Saturday, November 09, 2024

സൂര്യന്റെ അന്ത്യം

 
1.39  മില്യൺ  കിലോമീറ്റർ  വ്യാസവും പത്തു ലക്ഷത്തിലേറെ  ഭൂമികളെ ഉൾക്കൊള്ളുവാനുള്ള  വ്യാപ്തവുമുള്ള  ഭീമാകാരനായ  സൂര്യനു പ്രപഞ്ചത്തിൽ പ്രത്യേകമായ യാതൊരു സ്ഥാനവുമില്ല. പ്രപഞ്ചത്തിലെ 2  ട്രില്യൺ ബില്യൺ നക്ഷത്രങ്ങളിൽ ഒന്ന് മാത്രം. കത്തി ജ്വലിച്ചു നിൽക്കുന്ന സൂര്യന് ഇപ്പോൾ പകുതി വയസ്സായി.  450 കോടി വർഷങ്ങൾ കൂടി കഴിയുന്നതോടെ അതിന്റെ  അന്ത്യം അടുക്കും. സൂര്യന്റെ ഇന്ധനമായ ഹൈഡ്രജൻ അപ്പോഴേക്കും തീർന്നു തുടങ്ങിയിട്ടുണ്ടാകും. അതോടെ ഭൂമിയുടെയും മറ്റു ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും വാല്നക്ഷത്രങ്ങളുടെയുമെല്ലാം നിലനിൽപ്പ് അപകടത്തിലാകും. സൂര്യനെ ജ്വലിപ്പിക്കുന്നത്  അറ്റോമിക് ഫ്യൂഷനാണെന്നു അറിയാമല്ലോ. ഹൈഡ്രജന്റെ രണ്ടു പരമാണുക്കൾ സംയോജിച്ചു ഹീലിയമാകുന്ന പ്രക്രിയ. ഈ സംയോജനത്തിൽ ചെറിയൊരു പിണ്ഡ൦. ഊർജമായി രൂപാന്തരപ്പെടുന്നു.  ഇങ്ങനെ അത് പ്രകാശവും ഊർജവും പുറത്തേക്കു വിടുന്നു. ഹൈഡ്രജൻ തീരുമ്പോൾ അതിൽ നടന്നു കൊണ്ടിരുന്ന അറ്റൊമിക്  ഫ്യൂഷൻ  നിൽക്കുകയും  അതിനു ജ്വലിക്കുവാനോ പ്രഭ ചൊരിയാനോ കഴിയാതെ വരുകയും ചെയ്യും. അതോടെ സൂര്യ കേന്ദ്രത്തിലേക്ക് അതിലെ  ദ്രവ്യം തള്ളിക്കയറാൻ ശ്രമിക്കുകയും അവിടുത്തെ മർദ്ദം ക്രമാതീതമായി വർധിക്കുകയും ചെയ്യും. അത്തരം ഉയർന്ന മർദ്ദത്തിലും ഊഷ്മാവിലും ഹീലിയം പരമാണുക്കൾ തമ്മിൽ പ്രതിപ്രവർത്തിച്ചു ഓക്സിജനും കാർബണും ഉണ്ടാകും. ഇത് അമിതമായ തോതിൽ ഊർജോൽപ്പാദനത്തിനു ഇടവരുത്തുകയും ദ്രവ്യത്തെ നക്ഷത്രത്തിൽ നിന്ന്  തള്ളാൻ തുടങ്ങുകയും ചെയ്യും. അങ്ങനെ സൂര്യ ഗോളം വളർന്നു വികസിക്കുവാൻ തുടങ്ങും. സൂര്യന്റെ ഇപ്പോഴത്തെ വലുപ്പത്തിന്റെ  നൂറിരട്ടിയാകുമ്പോഴേക്കും ബുധനെയും ശുക്രനെയും അത് വിഴുങ്ങിയിരിക്കും. അതിനു മുന്നേ ആ രണ്ടു ഗ്രഹങ്ങളും കത്തിയെരിഞ്ഞു ബാഷ്പമായി സൂര്യഗോളത്തിൽ  ലയിക്കും. 
Advertise
 
Advertise
 
 
 
അന്ന് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ആകാശം  നിറയെ സൂര്യഗോളമായിരിക്കും. സൂര്യൻ വികസിക്കുന്നതോടെ ഭൂമി അതിന്റെ ഭ്രമണപഥത്തിൽ നിന്ന് തൂത്തെറിയപ്പെടാം. സൂര്യസാമിപ്യം കൊണ്ടുണ്ടാകുന്ന  അത്യുഷണത്തിൽ ഭൂമിയിലെ ദ്രുവങ്ങളിലെ മഞ്ഞുകട്ടകൾ ഉരുകി ജലനിരപ്പ് ഉയരും. അധികം താമസിയാതെ ചൂട് വർധിച്ചു നിൽക്കുന്നതുകൊണ്ടു, ജലാശയങ്ങളും സമുദ്രങ്ങളും ആവിയായി അന്തരീക്ഷത്തിൽ ലയിക്കും. എല്ലാ ജീവജാലങ്ങളും ചത്തൊടുങ്ങിയിട്ടുണ്ടാകും. തരിശായ ഭൂമി സൂര്യനെ വലം  വച്ചുകൊണ്ടിരിക്കാനും സാധ്യതയുണ്ട്- സൂര്യൻ അതിനെ വലിച്ചെടുക്കും വരെ. പാറപ്രതലമുള്ള ഭൂമിയും ക്രമേണ ബാഷ്പമായി സൂര്യഗോളത്തിൽ ലയിക്കുകയായിരിക്കും. അങ്ങനെ ബുധന്റെയും ശുക്രന്റെയും വിധിതന്നെ ഭൂമിക്കും വന്നു ചേരും. ഇതൊന്നും ആരും കൃത്യമായി നിര്ണയിക്കുകയോ തെളിയിക്കുകയോ ചെയ്തിട്ടില്ല. 
 
സൂര്യനെപ്പോലുള്ള ശരാശരി നക്ഷത്രങ്ങൾ  അവയുടെ അന്ത്യത്തിൽ ഇപ്രകാരം വികസിച്ചു ഒരു red giant - ചുവന്ന ഭീമൻ- ആകാറുണ്ട്. ഇന്ന് ആകാശഗംഗയിൽ മാത്രം 1000 നക്ഷത്രങ്ങൾ ഈ അവസ്ഥയിലാകുമെന്നു കണക്കാക്കിയിട്ടുണ്ട്. അവയുടെ അടുത്തുള്ള ഗ്രഹണങ്ങളെയെല്ലാം അവ വിഴുങ്ങിയിട്ടുണ്ടാകും. ദൂരെയുള്ള ഗ്രഹങ്ങൾക്കു ഈ ചുവന്ന ഭീമന്മാർ  ഒരനുഗ്രഹമാണത്രെ.  250 മില്യൺ  വര്ഷങ്ങളാണ് സൂര്യനെപ്പോലെ ഒരു നക്ഷത്രം ഈ അവസ്ഥയിൽ സ്ഥിതി  ചെയ്യുക.  Alen  Stern -നെ പോലുള്ള പല ജ്യോതി ശാസ്ത്രജ്ഞരും നക്ഷത്രങ്ങളുടെ അന്ത്യത്തെക്കുറിച്ചു അഗാധമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ചുവന്ന ഭീമന്മാർ സാധാരണ നക്ഷത്രത്തേക്കാൾ ആയിരം ഇരട്ടി പ്രകാശമാനമാകും. 
 
ജീവൻ വിദൂര ഗ്രഹങ്ങളിൽ അങ്കുരിക്കാം 
സൂര്യൻ വികാസം പ്രാപിക്കുന്നതോടെ വളരെ അകലെ മഞ്ഞു  കട്ടകളായി സൂര്യനെ പ്രദക്ഷിണം വയ്ക്കുന്ന  ഗ്രഹങ്ങൾക്ക് പുതു ജീവൻ വക്കും. അവിടെ കൂടുതൽ പ്രകാശവും ചൂടും ലഭിക്കും. ഉപരിതലത്തിനു കീഴെ മഞ്ഞു കട്ടയായി സ്ഥിതി ചെയ്യുന്ന ജലത്തിന് ശാപമോക്ഷം ലഭിക്കും. യൂറോപ്പ എന്ന ഉപഗ്രഹത്തിൽ  ഭൂമിയിലുള്ളതിനേക്കാൾ ജലമുണ്ടെന്നു കണക്കാക്കുന്നു. ഈ വിദൂര ഗ്രഹങ്ങളിൽ  അങ്ങനെ  പാളികൾ ഉരുകി ജീവാങ്കുരത്തിനുള്ള  അവസരമുണ്ടാകാം. ഈ കാലയിളവ് 250  മില്യൺ വർഷങ്ങൾ -ജീവികളുടെ ഉത്ഭവത്തിനോ പരിണാമത്തിനോ തികയാതെ വരുമെന്നു ചിന്തിക്കുന്ന ശാസ്ത്രജ്ഞരുമുണ്ട്. 
 
ഭൂമിയുടെ ഉലപ്പതിക്കു ശേഷം 800 മില്യൺ വര്ഷങ്ങൾ  കഴിഞ്ഞാണ് ജീവാനുണ്ടായത്. അതും ജലാശയങ്ങളിൽ-സുലഭമായ  സൗരോർജത്തിൽ. ധാതുക്കളുടെ പ്രതിപ്രവർത്തനത്തിലൂടെ. അതുപോലെ ആവശ്യത്തിനുള്ള പ്രകാശവും ഊർജവും ഈ വിദൂര ഗ്രഹങ്ങൾക്കു ലഭിക്കും. അനേകം ധാതുക്കളുടെ പ്രതിപ്രവർത്തനം ജീവനെ അങ്കുരിപ്പിക്കാം. പത്തു മുതൽ 50 വരെ അസ്‌ട്രോണോമിക്കൽ യൂണിറ്റിനകത്തു   (ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള അകലം) സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളിലാണ് അനുകൂല സാഹചര്യങ്ങൾ ഉണ്ടായി വരുക. ജലം ദ്രാവക രൂപത്തിൽ നിലനിൽക്കാൻ സാധ്യതയുള്ളിടങ്ങളിൽ ജീവൻ ഉണ്ടായി  വരാം. ശനിയിലും യുറാനസിലും നെപ്റ്യൂണിലുമൊക്കെ ജീവൻ ഉരുത്തിരിഞ്ഞേക്കാം. വ്യാഴം ഒരു വാതക ഭീമനായി നിലനിൽക്കുമത്രേ. പ്ലൂട്ടോ സൂര്യനിൽ നിന്ന് വളരെയേറെ അകന്നും കുറച്ചുകാലം അടുത്തും വരുന്നതുകൊണ്ട് ആവശ്യത്തിന് ചൂട്  എല്ലായ്‌പോഴും ലഭിക്കില്ല. ഉപഗ്രഹമായ ടൈറ്റനു ഭ്രമണ സ്ഥിരതയില്ല.അങ്ങനെ ജീവൻ ഉടലെടുക്കാൻ സാധ്യതയുള്ള ഇടങ്ങൾ കുറവാകുന്നു.  250 മില്യൺ വർഷങ്ങൾ  ജീവോൽപ്പതിക്കു മതിയാകാമെങ്കിലും പരിണമിച്ചു വരാനൊന്നും ആവശ്യത്തിന് സാവകാശം ലഭിക്കില്ല. ഭൂമിയിൽ  3000 മില്യൺ വർഷങ്ങൾ വേണ്ടിവന്നു ഇന്ന് കാണുന്ന ജൈവ വൈവിധ്യം യാഥാർഥ്യമാകാൻ. 
 
സൂര്യൻ ഭൂമിയുടെ ഭ്രമണ പഥം വരെ വികസിക്കുമ്പോൾ അതിൽനിന്നു ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും വാതകമേഘങ്ങൾ പുറംതള്ളപ്പെടും. ഈ വാതക പ്രസരണം ചുറ്റിലും വ്യാപിച്ചു മൂടൽ മഞ്ഞു  പോലുള്ള ഒരു അവ്യക്ത മണ്ഡലം സൃഷ്ടിക്കും. ഇതിന്റെ ഗുരുത്വാകർഷണം ഗ്രഹങ്ങളിൽ ചലനങ്ങൾ സൃഷ്ടിക്കും. ഒരുപക്ഷെ ഭ്രമണ പഥത്തിൽ നിന്ന് അവ ചുഴറ്റിയെറിയപ്പെട്ടേക്കാം. മറ്റു നക്ഷത്രങ്ങളുടെ സ്വാധീനവും കടന്നു വന്നേക്കാം. ഈ അസ്ഥിര ശക്തികൾ ഗ്രഹങ്ങളുടെ സന്തുലിതാവസ്ഥ നശിപ്പിച്ചു അവയെ  തമ്മിൽ കൂട്ടിയിടിപ്പിച്ചേക്കാം. അവ ദീർഘ വൃത്താകൃതിയുള്ള ഭ്രമണ പഥങ്ങളിലേക്കു മാറ്റപ്പെടാനും സാധ്യതയുണ്ട്. ചിലപ്പോൾ സൗരയൂഥത്തിൽ നിന്ന് തന്നെ പുറംതള്ളപ്പെട്ടേക്കാം. 
 
കേന്ദ്രത്തിലെ ഓക്സിജനും കാര്ബണുമുണ്ടാക്കുന്ന രാസപ്രവർത്തനം അവസാനിക്കുമ്പോൾ  വാതകങ്ങൾ പുറന്തള്ളപ്പെടില്ല. പുറത്തേക്കുള്ള പ്രസരണശക്തി നിൽക്കുന്നതോടെ സൂര്യനിൽ അവശേഷിക്കുന്ന ദ്രവ്യം ഗുരുത്വാകർഷണം കൊണ്ട് കേന്ദ്രത്തിലേക്കു അടിഞ്ഞമരുന്നു.   അതി സാന്ദ്രതയുള്ള ഒരു ചെറു ഗോളമായി--ഏകദേശം ഭൂമിയുടെയാത്ര വലുപ്പമുള്ള-- അത് മാറും. ഈ കുള്ളൻ ഗ്രഹത്തിന് ഭൂമിയുടെ ആയിരം മടങ്ങു സാന്ദ്രതയുണ്ടാകും. ഒരു സ്പൂൺ ദ്രവ്യത്തിന് ഒരു ടണ്ണിൽ കൂടുതൽ  ഭാരം. ഒരു കോടി വർഷങ്ങൾ കഴിയുമ്പോൾ ഈ കുള്ളൻ ഗ്രഹാം തണുത്തുറയും. ജ്വലിക്കാതെ, ഒരു കറുത്ത കുള്ളൻ ഗ്രഹമായി ഗാലാക്‌സി കേന്ദ്രത്തെ കറങ്ങി ശൂന്യതയിലുണ്ടാകും.  
 
പുറത്തേക്കു തള്ളപ്പെടുന്ന വാതകമേഘങ്ങളും മുൻപുണ്ടായിരുന്ന ഗ്രഹാവശിഷ്ടങ്ങളും  ഗുരുത്വാകര്ഷണത്തിലൂടെ ഒന്നിച്ചു ചേർന്ന് വലുതായി  കേന്ദ്രത്തിലെ ഊഷ്മാവ് വർധിച്ചു ഒരു ചെറിയ നക്ഷത്രം ഉദയം ചെയ്യാൻ സാധ്യതയില്ലാതില്ല. പ്രപഞ്ചത്തിൽ എല്ലാം ഒരു തുടർക്കഥയാണ്. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ജനിക്കുന്നു, അവയുടെ കാലം കഴിയുമ്പോൾ അസ്തമിക്കുന്നു, പുതിയവ  ഉദിച്ചുയരുന്നു.
 
By
C V Anil
സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.