Saturday, November 09, 2024
C S Suraj / വീക്ഷണം / August 26, 2022

എന്താണ് ഇനിയീ രാജ്യത്ത് ബാക്കിയുള്ളത് ?!

അഭിമാനം കൊള്ളാൻ മാത്രം എന്താണ് ഇനിയീ രാജ്യത്ത് ബാക്കിയുള്ളത് ?!

ഇന്ത്യക്ക് ഒരിക്കലും മറക്കാനാവാത്തനൊരു സ്വാതന്ത്ര്യ ദിനമായിരുന്നു ഈ വർഷം കഴിഞ്ഞു പോയത്. പക്ഷേ അതിന്റെ കാരണമൊരിക്കലും 75 വർഷത്തിന്റെ നിറവിലായിരുന്നു ഇന്ത്യ എന്നതായിരുന്നില്ല!. 2002 ഫെബ്രുവരി മാസത്തിൽ ഗുജറാത്തിൽ കലാപം പൊട്ടി പുറപ്പെടുകയുണ്ടായി. ഗോദ്രയിൽ വെച്ച് സബർമതി എക്സ്പ്രസ്സിന് തീപിടിക്കുകയും തുടർന്ന് ട്രെയിനിലുണ്ടായിരുന്ന ഹിന്ദു തീർത്ഥാടകരും കർസേവകരും മരണപ്പെടുകയും ചെയ്തതായിരുന്നു കലാപത്തിനുള്ള മുഖ്യ കാരണം. കലാപം മുസ്ലിങ്ങൾ താമസിച്ചിരുന്ന സ്ഥലങ്ങളിലേക്ക് കത്തി പടർന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ആയിരത്തിലധികമാളുകൾ ഈ കലാപത്തിൽ കൊല്ലപ്പെടുകയും, രണ്ടായിരത്തിലധികമാളുകൾക്ക് പരിക്കേൽക്കുകയും, ഒട്ടനവധിയാളുകളെ കാണാതാവുകയും, നിരവധി സ്ത്രീകൾ ക്രൂരമായ ബലാത്സംഗങ്ങൾക്ക് വിധേയരാവുകയും ചെയ്തിട്ടുണ്ട്. അനൗദ്യോഗിക കണക്കുകൾ ഇതിലും ഭയാനകമാണ്! ഞെട്ടിക്കുന്നതാണ്!

advertise

കൈയ്യിൽ കിട്ടിയ ആയുധങ്ങളുമെടുത്ത് കലാപകാരികൾ മുസ്ലീങ്ങളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് പ്രത്യാക്രമണവുമുണ്ടായി. സ്ത്രീകളായിരുന്നു ഇതിലെ പ്രധാന ഇരകൾ. മുസ്ലിം സ്ത്രീകളെ പ്രായഭേദമന്യേ തിരഞ്ഞുപിടിച്ച് കലാപകാരികൾ ബലാത്സംഗത്തിന് ഇരയാക്കി. ഇതിലേറ്റവും ക്രൂരവും വന്യവുമായ രീതിയിൽ ബലാത്സംഗത്തിന് വിധേയമാക്കപ്പെട്ട സ്ത്രീയായിരുന്നു ബിൽക്കിസ് ബാനു. ഏതാണ്ട് മുപ്പതോളം വരുന്ന കലാപകാരികൾ ബാനുവിന്റെ കുടുംബത്തെ ആക്രമിക്കുകയായിരുന്നു. ബാനുവും അവരുടെ അമ്മയും, മറ്റ് സ്ത്രീകളും കൊടിയ മർദ്ദനങ്ങൾക്കും, കൂട്ട ബലാത്സംഗത്തിനും വിധേയരാക്കപ്പെട്ടു. പുരുഷന്മാരെയെല്ലാം വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ബാനുവിനെ പോലുള്ള വിരലിലെണ്ണാവുന്നവർ മാത്രമാണ് ഈ അക്രമത്തിൽ നിന്നും രക്ഷപ്പെട്ടത്. കൂട്ട ബലാത്സംഗത്തിന് ഇരയാക്കപ്പെടുമ്പോൾ 21 വയസ്സായിരുന്നു ബാനുവിന്റെ പ്രായം. പോരാത്തതിന് അഞ്ചു മാസം ഗർഭിണിയും! ബോധം വന്നയുടൻ ഒരു സ്ത്രീയുടെ കൈയിൽ നിന്നും തുണികൾ വാങ്ങി ശരീരം മറച്ച് നേരെ ലിംഖേഡ (Limkheda) പോലീസ് സ്റ്റേഷനിലേക്ക് ഓടി പോവുകയായിരുന്നു ബാനു. തുടർന്ന് അവിടെ നിന്നും ആശുപത്രിയിലേക്കും.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിഷയം അതിന്റെ ഗൗരവത്തിൽ തന്നെയെടുത്തു. സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. കേസിലെ പ്രതികളായിരുന്ന 11 പേരെ 2004 ൽ പോലീസ് അറസ്റ്റ് ചെയ്യുകയും കേസ് നടപടികൾ അഹമ്മദാബാദിൽ ആരംഭിക്കുകയും ചെയ്തു. പിന്നീട് ബാനുവിന് നേരിടേണ്ടി വന്നത് തുടരെ തുടരെയുള്ള വധഭീഷണികളായിരുന്നു. ഇര ആക്രമിക്കപ്പെടാനുള്ള ഈ സാധ്യതയെ തുടർന്ന് കേസ് അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക് മാറ്റുകയുണ്ടായി. 2008 ൽ കേസിന്റെ വിധി വന്നു. 11 പേർക്കും ജീവപര്യന്തം ശിക്ഷയായിരുന്നു കോടതി വിധിച്ചിരുന്നത്. ജീവപര്യന്തമെന്നാൽ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയുക! ശിക്ഷ അനുഭവിക്കാൻ തുടങ്ങി പതിനാല് വർഷത്തിന് ശേഷം മാത്രമേ പരോൾ പോലുള്ള ഇളവുകളെ പറ്റി ജീവപര്യന്തം ലഭിച്ച തടവുകാർ ആലോചിക്കേണ്ടതുള്ളൂ! ആദ്യ 14 വർഷം പരോള് പോലും ലഭിക്കില്ലെന്ന് സാരം! സിബിഐ കോടതിയുടെ ഈ വിധി പിന്നീട് 2017 ൽ ബോംബെ ഹൈ കോടതി ശരി വെക്കുകയും, 2019 ൽ 50 ലക്ഷം രൂപ പാരിതോഷികമായി ബിൽക്കിസ് ബാനുവിന് നൽകാൻ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു.

advertise

ഇത്രയുമാണ് ബിൽക്കിസ് ബാനുവെന്ന കലാപ ഇരയുടെ ജീവിതത്തിന്റെയും തുടർന്നുള്ള കേസിന്റെയും നാൾ വഴികൾ. കേസിലെ പ്രതികൾ ശിക്ഷിക്കപ്പെട്ടപ്പോൾ ഇന്ത്യ ഒന്നടങ്കം ആഹ്ലാദിച്ചതാണ്. ഇതോടു കൂടി ഈ അദ്ധ്യായം കഴിഞ്ഞുവെന്നും, ഇത്തരത്തിലുള്ള ക്രൂരതകൾ ഇനി അരങ്ങേറില്ലെന്നും, അതിലുപരി ബാനുവിനൊരു സമാധാന ജീവിതം നയിക്കാനാവുമെന്നും വിചാരിച്ചതാണ്. എന്നാൽ ഇതിനെയെല്ലാം തകിടം മറിച്ച ഒന്നായിരുന്നു ഇക്കഴിഞ്ഞു പോയ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം! നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ കുറ്റക്കാരെ ശിക്ഷിക്കുന്നത് വരെയാണ് കോടതികൾക്കും നിയമങ്ങൾക്കും ബന്ധമുള്ളത്. അത് കഴിഞ്ഞാൽ പിന്നെ സ്റ്റേറ്റ് അല്ലെങ്കിൽ സെൻട്രൽ ഗവൺമെന്റിനും പ്രസിഡന്റിനുമാണ് പ്രധാന റോൾ വരുന്നത്. ഇവർക്ക് പ്രതികളുടെ ശിക്ഷാ കാലാവധി കുറയ്ക്കുവാനോ, കൂടുതൽ ഇളവുകൾ നൽകുവാനോ, വെറുതെ വിടാനോ പോലും കഴിയും. ഇത്‌ തന്നെ ബാനുവിന്റെ കേസിലും നടന്നു! പ്രതികളിലൊരാൾ ശിക്ഷയിൽ നിന്നും മുക്തി തേടി കൊണ്ട് സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. അപ്പോഴേക്കുമേതാണ്ട് 15 വർഷത്തോളം ശിക്ഷ പ്രതികൾ അനുഭവിച്ചിരുന്നു. സുപ്രീം കോടതി ഗുജറാത്ത് ഗവൺമെന്റിനോട് വിഷയത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ബിജെപി ഭരിക്കുന്ന ഗുജറാത്ത് ഗവൺമെന്റ് "വേണ്ട നടപടി" തന്നെയങ്ങ് കൈകൊണ്ടു! ഒരു കമ്മിറ്റിയേയും തട്ടി കൂട്ടി പേരിനൊരു അന്വേഷണവും നടത്തി, ശിക്ഷിക്കപ്പെട്ട 11 പ്രതികളെയുമങ്ങ് വെറുതെ വിട്ടു!

advertise

കലാപത്തിന്റെ പേരിൽ അക്രമങ്ങൾ അഴിച്ചുവിടുകയും, കൂട്ടബലാത്സംഗങ്ങൾ നടത്തുകയും, മനുഷ്യരെ കൊന്നു തള്ളുകയും ചെയ്ത ഈ 11 പ്രതികളും ഇന്ന് സ്വതന്ത്രരാണ്. ഇവരെ വെറുതെ വിട്ടതോ ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലും! സ്ത്രീ ശാക്തീകരണത്തിനും സംരക്ഷണത്തിനും വേണ്ടി രാജ്യത്തിന്റെ പ്രധാനമന്ത്രി ചെങ്കൊട്ടയിൽ നിന്നും ഒരു മുഴുനീള പ്രസംഗം നടത്തിയിട്ട് 24 മണിക്കൂർ പോലും തികഞ്ഞിട്ടുണ്ടായിരുന്നില്ല അപ്പോൾ! പീഡനത്തിന് ഇരയാക്കപ്പെട്ടപ്പോഴല്ല മറിച്ച്, പീഡിപ്പിച്ച മുഴുവനാളുകളെയും ഗുജറാത്ത് ഗവണ്മെന്റ് വെറുതെ വിട്ടപ്പോഴാണ് യഥാർത്ഥത്തിൽ ബിൽക്കിസ് ബാനു ക്രൂരതയ്ക്ക് ഇരയായത്. ഈ ക്രൂരത ചെയ്തത് കേവലം ആ 11 പേരല്ല. മറിച്ച് ഈ രാജ്യമൊന്നടങ്കമാണ്! ഇനിയുള്ള ബാനുവിന്റെ ജീവിതം എന്താവുമെന്ന് അവർക്ക് പോലുമറിയില്ല. ഹൃദയം തകർന്ന നിലയിൽ "പേടിയാവുന്നു"വെന്നാണ് അവരാദ്യം പ്രതികളെ വെറുതെ വിട്ട ഈ നടപടിയോട് പ്രതികരിച്ചത്. ദിനം പ്രതി വധഭീഷണികളും ബാനുവിന് നേരെ ഉയർന്നു വരുന്നുണ്ട്. കൂട്ടത്തിൽ, തന്നെ പീഡിപ്പിച്ച പ്രതികളിപ്പോൾ ജയിലിന് പുറത്തും! പേടിക്കാതെ മറ്റെന്താണ് അവർക്ക് മുന്നിലുള്ള വഴി ?! ഒന്നുറപ്പാണ്, ബിൽക്കിസ് ബാനുവിന്റെ കണ്ണുനീർ ഒരിക്കലും ഇന്ത്യയെ വെറുതെ വിടുകയില്ല. എന്നുമതൊരു കളങ്കമായി ഇന്ത്യയുടെ നെറുകയില്‍ ചാർത്തപ്പെടുകയും ഇന്ത്യയെ അത് വേട്ടയാടി കൊണ്ടേയിരിക്കുകയും ചെയ്യും!

profile

C S Suraj

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.