കഥ ഇതുവരെ
കഥ ഏറെക്കുറെ ഇങ്ങനാണ്.
അടിച്ചു തീരുകയല്ലാതെ ഇതിനു പരിഹാരവുമില്ല.
അല്ലെങ്കില്‍ ആധുനിക ലോകം നല്‍കിയ സാമാന്യ ബോധം കൊണ്ട് ഗോത്രകാല കഥകളെയും വംശീയ ബോധത്തെയും ജീവിതത്തിന്‍റെ മുഖ്യധാരയില്‍ നിന്നും തൂത്തു കളയാന്‍ സാധിച്ച സമൂഹമാകണം ഇരു പക്ഷവും. പത്തു രണ്ടായിരം കൊല്ലം ലോകത്തെമ്പാടും യഹൂദരെ ഓടിച്ചിട്ട് അടിച്ചു. എന്താ കാരണം ? അവര്‍ എവിടെ എങ്കിലും സാമ്രാജ്യം സ്ഥാപിക്കാന്‍ ശ്രമിച്ചോ? ക്രിസ്ത്യാനിയും മുസ്ലിമും ചെയ്തപോലെ മത പ്രചരിപ്പിക്കുന്ന പരിപാടി ഇവര്‍ക്കില്ല. യഹൂദന് മാത്രമേ ജൂത മതം സ്വീകരിക്കാനാവു. പിന്നെന്താ കാരണം? അല്പം ചരിത്രം നോക്കാം .
പത്തുരണ്ടായിരം കൊല്ലം മുന്‍പ് ഇന്ന് ഈ പാലസ്തീന്‍ ഇസ്രയേല്‍ എന്നൊക്കെ പറയുന്ന ദേശത്തെ ജറുസലേം ദേവാലയം ആയിരുന്നു ജൂത വംശത്തിന്‍റെ ആത്മീയവും ഭരണ സിരാകേന്ദ്രവും ഒക്കെ. അവര്‍ക്ക് ഭൂമിയില്‍ മറ്റൊരിടത്തും ദേവാലയങ്ങള്‍ ഇല്ല. പ്രാര്‍ഥിക്കാന്‍ ഉള്ള സിനഗോഗുകള്‍ മാത്രമേ ഉള്ളു. അതാണ് അവരുടെ വിശ്വാസം. വാഗ്ദത്ത ഭൂമിയായി ദൈവം തങ്ങള്‍ക്കു നല്‍കിയ ഭൂമിയാണ് ജറുസലേം എന്നാണു അവരുടെ വിശ്വാസം. ഒന്നാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യം ഈ പ്രദേശവും അടക്കി വാഴുന്ന കാലത്ത് അതിനെതിരെ കൊച്ചു പ്രാദേശിക വിപ്ലവങ്ങള്‍ രൂപ പെട്ടു . യഹൂദരുടെ ഭരണ സിരാ കേന്ദ്രമായ ജറുസലേം ദേവാലയം തകര്‍ത്തു യഹൂദരെ ചിതറിച്ചു ഓടിച്ചു. അവര്‍ ലോകത്തെ വിവിധ ദേശങ്ങളിലേക്ക് ചിതറി പാലായനം ചെയ്തു. എത്തിപ്പെട്ട ദേശങ്ങളില്‍ ഒക്കെ അവര്‍ കൂട്ടമായി കോളനികള്‍ ആയി താമസിച്ചു. നമ്മുടെ കൊച്ചിയില്‍ ഉള്‍പ്പടെ യഹൂദര്‍ കൂട്ടമായി താമസിച്ചതും പിന്നീട് ഇസ്രായേല്‍ രൂപപെട്ടപ്പോള്‍ മിക്കവരും അവരുടെ സങ്കല്‍പ്പത്തിലെ വാഗ്ദത്ത ഭൂമിയിലേക്ക് മടങ്ങിയതും ഒക്കെ അറിയാമല്ലോ?
തങ്ങളുടെ വാഗ്ദത്ത ഭൂമി എന്ന ദേശീയ വികാരം വിശ്വാസത്തിന്‍റെ ഭാഗമായി കൊടുനടന്നിരുന്ന ഇവര്‍ക്ക് മറ്റു വിഭാഗങ്ങളുമായി ഇടകലരാനോ ചെന്നെത്തിയ നാടിനെ സ്വന്തം നാടായി കാണാനോ കഴിഞ്ഞില്ല. ഉദാഹരണത്തിന് ക്രിസ്ത്യന്‍ മുസ്ലിം മതങ്ങള്‍ ചെന്ന ഇടങ്ങളുമായി തലമുറകളിലൂടെ ഇണങ്ങി ആ നാടിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞപോലെ ഇവര്‍ക്ക് കഴിഞ്ഞില്ല. അത് യഹൂദരുടെ ഒരു വലിയ ന്യൂനത ആണ്. പെസഹാ ആണ് അവരുടെ ഏറ്റവും വലിയ ആഘോഷം. പഴയ പുറപ്പാട് ചരിത്രം തന്നെ അതിനു പിന്നിലെ കഥ. അതിലെ ഒരു പ്രധാന പ്രാര്‍ഥനയാണ് ഈ കൊല്ലം നമ്മള്‍ ഇവിടെ ആഘോഷിക്കുന്നു … അടുത്ത കൊല്ലം ജറുസലേമില്‍ എന്നുള്ളത്. അതായത് അവരുടെ കഥയിലെ പഴയ ജറുസലേം ദേവാലയം പുനര്‍നിര്‍മ്മിക്കുക എന്നത് അവരുടെ സ്വപ്നമാണ്. വിശ്വാസപരമായി തലമുറകളിലൂടെ ഈ പ്രാര്‍ഥന ആവര്‍ത്തിക്കുമ്പോള്‍ അതിനു വംശീയവും ദേശീയവും വൈകാരികവും ആയ മാനം കൈവരുന്നു. യഹൂദരെ ചിതറിച്ചു കളഞ്ഞ റോമന്‍ സാമ്രാജ്യത്തെ നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഇസ്ലാമിക സാമ്രാജ്യം കീഴ്പ്പെടുത്തി. ആ കാലത്താണ് ജറുസലേമില്‍ മുസ്ലിം പള്ളി സ്ഥാപിക്കുന്നത്. പിന്നീട് നൂറ്റാണ്ടുകള്‍ ഈ ദേശം വിവിധ ഇസ്ലാമിക ഭരണത്തിനു കീഴില്‍ കഴിഞ്ഞുവന്നു. അന്നും പാലസ്തീന്‍ എന്നൊരു രാജ്യമില്ല. ഈ ഭൂപ്രദേശത്തിന് ആകപ്പാടെ വിളിച്ചിരുന്ന പേരാണ് പാലസ്തീനികള്‍. വളരെ നാമ മാത്രമായ യഹൂദരും അവിടെ ജീവിച്ചു വന്നിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവിച്ചു വന്നിരുന്ന യഹൂദര്‍ പല കാലത്തും പല വിഭാഗങ്ങളാലും വെട്ടയാടപ്പെട്ടിരുന്നു. ഞങ്ങടെ യേശു അപ്പച്ചനെ തട്ടിയവര്‍ എന്ന പേരില്‍ കൃത്യാനികളും പല ഇടങ്ങളിലും അവരോടു കലിപ്പ് തീര്‍ത്തിരുന്നു.
എങ്കിലും നൂറ്റാണ്ടുകളിലൂടെ വിദ്യാഭ്യാസപരമായും വ്യാപരങ്ങളിലും സമ്പത്തിലും വളരെയേറെ വളര്‍ന്നു. യൂറോപ്പിലെയും അമേരിക്കയിലെയും നിര്‍ണ്ണായക സാമ്പത്തിക ശക്തിയായി യഹൂദര്‍ വളര്‍ന്നപ്പോള്‍ അത് കണ്ടു ചൊറിച്ചില്‍ ഉണ്ടായ ഹിറ്റ്‌ലറും അയാളുടെ വംശീയ വെറി പൂണ്ട നാസികളും നടത്തിയ ജൂത വംശ ഹത്യ വിവരിക്കേണ്ട ആവശ്യമില്ലല്ലോ. അതിനു ക്രിസ്ത്യന്‍ സഭകളും മൌനാനുവാദം നല്‍കി. ചില സഭാ നേതാക്കള്‍ ഹിട്ലര്‍ക്ക് എരിവു കയറ്റി കൊടുത്ത് എന്നും ചില ഡോക്യുമേന്ടരികളില്‍ കണ്ടിട്ടുണ്ട്. രണ്ടാം ലോക യുദ്ധത്തിനു ശേഷം ജര്‍മ്മനിയുടെ അസുഖം മറ്റുള്ളവര്‍ തീര്‍ത്തപ്പോ യൂറോപ്പില്‍ എമ്പാടും…. ജര്‍മനിയില്‍ പോലും പൊതു സമൂഹത്തില്‍ ജൂത ജനതയോട് ചെയ്ത ക്രൂരതയില്‍ ഒരു മനസ്താപം ഉണ്ടായിരുന്നു. എന്നാല്‍ ജൂതരെ അവിടെ നിന്നും ഒഴിവാക്കണം എന്നും അവര്‍ ആഗ്രഹിച്ചു. അതിനു അവര്‍ കണ്ട പരിഹാരമാണ് ജൂതരുടെ പൂര്‍വ്വിക ഭൂമിയായ പാലസ്തീന്‍ പ്രദേശത്തെ രണ്ടായി പകുത്തു ഇസ്രയേല്‍ എന്ന രാജ്യം ഉണ്ടാക്കി അവരെ തിരികെ കുടിയിരുത്തുക എന്നത്. ആദ്യം തന്നെ ധാരാളം യഹൂദരെ അവിടെ എത്തിച്ചു പണം കൊടുത്ത് ഭൂപ്രദേശങ്ങള്‍ വാങ്ങി ജൂത കോളനികള്‍ നിര്മ്മിച്ചു. അങ്ങനെ അവര്‍ വളര്‍ന്നു വന്ന ഘട്ടത്തില്‍ സഖ്യ കക്ഷികളുടെ മേല്ക്കൊയ്മ്മയില്‍ ഇരുന്ന പ്രദേശമായതിനാല്‍ അവര്‍ക്ക് അത് ഭൂരിപക്ഷ വോട്ടോടെ നടപ്പിലാക്കാനും കഴിഞ്ഞു. അങ്ങനെ ഇസ്രായേല്‍ രൂപം കൊണ്ടു. പാലസ്തീന്‍ വിഭജിച്ചു അതിര്‍ത്തികളും നിശ്ചയിച്ചു. ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നും ശേഷിച്ച ജൂതരില്‍ മിക്കവരും ഇസ്രായേലിലേക്ക് ഒഴുകി. സത്യത്തില്‍ യൂറോപ്പിന്‍റെയും അമേരിക്കയുടെയും ആധിപത്യം കൊണ്ടു മാത്രം സാധിച്ച ഒരു കാര്യമായിരുന്നു ഇസ്രായേലിന്റെ രാഷ്ട്രനിര്‍മ്മിതി. അതില്‍ ജൂത സമൂഹത്തിനു വലിയ പങ്കു ഒന്നുമില്ല. രണ്ടായിരം കൊല്ലം പാലായനത്തില്‍ ആയിരുന്ന അവര്‍ കിട്ടിയ ഇടം നന്നായി ഉപയോഗിച്ച് വളര്‍ന്നു. അതെ സമയം സ്വന്തം മത ഗ്രന്ഥത്തില്‍ യാഹൂദനെ ആജന്മ ശതുവായി കാണണം എന്ന് പഠിപ്പിക്കപ്പെട്ട അറബ് സമൂഹം ഇസ്രായേല്‍ ഉണ്ടായ അന്ന് തന്നെ നാലഞ്ചു രാജ്യങ്ങള്‍ ചേര്‍ന്ന് ഇസ്രായേലിനെ ആക്രമിച്ചു. അടി കൊണ്ടു മടുത്തു ഇനിയും തല്ലു കൊള്ളാന്‍ ഉദ്ദേശമില്ല എന്ന് കണ്ടു നേരത്തെ സൈനീകമായി ഒരുങ്ങിയിരുന്ന ഇസ്രായേല്‍ യുദ്ധത്തില്‍ ജയിച്ചു. പിന്നീട് പലപ്പോഴായി പല വട്ടം ചുറ്റുമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രായേലിനെ ആക്രമിച്ചു. തങ്ങളുടെ ഇസ്ലാമിക പ്രദേശത്ത് തങ്ങളുടെ വിശ്വാസപരമായ ശത്രുക്കളെ കുടിയിരുത്തിയ കലിപ്പ് പലപ്പോഴായി ഇസ്ലാമിക രാജ്യങ്ങള്‍ കാണിച്ചു. അവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അവര്‍ക്ക് അവരുടെതായ ന്യായമുണ്ട്. ഇസ്ലാമികമായിരുന്ന ഒരു ദേശത്തെ ബാഹ്യ ശക്തികള്‍ വിഭജിച്ചു ആജന്മ ശത്രുക്കള്‍ക്ക് നല്‍കിയിരിക്കുന്നു. എത്രയോ വട്ടം എത്രയോ പേരുടെ മധ്യസ്ഥതയില്‍ എത്രയോ ചര്‍ച്ചകള്‍ നടന്നു. ഒരു കാര്യവും ഉണ്ടായില്ല. പക്ഷെ ഭലത്തില്‍ എന്തുണ്ടായി എന്ന് ചോദിച്ചാല്‍ അറബ് രാജ്യങ്ങള്‍ തുടങ്ങി വെച്ച ഓരോ യുദ്ധത്തിലും ഇസ്രായേല്‍ കേറിയടിച്ചു കൂടുതല്‍ പ്രദേശങ്ങള്‍ തങ്ങളുടെ വരുതിയിലാക്കി. ഇന്നിപ്പോ നേര്‍ത്ത പൊട്ടുകള്‍ പോലെ ആയി പാലസ്തീന്‍ അധീന പ്രദേശങ്ങള്‍ അവശേഷിക്കുന്നു. ഇസ്രായേല്‍ രൂപപെട്ട അന്ന് മുതല്‍ അവര്‍ അധ്വാനിച്ചു തങ്ങളുടെ രാജ്യത്തെ ശക്തമാക്കി. മറുപക്ഷത്ത് ഇസ്രായേലിനോട് കലിപ്പ് തീര്‍ക്കുക അവരെ ഓടിക്കുക എന്ന ലക്‌ഷ്യം മാത്രമായി പ്രവര്‍ത്തിച്ച സംഘടനകളും നേതാക്കളും പാലസ്തീനെ ഒരു രാജ്യമാക്കി വളര്‍ത്താനോ സ്വയം വളരാനോ ശ്രമിച്ചില്ല എന്നതാണ് കാണാനാകുക. ഒരു മതിലിനു ഇപ്പുറം ആധുനികതയും അപ്പുറം ചേരികളും ആയി മാറിയ ഒരു ദേശം. രണ്ടുതരം ജീവിത സാഹചര്യം ഉള്ള രണ്ടു ജനതകള്‍. ഇസ്രായേലിന്റെ വളര്‍ച്ചക്ക് കാരണം നൂറ്റാണ്ടുകളിലൂടെ മറ്റു വികസിത സമൂഹത്തില്‍ ജീവിച്ച യഹൂദന് ആധുനിക ജീവിതത്തെ കുറിച്ച് കാഴ്ചപ്പാട് ഉണ്ടായിരുന്നു എന്നതാണ്. അവര്‍ അതനുസരിച്ച് തങ്ങളുടെ രാജ്യത്തെ ഒന്നുമില്ലായ്മ്മയില്‍ നിന്നും വളര്‍ത്തി എടുത്തു. ഒരു ജനാധിപത്യ ഭരണക്രമം സ്വീകരിച്ച ഇസ്രായേലിലെ മുസ്ലിമുകള്‍ക്കു ഉള്‍പ്പടെ തുല്ല്യ പൌരത്വം ഉണ്ട്. എങ്കിലും പുരാതന കാലം മുതലേ ഉള്ളിലുള്ള ശത്രുത മുതലെടുത്ത തീവ്രവാദ സംഘങ്ങള്‍ ഇസ്രായേലിന്‍റെ അകത്തു തന്നെ എത്ര കാലം ചാവേറുകളെ സൃഷ്ട്ടിച്ചു അസ്വസ്ഥതകള്‍ ഉണ്ടാക്കി. അടുത്ത കാലത്താണ് അതിനു കുറച്ചു മാറ്റം വന്നത്.
ഇപ്പോഴത്തെ പ്രശ്നം തുടങ്ങി വെച്ചത് ഹാമാസാണ്. ഗാസയിലേക്ക് ഇസ്രയേല്‍ ജൂത ജനവാസ കേന്ദ്രങ്ങള്‍ വളര്‍ത്തുന്നു എന്നതാണ് കാരണം ചൂണ്ടിക്കാണിക്കുന്നത്. നാളെ ജറുസലേം ദേവാലയ നിര്‍മ്മാണം എന്ന സ്വപ്നം നടപ്പാക്കാന്‍ ഇസ്രയേല്‍ നടത്തുന്ന തന്ത്രം ആയിരിക്കണം അത്.
ഹമാസിന് ഒരു ജനാധിപത്യ രാഷ്ട്ര നിര്‍മ്മാണ സ്വപ്നമോ സ്വാതന്ത്യ സമര സംഘടനയുടെ രൂപമോ സ്വഭാവമോ പ്രവര്‍ത്തിയോ അല്ല ഉള്ളത്. മറ്റു തീവ്രവാദ സംഘടനകളില്‍ നിന്നും പ്രവര്‍ത്തിയില്‍ ഇതുവരെ വ്യത്യാസം കണ്ടിട്ടിട്ടില്ല. സ്ത്രീകളെയും കുട്ടികളെയും പരിച ആക്കുന്ന തനതു ജിഹാദി യുദ്ധ മുറ അവരും പ്രയോഗിക്കുന്നു. ജിഹാദാണ് മാര്‍ഗ്ഗം എന്ന് അവര്‍ എത്രയോ വട്ടം പറഞ്ഞു കഴിഞ്ഞു. നിരന്തരമായി ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് അനേകം റോക്കറ്റുകള്‍ തൊടുത്തു വിടുകയാണ്. കുറെയൊക്കെ ആകാശത്തു വെച്ച് പ്രതിരോധിക്കാന്‍ ഇസ്രായേലില് ആകുന്നതു കൊണ്ടു കാഷ്വാലിട്ടി കുറവാണ് എന്ന് മാത്രം. തിരികെ നടത്തുന്ന പ്രതിരോധത്തില്‍ ഉണ്ടാവുന്ന കാഷ്വാലിട്ടി മാത്രം വലിയ വാര്‍ത്ത ആക്കുകയാണ് പലരും. ഭലത്തില്‍ ഉണ്ടാവാന്‍ പോകുന്നത് എന്താണ്? ഗാസ കൂടി ഇക്കണക്കിനു ഇസ്രയേല്‍ കീഴ്പ്പെടുത്തി എന്ന് വന്നേക്കാം. ഇതിലെ ജയപരാജയങ്ങള്‍ എന്തായാലും ആര്‍ക്കായാലും അനുഭവിക്കേണ്ടിവരുന്നത് സാധു ജനങ്ങളാണ് എന്നതാണ് കഷ്ട്ടം. ചരിത്രം അങ്ങനാണ്.
എന്നാല്‍ ഇതിനു പരിഹാരം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് എന്‍റെ നിരീക്ഷണം. കാരണം പറയാം. ഈ സംഘര്‍ഷത്തിന്റെ കാതലായ പ്രശ്നം എന്നത് ഏക ദൈവ വിശ്വാസികളായ രണ്ടു കാര്‍ക്കശ്യ മത വിഭാഗങ്ങളാണ് ഇരു പക്ഷവും എന്നതാണ്. ഒന്ന് ഒന്നിനോട് ഒട്ടും ചേരില്ല. അല്ലാതെ ഇത് കേവലം രാഷ്ട്രീയ രാജ്യ അതിര്‍ത്തി തര്‍ക്കമല്ല.ഒരു പക്ഷത്തു രണ്ടായിരം കൊല്ലത്തിലേറെ പഴക്കമുള്ള പണ്ടത്തെ ചരിത്രത്തിലെ കഥകളിലെ തങ്ങളുടെ വാഗ്ദത്ത ഭൂമി തങ്ങളുടെതാണ് എന്ന് വിശ്വസിക്കുന്ന ജൂതര്‍. മറുപക്ഷത്ത് ജൂത സമൂഹം ലോകാവസാനം വരെ തങ്ങളുടെ ശത്രുക്കളാണ് എന്ന് വിശ്വസിക്കാന്‍ വിധിക്കപ്പെട്ട ഇസ്ലാം. ഒരു പക്ഷത്തു ആര്‍ക്കും ഒരു മതപരിവര്‍ത്തനം കൊണ്ടു പോലും ദ്രോഹം ചെയ്യാതിരുന്നിട്ടും രണ്ടായിരം കൊല്ലത്തോളം പലരാല്‍ എന്തിനൊക്കെയോ വേണ്ടി വേട്ടയാടപ്പെട്ട സമൂഹം കിട്ടിയ ഇടത്തില്‍ തുടരാന്‍ ശ്രമിക്കുന്നു. മറുപക്ഷത്ത് നൂറ്റാണ്ടുകള്‍ തങ്ങളുടെ കൈവശം ഇരുന്ന ദേശത്തെ അധിനിവേശ ശക്തികള്‍ ബലമായി പകുത്തു തങ്ങളുടെ വിശ്വാസ ശത്രുക്കള്‍ക്ക് കൊടുത്തതിലും പിന്നീട് അവര്‍ വളര്‍ന്നപ്പോള്‍ തങ്ങള്‍ ചുരുങ്ങി ഒതുങ്ങി ഞെരുങ്ങി പോയതില്‍ പ്രതികരിക്കുന്നവര്‍. എന്താണ് പരിഹാരം. പരിഹാരമുണ്ട് .പക്ഷെ ഈ രണ്ടു കൂട്ടരും തങ്ങളുടെ ഗോത്രകാല വിവരക്കേട് ഉപേക്ഷിക്കണം. ഒത്തൊരുമിച്ചാല്‍ ഒന്നിച്ചു ഇടകലര്‍ന്നു സമൂഹത്തെ കെട്ടിപ്പെടുക്കാന്‍ ഉള്ള ബോധം ഉണ്ടായാല്‍ യൂറോപ്പ് പോലെ സമ്പത്തിലും സമൃദ്ധിയിലും മനുഷ്യര്‍ താമസിക്കുന്ന ഇടമാക്കി ആ ഭൂ പ്രദേശം മാറ്റാന്‍ നിസാര വര്‍ഷങ്ങള്‍ മതിയാകും … പക്ഷെ അതെങ്ങനെ ….. ജാത്യാലുള്ളതു തൂത്താല്‍ പോകുമോ ?
മനുഷ്യ വംശത്തിന്‍റെ ഈ ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ദേശീയതാ മനോരോഗങ്ങള്‍ ഇല്ലാത്ത ഒരു ഭൂമി ഉണ്ടാക്കാന്‍ പ്രിയ കോറോണാ വയറസേ…. നിന്നെക്കൊണ്ടു പോലും സാധിച്ചില്ലല്ലോ. നീയൊരു പരാജയമാണ്.
By
Binoy Augustine