മതപഠനവും മതത്തെക്കുറിച്ചുള്ള പഠനവും
''Who is Jesus Christ?''
ക്രൈസ്തവ നാമധാരിയായ വിദ്യാർത്ഥിയായി ഞാൻ മാത്രം പഠിക്കുന്ന ഒരു ക്ളാസ്സിൽ, തീവ്ര ക്രിസ്ത്യൻ വിശ്വാസിയായ ഒരു അദ്ധ്യാപകൻ, (പഠന വിഷയത്തിനു പുറത്തുള്ള സംസാരത്തിനിടയിൽ), എന്നോടു ചോദിച്ച ചോദ്യമാണ് ഇത്.
''He is known as the founder of christianity''- എന്ന എന്റെ ഉത്തരം അദ്ദേഹത്തെ വളരെയധികം വിഷമിപ്പിച്ചു. 'വിജാതീയരായ' മറ്റു വിദ്യാർത്ഥികൾക്കു മുമ്പിൽ എന്റെ പിൻതുണയോടെ ഏകദൈവമായ ക്രിസ്തുവിനു സാക്ഷ്യം വഹിക്കാനും അതുവഴി സ്വർഗ്ഗത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കാനും അദ്ദേഹം തുറന്ന വഴിയാണ് എന്റെ ഉത്തരം വഴി അടഞ്ഞത്. എന്തായാലും ക്രിസ്തു അങ്ങനെ ഒരു സാദാ മതസ്ഥാപകനല്ലെന്നും ദൈവമാണെന്നും ഒക്കെ പറഞ്ഞ് അദ്ദേഹം പഠന വിഷയങ്ങളിലേക്കു തിരിച്ചു വന്നു.
Click here for more info
ആ അദ്ധ്യാപകന്റെ വിഷമം ഏറ്റവും എളുപ്പം മനസ്സിലായ വിദ്യാർത്ഥിയും ഞാൻ തന്നെയായിരിക്കാം. കട്ട ക്രിസ്ത്യൻ വിശ്വാസി ആയിരുന്ന ബാല്യകാലത്ത്, സ്കൂളിലെ സാമൂഹ്യപാഠ പുസ്തകത്തിൽ (ക്രിസ്തുമതത്തെ പറ്റി പഠിച്ചപ്പോൾ), 'ക്രിസ്തു മരണശേഷം ഉയർത്തെഴുന്നേറ്റതായി വിശ്വസക്കപ്പെടുന്നു' - എന്നു വായിച്ച ഞാൻ അനുഭവിച്ച അതേ വിഷമമായിരിക്കും ആ അദ്ധ്യാപകനും അനുഭവിച്ചത്. അന്നു ഞാൻ സത്യമെന്നു വിശ്വസിച്ച കഥയെ ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസമായി വിലയിരുത്തപ്പെട്ടപ്പോഴുള്ള വിഷമം, ആ പുസ്തകം എഴുതിയവനോടും അതു പഠിപ്പിച്ച അദ്ധ്യാപകനോടും ഉള്ള എന്റെ വെറുപ്പായി മാറിയതു തികച്ചും സ്വാഭാവികം മാത്രമായിരുന്നു..
Click here for purchase
എന്താണ് മത പഠനവും മതത്തെ കുറിച്ചുള്ള പഠനവും തമ്മിലുള്ള വ്യത്യാസം?
''ക്രിസ്തു മരണശേഷം സത്യമായും ഉയർത്തെഴുന്നേറ്റു'' എന്നും ''Jesus is God'' എന്നും പഠിപ്പിക്കുന്നതാണ് മതപഠനം.
''ക്രിസ്തു മരണശേഷം ഉയർത്തെഴുന്നേറ്റതായി വിശ്വസിക്കപ്പെടുന്നു'' എന്നും ''Jesus is known as the founder of christianity'' എന്നും പഠിപ്പിക്കുന്നതാണ് മതത്തെ കുറിച്ചുള്ള പഠനം. മതത്തെ കുറിച്ചുള്ള പഠനം സാമൂഹ്യ പാഠത്തിന്റെ ഭാഗമാണ്. ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തിയതു സ്കൂളുകളിലെ മതപഠനത്തിനു മാത്രമാണ്. മതത്തെ കുറിച്ചുള്ള പഠനത്തിനല്ല. സാദിഖലി തങ്ങൾ ആവശ്യപ്പെടുന്നതു പോലെ സ്കൂളിൽ മതങ്ങളെ കുറിച്ചുള്ള അറിവു പകരുന്നതിന് യാതൊരു തടസ്സവും ഇല്ല. അത് മതങ്ങളെയെല്ലാം പുറത്തു നിന്നു കാണുന്ന ഒരു നിരീക്ഷകന്റെ വീക്ഷണമായാണ്. അല്ലാതെ ഏതെങ്കിലും വിശ്വാസം ശരിയാണെന്നു പറയുന്ന വിശ്വാസിയുടെ വീക്ഷണമായല്ല.
Anup Issac
ശ്രീ അനൂപ് ഐസക്കിന്റെ ലേഖനങ്ങൾ വായിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക