അവർ എന്നോട് വിവേചനം കാട്ടിയില്ലായിരുന്നെങ്കിൽ..
"അവർ എന്നോട് വിവേചനം കാട്ടിയില്ലായിരുന്നെങ്കിൽ, അവർ എന്നെ പീഡിപ്പിച്ചില്ലായിരുന്നെങ്കിൽ എനിക്ക് ഒരിക്കലും നോബേൽ സമ്മാനം ലഭിക്കില്ലായിരുന്നു."
1986ൽ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പ്രൈസ് കരസ്ഥമാക്കിയ ജൂതവംശജയായ Rita Levi- Montalciniയുടെ വാക്കുകളാണിത്. Nueroembryologist ആയിരുന്ന റീറ്റയ്ക്ക് കോശങ്ങളുടെയും അവയവങ്ങളുടെയും പ്രവർത്തനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന Nerve Growth Factor (NJF) കണ്ടെത്തിയതിനാണ് സ്റ്റാൻലി കോഹനൊപ്പം പരമോന്നത ബഹുമതി ലഭിച്ചത്. ഇറ്റലിയിലെ ടൂറിനിൽ 1906ൽ ഒരു യാഥാസ്ഥിതിക ജൂത കുടുംബത്തിലാണ് റീറ്റ ജനിച്ചത്. ഇലക്ട്രിക്കൽ എൻജിനീയറായിരുന്നെങ്കിലും orthodox jew ആയിരുന്ന പിതാവ് പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസമൊന്നും ആവശ്യമില്ലെന്ന പക്ഷക്കാരനായിരുന്നു. മിടുമിടുക്കിയായ റീറ്റയെ കോളേജിൽ വിടില്ലെന്ന് ആദ്യം കട്ടായം പറഞ്ഞെങ്കിലും പഠിക്കാനുള്ള മകളുടെ നിർബന്ധബുദ്ധിക്കും ശാഠ്യത്തിനും മുന്നിൽ മതജീവിയായ ആ പിതാവിന് കീഴടങ്ങേണ്ടിവന്നു. ടൂറിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിസിനിൽ ബിരുദം നേടിയെങ്കിലും ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിൽ റീറ്റയ്ക്ക് അത്ര താല്പര്യമില്ലായിരുന്നു. വൈദ്യശാസ്ത്രഗവേഷണം അതായിരുന്നു റീറ്റയുടെ ഇഷ്ടമേഖല.
ന്യൂറോളജിയിൽ റിസർച്ച് തുടങ്ങിയപ്പോഴേക്കും ഇറ്റലി ഫാസിസ്റ്റ് മൂസോളിനിയുടെ നിയന്ത്രണത്തിലായി കഴിഞ്ഞിരുന്നു. ഉന്നതവിദ്യാഭ്യാസത്തിന് ജൂതർക്ക് അർഹതയില്ലെന്ന് ഹിറ്റ്ലറുടെ ബെസ്റ്റ് ഫ്രണ്ട് ഉത്തരവിറക്കിയപ്പോൾ റീറ്റ യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ടു.
അച്ഛനോട് പോരാടി മെഡിസിൻ പഠിച്ച റീറ്റയ്ക്ക് മുസോളിനിയുടെ മുന്നിൽ തോറ്റു കൊടുക്കാൻ മനസ്സില്ലായിരുന്നു. അവർ ബെഡ് റൂമിൽ സ്വന്തമായി ഒരു പരീക്ഷണശാല സജ്ജീകരിച്ചു. കോഴിക്കുഞ്ഞുങ്ങളുടെ ഭ്രൂണത്തിലായിരുന്നു അവർ നാഡീവ്യൂഹത്തിന്റെ രഹസ്യങ്ങൾ പരതിയത്. തയ്യൽസൂചിയും ചെറിയ കത്രികയും വാച്ച് റിപ്പയറിംഗ് ലെൻസും ഒക്കെ ഉപയോഗിച്ച് ഏറ്റവും പരിമിതമായ സാഹചര്യത്തിൽ കിടപ്പുമുറിക്കുള്ളിൽ റീറ്റ ഗവേഷണം തുടർന്നു.
ഇറ്റലിയിൽ ജൂതർക്ക് ജീവിതം അസാധ്യമായപ്പോൾ റീറ്റ ബ്രസൽസിലേക്ക് പോയെങ്കിലും അപ്പോഴേക്കും ഹിറ്റ്ലറുടെ പട ബൽജിയം അതിർത്തി കടന്നതിനാൽ അവർ ടൂറിനിലേക്ക് തിരിച്ചുപോന്നു. വംശഹത്യയിൽ നിന്ന് രക്ഷപ്പെടാൻ റീറ്റയും കുടുംബവും പേരൊക്കെ മാറ്റി മലമ്പ്രദേശത്തേക്ക് താമസം മാറ്റി. യുദ്ധം കഴിഞ്ഞതിന് ശേഷമാണ് അവർ ടൂറിനിലേക്ക് തിരിച്ചു വന്നത്. ഇതിനിടയിൽ റീറ്റയുടെ ഗവേഷണ ഫലങ്ങൾ വിദേശജേർണലുകളിൽ പബ്ളിഷ് ചെയ്തിരുന്നു. വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ക്ഷണം സ്വീകരിച്ച റീറ്റ അവിടെ ന്യൂറോ റിസർച്ച് തുടരുകയും NGF ഡിസ്ക്കവറിക്ക് നോബേൽ സമ്മാനം നേടുകയും ചെയ്തു. റീറ്റയ്ക്കൊപ്പം പുരസ്കാരം ലഭിച്ച സ്റ്റാൻലി കോഹനും ജൂതവംശജനായിരുന്നു. ഒരു തുന്നൽക്കാരന്റെ മകനായിരുന്ന കോഹനും റീറ്റയും നടത്തിയ കണ്ടെത്തലുകൾ ഡിമെൻഷ്യ, അൽഷിമേഴ്സ്, കാൻസർ, സ്ക്രീസോഫീനിയ, ഓട്ടിസം തുടങ്ങിയ രോഗങ്ങളുടെ രഹസ്യ ഉള്ളറകളിലേക്ക് വെളിച്ചം വീശി. അമേരിക്കയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ റീറ്റ ഇറ്റലിയിലെ ആരാധ്യവ്യക്തിത്വമായി മാറി. സയന്റിഫിക് റിസർച്ചിനായി വിവാഹജീവിതം പോലും വേണ്ടെന്ന് ഉഴിഞ്ഞുവച്ച അവരെ ആജീവനാന്ത സെനറ്ററായി സർക്കാർ നോമിനേറ്റ് ചെയ്തു. നൂറ്റിമൂന്നാം വയസ്സിലാണ് സയൻസിനെ മാത്രം പ്രണയിച്ച Rita Levi-Montalcini അന്തരിച്ചത്. അനുകൂലമായ അന്തരീക്ഷത്തിൽ, സഹായകമായ സാഹചര്യങ്ങളിൽ വിജയം നേടാൻ ആർക്കും കഴിയും. എന്നാൽ ഏത് നിമിഷവും ജീവൻ പോലും നഷ്ടപ്പെട്ടേക്കാവുന്ന സാമൂഹിക പരിതസ്ഥിതിയെ അതിജീവിച്ചാണ് മാനവരാശിയെ മുന്നോട്ട് നയിക്കുന്ന വൈദ്യശാസ്ത്ര കണ്ടെത്തലുകൾ റീറ്റ നടത്തിയത്. ലോകമെങ്ങുമുള്ള അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് പ്രത്യേകിച്ച് ഇന്ത്യയിലെ ദളിതർക്ക് റീറ്റയുടെ ഇതിഹാസജീവിതം ഒരു പ്രചോദനമാകണം. തുറന്നു കിടക്കുന്ന അവസരങ്ങളെ ഏറ്റവും ഗുണപ്രദവും ഫലപ്രദവുമായി ഉപയോഗപ്പെടുത്തുവാനുള്ള ത്വരയും തൃഷ്ണയുമുണ്ടായാൽ ജാതിവിവേചനങ്ങളുടെ മുറിവുകളെ പോലും ഉയരങ്ങളിലേക്കുള്ള വിക്ഷേപണത്തറയായി മാറ്റാനാവും. അറിവാണ് ശക്തി (knowledge is power) എന്നത് വെറുമൊരു വായ്ത്താരിയല്ല. അറിവ് ഒരു ടൂൾ കിറ്റ് കൂടിയാണ്. സ്വയം ശാക്തീകരിക്കുന്നതിനും മാനവരാശിയെ നവീകരിക്കുന്നതിനും ഉതകുന്ന ഈ ടൂൾ കിറ്റിനെ വിളിക്കുന്ന പേരാണ് സയൻസ്. രണ്ട് പ്രബലമതങ്ങളുടെ ആക്രമണങ്ങളെയും ഹിറ്റ്ലറിന്റെ വംശീയവെറുപ്പിനെയും അതിജീവിക്കാൻ ജൂതജനതയെ പ്രാപ്തരാക്കിയത് അവരുടെ അടങ്ങാത്ത വിജ്ഞാനദാഹമാണ്. മറ്റേത് ജനവിഭാഗങ്ങളിലെന്ന പോലെ ജൂതരിലും മാനവവിരുദ്ധ, സ്ത്രീവിരുദ്ധ, സയൻസ് വിരുദ്ധ സ്വഭാവം വച്ചുപുലർത്തുന്ന ചില അൾട്രാ സെക്റ്റുകളുണ്ട്. അവർക്ക് സമൂഹത്തിൽ മേൽക്കൈ ലഭിക്കാതിരിക്കാൻ ഭൂരിപക്ഷം കാണിച്ച ജാഗ്രതയാണ് വിജ്ഞാനത്തിന്റെ ഏല്ലാ ബ്രാഞ്ചുകളിലും ഒന്നാമതെത്തുവാൻ ജൂതരെ സഹായിച്ചത്. പോളണ്ടിൽ നിന്നും ഇസ്രായേലിലേക്ക് കുടിയേറിയ ഒരു പരമദരിദ്ര റാബി കുടുംബത്തിലെ പെൺകുട്ടിയായ Ada E. Yonath 2009 ൽ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം കരസ്ഥമാക്കി. 45 വർഷത്തെ ഇടവേളയ്ക്ക് ശേഷം അന്നാണ് ഒരു വനിത കെമിസ്ട്രിക്കുള്ള അവാർഡ് നേടിയത്. ജ്ഞാനത്തിന്റെ ലോകത്ത് നിന്ന് ചവിട്ടി പുറത്താക്കപ്പെട്ടിട്ടും അറിവിന്റെ വാതായനങ്ങൾ സ്വയം ചവിട്ടിത്തുറന്ന് ഭാവി തലമുറക്കായി വെളിച്ചം വാരിവിതറിയ Rita Levi-Montalcini യെ പോലെയുള്ളവരുടെ ലൈഫ് സ്റ്റോറി അറിവിനെ ഉപാസിക്കുന്ന ഏവർക്കും നിത്യപ്രചോദനമാണ്.
Sajeev ala