സിനിമ പരത്തുന്ന പൊതുബോധം
സാറാസ് എന്ന സിനിമ വിപ്ലവകരമായി ചെയ്തു വച്ച ഒരു കാര്യമുണ്ട്. ഒരു സ്ത്രീയുടെ ശരീരം അവളുടെ മാത്രം ചോയ്സ് ആണ് എന്നും , പ്രിപേർട് അല്ലാത്ത ഒരു കാര്യത്തിനും ഒരു ഇമോഷണൽ ' അത്യാചാർ ' ഇന്റെ പേരിലും ( അത് അവരെ ഇൻഫ്ലുൻസ് ചെയ്യാൻ കെല്പുള്ള ആരെങ്കിലും പറഞ്ഞു കേട്ടോ, സമൂഹവും മതവും വീണ്ടും വീണ്ടും മനസ്സിൽ കുത്തി വച്ച ' നീ ഒരു കുഞ്ഞു ജീവനെ കൊല്ലുന്നു ' എന്ന അശരീരി കാരണമോ ) സ്വയം ബ്ലാക്‌മെയ്ൽഡ് ആയി തലയിൽ ഏറ്റെടുത്തു - സ്വന്തം ജീവിതവും അൺവെൽകം ആയി വന്ന ആ കുഞ്ഞിന്റെ ജീവിതവും നശിപ്പിക്കരുത് എന്ന്.
ഇങ്ങനെ കൃത്യമായ ഒരു സന്ദേശം സമൂഹത്തിന് മുന്നിൽ വച്ച ഒരിടത്തു നിന്ന് ' തമാശ ' യുടെ പുകപടലത്തിൽ മാസ്ക് ചെയ്തു കൊണ്ട് തീർത്തും വിപരീതമായ, റെഗ്രെസ്സീവ് ആയ ഒരു സന്ദേശം ഒളിച്ചു കടത്തുന്നുണ്ട് 'ബ്രോ ഡാഡി' എന്ന മെഗാസ്റ്റാർ പടത്തിൽ. ഇത് പക്ഷെ പ്രത്യക്ഷത്തിൽ തോന്നാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് എന്നും പറയേണ്ടി വരും - "കാണുന്നില്ലെങ്കിലും എന്റെ കുഞ്ഞു തന്നെ ആണ് ഇത് " എന്ന് പറഞ്ഞു അബോർഷനു എതിരെ നിൽക്കുന്നത് ഈ സിനിമയിലെ സ്ത്രീകൾ തന്നെയാണ്. അവരുടെ വായിൽ കയറ്റി വച്ച ഈ ഡയലോകുകളിലൂടെ ഇത് സ്ത്രീയുടെ 'ചോയ്സ് ' തന്നെ അല്ലെ എന്ന് നൈസ് ആയി തോന്നിപ്പിക്കും. അല്ലെങ്കിലും പാട്രിയാർക്കി ആചരിക്കുന്നത് 'കുലസ്ത്രീകൾ ' തന്നെയാണല്ലോ. സിനിമയിലെ രണ്ടു സ്ത്രീകളുടെയും ' ചോയ്സ് ' ഇൻഫ്ലുൻസ് ചെയ്ത ഘടകങ്ങൾ ഒന്ന് ശ്രദ്ധിച്ചു നോക്കു.. അവർ കോൺസൾട്ട് ചെയ്ത ഡോക്ടർമാർ പറയുന്നത് "ഇതൊരു മനുഷ്യ ജീവൻ ആണ് എന്നാണ്" അപ്പോൾ ഒരു ജീവനെ കൊല്ലുന്നു എന്ന തോന്നൽ അല്ലെ ഉണ്ടാക്കുന്നത്. അതൊരു ഗിൽറ്റ് അഥവാ കുറ്റബോധം ഉണ്ടാക്കുന്നതല്ലേ..? രസകരമായ കാര്യം എന്താണെന്നു വച്ചാൽ 9 ആഴ്ച്ചക്ക് ശേഷം ആണ് ഭ്രുണത്തിനെ 'മനുഷ്യന്റെ ഫീറ്റസ്' എന്ന് പറയുക എന്ന് ഡോക്ടർമാർക്ക് തന്നെയാണ് ഏറ്റവും നന്നായി അറിയാവുന്നത്. അതുവരെ ഒരു കോഴികുഞ്ഞിന്റെയും മനുഷ്യന്റെയും ഭ്രുണം ഒന്ന് പോലെ തന്നെ. അങ്ങനെയെങ്കിൽ കോഴിമുട്ട തിന്നുന്ന മനുഷ്യരും കൊലപാതകികൾ ആണ്. അല്ലെങ്കിലും മതങ്ങൾക്ക് മനുഷ്യജീവനുകൾ മാത്രമാണല്ലോ വില ഉള്ളത് ! പിന്നെ പറയുന്നത് " ഇവിടെ വരുന്ന ഭൂരിഭാഗം ആളുകളും കുട്ടികൾ ഇല്ലാത്ത വിഷമത്തിൽ അത് ചികിൽസിക്കാൻ ആണ് വരുന്നത് " എന്ന്.. വേറെ ആളുകളുടെ ചോയ്സ് അതാണെന്ന് വച്ചു മറ്റൊരു ആളുടെ ചോയ്സിനെ ഒരു ഡോക്ടർ അങ്ങനെ അല്ല ഇൻഫ്ലുൻസ് ചെയ്യേണ്ടത്. പക്ഷെ ഈ ഒരു കാര്യത്തിൽ മതചിന്തകളിൽ മുങ്ങികുളിച്ചു സയന്റിഫക് ടെമ്പർ പ്രാക്ടിസിൽ ആചരിക്കാത്ത ഒരുപാടു ഡോക്ടർമാർ അങ്ങനെ തന്നെ ആണ് സിനിമയ്ക്കു പുറത്തുള്ള ലോകത്തും പറയാറ് എന്നതും വാസ്തവം ആണ്. ഇന്ത്യയിൽ നിലവിൽ ഉള്ള നിയമം ആയ M. T. P ആക്ടിൽ 'failed contraception ' അഥവാ ഗർഭനിരോധന മാർഗത്തിന്റെ വീഴ്ച കാരണം സംഭവിക്കുന്ന ആക്സിഡന്റൽ പ്രെഗ്നൻസി അബോർഷനുള്ള മതിയായ കാരണം ആണെന്നിരിക്കെ പോലും "ഞാൻ ഇത് ചെയ്ത് കൊടുക്കില്ല" എന്ന് പറയുന്ന ഡോക്ടർമാർ സാക്ഷര കേരളത്തിൽ തന്നെ ഒരുപാടുണ്ട്. മതങ്ങളുടെ ഈ കാര്യത്തിലെ അഭിപ്രായം പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇങ്ങനെ മാനുഫാക്ചർ ചെയ്യുന്ന ചോയ്സിനെ 'ഗിൽറ്റ് ട്രിപ്പ്പിംഗ് ' എന്നാണ് പറയുന്നത്.. നിങ്ങൾ എടുക്കുന്ന ചോയ്സിന്റെ പരിണിത ഫലം നിങ്ങളുടെ സാമൂഹിക ജീവിതത്തെ ദുസ്സഹവും ആക്കുന്ന ഒന്നാണെങ്കിൽ അത് സമൂഹം നിങ്ങളുടെ ചോയ്സിനെ ഇൻഫ്ലുൻസ് ചെയ്യാനിടുന്ന നെഗറ്റീവ് സാങ്ക്ഷൻ ആണ് ( ഒരു സമൂഹം അതിന്റെ പൊതു ബോധത്തിന് അനുസൃതമായി വ്യക്‌തികളെ ട്രെയിൻ ചെയ്യിക്കാൻ " ചീത്ത ശീലങ്ങൾ മാറ്റാൻ " കൊടുക്കുന്ന ശിക്ഷകളെ നെഗറ്റീവ് സാങ്ക്ഷൻ എന്നും " നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ " കൊടുക്കുന്ന ട്രീറ്റുകൾ പോസിറ്റിവ് സാങ്ക്ഷൻ എന്നും സോഷ്യോളജിയിൽ പറയുന്നു - ഏറെക്കുറെ നായ്ക്കളെ അച്ചടക്കമുള്ളവരാക്കാൻ ട്രെയിൻ ചെയ്യിക്കുന്ന അതേ പ്രക്രിയ തന്നെ ) .
ഈ സിനിമയിൽ കാണിക്കുന്ന സ്ത്രീ കഥാപാത്രങ്ങളുടെ മനുഫാക്ചർഡ് ചോയ്സ് അവരുടെ ഫ്രീ ചോയ്സ് ആണ് എന്ന് അംഗീകരിക്കുകയാണെങ്കിൽ ക്ഷേത്ര പ്രവേശനം ചെയ്യാൻ മടിച്ചിരുന്ന താഴ്ന്ന ജാതിക്കാരുടെ ദൈവഭയവും സമൂഹഭയവും കൂടെ കലർന്ന ചോയ്സ് ഫ്രീ ചോയ്സ് ആണ് എന്ന് അംഗീകരിച്ചു കൊടുക്കേണ്ടി വരും. നിങ്ങൾ എന്തിനാ അവരെ നിർബന്ധിച്ചു അമ്പലത്തിൽ കേറ്റുന്നെ എന്ന് പണ്ട് ചോദിക്കണമായിരുന്നല്ലോ ?
പുരോമനത്തിന്റെ കൂടെ ആണ് എന്ന് കാണിക്കാൻ സിനിമയിൽ പുട്ടിനു പീര എന്ന പോലെ അവിടവിടെ ലിവിങ് ടുഗെതർ റിലേഷനും (റിലേഷൻഷിപ് ഫ്രീഡം ഉള്ള മോഡേൺ സ്ത്രീയെ കാണിക്കാൻ) , സ്ത്രീധനം കൊടുക്കുന്നത് തെറ്റാണു എന്ന പ്ലാസ്റ്റിക് ഡയലോഗും കാണാം. എല്ലാം കുടെ പൂച്ച കണ്ണടച്ച് പാൽ കുടിക്കുന്ന ഒരു ഇഫ്ഫക്റ്റ്.! സഹായിച്ചില്ലെങ്കിലും മലയാളത്തിലെ "സ്ത്രീ പക്ഷ മെഗാസ്റ്റാർസിന്" ഉപദ്രവിക്കാതിരുന്നുകൂടെ..? ഒരു ട്രെൻഡ് എന്ന രീതിയിൽ 'സ്ത്രീപക്ഷം' അഥവാ 'മനുഷ്യപക്ഷം' പുറമെ പുരട്ടി അടിയിലൂടെ പഴയ തറവാടിത്തമുള്ള പാട്രിയാർക്കൽ ചിന്തകൾ തന്നെ വിൽക്കുന്ന 'സൂപ്പർശരണ്യ' പോലുള്ള ചെറിയ പടങ്ങൾ മുതൽ 'ബ്രോഡാഡി' പോലുള്ള മെഗാസ്റ്റാർ ചിത്രങ്ങൾ വരെ മലയാളത്തിൽ ഇറങ്ങുന്നുണ്ട് എന്നുള്ളതും അത്ര പ്രകടമല്ലാത്ത സത്യമാണ്. പക്ഷെ ഇതൊക്കെ മനസിലാക്കാനുള്ള ബുദ്ധി ഈ സഹൃദയ സമൂഹത്തിലെ കുറച്ചു പേർക്കെങ്കിലും ഉണ്ട് എന്ന് തന്നെ തോന്നുന്നു - പഴയ പോലെ ആർട്ട് സിനിമ മാത്രം കാണുന്ന ബുദ്ധിജീവികൾ അല്ല - സമൂഹത്തിനോട് ഉത്തരവാദിത്വം ഉള്ള കമർഷ്യൽ സക്സസ് കൂടെ ആയ സിനിമകൾ വിജയിപ്പിക്കുന്ന ഒരു വലിയ പ്രേക്ഷക സമൂഹം ഇവിടെ വളർന്നു വരുന്നുണ്ട് എന്ന് പ്രൊഡ്യൂസർ - മെഗാസ്റ്റാർ - ഫാൻസ് അസോസിയേഷൻ ലോബികൾ മറക്കാതിരിക്കാം. ദയവു ചെയ്തു പ്രേക്ഷകരെ ഇങ്ങനെ വിലകുറച്ചു കാണാതിരിക്കുക. വലിയ മാറ്റങ്ങൾ വരുത്താൻ കെല്പുള്ള, മനുഷ്യരുടെ മേൽ അത്രമേൽ സ്വാധീനഃശക്തി ഉള്ള ഒരു മാധ്യമം എന്ന ചരിത്രപരമായ പ്രിവിലേജ് നല്ല രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കാം.
മത തീവ്രവാദികളുടെയും മെഗാസ്റ്റാർ ഫാൻസ് വെട്ടുകിളികളുടെയും ആക്രമണം പ്രതീക്ഷിക്കുന്നത് കൊണ്ട് ഒന്നേ പറയാനുള്ളു, ഒരു ഡെമോക്രസിയിൽ ഏതു ന്യുനപക്ഷത്തിന്റെ അഭിപ്രായത്തിനും വില ഉണ്ടാവണം. അല്ലാതെ ഭൂരിപക്ഷത്തിന്റെ മസ്സിൽ പവർ കാണിക്കുന്നത് വലിയ കാര്യമൊന്നുമല്ല. നിങ്ങൾ ഒരാളെ പേടിപ്പിച്ചു എന്നത് ഒരു ക്രെഡിറ്റ് അല്ല. നിങ്ങളുടെ മെയിൽ ഈഗോ ആണ് നിങ്ങളെ അതൊരു അലങ്കാരം ആയി തോന്നിക്കുന്നത്. ഡെമോക്രാട്ടിക് വാല്യൂസ് വേണ്ട ഒരു രാജ്യത്തു നിന്ന് മസ്സിൽ പവർ കാണിച്ചു പേടിപ്പിക്കുന്നത് നിങ്ങൾക്ക് നാണം തോന്നേണ്ട കാര്യം ആണ്. അതിനു നാണം തോന്നണമെങ്കിലും ഒരു മിനിമം ബോധം വേണമല്ലോ. മനുഷ്യനായി ജനിച്ചു അധഃപതിച്ചു ജീവിക്കാനാണ് ഓരോരുത്തർ തീരുമാനിക്കുന്നത് എങ്കിൽ എന്തു പറയാനാണ്. പിന്നെ മത തീവ്രവാദി എന്ന് പറയുമ്പോൾ , മതത്തിന്റെ ഇരുമ്പ് നിയമങ്ങൾ ഒരു സ്ത്രീ ചോദ്യം ചെയ്താൽ "പ്രൊസ്റ്റിട്യൂട്ട് " എന്ന് വിളിക്കുന്ന ആളുകൾ എന്നെ സംബന്ധിച്ചിടത്തോളം മത തിവ്രവാദി തന്നെ ആണ്. അതിൽ എല്ലാ മതക്കാരും പെടും. ബോംബു കൊണ്ടോ, പേനാക്കത്തി കൊണ്ടോ, പൊതുബോധ പദങ്ങൾ കൊണ്ടോ മതത്തിനു വേണ്ടി സംസാരിക്കുന്നവർ മത തീവ്രവാദികൾ തന്നെ.
By
Dr. Indhu krishnan. R