വസ്ത്രമാണത്രെ പ്രശ്നം!
ഈ നൂറ്റാണ്ടിലെ ഒരു പീഡന പരാതി കേസ് പരിഗണിക്കവേ കോടതി പറഞ്ഞ ന്യായീകരണമാണ് താഴെ.
ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങളായിരുന്നു ഇര ധരിച്ചിരുന്നത്രെ!
അതെന്ത് തരം വസ്ത്രമാണെടാ ഉവ്വേ?! പാന്റ്, ഷർട്ട്, സാരി, സ്കെർട്ട് ഒക്കെ കേട്ടിട്ടുണ്ട്. ഇതെന്താണീ ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ? എവിടെ വാങ്ങിക്കാൻ കിട്ടുമിത് ? എന്താണ് "ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ" എന്നതിന്റെ നിർവചനം ? വസ്ത്രം ധരിക്കുന്നവരുടെ കൈയിലല്ല, മറിച്ച് അത് കാണുന്നവരുടെ കൈയിലാണ് ഇതിന്റെ നിർവചനമിരിപ്പുള്ളത്. വസ്ത്രം ധരിക്കുന്നവർ അവനവന്റെ കംഫർട്ട് നോക്കി ധരിക്കുന്നു എന്നേയുള്ളൂ. ബാക്കിയുള്ള കാര്യങ്ങൾ ഓപ്പോസിറ്റ് നിൽക്കുന്നവരുടെ കണ്ണുകളിലും തലച്ചോറിലുമാണ് നടക്കുന്നത്.
ചിലർക്ക് മുലച്ചാല് കാണുന്ന വസ്ത്രങ്ങൾ "പ്രകോപന"മുണ്ടാക്കി എന്നിരിക്കട്ടെ, മറ്റ് ചിലർക്കിത് വയറാവാം, കാലുകളാവാം, കൈകളാവാം, എന്തിന് കാലുകളിലെ വിരലുകൾ പോലുമാവാം! ഇതിൽ നിന്നു തന്നെ വ്യക്തമാണ് ഇവിടുത്തെ പ്രശ്നം ധരിക്കുന്നവന്റെയല്ല കാണുന്നവന്റെയാണെന്ന്.
ഇങ്ങനെ കാണുന്ന ഓരോ മനുഷ്യന്റെയും ഇഷ്ടത്തിനനുസരിച്ച്, അവനെ "പ്രകോപിപ്പിക്കാതെ" വസ്ത്രങ്ങൾ ധരിച്ചു നടക്കാൻ ഇവിടുത്തെ സ്ത്രീകൾക്കാവുമോ ? അങ്ങനെ നടക്കണമെന്ന് ആരെങ്കിലും പറഞ്ഞാൽ ഏതു നൂറ്റാണ്ടിലാണ് നിങ്ങൾ ജീവിക്കുന്നത് എന്നൊരു മറുചോദ്യം മാത്രമേ തിരിച്ച് ചോദിക്കാനുള്ളൂ!
ജനിച്ചുവീഴുന്ന പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായ അമ്മൂമ്മമാർ വരെ പീഡിപ്പിക്കപ്പെടുന്ന ഒരു നാടാണിത്. ഇവരുടെയൊക്കെ എന്തു വസ്ത്രം കണ്ടിട്ടാണ് നിങ്ങളിത്ര "പ്രകോപിപ്പിക്കപ്പെട്ടത്" ?!
ഇനി, നിങ്ങൾക്ക് മുന്നിൽ വന്ന് നിൽക്കുന്നത് നഗ്നയായൊരു സ്ത്രീയോ, ഒരു ലൈംഗികത്തൊഴിലാളിയോ ആണെന്ന് വിചാരിക്കുക. അപ്പോൾ പോലും അവളുടെ പൂർണ്ണ സമ്മതമില്ലാതെ അവളെ കേറി പിടിക്കാൻ നിങ്ങൾക്ക് എന്തവകാശമാണുള്ളത് ? അവൾ നഗ്നമായിരുന്നു, അവളൊരു ലൈംഗികതൊഴിലാളി ആയിരുന്നു തുടങ്ങിയ കാര്യങ്ങൾ എങ്ങനെയാണ് നിങ്ങൾ നടത്തിയ അതിക്രമത്തെ സാധൂകരിക്കുക? പിന്നെയാണ് നിങ്ങളീ പറയുന്ന വസ്ത്രത്തിന്റെ കാര്യം! അവനവന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഇവിടെ ഏതൊരാൾക്കും അവകാശമുണ്ട്. ആണുങ്ങൾക്കത് "പ്രകോപനമുണ്ടാക്കുന്നുണ്ടോ" എന്നൊന്നും ആരും, ഒരു സ്ത്രീയും ആലോചിക്കേണ്ട കാര്യമില്ല. ആണുങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രങ്ങൾ ധരിച്ച് നടക്കേണ്ടതുമില്ല.
ഒരു വസ്ത്രം കാണുമ്പോഴേക്കും "പ്രകോപനമുണ്ടാകുന്ന" ആളാണ് നിങ്ങളെങ്കിൽ അതിനുള്ള പോംവഴി കണ്ടു പിടിക്കേണ്ടത് നിങ്ങൾ തന്നെയാണ്. വീട്ടിൽ തന്നെ ഇരിക്കുക, കണ്ണുകൾ അടച്ചു കെട്ടി നടക്കുക.. തുടങ്ങി നിരവധി വഴികൾ നിങ്ങൾക്ക് മുമ്പിലുണ്ട്. അല്ലാതെ നിങ്ങൾക്കുണ്ടാകുന്ന ഒരു പ്രശ്നത്തിന് പരിഹാരം കണ്ടുപിടിക്കേണ്ടത്, തങ്ങളുടെ വസ്ത്ര സ്വാതന്ത്ര്യം ത്യാഗം ചെയ്തു കൊണ്ട് ഇവിടുത്തെ സ്ത്രീകളല്ല!
ഓരോ ഇന്ത്യൻ പൗരന്റെയും, അതിനി ആണാണെങ്കിലും പെണ്ണാണെങ്കിലും ആരു തന്നെയായാലും അവരുടെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കേണ്ട കോടതികളിൽ നിന്നു പോലും ഇത്രത്തോളം അപഹാസ്യമായ ന്യായവാദങ്ങൾ ഉണ്ടാവുന്നു എന്നുള്ളത് എത്രത്തോളം അധപ്പതിച്ചൊരു സമൂഹമാണ് നമ്മുടേത് എന്നുള്ളതിന്റെ തെളിവാണ്. പെണ്ണിന്റെ വസ്ത്രമാണ് പ്രശ്നം പോലും! പെണ്ണിന്റെ വസ്ത്രമല്ല, നിങ്ങളുടെയെല്ലാം ചിന്താഗതിയാണ് പ്രശ്നമെന്ന് മനസ്സിലാക്കാൻ എത്ര നൂറ്റാണ്ടുകളോളം നമ്മൾ കാത്തിരിക്കേണ്ടി വരുമെന്ന് അറിയില്ല. എന്തായാലും ഒന്ന് ഉറപ്പാണ്, ഈ തിരിച്ചറിവ് വരാനെടുക്കുന്ന കാലത്തോളം ഇവിടെയുള്ള സ്ത്രീകളുടെ ജീവിതം അത്ര കണ്ട് ശോഭനീയമായിരിക്കില്ല!
C S Suraj