Saturday, November 09, 2024

ശബരിനാഥ് എന്ന ജാതീയ കോമരം

ജാതീയമായ ഭിന്നത നമ്മുടെ രാജ്യത്തെ സംബന്ധിച്ച് വലിയ ഒരു കളങ്കമായി മുന്നിലുണ്ട് എന്നത് സത്യം തന്നെയാണ്. എത്രത്തോളം പുരോഗമിച്ചു എന്ന ചോദ്യത്തിന്മേൽ ശാസ്ത്രീയമായ പരിഷ്കരണവും, ബഹിരാകാശ പര്യവേഷണവുമൊക്കെ എടുത്ത് നിരത്തിയാൽ അവയെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ് ഇന്നും ഇന്ത്യൻ ജനതയുടെ ഉള്ളിൽ സംപൂർണ ആരോഗ്യവാനായി നിൽക്കുന്ന ഭിന്നിപ്പിന്റെ രാഷ്ട്രീയമായ ജാതി.

മധ്യപ്രദേശിൽ ഒരു മനുഷ്യന്റെ മേൽ മൂത്രമൊഴിച്ച് തന്റെ സവർണ വർഗബോധത്തിന്റെ വെറി പങ്കിട്ട ഒരു ജാതി രാക്ഷസനെ ഈ അടുത്തകാലങ്ങളിൽ നാം കണ്ടതാണ്. ഓരോ വിഷയങ്ങൾ ഇത്തരുണം നടക്കുമ്പോൾ മലയാളിക്ക് ഇത്തരം വൈകൃതമില്ല എന്നും, പുരോഗമന സമൂഹത്തിൻന്റെ ഉദാത്തമായ ഉദാഹരണമാണ് മലയാളിയെന്നും ആരൊക്കെയോ നമ്മളെ പഠിപ്പിക്കാൻ അല്ലെങ്കിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്നത് സത്യം.

ചെവിയിൽ പൂടയുള്ള സവർണ്ണനെന്ന വിശേഷണം ഒളിവിൽ പങ്കുവെച്ച് അപ്പോഴും നമ്മുടെ അമ്മാവന്മാർ ജാതീയ ഉച്ചനീചത്വമൊക്കെ വൃത്തിയിൽ കൊണ്ടുനടക്കുന്നു എന്നത് സത്യം. യുവ തലമുറ പരിഷ്കരിക്കപ്പെടും എന്ന ചിന്തയിൽ സെക്കുലറായ മനുഷ്യർ ഭാവിയിലേക്ക് പ്രതീക്ഷ വെക്കുമ്പോൾ, അവയെ തകിടം മറിച്ചുകൊണ്ടാണ് നവ സമൂഹത്തിന്റെ ചെയ്തികൾ പുറത്തു വരുന്നത്. "നവ സമൂഹം" എന്ന വാക്ക് ഞങ്ങൾ ഇവിടെ ഉപയോഗിച്ചത് ആകെവത്കരിച്ച് തന്നെയാണ്. ഇവിടെ ആകെ വത്കരണം യോജിക്കുന്നില്ല എന്ന വാദം ഉന്നയിക്കാൻ ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ ഈ ആർട്ടിക്കിളിൽ ഉൾപ്പെടുന്ന വിഷയത്തിലെ നവ ജാതി രക്ഷസായ ശബരിനാഥിനെപ്പോലുള്ളവരോട് ഈ നവ സമൂഹം മറുപടി പറയണം. ചുവടെയുള്ള വീഡിയോ ഒന്ന് ശ്രദ്ധിക്കുക.

ആ വീഡിയോയിൽ ഒരു പച്ച മനുഷ്യനോട് ഇത്രയും വെറുപ്പ് പേറി സംസാരിക്കുന്നത്, പച്ച തെറി പറയുന്നത് വിസ്മയ വസന്തമായ ചെവിയിൽ പൂടയുള്ള കേശവൻമാമൻ അല്ല. ഈ ആധുനികതയിൽ നമുക്കൊപ്പം ജീവിക്കുന്ന നെയ്യാറ്റിൻകര സ്വദേശിയായ ശബരിനാഥ് എന്ന യുവാവാണ്.

profile

ഇത്തരം വെറുപ്പ് പ്രകടിപ്പിക്കൽ പോലും ഒറ്റപ്പെട്ട സംഭവം അല്ലാതിരിക്കെ, കേരളത്തിന്റെ നവതലമുറ പുരോഗമന വസന്തം ചൊരിയുമെന്നൊക്കെ പ്രതീക്ഷിക്കാൻ വകയുണ്ടോ ? വിഡിയോയിൽ വെറുപ്പ് അതിന്റെ ഉച്ചസ്ഥായിയിൽ തന്നെ പ്രകടിപ്പിക്കുന്ന ശബരിനാഥ് ഏതെങ്കിലും തരത്തിൽ മധ്യപ്രദേശിലെ സവർണബോധത്തിന്റെ അസഹിഷ്ണുത മൂത്രമായി മനുഷ്യന്റെ മേൽ ചൊരിഞ്ഞ ആ ജാതിക്കോമരത്തിൽ നിന്നും വ്യത്യസ്ഥനാണോ ?

നിയമത്തിന്റെ നൂലാമാലകൾ കാരണം ഒരു ജാമ്യമില്ലാ കുറ്റമല്ല ശബരിനാഥിന്റെ ഈ പ്രവൃത്തി. നമ്മുടെ നിയമത്തിൽ പൊതുസമൂഹ മദ്ധ്യേ ജാതീയ അവഹേളനം നടത്തിയാൽ മാത്രമേ ജാമ്യമില്ലാ വ്യവസ്ഥകളാൽ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയൂ എന്ന പഴുതുകൾ ശബരിനാഥിനെപ്പോലുള്ളവർ ഉപയോഗപ്പെടുത്തുകയാണ്.

ഈ വിഷയം നടന്ന സമയത്ത് ശബരിനാഥ് തന്റെ മനസ്സിലെ ജാതീയമായ വെറുപ്പ് അസഭ്യവർഷത്തിന്റെ അകമ്പടിയോടെ ചൊരിയുമ്പോൾ, ഈ ഗോത്രീയ വ്യവസ്ഥിതികൾ കെട്ടിപ്പടുത്ത പൊതുബോധത്തിനുള്ളിൽ നിന്ന് ഈ വെറുപ്പിനിരയായ വ്യക്തി എത്രത്തോളം തകർന്ന മാനസിക നിലയിലായിരുന്നിരിക്കണം എന്നത് പരിഗണിക്കാൻ ഇവിടെ ഒരു നിയമമില്ലെങ്കിൽ നാം എന്തിന് ഇവിടുത്തെ നിയമ വ്യവസ്ഥിതിയെ ബഹുമാനിക്കണം ?.

ശബരിനാഥിന്റെ ഈ ജാതീയ വെറുപ്പിന് ഇരയായ വ്യക്തി നിയമസംവിധാനത്തെ ആശ്രയിച്ചപ്പോൾ അതിലെ പഴുതുകൾ ചൂണ്ടിക്കാട്ടി നിരുത്സാഹപ്പെടുത്തുകയാണ് നമ്പർ വൺ കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ ചെയ്തത്. പിൻതിരിയാതെ മുന്നോട്ട് എന്ന നിലപാടെടുത്ത വെറുപ്പിനിരയായ വ്യക്തി, പരാതി സമർപ്പിച്ച് രസീത് കൈപ്പറ്റിയെങ്കിലും അതിന്മേൽ നിയമസംവിധാനത്തിന്റെ യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.

ശബരിനാഥ് വർഷിച്ച അശ്ലീല അകമ്പടിയോടു കൂടിയ ജാതീയ വിദ്വേഷത്തിനെതിരെ യുക്തിവാദിയും കക്ഷി ചേർന്നുകൊണ്ട് സംസ്ഥാന മുഖ്യമന്ത്രിക്ക് മുൻപാകെ പുതിയ ഒരു പരാതി നൽകി മുന്നോട്ട് പോകുവാനാണ് തീരുമാനിക്കുന്നത്. അതിനായി വളരെ ന്യൂനമെങ്കിലും മാനവികതയുടെ പാതയിൽ സഞ്ചരിക്കുന്ന പരിഷ്കരണ ബോധമുള്ള ഓരോ ആധുനിക മനുഷ്യരും നമുക്കൊപ്പമുണ്ടാകും എന്ന ഉറച്ച വിശ്വാസമാണ് പിൻബലം.

ശബരിനാഥിനെപ്പറ്റി അന്വേഷിക്കുന്ന സമയത്ത് സ്കൂളിൽ സഹപാഠികൾക്കൊപ്പം ആഹാരം പങ്കിട്ട് കഴിക്കുന്നതിൽ വരെ അസ്വസ്ഥതയും, വിമുഖതയും കാട്ടിയിരുന്നു എന്നാണ് ശബരിയെ അടുത്തറിയാവുന്നവർ ഞങ്ങളോട് പങ്കിട്ടത്. അവർക്ക് മുഖ്യധാരയിലേക്ക് വരാൻ ബുദ്ധിമുട്ടുള്ളതിനാൽ അത്തരം കാര്യങ്ങളുടെ വിഷാദശാംശത്തിലേക്ക് കടക്കുന്നില്ല.


ശബരിയുടെ അശ്ളീല അകമ്പടിയോടെയുള്ള വിദ്വേഷത്തിന് ഇരയായ വ്യക്തി സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പാണ് ചുവടെ..

 

"പല സോഷ്യൽ media platform ലും ജാതി സംവരണം എന്തിനു വേണ്ടി എന്ന tag line ൽ ഒരുപാടു ചർച്ചകളും സംവാദങ്ങളും കണ്ടിട്ടുണ്ട്.. പക്ഷെ ഇത്രയും തരംതാഴ്ന്ന രീതിയിൽ, ഒത്തിരി പുരോഗമനം പിന്തുടരുന്ന നമ്മുടെ ഈ നാട്ടിൽ ഇന്നും, ഈ പുതിയ തലമുറയും താഴ്ന്ന ജാതിയിൽ എന്ന് അവർ വിശേഷിപ്പിക്കുന്നവരെ അങ്ങേ അറ്റം വെറുപ്പോടെ അറപ്പോടെ കാണുന്നു. അതിനുമാത്രം എന്ത് തെറ്റാണു ഞങ്ങൾ നിങ്ങളോട് ചെയ്തതെന്നുകൂടി വ്യക്തമാക്കണം..
ഈ നാട്ടിലെ ഉന്നതകുലജാഥനാണെന്ന് സ്വയം അവകാശപ്പെടുന്നവനിൽനിന്നും എനിക്കുണ്ടായ ഒരു ദുരനുഭവം ഇവിടെ പങ്കുവെക്കുന്നു .. സംവരണം എന്നത് എടുത്തുമാറ്റി എല്ലാവരുന്ന ഒന്നാവുകതന്നെ വേണം.. ഒരിക്കൽ അത് സംഭവിക്കുന്നത് സ്വപ്നം കാണുകയും ചെയ്യുന്ന വ്യക്തിയാണ് ഞാനും.. പക്ഷെ അതിനുള്ള സമയം ഇന്ന്വരെയും എത്തിയിട്ടില്ല എന്നുള്ളതിന് വ്യക്തമായ ഉദാഹരണമായും ഇതിനെ കാണേണ്ടതുണ്ട്. അയാൾ എന്നോട് സംവരണം വേണ്ടെന്ന് പറയുന്നതിനോടൊപ്പം താഴ്ന്നവർ എന്നും താഴ്ന്നുതന്നെ നിൽക്കണമെന്നും അവൻ എന്നെ ഓർമിപ്പിച്ചു... പണ്ട് പാടത്തു സവർണരുടെ മുമ്പിൽ കുനിഞ്ഞു നിന്നിട്ടുള്ളത്കൊണ്ട് ഇനിയും അത് തുടരണമെന്നും അവൻ പറയുന്നു.
അവൻ എനിക്ക് പേർസണൽ മെസ്സേജ് അയക്കാനുണ്ടായ സാഹചര്യം ഇങ്ങനെ.

തിരുവനന്തപുരം കൊട്ടാരത്തിലെ Mrs. ലക്ഷ്മി ഭായി madam "ആർത്താവമുള്ള സ്ത്രീകൾ ചെടിയിൽ വെള്ളമൊഴിച്ചാൽ ആ ചെടികൾ കരിഞ്ഞു പോകുമെന്ന്" ഒരു interview ൽ പറഞ്ഞത് ഓർമയുണ്ടാകുമല്ലോ... അതിനെ സംബന്ധിക്കുന്ന ചർച്ചയുടെ ഒരു ഭാഗം ഇൻസ്റ്റാഗ്രാം reels ൽ വരുകയുണ്ടായി... ആ റീൽസിന്റെ കമന്റ്‌ സെക്ഷനിൽ അവർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തേക്കാൾ കൂടുതൽ ജാതിയും സംവരണവുമായിരുന്നു പ്രധാന ചർച്ചവിഷയം... അതിൽ സംവരണം എന്നത് ഭരണഘടനാ പ്രകാരമാണെന്നും അത് ആരുടേയും ഔധാര്യമല്ലെന്നും ഞാനും അഭിപ്രായപെട്ടു... അതിനു ശേഷം എന്റെ inbox ൽ Sabarinath R S എന്ന അക്കൗണ്ടിൽനിന്നും വിളിച്ച തെറിയും തികച്ചും ജാതി അധിക്ഷേപവുമാണ് ഇത്. ഇത്ര തീവ്രമായി ഇന്നത്തെ പുതു തലമുറ പോലും ജാതിയെയും രാജാവാഴ്ചയെയുമൊക്കെ അലങ്കാരമായി കൊണ്ട് നടക്കുന്നു എന്നുള്ളത് സാക്ഷരകേരളത്തിന് തികച്ചും അപമാനകരമാണ്... ഇന്ന് രാജഭരണമായിരുന്നെങ്കിൽ ഇവനൊന്നും ഞങ്ങളെ ഈ നാട്ടിൽ ജീവിക്കാൻ അനുവതിക്കില്ലായിരുന്നു എന്ന് വ്യക്തമാണ്.. ഇതിനെ സംബന്ധിക്കുന്ന പരാതി പോലീസ് സ്റ്റേഷനിൽ നൽകിയിട്ടും അതിനെതിരെ ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ ഇത് ഞാനിവിടെ പോസ്റ്റ്‌ ചെയ്യുന്നു..

ആ സമയം Screen record ൽ സൗണ്ട് കിട്ടാത്തതുകൊണ്ട് ഞാൻ മറ്റൊരു ഫോണിൽ നിന്നും വീഡിയോ എടുക്കുകയാണ് ചെയ്തത്.

എന്റെ അന്വേഷണത്തിൽ ഇവന്റെ പേര് Sabarinath R S. തിരുവനന്തപുരം ബാലരാമപുരം കൊല്ലംകോണം പയറ്റുവിള സ്വദേശിയാണെന്നാണ്.. തികച്ചും നിയമപരമായി മുന്നോട്ടുപോകാനാണ് ഞാൻ ആഗ്രഹിച്ചത്.. മനസ്സിൽ ഇത്രയും വിഷം നിറച്ചുള്ള ഇയാളുടെ ജീവിതത്തിൽ നമ്മളെപോലുള്ള പലരും കടന്നുപോകുന്നുണ്ടാകും.. അവരെയെല്ലാം ഇവൻ ഈ ചിന്താഗതിയോടുകൂടിയാണ് കാണുന്നതെനന്നും നിങ്ങൾ അവനുവേണ്ടിചെയ്യുന്ന എന്ത് സഹായവും അവൻ താഴ്ന്ന ജാതി ഉയർന്ന ജാതി എന്ന് വേർതിരിക്കുമെന്നുമുള്ള തിരിച്ചറിവ് നിങ്ങൾ ഓരോരുത്തർക്കും ഉണ്ടാകാൻ വേണ്ടിയാണു ഈ വീഡിയോ ഞാൻ upload ചെയ്യുന്നത്.. അല്ലാതെ ഈ വീഡിയോ ഇവനെപ്പോലുള്ളവരുടെ ഇടയിൽ ഒരു മാറ്റവും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല..."

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.