Saturday, November 09, 2024

കർക്കിടക കഞ്ഞി എന്ന തട്ടിപ്പ്

മഴ, പ്രളയം, പ്രകൃതിക്ഷോഭം, തട്ടിപ്പ് എന്നിവയുടെ മാസമാണിത്. അതെ... പ്രകൃതി ക്ഷോഭങ്ങൾക്കുപരിയായി തട്ടിപ്പിന്റെ കൂടി മാസമാണ് മലയാളികൾക്ക് കർക്കിടകം. ഞങ്ങളുടെ പ്രദേശത്ത് കർക്കിടക മാസത്തിൽ വാവ് ബലിയോടനുബന്ധിച്ച് ഒരു കാർഷിക വ്യാവസായിക മേള നടക്കാറുണ്ട്. അവിടെ മേളയുടെ ഭാഗമായുള്ള ഒരു സ്റ്റാളിൽ "ചുട്ട കാടയിറച്ചി വിൽപ്പനക്ക് വെക്കും" അതിന്റെ പരസ്യം ഇത്തരത്തിലായിരുന്നു. "കർക്കിടക മാസത്തിന് വേണ്ടി പ്രത്യേക ഔഷധങ്ങൾ കൊടുത്ത് വളർത്തിയ കാടക്കോഴിയുടെ ഇറച്ചി ചുട്ടെടുത്തത്" ഒരെണ്ണം ഇരുന്നൂറു രൂപ. റെക്കോർഡ് സെയിൽ ആയിരുന്നിരിക്കണം എന്നത് ഇനി എടുത്ത് പറയേണ്ടതുണ്ടോ ?

ഇതൊരു ഒറ്റപ്പെട്ട സംഭവം ആണെങ്കിലും, അല്ലെങ്കിലും രാമായണമാസം എന്നതിൽ പ്രാദേശിക അമ്പലങ്ങളിലെ പ്രത്യേക പൂജകളും, അനുബന്ധ തട്ടിപ്പുകളും തുടങ്ങി നന്നായി കച്ചവടമാകുന്ന കർക്കിടക ചികിൽസയും, കർക്കിടക കഞ്ഞിയും തുടങ്ങി അടിമുടി തട്ടിപ്പാണ് കർക്കിടക മാസത്തിൽ അരങ്ങേറുന്നത്.

അപ്പോൾ നിങ്ങൾക്ക് തോന്നും ഈ ഇത്തരം തട്ടിപ്പുകൾ സാധാരണ നടക്കാറില്ലേ എന്ന് ? തീർച്ചയായും ഉണ്ട്. കൊ പേ കാറ്റഗറിയിൽ അതായത് കൊതിപ്പിക്കലും പേടിപ്പിക്കലും കാറ്റഗറിയിൽ രാമായണവും, രാമനും. ആയുർവേദ കാറ്റഗറിയിൽ ഔഷധകഞ്ഞിയും ഒക്കെ സാധാരണയായും നടക്കാറുണ്ട്. പിന്നെന്താന്നു വെച്ചാൽ അക്ഷയ ത്രിതീയ പോലെ ഒരു സീസണബിൾ തട്ടിപ്പ് എന്നതാണ് സംഗതി. രാമായണ മാസാചരണം എന്ന ആധ്യാത്മിക തട്ടിപ്പ് ബാക്ക്ഗ്രൗണ്ട് സ്‌കോർ ആണെങ്കിൽ, ഔഷധ കഞ്ഞി ലൈവ് സ്കോർ ആണ്.

യഥാർത്ഥത്തിൽ എന്താണ് ഈ കർക്കിടക കഞ്ഞി ?


ഔഷധ കഞ്ഞി എന്ന പേരിട്ടുകൊണ്ട് കർക്കിടക മാസത്തിൽ തകൃതിയായി വിറ്റഴിക്കപ്പെടുന്ന ഈ ഉത്പന്നം ഒരു കാലത്തിന്റെ ദാരിദ്ര്യത്തിന്റെ വിഭവം ആയിരുന്നു. മഴ, പ്രകൃതിക്ഷോഭം, തുടങ്ങിയ കെടുതികളുമായി മല്ലിട്ട് വിശപ്പടക്കാൻ പാടുപെട്ടിരുന്ന സാധാരണ മനുഷ്യർ, ക്ഷാമകാലമായതുകൊണ്ടുതന്നെ അരിയും ധാന്യങ്ങളും, പലവജ്ഞനങ്ങളും ലാഭിക്കാൻ അവയ്‌ക്കൊപ്പം പറമ്പിലെ ചെടികളും, ഇലകളുമൊക്കെ ചേർത്ത് പാകം ചെയ്താണ് വിശപ്പടക്കിയിരുന്നത്.

ഭക്ഷണത്തിനൊപ്പം രുചികരമായ കറികളൊക്കെ ഉണ്ടാക്കാൻ പാങ്ങില്ലാതിരുന്ന ആ കാലഘട്ടത്തിൽ ഉണ്ടാക്കിയിരുന്ന ഈ കഞ്ഞിക്ക് ഒരു മാന്യത കിട്ടാൻ പിൽക്കാലത്ത് ആളുകൾ തന്നെ ചാർത്തിക്കൊടുത്തതാണ് ഔഷധ കഞ്ഞി എന്ന സ്ഥാനം.

എല്ലാ പച്ചക്കറികളിലും അടങ്ങിയിരുന്ന പ്രോട്ടീനുകളും, ഊർജവും ഒക്കെ തന്നെയേ ഈ പറയുന്ന ചെടികളിൽ നിന്ന് ലഭിക്കുകയുള്ളൂ അതിന് ഔഷധ ഗുണം പ്രദാനം ചെയ്യാൻ കഴിയണമെങ്കിൽ അതിലെ പ്രോട്ടീനുകൾ വേർതിരിച്ച് ഔഷധസമാനമാക്കേണ്ടി വരും അതിനുള്ള സാങ്കേതിക വിജ്ഞാനവും, വിദ്യയും മേൽസൂചിപ്പിച്ച കാലഘട്ടങ്ങളിൽ ഇല്ല എന്നത് എല്ലാവർക്കും അറിയാം. എന്നാൽ ഇന്നിന്റെ ആധുനിക സാങ്കേതിക മുന്നേറ്റത്തിൽ ഔഷധ കഞ്ഞി എന്ന ഈ ഗോത്രീയ ഉത്പന്നം മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണ്. കണ്ട ചപ്പു ചവറ് ചെടികളെല്ലാം ഔഷധമെന്ന പേരിൽ പറിച്ചിട്ട് മനുഷ്യ ശരീരത്തിന് അനാവശ്യമായ ആൽക്കലോയിഡുകളും അകത്താക്കുക വഴി ഔഷധകഞ്ഞി എന്ന കർക്കിടക കഞ്ഞി സമൂഹത്തിന് സമ്മാനിക്കുന്നത് അനവധി കരൾ വൃക്ക കുടൽ ആമാശയ സംബന്ധികളായ രോഗികളെയാണ് . അതായത് ഈ കഞ്ഞി മനുഷ്യ ശരീരത്തിന് പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യുന്നില്ല എന്ന് മാത്രമല്ല വലിയതോതിൽ തന്നെ ദോഷവുമാണെന്ന് സാരം. ഇപ്പോൾ കുറച്ചു കൂടെ ചേരുവകൾ ചേർത്ത് കളർഫുൾ ആക്കിയാണ് കഞ്ഞി വിൽപ്പന എന്നു മാത്രം.

ഒരു കണക്കിന് ആയുർവേദവും, കർക്കിടക കഞ്ഞിയും ഹോമിയോപ്പതിയുമൊക്കെ ഗുണവും ചെയ്യുന്നുണ്ട്. നാം രണ്ട് നമുക്ക് രണ്ട് അങ്ങനെ തുടങ്ങുന്ന ജനസംഖ്യാ നിയന്ത്രണ പരിപാടിയൊക്കെ പരാജയപ്പെടുന്നിടത്ത് മേൽപ്പറഞ്ഞ കപടശാസ്ത്രവും, അതിന്റെ ഉത്പന്നങ്ങളും എഫക്ടീവായി പണിയെടുക്കുന്നുണ്ട്. ഇൻസ്റ്റന്റ് എഫ്ഫക്റ്റ് അല്ലാത്തതിനാൽ നാം അത് തിരിച്ചറിയുന്നില്ല എന്ന് മാത്രം. ഈ വീഡിയോ കാണുന്ന കർക്കിടക കഞ്ഞിയിലൂടെ രോഗശാന്തി കിട്ടിയ പുച്ഛിസ്റ്റുകൾ മനസിലാക്കേണ്ടത് നമ്മുടെ നാട്ടിൽ അത്ഭുത രോഗശാന്തി നേടിയ അനേകം ഭക്തരും ഉണ്ടെന്ന കാര്യമാണ്.

എന്തായാലെന്താ ? കാര്യം നടന്നല്ലോ.. എന്നാണെങ്കിൽ ദയവായി പോയി പ്ലസിബോ എഫക്ടിനെപ്പറ്റിയൊക്കെ മനസിലാക്കാൻ ശ്രമിക്കുക. കർക്കിടക കഞ്ഞിയും, കിഴികളും, കർക്കിടക സുഖചികിൽകളും ഒക്കെ ഒന്നാം തരം മാർക്കറ്റിംഗ് തന്ത്രം ഉപയോഗിച്ച് വിറ്റഴിക്കപ്പെടുന്ന കള്ള ചരക്കുകൾ മാത്രമാണ്. പച്ചിലകഞ്ഞിയും കുടിച്ച്, ഏതെങ്കിലും എണ്ണ എടുത്ത് ദേഹത്തുപുരട്ടി കുളിച്ചാല്ലോ.. കുടിച്ചാലോ.. ഒരു അസുഖവും ഭേദമാകാനോ പ്രതിരോധിക്കുവാനോ കഴിയുകയില്ലയെന്നും, വേണ്ടാത്തത് വലിച്ചു കയറ്റിയാൽ വേറെ അസുഖങ്ങൾ ഉണ്ടാവും എന്ന സാമാന്യ ബോധമാണ് തട്ടിപ്പിന് ഇരയാവുന്നവർക്ക് ആദ്യം വേണ്ടത്.

കേരള സമൂഹത്തിന് ശാസ്ത്രാവബോധം ചൊരിയുന്നതിന്റെ ഭാഗമായി, മുഖ്യമന്ത്രി പിണറായി വിജയൻ, രണ്ടാഴ്ച നീളുന്ന കർക്കിടക ആയുർവേദ ചികിത്സ ആരംഭിച്ചു. അതിന്റെ പേരിൽ ലക്ഷങ്ങൾ എഴുതി എടുക്കുകയും ചെയ്യും. എന്തൊരു ശാസ്ത്ര ബോധമുള്ള കമ്മ്യൂണിസ്റ്റ്! എല്ലാ കമ്മികളും ഇങ്ങനെ തന്നെയാണ്. പുട്ടിന് പീരപോലെ പുരോഗമനം എന്ന വാക്കും എടുത്തുപയോഗിക്കും, എന്തൊരു സാമൂഹ്യ പ്രതിബദ്ധത!. ഇയാൾ കേരളജനതയ്ക്കും, നമ്മുടെ വിദ്യാർത്ഥികൾക്കും നൽകുന്ന സന്ദേശം എന്താണ്. നവ കേരള ധൂർത്തിനിടയിൽ, ഹോമിയോപ്പതിയെ തള്ളിപ്പറഞ്ഞ ഒരാൾക്കെതിരെ കുരച്ച് ചാടിയത് ഓർമ്മയുണ്ടാകുമല്ലോ ? 300കോടിയുടെ ആയുർവേദ ഗവേഷണകേന്ദ്രത്തിന് തുടക്കമിട്ടത് പിണറായി വിജയൻ ആണ്. കപട ചികിത്സയും, കപട ശാസ്ത്രങ്ങളും ഇയാൾക്ക് എന്നും പ്രിയങ്കരങ്ങൾ ആയിരുന്നു. സ്വാമി നിർമ്മലാനന്ദ ഗിരിയുടെ പുസ്തകത്തിന് ഇദ്ദേഹം എഴുതിയ ആമുഖം ഈ മനുഷ്യന്റെ ബൗദ്ധിക നിലവാരം അനാവരണം ചെയ്യുന്നതാണ്. ചുവപ്പ് മങ്ങിയാൽ കാവിയാകും എന്നത് അന്വർത്ഥമാക്കുന്ന ഒരു വിപ്ലവ വായാടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഇതൊക്കെ സ്വാഭാവികം. യോഗ പഠിപ്പിക്കാൻ തിരുവനന്തപുരം നഗരത്തിൽ പിണറായി ഭൂമി നൽകി. യോഗ, ആയുർവേദം എന്നിവ ബി. ജെ. പി യുടെ അജണ്ടകളാണ്. ആ അജണ്ട നിറവേറ്റുകയാണ് പിണറായി ചെയ്യുന്നത്. കഴിഞ്ഞ ദിവസം മരണപ്പെട്ട കപടശാസ്ത്ര വക്താവായ വല്യത്താൻ ചെയ്തു കൊണ്ടിരുന്നതും അതാണ്.

This Article includes excerpts from notes shared on social media by
Joseph Vadkan Thomas and K T Nishant on the subject.

Editor
VishnuAnilkumar

profile

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.