ഹമാസിസം
സ്വന്തം പൗരന്മാരുടെ ജീവൻ സംരക്ഷിക്കുക എന്നതാണ് ഏതൊരു ഭരണകൂടത്തിന്റെയും പരമപ്രധാനമായ കർത്തവ്യം. ഗാസയിലെ സർക്കാരാണ് ഹമാസ്. അവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് ഹമാസിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. പക്ഷേ അവർ സ്വന്തം ജനതയെ യുദ്ധമുഖത്തേക്ക് വലിച്ചെറിഞ്ഞു.ഹമാസ് ഇസ്രായേലിൽ നടത്തിയ ടെറർ അറ്റാക്കിൽ കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ 1300 സിവിലിയൻസ് കൊല്ലപ്പെട്ടു. തെക്കൻ ഇസ്രായേലിലെ ഒരു മരുപ്രദേശത്ത് മ്യൂസിക് ഫെസ്റ്റിവലിന് ഒത്തുകൂടിയ 300ൽ പരം സംഗീതപ്രേമികളെ നാല് വശത്ത് നിന്നും വളഞ്ഞ് വെടിവെച്ചു കൊന്നു. വീടുകളിൽ കയറി അച്ഛനെയും അമ്മയെയും മക്കളെയും എല്ലാം കൂട്ടത്തോടെ കൊന്നൊടുക്കി. പൊടിപൈതലുകളെയും വൃദ്ധജനങ്ങളെയും വരെ ബന്ദികളാക്കി ഗാസയിലെ ഭൂഗർഭതുരങ്കങ്ങളിൽ ഒളിപ്പിച്ചിരിക്കുന്നു. ഇത്രയും ക്രൂരത ഒരു രാജ്യത്ത് കയറി കാട്ടിക്കൂട്ടിയ ഭീകരർക്ക് ഏതെങ്കിലും സർക്കാർ പട്ടും വളയും നല്കി ആദരിക്കുമോ..?
കൊലയാളികൾക്ക് പട്ടുതാലത്തിൽ പരമവീരചക്രവും ആപ്പിൾ ജ്യൂസും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു സമ്മാനിക്കണമെന്ന് വാശിപിടിക്കുന്നവരുടെ മനോനിലയാണ് പരിശോധിക്കേണ്ടത്.
2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ അറ്റാക്കാണ് ഹമാസ് ഇസ്രേയേലിൽ നടത്തിയത്. ലഷ്കർ -ഇ - തെയിബ അയച്ച കസബും 9 കൂട്ടാളികളും കൂടി കണ്ണിൽ കണ്ട മനുഷ്യരെയെല്ലാം വെടിവെച്ചു കൊന്നു. ഈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചന വ്യക്തമാക്കുന്ന തെളിവുകൾ നിറച്ച സ്യൂട്ട്കേസുകളുമായി ഇന്ത്യാ ഗവൺമെന്റ് അന്താരാഷ്ട്ര വേദികളിൽ അലഞ്ഞു നടന്നെങ്കിലും ഒന്നും സംഭവിച്ചില്ല. മുഖ്യ ആസൂത്രകരായ ഹാഫിസ് സയിദും സക്കാവുർ സഖ് വിയും പാകിസ്ഥാനിൽ പോഷകസമൃദ്ധ ജീവിതം നയിക്കുന്നു. ഭീകരരുടെ hideout ൽ സർജിക്കൽ സ്ട്രൈക്ക് നടത്തണമെന്ന് ആവശ്യമുയർന്നുവെങ്കിലും അന്നത്തെ ദുർബലമായ ഭരണനേതൃത്വത്തിന് അതിനുള്ള ധൈര്യമുണ്ടായില്ല. ഇന്ത്യയല്ല ഇസ്രായേൽ. രാജ്യസ്വരക്ഷയുടെ കാര്യം വരുമ്പോൾ സദാസമയവും പോരടിക്കുന്ന ലിക്കുഡ് പാർട്ടിയും ലേബർ പാർട്ടിയും ഒറ്റക്കെട്ടാകും. ഇടതും വലതും ഒന്നാകും. അവർ ദേശീയ ഗവൺമെന്റുണ്ടാക്കും. യുദ്ധം ലക്ഷ്യമിട്ട് തന്നെയാണ് ഹമാസ് ഇസ്രായേലിൽ കൂട്ടക്കൊല നടത്തിയതെന്ന് പകൽ പോലെ വ്യക്തമാണ്. സമാന സാഹചര്യത്തിൽ ഏത് സമാധാന പ്രിയരായ മാലാഖരാഷ്ട്രവും ആയുധമെടുക്കുമെന്നും അവർക്കറിയാമായിരുന്നു. ഹമാസിനെതിരെയുള്ള യുദ്ധം എന്നുപറഞ്ഞാൽ ഫലത്തിൽ അവർ ഭരിക്കുന്ന ഗാസയ്ക്ക് എതിരെയുള്ള യുദ്ധമായി മാറുന്നു. ഹമാസ് നടത്തിയ ഭീകരാക്രമണത്തെ ഗാസയിലെ മഹാഭൂരിപക്ഷവും ആഹ്ളാദാവരങ്ങളോടെയാണ് സ്വാഗതം ചെയ്തത്. അന്യരുടെ ചോര തെരുവുകളിലും വീടുകളുടെ ഉൾത്തളങ്ങളിലും ഒഴുകുന്നത് കാണുമ്പോൾ ആനന്ദപുളകിതരാകുന്നവർക്ക് ഒരിക്കലും ഒരിടത്തും ശാന്തിയോടെ ജീവിക്കാനാവില്ല.
അമേരിക്ക, ബ്രിട്ടൺ ഫ്രാൻസ്, ജർമനി എന്നുവേണ്ട പരിഷ്കൃത ലോകം മുഴുവൻ ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേലിനൊപ്പമാണ്. ഹമാസിന്റെ സഹോദര സംഘടനകളുടെ കൊലവെറിയുടെ ഇരകളില്ലാത്ത ജനസമൂഹങ്ങൾ ഭൂമിയിൽ വിരളമാണ്. ഖത്തർ ഒഴികെയുള്ള ഒരു അറബ് രാഷ്ട്രവും ഹമാസ് ഭീകരതയെ സപ്പോർട്ട് ചെയ്യാനും പോകുന്നില്ല. അമേരിക്ക നല്കുന്ന സൈനിക സംരക്ഷണമില്ലായിരുന്നെങ്കിൽ ബിൻലാദന്റെ അൽ- ക്വയിദ സൗദിയുടെ ഭരണം പിടിച്ചെടുക്കുമായിരുന്നെന്ന് സൽമാൻ രാജകുമാരന് നന്നായറിയാം. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഒരു സ്വതന്ത്ര പാലസ്തീൻ രാഷ്ട്രം ആഗോള ഭീകരതയുടെ ഹെഡ് ക്വാർട്ടേഴ്സായി മാറും. അയലത്തുള്ള ഈജിപ്ത് ജോർദാൻ തുടങ്ങിയ രാജ്യങ്ങളുടെ കാര്യവും കട്ടപ്പൊകയാകും. ഇപ്പോൾ വെസ്റ്റ് ബാങ്ക് ഭരിക്കുന്ന മഹ്മൂദ് അബ്ബാസിന്റെ ഫത്താ പാർട്ടി പാലസ്തീനിൽ നിന്ന് പൂർണ്ണമായും തുടച്ചു നീക്കപ്പെടും. ഹമാസിനെ ഇല്ലാതാക്കേണ്ടത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ആവശ്യം കൂടിയാണ്. റഷ്യ- ചൈന- ഇറാൻ സഖ്യം ഒരു തിന്മകളുടെ അച്ചുതണ്ടാണ് . ഹമാസിനെ അപലപിക്കാൻ മടിക്കുന്ന ഇക്കൂട്ടർ ഡമോക്രസിയെ ഡമോക്ളസിന്റെ വാളായി കണ്ട് ഭയക്കുന്നവരാണ്.
ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഹമാസിസ്റ്റുകളുടെ ആക്രോശവും നിലവിളിയുമൊക്കെ അവരുടെ പതിവ് ഇന്ത്യാവിരുദ്ധ അജണ്ടയുടെ ഭാഗമായി മാത്രം കണ്ടാൽ മതി. ആഗോളതലത്തിൽ ഇവരുടെ ജല്പനങ്ങൾ ആരും കണക്കിലെടുക്കാൻ പോകുന്നില്ല.
ജനാധിപത്യം,മതേതരത്വം, ട്രാൻസ്ജെൻഡേഴ്സിന് ഉൾപ്പെടെ ലിംഗനീതി എന്നിങ്ങനെയുള്ള എല്ലാ ആധുനിക മൂല്യങ്ങൾക്കുമെതിരെയും സ്വയം പൊട്ടിത്തെറിക്കുന്ന ഭീകരതയുടെ വിവിധ വേഷങ്ങൾ മാത്രമാണ് ഐസിസും ബോക്കോഹറാമും താലിബാനും ലഷ്കറും ഹമാസുമെല്ലാം. ഈ ഭയാനക ഭീകരസംഘടനകളുടെ ഡിഎൻഎ പരിശോധിച്ചാൽ അവയെല്ലാം ഒരു പൊതുപൂർവികനിലേക്ക് വിരൽ ചൂണ്ടുന്നത് കാണാനാവും. ഗാസയിൽ നിന്ന് ഹമാസിനെ തുരത്തി അവിടെ ഇസ്രായേലിന്റെ അസ്തിത്വം അംഗീകരിക്കാൻ തയ്യാറായിട്ടുള്ള ഫത്താ പാർട്ടിയെ പോലെയുള്ള മിതവാദികൾക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയ്താൽ വെസ്റ്റ് ബാങ്കും ഗാസയും കൂട്ടിച്ചേർത്ത് 1948ലെ യുഎൻ പ്ളാൻ പ്രകാരമുള്ള ഒരു പാലസ്തീൻ രാജ്യം രൂപീകരിക്കപ്പെട്ടേക്കാം. അങ്ങനെയൊരു സാഹചര്യം ഉരുത്തിരിഞ്ഞു വന്നാൽ ഇസ്രായേൽ കൂടുതൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എന്നും എപ്പോഴും അരക്ഷിതാവസ്ഥയിൽ ജീവിക്കാൻ അവർക്കും ഒരു താല്പര്യവുമുണ്ടാവില്ല. ഇതൊക്കെ സാധ്യമാകണമെങ്കിൽ ആദ്യം ഹമാസും ഇസ്ലാമിക് ജിഹാദും ഉന്മൂലനം ചെയ്യപ്പെടണം. കാർഗിൽ യുദ്ധത്തിൽ ഉൾപ്പെടെ നമ്മെ സഹായിച്ച ഹൃദയബന്ധുവായ ഇസ്രായേലിനൊപ്പം ചേർന്നുനില്ക്കാനുള്ള ധാർമിക ബാധ്യത ഭാരതത്തിനുണ്ട്. വിദേശകാര്യ മന്ത്രി ജയ്ശങ്കറെങ്കിലും ടെൽ അവീവിൽ എത്തി ഇന്ത്യയുടെ അനുഭാവം അറിയിക്കേണ്ടതുണ്ട്.
കൂട്ടക്കുരുതി നടന്ന മ്യൂസിക് ഫെസ്റ്റിവലിന് ഭിന്നശേഷിക്കാരായ മകളെയും കൂട്ടി ഒരച്ഛൻ പോയിരുന്നു. രണ്ട് പേരും ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. അവരുടെ ചിത്രമാണ് ഇവിടെ ചേർത്തിട്ടുള്ളത്. വീടിന്റെ ചുമരുകൾക്കുള്ളിൽ എന്നെന്നേക്കുമായി തളയ്ക്കപ്പെട്ടുപോയ പൊന്നുമോൾക്ക് കുറച്ച് നേരമെങ്കിലും സന്തോഷം ലഭിക്കുമല്ലോയെന്ന് കരുതി പാട്ടും ഡാൻസും കാണിക്കാൻ പോയ അച്ഛനും ശയ്യാവലംബിയായ മകളുമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. മനുഷ്യന്റെ ആഹ്ളാദങ്ങൾക്ക് എതിരെയുള്ള അധിനിവേശം കൂടിയാണ് ഹമാസിസം.
Sajeev ala
E mail your views to be published in yukthivaadi e-magazine >>> info@yukthivaadi.com