അന്നും ഇന്നും കേരളമൊരു ഭ്രാന്താലയം!
കാലം മുന്നോട്ടുപോകും തോറും ശാസ്ത്രവും സാങ്കേതിക വിദ്യയും അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുന്ന അതേ സമയം തന്നെ, പിന്നോട്ട് സഞ്ചരിക്കുന്ന ഒരേ കൂട്ടം മനുഷ്യർ മാത്രമാണെന്ന് തോന്നിപ്പോകാറുണ്ട്. അതിലേറ്റവും അലട്ടിയിട്ടുള്ള ഒന്ന് ഓൺലൈൻ മീഡിയ തന്നെയാണ്. "പത്രം മാത്രമുണ്ടായിരുന്ന കാലത്ത് മനുഷ്യന് വായനാശീലവും അറിവും കൂടുമായിരുന്നു, എന്നാൽ ഇപ്പോൾ എല്ലാം 5 ഇഞ്ച് സ്‌ക്രീനിൽ ഒതുങ്ങിപ്പോയി, മനുഷ്യന് വായനാശീലമില്ലാതായി അത് മൂലം വരുംതലമുറ അറിവില്ലാതാവും" എന്ന പഴഞ്ചൻ സിദ്ധാന്തത്തിൽ ഞാൻ വിശ്വസിക്കുന്നില്ല, എന്ന് മാത്രമല്ല, ഇങ്ങനെയുള്ള ഇടങ്ങൾ ഇഷ്ടമുള്ള വാർത്ത, അത് കള്ളമായും , വ്യാജ ആരോപണമായും ആർക്കും ആരുടെ മേലും ചാർത്താനുള്ള ഒരു ഏകാധിപത്യ രീതിയെ പൊളിച്ചെഴുതാനും , സമൂഹ മാധ്യമങ്ങളിൽ എല്ലാവർക്കും ഒരുപോലെ ചർച്ച ചെയ്ത് എന്താണ് സത്യം, ഏതാണ് സത്യം എന്ന് സുവ്യക്തമായി തിരിച്ചറിയാൻ കഴിയാവുന്ന ഒരവസരമായി ഇതിനെ കാണാനാണ് ഇഷ്ടം.
Click here for more info
എന്നാൽ ഇന്നതിന്റെ മട്ടും ഭാവവുമെല്ലാം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുന്നു. ഉത്തരേന്ത്യൻ പാപ്പരാസി മാധ്യമങ്ങളെ എന്നും അരോചകത്തോടെ കണ്ടിട്ടുള്ള നമുക്കിടയിൽ, അതിനേക്കാൾ അരോചകവും വൃത്തിഹീനവുമായ ഒന്നായി മാറി ഇന്ന് മലയാളം-ഓൺലൈൻ മീഡിയകൾ. അതിൽ ഏറ്റവും രസകരമെന്തെന്ന് വെച്ചാൽ അവരതിന് വേണ്ടി ഉപയോഗിക്കുന്നത് നമ്മൾ മലയാളികളുടെ മാനസിക ദുർബലതയെ തന്നെയാണ് .. 'Mental , physical , Acadamical , sexual' എന്നിങ്ങനെയുള്ള നമ്മുടെ ഉള്ളിൽ അണപൊട്ടിയൊലിക്കാൻ പാകത്തിന് നിറഞ്ഞു നിൽക്കുന്ന നിരാശകളെ (Frustrations), ഇത്രയും നാൾ മലയാളി മറച്ചു വെച്ചുകൊണ്ടുനടന്ന നമ്മുടെ ആശയ-ലൈംഗീക ദാരിദ്ര്യങ്ങളെ.!! അതെല്ലാം കൊണ്ടുവന്നു തുപ്പാനുള്ളൊരിടമായി ഓൺലൈൻ മീഡിയകൾ മാറിക്കഴിഞ്ഞു. ആരാന്റമ്മയെ കുറ്റം പറയാം, ഏതു പെണ്ണിനേയും ആണിനേയും ധൈര്യമായി തെറിപറയാം ആരെയും പേടിക്കണ്ട എന്ന് മാത്രമല്ല, ഏറ്റവും നന്നായി തെറിയും വൃത്തികേടും പറയുന്നവർക്ക് കൂടുതൽ പ്രോത്സാഹനങ്ങൾ ലൈക്കായും, കമന്റായും അവിടെ കിട്ടും എന്നുള്ളതാണ്.
Click here for more info
കേരളത്തിലെ ഏറ്റവും ലൈംഗീക ദാരിദ്ര്യമുള്ള മനുഷ്യരെ കാണണമെന്നുള്ളവർ ഫേസ്ബുക്കിലെ ഏതെങ്കിലും ഓൺലൈൻ മീഡിയ പേജ് ലെ ഒരു പോസ്റ്റിന്റെ കമന്റ് ബോക്സ് നോക്കിയാൽ മതിയാവും. അതിൽ എന്ത് സുഖം കിട്ടിയിട്ടാണെന്നറിയില്ല, ഇത് കൺട്രോൾ ചെയ്യുന്നവർ അതിനനുസരിച്ചുള്ള ഉള്ളടക്കങ്ങൾ അതിൽ അവർക്ക് ഇട്ടു കൊടുക്കുന്നതായി കാണാം.
ഉദാ: *ന്യൂസ് (ഒറിജിനൽ)*: യൂണിവേഴ്സിറ്റി തല മോഹിനിയാട്ടം ഒന്നാംസ്ഥാനം നേടിയ വിദ്യാർത്ഥിനി , കോളേജിൽ തിരിച്ചെത്തി തന്റെ ഡാൻസ് ടീച്ചറെ അനുഗ്രഹത്തിനായി കാൽക്കൽ വീണു പൊട്ടിക്കരഞ്ഞു"
സോഷ്യൽമീഡിയ ഓൺലൈൻ ന്യൂസ്‌പോർട്ടൽ ഹെഡിങ്*: "യൂണിവേഴ്സിറ്റി കലാമേളയിൽ മോഹിനായാട്ടം ഒന്നാംറാങ്കുകാരി കോളേജിൽ തിരിച്ചെത്തി ഡാൻസെമാസ്റ്ററുടെ റൂമിൽ കേറി ചെയ്‌തതുകണ്ടാൽ നിങ്ങൾ ഞെട്ടും!! കാണാനായി ഒരു ലിങ്കും..ഇത് തുറന്നാൽ കാണുന്നത് ആദ്യം പറഞ്ഞ രംഗവും.
ഒന്ന് യാഥാർഥ്യത്തിലുള്ള വാർത്ത, മറ്റൊന്ന്, ഭൂരിപക്ഷം വരുന്ന ഗോത്രീയ മനോരോഗികളെ ആകർഷിക്കാനായി.. ശേഷം തന്റെ കമന്റ് ബോക്സിൽ വരുന്ന അറപ്പുളവാക്കുന്ന കമെന്റുകൾ കണ്ടാൽ! ഈ ന്യൂസ് കൊടുക്കുന്നവർ എങ്ങനെയെങ്കിലും ഈ വിഡ്ഢികൾ ഇതൊന്നു തുറന്നു വായിച്ച് തനിക്കൊരു വരുമാനം ഉണ്ടാക്കാനാണെങ്കിൽ, ഇവിടെ ഫലം നേരെ വിപരീതം. തന്റെ വീട്ടുകാരോടും നാട്ടുകാരോടും പറയാനും ചെയ്യാനും തീർക്കാനും പറ്റാത്തതിന്റെ രോഷം, അമർഷം എല്ലാം അവർ വന്നു ഇതിൽ തീർക്കും. വാർത്തകൾ സത്യമാണോ എന്നുപോലും അറിയേണ്ട ആവശ്യമില്ല അവർക്ക്.
എന്നെ ഏറ്റവും ചിരിപ്പിക്കുകയും അതുപോലെ അത്ഭുതപ്പെടുത്തുകയും ചെയ്ത ഒരു രംഗം , ഇതുപോലൊരു ഓൺലൈൻ മീഡിയ പേജിൽ ആരെയോ കുറ്റപ്പെടുത്തി ക്യാപ്ഷൻ കൊടുത്ത പോസ്റ്റിൽ ഈ കൂട്ടങ്ങൾ സത്യമെന്താണെന്നുകൂടി അറിയാതെ കേറി മെഴുകുമ്പോൾ, ഒരുത്തന്റെ കമന്റ്: "ഹാവൂ, ക്യാപ്ഷൻ വായിച്ച് നാല് പച്ചത്തെറി കമെന്റ് ഇടാൻ വരുവായിരുന്നു , ഇപ്പോൾ ഇതിലെ കമെന്റുകൾ(തെറി) കണ്ടപ്പോൾ ഒത്തിരി സന്തോഷമായി സുഹൃത്തുക്കളെ,ഒരുപാട് നന്ദി" !
ഇവിടെ ശെരിക്കും മീഡിയ ആണോ അതോ അവർ വിരിക്കുന്ന വലയിൽ സ്വയം ചാടി വികാരപ്രകടനം നടത്തുന്ന ഒരു വലിയ ഭൂരിപക്ഷമാണോ കുറ്റക്കാർ ? നമ്മുടെ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളും നിരാശകളും തീർക്കേണ്ട സ്ഥലമാണോ സോഷ്യൽ മീഡിയ ? ഈ ലോകത്തു മനുഷ്യൻ കണ്ടുപിടിച്ച എന്തും ബോധപൂർവം ഉപയോഗിച്ചാൽ അതെന്നന്നേക്കും മാനവരാശിക്ക് ഗുണകരമായതാണെന്നു ഞാൻ ഇന്നും വിശ്വസിക്കുന്നു, അത് ആണവായുധങ്ങളായാലും ശരി, ഓൺലൈൻ മീഡിയ പേജുകൾ ആയാലും ശരി. വർത്തമാന കേരളത്തിൽ, ഓൺലൈൻ വാർത്ത മീഡിയകളെക്കാളും മാനസികാരോഗ്യ സംഘടനാ ഗ്രൂപ്പുകളും, അതുമായി ബന്ധപ്പെട്ട സപ്പോർട്ടുമാണ് ഇങ്ങനെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ നമുക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സംഭാവന. ആശയദാരിദ്ര്യവും ലൈംഗീകദാരിദ്ര്യവും നാടിനും മനുഷ്യനും ഒരുപോലെ ആപത്തും, അത് എന്നെന്നും ഈ സമൂഹത്തെ പിന്നോട്ട് നയിക്കുന്ന കടിഞ്ഞാൺ ആണെന്നുമോർമ്മിപ്പിച്ചുകൊള്ളുന്നു.
AseemAshraf