50 വർഷത്തെ ഓന്തു പരിണാമം
1972 ൽ ഹവായി ദ്വീപുകളിലെ ഒരു വളർത്തു ജീവി കച്ചവടക്കാരൻ കെനിയയിൽ നിന്നും 36 ജാക്സൻസ് ഓന്തുകളെ ഇറക്കുമതി ചെയ്യുന്നതോടെയാണ് കഥ തുടങ്ങുന്നത്. നാടുകടന്നു വന്ന 36 ജാക്സൺസ് ഓന്തുകളും ഹവായ് ദ്വീപുകളിൽ എത്തിയപ്പോൾ ചാടിപ്പോയി. ജാക്സൺസ് ഓന്തുകൾ കെനിയയിൽ മാത്രം കാണപ്പെടുന്ന ഒരിനം ഓന്തുകളാണ്. മറ്റ് ഓന്തുകളെപ്പോലെ ഇരപിടിയൻമാരെ കാണുമ്പോൾ ചുറ്റുപാടുകളുടെ നിറം സ്വീകരിക്കാൻ കഴിവുള്ള ജാക്ക്സൺസ് ഓന്തുകൾക്ക് അടുത്ത തലമുറയ്ക്ക് ജന്മം നല്കാൻ, ഒരു വർഷത്തിൽ താഴെ സമയം മതി. പെൺ ഓന്തുകളെ കാണുമ്പോഴും മറ്റ് ആൺ ഓന്തുകളെ കാണുമ്പോഴും ആൺ ജാക്സൺസ് ഓന്തുകൾ കൂടുതൽ ശോഭയുള്ള മഞ്ഞ നിറം സ്വീകരിക്കുന്നു. ഇണയെ ആകർഷിക്കാനും മറ്റ് ആൺ ഓന്തുകളുടെ മേൽ അധീശത്വം സ്ഥാപിക്കാനുമുള്ള സിഗ്നൽ ആണിത്. കെനിയയെ അപേക്ഷിച്ച് ഓന്തുകളുടെ ഇരപിടിയൻമാർ വളരെ കുറവുള്ള സ്ഥലമാണ് ഹവായ് ദ്വീപുകൾ. ഇത് ചാടിപ്പോയ ജാക്സൺസ് ഓന്തുകൾക്ക് ധാരാളമായി പെറ്റുപെരുകാൻ സഹായകമായി.
Click here for more info
സിഡ്ണിയിലെ മക്വാറി യൂണിവേഴ്സിറ്റിയിലെ മാർട്ടിൻ വൈറ്റിങ്ങും സഹപ്രവർത്തകരും അന്നു ചാടിപ്പോയ ജാക്സൺസ് ഓന്തുകൾക്ക് 50 വർഷം കൊണ്ടു വന്ന മാറ്റം പഠിച്ച ശേഷം കണ്ടെത്തിയ വിവരങ്ങളാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ചാടിപ്പോയ ജാക്സൺസ് ഓന്തുകളുടെ പിൻതലമുറക്കാരനായ ആൺ ഓന്തിനും ഇണയെയും മറ്റ് ആൺ ജാക്സൺസ് ഓന്തുകളെയും കാണുമ്പോൾ ശോഭയുള്ള മഞ്ഞ നിറം സ്വീകരിക്കാനും ഇരപിടിയൻമാരെ കാണുമ്പോൾ ചുറ്റുപാടുകളുടെ നിറത്തിലേക്കു മാറുവാനും കഴിയുന്നതായി കണ്ടെത്തി. ഈ ആൺ ഓന്തിന്റെ മഞ്ഞ നിറം അവന്റെ കെനിയൻ സഹോദരന്റേതിനെക്കാൾ 30% കൂടുതൽ ശോഭയുള്ളതായിരുന്നു. എന്നാൽ ചുറ്റുപാടുകളുടെ നിറവുമായി താദാത്മ്യപ്പെടാനുള്ള കഴിവ് കെനിയൻ ജാക്സൺസ് ഓന്തിന്റേതിനേക്കാൾ (ഹവായിയൻ ജാക്സൺസ് ഓന്തുകൾക്ക്) കുറവായിരുന്നു.
എന്താണ് ഈ മാറ്റത്തിന്റെ കാരണം?
കെനിയയെക്കാൾ ഇരപിടിയൻമാർ കുറവുള്ള ഹവായിയിൽ, ചുറ്റുപാടുകളുടെ നിറം സ്വീകരിക്കാൻ കഴിവു കുറവുള്ള ജാക്സൺസ് ഓന്തുകൾക്കും അതിജീവിക്കാൻ കഴിയും. കെനിയയിൽ ആയിരുന്നെങ്കിൽ ആഹരിക്കപ്പെടാമായിരുന്ന ഇവർ ഹവായിയിൽ അതിജീവിക്കുകയും കുട്ടികളെ ജനിപ്പിക്കുകയും ചെയ്തു. നിറം മാറാനുള്ള കഴിവിനായി ചിലവഴിക്കുന്ന ഊർജ്ജം ലാഭിച്ച ഇവരുടെ അതിജീവന സാദ്ധ്യതയും മറ്റുള്ളവയെക്കാൾ കൂടുതവായി.
കൂടുതൽ ശോഭയുള്ള മഞ്ഞ നിറം കാട്ടാനാവുന്ന ആൺ ജാക്സൺസ് ഓന്തുകൾക്ക് കൂടുതൽ ഇണകളെ ആകർഷിക്കാനും കൂടുതൽ കുട്ടികളെ ഉല്പാദിപ്പിക്കാനും കഴിയും. ഇരപിടിയൻമാർ കുറവായതിനാൽ കെനിയയിലെ പോലെ ഇവ ഇരപിടിയൻമാരുടെ കണ്ണിൽ പെടാനും ആഹരിക്കപ്പെടാനുമുള്ള സാദ്ധ്യത കുറവാണ്.
ചുരുക്കത്തിൽ, 50-60 തലമുറകൊണ്ട് വന്ന ഈ മാറ്റത്തിന്റെ കാരണം പുതിയ ചുറ്റുപാടുകളാണ്. ആദ്യം വന്ന ജാക്സൺസ് ഓന്തുകളിൽ തന്നെ ചുറ്റുപാടുകളുമായി കൂടുതൽ അനുയോജ്യമായവയ്ക്ക് കൂടുതലായി പ്രത്യുത്പാദനം നടത്താനും അവയുടെ ജീനുകൾക്ക് മറ്റുള്ളവയുടെ space ലേക്കു കടന്നു കയറാനും ഒക്കെ കഴിഞ്ഞ ഈ പ്രതിഭാസമാണ് പ്രകൃതി നിർദ്ധാരണം അഥവാ natural selection. ഇത് സ്വാഭാവികമായി നടക്കുന്ന ഒന്നാണ്. സാഹചര്യങ്ങളോട് അനുയോജ്യമല്ലാത്തവയുടെ ഉൻമൂലനവും ഈ മാറ്റത്തിനുള്ള പ്രധാന കാരണമാണ്. പ്രകൃതി എന്ന ഒരു agent ബൗദ്ധികമായി നടത്തുന്ന പ്രവൃത്തിയായി ഇതിനെ തെറ്റുദ്ധരിക്കരുത്. Ref/-
Anup Issac