുന്നത്..?  ഹൈവേ വഴി പോകാതെ തീർത്ഥാടകർ ജമ്മുവിൽ നിന്ന് ഫ്ളൈറ്റ് പിടിച്ചിരുന്നെങ്കിൽ അവർ  കൊല്ലപ്പെടുമായിരുന്നോ തുടങ്ങിയ നിഷ്കളങ്ക ചോദ്യങ്ങൾ ഉടൻ ഉയരുന്നതായിരിക്കും.

 profile

Sajeev ala

Click the button below to join our whats app groups>>

Click the 'Boost' button to push this article to more people>> 

profile 

boost

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.