ഗാഡ്ഗിലിന്റെ ബൈബിൾ
കുറച്ചധികം വർഷങ്ങളായി കേരളത്തിലെ പരിസ്ഥിതിപ്രവർത്തകരുടെ കാണപ്പെട്ട ദൈവമാണ് മാധവ് ഗാഡ്ഗിൽ. ഇദ്ദേഹത്തിന്റെ അധ്യക്ഷതയിൽ പശ്ചിമഘട്ടപരിസ്ഥിതി വിദഗ്ധ സമിതി (WGEEP) തയ്യാറാക്കിയ Western ghat environmental report അഥവാ ഗാഡ്‌ഗിൽ റിപ്പോർട്ട് ഇവരുടെ ബൈബിൾ ആണ്. ഗാഡ്‌ഗിൽ റിപ്പോർട്ടിനെ സയന്റിഫിക് ആയും അതിന്റെ സാമൂഹിക ഇടപെടലുകളുമായി തരംതിരിച്ചു പഠിക്കേണ്ടതുണ്ട്. ഉപരിപ്ലവമായ പരിസ്ഥിതിബോധ്യങ്ങളും മധ്യവർഗ പരിസ്ഥിതി ജാഡകളും ശാസ്ത്രീയ സാക്ഷരതപോലുമില്ലാത്ത സോ കോൾഡ് പരിസ്ഥിതി ഇവാഞ്ജലിസ്റ്റുകളും ചേർന്ന് ഒരു ജനതയെ ഒറ്റുകൊടുക്കുന്നതെങ്ങനെ എന്നതിന് തെളിവായിട്ടാണ് ഗാഡ്‌ഗിൽ റിപ്പോർട്ട് പൊക്കിപ്പിടിച്ചുകൊണ്ടു മലയോരത്തെ കർഷകരെയും തൊഴിലാളികളെയും വേട്ടയാടുന്നത്.
ഗാഡ്‌ഗിൽ ഭക്തരുടെ എല്ലാക്കാലത്തും ഉള്ള ആരോപണങ്ങൾ ഒരേ പാറ്റേണിൽ ഉള്ളവയാണ്. തീവ്ര വൈകാരിക പ്രകടനങ്ങൾ മാറ്റി നിർത്തിയാൽ ഇവയോരോന്നിലും എത്രത്തോളം സത്യമുണ്ടെന്നു നോക്കാം. ഒരു ശരാശരി ഗാഡ്‌ഗിൽ ഭക്തന്റെ ഓപ്പണിംഗ് സ്റേറ്റ്‌മെന്റ് മലയാളികളുടെ പാരിസ്ഥിതിക അവബോധത്തെ പരിതപിച്ചുകൊണ്ടായിരിക്കും. പരിസ്ഥിതിയെ മുഴുവനും മലയാളി നശിപ്പിച്ചു, പശ്ചിമഘട്ടത്തെ കാർന്നുതിന്നു തുടങ്ങിയ സ്ഥിരപല്ലവികൾ കേൾക്കാം. ഇതിന്റെ സത്യാവസ്ഥ എന്താണ് ?.
2019ൽ കേന്ദ്ര വനംവകുപ്പ് അവരുടെ ദ്വൈവാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇൻഡ്യയിലെ ഓരോ സംസ്ഥാനവും പ്രത്യേകമായിട്ടെടുത്ത് വനഭൂമി, ഫോറസ്റ്റ് കവർ, കാർബൺ ഡെപ്പോസിറ്റ് എന്നിവ GIS സാങ്കേതികവിദ്യ ഉപയോഗിച്ചും ഫീൽഡ് വർക്ക് നടത്തിയും കണ്ടെത്തി അതിൽ കൊടുത്തിട്ടുണ്ട്. കേരളത്തിന്റെ ഫോറസ്റ്റ് കവർ 54% മാണ് . ടോട്ടൽ റിസർവ് ഫോറസ്റ്റ് ആകെ ജോഗ്രഫിക്കൽ എരിയയുടെ 30% മാണ് . 2019 ലെ റിപ്പോർട്ട് പ്രകാരം മുൻപത്തിനെയപേക്ഷിച്ച് 823 ച.കി.മി വർധനവാണ് നമ്മൾ ഉണ്ടാക്കിയിട്ടുള്ളത് (INDIA STATE OF FOREST REPORT 2019 ( VOL 2 KERALA- p133).
ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ളൊരു സംസ്ഥാനമാണ് കേരളം (860/sq km) എന്നുകൂടി ഓർക്കേണ്ടതുണ്ട്. ഗാഡ്‌ഗിൽ റിപ്പോർട്ടിൽ കേരളത്തിലെ പശ്ചിമഘട്ട മേഖലയിൽ 90% ഫോറസ്റ്റ് കവർ ഉണ്ടെന്നു സാക്ഷ്യം പറഞ്ഞിട്ടുമുണ്ട് കേട്ടോ.. 50 ലക്ഷം മനുഷ്യർ ജീവിക്കുന്നയിടമാണ്.
പരിസ്ഥിതിവാദികൾ നാഴികയ്‌ക്ക് നൽപ്പതുവട്ടം പശ്ചിമഘട്ടം തകർന്ന് തരിപ്പണമായി എന്നു നിലവിളിക്കുന്ന സ്ഥലമാണ് 93% ഫോറസ്റ്റ് കവർ ഉള്ളയിടമായി ഗാഡ്‌ഗിൽ പറയുന്നത് (പശ്ചിമഘട്ട സമിതി റിപ്പോർട്ട് -2011 p8). വാദത്തിനു വേണ്ടി ഫോറസ്റ്റ് കവർ എന്നത് സ്വാഭാവിക വനമല്ല മരങ്ങളുടെ ആവരണം മാത്രമാണ് എന്നു സമ്മതിക്കുകയാണെങ്കിൽപ്പോലും 30% റിസർവ് ഫോറസ്റ്റ് ശുദ്ധമായ വനപ്രദേശം തന്നെയാണെന്നതിൽ സംശയമൊന്നുമില്ലല്ലോ അല്ലെ ?. വെക്കാവുന്നിടത്തോളം മരങ്ങൾ വെച്ചുപിടിപ്പിക്കലാണ് ആഗോളതാപനം തടയാനുള്ള ഏകവഴി എന്നുപറയുന്ന അതേ നാവുകൊണ്ടാണ് ഫോറസ്റ്റ് കവർ കൂടുന്നതുകൊണ്ടു ഗുണമില്ലെന്ന സിദ്ധാന്തവും ഇറക്കുന്നത്.
സമീപകാലത്തായി ലോകമാകമാനം പരിസ്ഥിതിസൗഹാർദ്ദ രീതികളിലേക്ക് മാറുകയാണ്. നമ്മൾ പോലും അറിയാതെ നമ്മൾ അതിന്റെ ഭാഗമാവുകയാണ്. 50 വർഷം മുൻപ് ഒരു വീടുണ്ടാക്കണമെങ്കിൽ എത്ര ക്യുബിക് അടി മരം ഉപയോഗിക്കണമായിരുന്നു?. റെയിൽവെപ്പാളങ്ങൾ നിർമിക്കാനും പാലങ്ങൾ, ഗവണ്മെന്റ് കെട്ടിടങ്ങൾ, വീടുകളിലെ അടുപ്പിൽ ഉപയോഗിക്കുന്ന വിറകുവരെ നമ്മൾ മരങ്ങളിൽ നിന്നുമാണ് കണ്ടെത്തിയത്. ഇന്നത്തെ നിലയിൽ അങ്ങനെയുള്ള ഉപയോഗങ്ങളൊന്നും മരങ്ങൾക്കില്ല. കാറുകൾ പുറംതള്ളിയിരുന്ന വിഷവാതകങ്ങളുടെ അളവിൽ 20 മുതൽ 50 മടങ്ങ് കുറവാണ് നമ്മൾ 20 വർഷംകൊണ്ട് ഉണ്ടാക്കിയിരിക്കുന്നത് (Click here For ref/-). അങ്ങനെ ഏതൊരു രംഗം എടുത്തുനോക്കിയാലും കൂടുതൽ പരിസ്ഥിതി സൗഹാർദ്ദപരമായ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. അതൊരു കാലഘട്ടത്തിന്റെ ആവശ്യവുമാണ്
പശ്ചിമഘട്ട സമിതി റിപ്പോർട്ട് -2011 p 10 ൽ ഗാഡ്‌ഗിൽ തന്നെ പറയുന്നുണ്ട് മാറിയ സാഹചര്യങ്ങളും ഉപഭോഗരീതികളും മരത്തിന്റെ ഉപയോഗം ഗണ്യമായി കുറച്ചിട്ടുണ്ട് എന്ന്. അതുകൂടാതെ മനുഷ്യരുടെ ഇന്ധന ഉപയോഗം മാത്രം എടുത്തുനോക്കിയാൽ വ്യാവസായിക വിപ്ലവാനന്തരം യൂണിറ്റ് എനർജി ഉൽപ്പാദിപ്പിക്കുന്നതിനുള്ള ചിലവ് ഗണ്യമായി കുറഞ്ഞിരിക്കുന്നത് കാണാം. ഇതിനുള്ള ഒരു കാരണം കൂടുതൽ ഊർജം അടങ്ങിയ ഇന്ധനങ്ങളിലേക്ക് നമ്മൾ പടിപടിയായി നടന്നുകയറി എന്നതാണ് വിറക്-കൽക്കരി-പാചകവാതകം എന്ന രീതിയിൽ ഉപയോഗം മാറിയപ്പോൾ അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗവും സ്വാഭാവികമായും കുറഞ്ഞു. കഴിഞ്ഞ അരനൂറ്റാണ്ടായി കാർബൺ ഇന്റൻസിറ്റി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. Global carbon project , Nov 14 2016 , Ref/-
എന്നാൽ കേരളത്തിലെ പരിസ്ഥിതിവാദികളും മാധ്യമങ്ങളും അതൊന്നും കാണാൻ ശ്രമിക്കാറില്ല. തങ്ങൾക്ക് പണിയില്ലാതായിപ്പോകും എന്നതിന്റെ ഭയമോ കാണാതെ പഠിച്ചു ഹൈസ്‌കൂൾ ക്ലാസുകളിൽ ശർദ്ദിച്ച എസ്സേകൾ തെറ്റായിരുന്നു എന്നു സമ്മതിക്കാനുള്ള ജാള്യതയോ ജഢത്വമോ മൂലം അവർ ഗാഡ്ഗിലിനെ വീണ്ടും അവതരിപ്പിക്കും. ശാന്തിവനം കേരളത്തിന്റെ ആമസോൺ ആണെന്ന് പറയും.
വിമർശിക്കുന്നവർ റിപ്പോർട്ട് പഠിച്ചിട്ടില്ല എന്നാണ് അടുത്ത സീരിയസ് ആരോപണം. സത്യത്തിൽ ഓരോതവണയും പ്രതിരോധങ്ങൾ വേണ്ടിവരുമ്പോൾ വീണ്ടും വീണ്ടും ഈ സാധനം വായിക്കേണ്ട ഗതികേടിലാണ് മലയോരത്തെ ജനങ്ങൾ. ജനങ്ങളെ മാറ്റിപ്പർപ്പിക്കണം എന്നോ കർഷകരെ കുടിയിറക്കണം എന്നോ ഗാഡ്‌ഗിൽ പറഞ്ഞിട്ടില്ല എന്നതാണ് കണ്ടുപിടുത്തം. അതു പറയേണ്ട കാര്യമില്ല റിപ്പോർട്ടിലെ ചില നിദേശങ്ങൾ താഴെക്കൊടുക്കുന്നു. ജനങ്ങൾ ഓട്ടോമാറ്റിക്കായി ഇറങ്ങിപ്പോകുമോ ഇല്ലയോ എന്ന് വായനക്കാർ തീരുമാനിക്കട്ടെ.
1. Z1,Z2 ൽ പ്രത്യേക ബിൽഡിംഗ് കോഡ് നിലവിൽ വരും. സിമന്റ്, മണൽ ,സ്റ്റീൽ എന്നിവ ഉപയോഗിച്ചുള്ള നിർമ്മാണപ്രവർത്തനങ്ങൾ നിയന്ത്രിക്കും. (ആരു നിയന്ത്രിക്കും? WGEA, പ്രായോഗിക തലത്തിൽ ഒരു ഗവണ്മെന്റ് സ്ഥാപനം പൗരനെ നിയന്ത്രിക്കുന്നത് നിരോധിച്ചിട്ടായിരിക്കും. വിളിച്ചുകൊണ്ടുവരാൻ പറഞ്ഞാൽ കൊന്നു കൊണ്ടുവരാൻ അധികാരമുള്ള, അപ്പീൽ കൊടുക്കാൻ കോടതിയിൽപോലും പോകാൻ കഴിയാത്ത സ്റ്റാറ്റ്യൂട്ടറി ബോഡിയുടെ നിയന്ത്രണമാണ്) (പശ്ചിമഘട്ട സമിതി റിപ്പോർട്ട് -2011 മേഖലാതല ശുപാർശകൾ p 44 )
2. ജനിതമാറ്റം വരുത്തിയ വിത്തിനങ്ങൾ പശ്ചിമഘട്ടത്തിൽ കൃഷി ചെയ്യുന്നതിന് പൂർണ നിരോധനം.. (എന്തിന് എന്ന ചോദ്യം ഇന്നും കടംകഥയാണ്) (പശ്ചിമഘട്ട സമിതി റിപ്പോർട്ട് -2011 മേഖലാതല ശുപാർശകൾ p 45 )
3. ഭൂമിയുടെ ചെരിവ് 30% ൽ കൂടുതലാണെങ്കിൽ വാർഷിക വിളവെടുപ്പ് തരുന്ന കൃഷികൾ നടത്തരുത് (z1,z2). ചേന,ചേമ്പ്,കാച്ചിൽ,കപ്പ കൃഷിയൊക്കെ പരിസ്ഥിതിവിരുദ്ധമാണ്. (പശ്ചിമഘട്ട സമിതി റിപ്പോർട്ട് -2011 മേഖലാതല ശുപാർശകൾ p 45 )
4. കളനാശിനി, കീടനാശിനി, വളം, മറ്റു കെമിക്കലുകൾ എന്നിവ z1,z2 എന്നിവിടങ്ങളിൽ ഉപയോഗിക്കരുത്. (പശ്ചിമഘട്ട സമിതി റിപ്പോർട്ട് -2011 മേഖലാതല ശുപാർശകൾ)
ഏറ്റവും അശാസ്ത്രീയമായ പ്രസ്താവനയാണിത്. മലനാടുകളിൽ കൃഷി ലാഭകരമായി നടത്തണമെങ്കിൽ വളങ്ങൾ ഉപയോഗിച്ചാൽ മാത്രമേ കഴിയുകയുള്ളൂ. ഗാഡ്ഗിൽ പ്രൊപ്പോസ് ചെയ്യുന്ന ജൈവ കൃഷി കർഷകന്റെ നടുവൊടിക്കുന്ന പരിപാടിയാണ്. മൂന്നിരട്ടിയെങ്കിലും ചിലവേറിയ, കർഷകർക്ക് മൂന്നിലൊന്നു മാത്രം വിളവുതരുന്ന കൃഷിരീതിയാണിത്. കേവല പരിസ്ഥിതിവാദം പറഞ്ഞിട്ട് മനുഷ്യരെ പട്ടിണിക്കിട്ട് കൊല്ലുന്ന പരിപാടി. ജൈവ കൃഷിയുടെ പ്രശ്നങ്ങൾ ഈ പോസ്റ്റിൽ ഡിസ്കസ് ചെയ്യുന്നില്ല. പൂർണമായും ജൈവകൃഷി ആശാസ്ത്രീയമാണെന്നു മാത്രം പറഞ്ഞുവെക്കുന്നു.
5. കന്നുകാലികൾക്ക് ഇത്രത്തോളം സന്തോഷം നൽകുന്ന മറ്റൊരു റിപ്പോർട്ട് കാണാൻ കിട്ടില്ല. അത്രയേറെ സൗകര്യങ്ങളാണ് നാടൻ (വിദേശ കന്നുകാലികളെ 'നിയന്ത്രി'ക്കും) പശുക്കൾക്കായി ഗാഡ്‌ഗിൽ നൽകുന്നത്. പശുക്കൾക്കായി പുൽമേടുകൾ, യുകാലിപ്സ് മരങ്ങൾ മുറിച്ച് കളഞ്ഞു പുൽ കൃഷി,റോഡുകളുടെ വശങ്ങളിലുള്ള പുല്ലുകൾ പശുക്കൾക്ക് നടന്നു പോകുമ്പോൾ കടിച്ചു തിന്നാനുള്ളതുകൊണ്ടു കളനാശിനികൾ ഉപയോഗിച്ചു നശിപ്പിക്കരുത് തുടങ്ങി 10ഓളം നിർദേശങ്ങളാണ് ഗാഡ്ഗിൽ മുന്നോട്ടുവെക്കുന്നത്. പശുക്കൾക്കായി സ്വിമ്മിങ് പൂളിന്റെ കുറവുമാത്രമേ ബാക്കിയുള്ളൂ. (പശ്ചിമഘട്ട സമിതി റിപ്പോർട്ട് -2011 മേഖലാതല ശുപാർശകൾ p 46)
6. വനാവകാശ നിയമത്തിന്റെ കീഴിൽ പരമ്പരാഗത സ്വത്തുടമകൾക്കുള്ള 'അവകാശങ്ങ'ൾ സംരക്ഷിക്കുക. അവകാശങ്ങൾ എന്നുവെച്ചാൽ കൃഷിസ്ഥലം വനം ആക്കിമാറ്റാനുള്ള 'അവകാശ'മാണ് ഉദ്ദേശിക്കുന്നത്. തെറ്റിദ്ധരിക്കരുത് (പശ്ചിമഘട്ട സമിതി റിപ്പോർട്ട് -2011 മേഖലാതല ശുപാർശകൾ)
7. ഇതൊക്കെക്കൊണ്ടു വന്യജീവികളുടെ ആക്രമണങ്ങൾ കൂടാൻ സാധ്യതയുണ്ട്. അതുമുന്നിൽകണ്ട്, വന്യജീവികൾ ആക്രമിച്ചാൽ നൽകാൻ വേണ്ടി ഒരു ഫണ്ട് രൂപികരിക്കുന്നതിനെപ്പറ്റി മാധവനാശാൻ പറയുന്നുണ്ട്. (പശ്ചിമഘട്ട സമിതി റിപ്പോർട്ട് -2011 മേഖലാതല ശുപാർശകൾ)
8. Z1,Z2,Z3 മേഖലകളിൽ റെഡ്,ഓറഞ്ച് പട്ടികകളിൽപ്പെട്ട വ്യവസായങ്ങൾ തുടങ്ങുന്നത് സ്വപ്നം പോലും കാണരുത്. Z3 യിൽ വേണമെങ്കിൽ നീല,പച്ച വ്യവസായങ്ങൾ തുടങ്ങാം. (എന്നു വെച്ചാൽ ജൈവം.) (പശ്ചിമഘട്ട സമിതി റിപ്പോർട്ട് -2011 മേഖലാതല ശുപാർശകൾ )
9. Z1,Z2,Z3 മേഖലകളിൽ വൈദ്യുതി കുറച്ചുപയോഗിക്കണം. ഇതിനായിട്ടു ബോധവൽക്കരണം നടത്തണം. എന്നുവെച്ചാൽ കേരളത്തിൽ വൈദ്യുതി ഏറ്റവുമധികം ഉപയോഗിച്ചു തള്ളുന്നത് പശ്ചിമഘട്ടത്തിൽപ്പെട്ടവരാണോ. ? (പശ്ചിമഘട്ട സമിതി റിപ്പോർട്ട് -2011 മേഖലാതല ശുപാർശകൾ)
10. Z1,Z2 പ്രദേശങ്ങളിൽ പുതുതായി റോഡുകൾ,റെയിൽവേ ലൈനുകൾ പണിയരുത്. (പശ്ചിമഘട്ട സമിതി റിപ്പോർട്ട് -2011 മേഖലാതല ശുപാർശകൾ )
11. വിൻഡ് മില്ലുകൾ, ജലവൈദ്യുത പദ്ധതികൾ എന്നിവ Z1,Z2 ൽ സ്ഥാപിക്കരുത്. (പശ്ചിമഘട്ട സമിതി റിപ്പോർട്ട് -2011 മേഖലാതല ശുപാർശകൾ )
ഇത്രയും വായിച്ചിട്ട് ആദ്യം ഗാഡ്ഗിൽ interviewഇൽ പറഞ്ഞ 'ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ഞാൻ പറഞ്ഞില്ല' എന്ന പീലാത്തോസ് ന്യായം ഒന്നൂടെ വായിച്ചു നോക്കുക.
ഇനി ഉരുൾപൊട്ടൽ, പരിസ്ഥിതി ദുർബല-ക്വാറി സമവാക്യമാണ്.
കഴിഞ്ഞകൊല്ലം കവളപ്പാറയിൽ ഉരുൾപ്പൊട്ടൽ ഉണ്ടായ ഉടനെത്തന്നെ അതിനു ചുറ്റും പ്രവർത്തിക്കുന്ന 30ഓളം കരിങ്കൽ കോറികളാണ് കാരണമെന്നപേരിൽ വൻ പ്രചാരണം അഴിച്ചുവിട്ടിരുന്നു. എന്നാൽ ശാസ്ത്രീയമായ തെളിവുകൾ നിരത്തി അടുത്ത പത്തു കിലോമീറ്റർ ചുറ്റളവിൽപ്പോലും ഇത്തരം പ്രവർത്തനങ്ങൾ ഇല്ലെന്നും അതിലും ദൂരെ പ്രവർത്തിക്കുന്നവയിൽനിന്നുപോലും ഉരുൾപൊട്ടൽ ഉണ്ടാക്കാൻ സാധ്യതയുള്ള തരംഗങ്ങൾ അവിടെയെത്തുകയില്ലെന്നും തെളിയിച്ചിരുന്നു (The analysis of ground vibrations induced by bench blasting at Akyol quarry and practical blasting charts, ref/-).
എന്നാൽ സത്യം ചെരുപ്പിടുമ്പോഴെക്കും നുണ ലോകം ചുറ്റിവരുമെന്ന പഴംചൊല്ല് ഇവിടെ വീണ്ടും അന്വർഥമാക്കുകയാണ്. ഗോവയിലും കർണാടകയിലുടക്കം മറ്റുസംസ്ഥാനങ്ങളിൽ മൾട്ടിനാഷണൽ കമ്പനികൾ അതിഭീകരമായ ഖനികൾ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രകൃതിചൂഷണം നടത്തുന്നുണ്ട്. അവിടങ്ങളിലെ പരിസ്ഥിതിപ്രവർത്തകർ അതിനെതിരെ ജീവൻ പണയം വെച്ചു പോരാടുന്നുമുണ്ട്. തമിഴ്‌നാട്ടിലെ സ്റ്റർലൈറ്റ് ഫാക്ടറി, ഛത്തീസ്ഗഡിലും ഉത്തരാഞ്ചലിലും നടത്തുന്ന കോൾ മൈനിങ്.. അങ്ങനെ ഒരുപാട് വൻകിട പ്രശ്നങ്ങൾ ഉണ്ട്. അപ്പോഴാണ് കേരളത്തിലെ പരിസ്ഥിതിവാദികൾ അവരുടെ നൊസ്റ്റാൾജിക് പരിസ്ഥിതിവാദമനുസരിച്ചു സമരം നടത്താൻ ഇവിടെയുള്ള 'മാഫിയാ'ക്കാരെ കണ്ടെത്തുന്നത്. തട്ടുകളായി പ്ലാറ്ഫോമിൽ റബ്ബർ കൃഷി ചെയ്തവനും 1000sq ft കിടപ്പാടമുണ്ടാക്കാൻ കല്ലിറക്കിയവനും ഇവരുടെ കണ്ണിൽ മൾട്ടി നാഷണൽ കമ്പനികളും.
അവരിൽ നിന്നും പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ വരുന്ന സൂപ്പർ ഹീറോകളായി സ്വയം അഭിരമിക്കുകയാണ് കേരളത്തിലെ അപ്പർ മിഡിൽ ക്ലാസ് പരിസ്ഥിതിവാദികൾ.
അടുത്തതായി പഞ്ചായത്തുതലത്തിലാണ് സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയെന്നും ജനങ്ങളുടെ 'നേരിട്ടുള്ള' പങ്കാളിത്തത്തോടെയാണ് ഇവയൊക്കെ നടപ്പിലാക്കുകയെന്നുമുള്ള കാലങ്ങളായുള്ള നുണ ആവർത്തിക്കുകയാണ്. റിപ്പോർട്ടിലെ പശ്ചിമഘട്ട സംരക്ഷണ സമിതിയെപ്പറ്റി ഒരക്ഷരം പറയാതെയാണ് ബഹുജന പങ്കാളിത്തം എന്നൊക്കെ അച്ചു നിരത്തുന്നത് ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ച ചെയ്യുമ്പോൾ സ്വാഭാവികമായും പരാമർശിക്കേണ്ടിവരുന്ന കാര്യമാണ് പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി (WGEA) എന്ന സ്ഥാപനവും അതിന്റെ ചുമതലകൾ,അധികാരങ്ങൾ എന്നിവ. WGEA എന്നത് മാധവ് ഗാഡ്ഗിൽ പശ്ചിമഘട്ട സമിതി റിപ്പോർട്ടിൽ അതിന്റെ കണ്ടെത്തലുകളും നിർദേശങ്ങളും നടപ്പിലാക്കുവാനും മോണിറ്റർ ചെയ്യുവാനും വേണ്ടി നിർദേശിച്ച എക്സിക്യൂട്ടീവിന്റെ പേരാണ്. ഈ സ്ഥാപനത്തിന്റെ ഘടനയെപ്പറ്റിയും പ്രവർത്തന രീതിയെപ്പറ്റിയും വിശദമായിത്തന്നെ പരാമർശിക്കുന്നുണ്ട്.
ഗാഡ്ഗിൽ റിപ്പോർട്ടിൽ പറയുന്നു പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ നടപ്പിലാക്കേണ്ടുന്ന പ്രവർത്തനങ്ങൾ കൃത്യമായി നടത്തുക, പുതിയ ദുർബല പ്രദേശങ്ങളെ കണ്ടെത്തുക, ഗാഡ്ഗിൽ നിർദേശങ്ങൾ മർഗ്ഗരേഖയായി എടുത്തു ഷെഡ്യുളിൽ പറയുന്നതുപോലെ പ്രവർത്തിക്കുക എന്നിവയൊക്കെയാണ് അതോറിറ്റിയുടെ ചുമതലകൾ.
ചുരുക്കിപ്പറഞ്ഞാൽ ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കാൻ ചുമതലപ്പെടുത്തിരിക്കുന്ന സ്ഥാപനമാണ് WGEA. അതെന്തിനാണപ്പാ പുതിയൊരു സ്ഥാപനവും പ്രത്യേകമായ അധികാരങ്ങളും എന്നു ചിന്തിക്കുകയാണോ.? പറഞ്ഞുതരാം. നിലവിൽ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ കാര്യങ്ങൾ നിർദേശിക്കുന്നത് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം നിയമിക്കുന്ന ഉന്നതതല അവലോകന സമിതികളാണ്. തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള വിവേചനാധികാരം ഇവയ്ക്കില്ല.(ad-hoc രീതിയിലുള്ള പ്രവർത്തനങ്ങളാണ് മിക്കവാറും. ഒരു പ്രോജക്റ്റ് കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന കമ്മറ്റികൾ പിരിച്ചുവിടപ്പെടും). എന്നാൽ ഗാഡ്ഗിൽ നിർദേശങ്ങൾ അങ്ങനെ സംസ്ഥാന സർക്കാരുകളുടെ നിലവിലുള്ള എക്സിക്യൂഷണറികൾ വഴി നടപ്പിലാക്കാൻ മാധവ് ഗാഡ്ഗിലിനു സൗകര്യമുണ്ടായിരുന്നില്ല. സർവാധികാരങ്ങളുമുള്ള, സ്റ്റാറ്റ്യൂട്ടറി രീതിയിൽ പ്രവർത്തിക്കുന്ന ഒരു സിസ്റ്റമായിരുന്നു ആ മഹാൻ വിഭാവനം ചെയ്തത്.
എങ്ങനെയാണ് WGEA പ്രവർത്തിക്കുന്നത്. ?
നിലവിലുള്ള സകല വനം, പരിസ്ഥിതി, മലിനീകരണ നിയമങ്ങളുടെയും കൂടെ ഒരു അഡീഷണൽ നിയമമായിട്ടാണ് ഇതിന്റെ വിജ്ഞാപനം വരിക. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വകുപ്പ് 3 പരിസ്ഥിതി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിന്റെ അധികാരങ്ങൾ വിശദമായിട്ടു പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ തന്നെ 3(2)ൽ ഇത്തരം അധികാരങ്ങളുള്ള അതോറിറ്റികളുടെ രൂപീകരണത്തെപ്പറ്റി പറയുന്നുമുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ ഏതാണ്ട് വന്യജീവി ബോർഡിന്റേതുപോലെ ചോദ്യം ചെയ്യപ്പെടാനാവാത്തതായിരിക്കും എന്നു ഗാഡ്ഗിൽ പ്രത്യേകം നിഷ്കർഷിച്ചു. അധികാരങ്ങളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ടവ താഴെപ്പറയുന്നു. (പശ്ചിമഘട്ട സമിതി റിപ്പോർട്ട് -2011 p 58 -63 )
1. പശ്ചിമഘട്ടത്തിനു ഹാനികരമായ ഏതു പ്രവർത്തിയും നിരോധിക്കാനും നിയന്ത്രിക്കാനും ബന്ധപ്പെട്ട സർക്കാരിനോ എജൻസികൾക്കോ നിർദേശം നൽകാനും അതു പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്താനും അതോറിറ്റിക്ക് അധികാരമുണ്ട്. (No 7) ഇപ്പൊ മനസിലായിക്കാണുമല്ലോ സാധാരണ ഗ്രാമപഞ്ചായത്തുകൾക്കും ജനകീയാസൂത്രണ സ്ഥാപനങ്ങൾക്കും എന്തിനു സംസ്‌ഥാന സർക്കാരിനും മുകളിലായിട്ടാണ് WGEA യുടെ അധികാരപരിധിയെന്ന്.
2 പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യം സംരക്ഷിക്കാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടത് WGEA ആണ്. താഴെക്കിടയിൽ നിന്നും വില്ലേജ്, താലൂക്ക് ജില്ലാ അടിസ്ഥാനത്തിൽ നിർദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരിക്കണം അത്.
ആഹാ, ഒരു ജനകീയാസൂത്രണം മണക്കുന്നുണ്ടോ. ന്നാൽ അതുവേണ്ട , WGEA എന്ന framework നു താഴെ ആറു സംസ്ഥാനങ്ങളിലായി ഓരോ സംസ്ഥാനത്തിനും അതത് WGEA (STATE) ഉണ്ടാകും. അതിന്റെ കീഴിൽ ജില്ലാ അതോറിറ്റികളും. കേന്ദ്ര WEGA യുടെ അതേ strecture ൽ അതേ അധികാരങ്ങൾ നിഷിപ്തമായിത്തന്നെയാണ് WEGA സ്റ്റേറ്റുകൾക്ക് വേണ്ടി ഉണ്ടായിവരുന്നത് ഫലത്തിൽ ഇവരാവും മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കുന്നത്. ഒന്നുകൂടിപ്പറയാം , സംസ്ഥാന അതോറിട്ടികൾ നിയമിക്കുന്നതും കേന്ദ്ര ഗവണ്മെന്റ് തന്നെയാണ്.
3. ഇതൊരു സ്റ്റാറ്റ്യൂട്ടറി അതോറിറ്റി ആണ്. ഇതിന്റെ തീരുമാനങ്ങൾ അതേപടി അംഗീകരിക്കപ്പെടും. (കേന്ദ്ര വന്യജീവി ബോർഡിന്റെ മാതൃകയിൽ സുപ്രീംകോടതി പോലും സാധാരണഗതിയിൽ ചോദ്യം ചെയ്യാത്ത ഒന്നായിട്ടാണ് ഗാഡ്ഗിൽ ഇതിനെ ഉപമിക്കുന്നത് (page 59)
4. പരിസ്ഥിതി നിയമം 1986 അനുശാസിക്കുന്ന എല്ലാ ശിക്ഷാനടപടികളും നടപ്പിലാക്കാനുള്ള അധികാരം WGEA യ്ക്ക് ഉണ്ട്.
ഇതൊക്കെ വായിച്ചിട്ടും തൊണ്ടതൊടാതെ മഹത്തായ വികേന്ദ്രീകൃത ജനാതിപത്യ സംവിധാനമാണെന്നു പറയുന്നത് വിഴുങ്ങണമെന്നു പറഞ്ഞാൽ സൗകര്യപ്പെടില്ല.
അവസാനം കേരളത്തിൽ കഴിഞ്ഞകൊല്ലങ്ങളിൽ അരങ്ങേറിയ പ്രളയം മനുഷ്യനിർമിതമാണെന്ന എക്കാലത്തെയും മികച്ച ഗാഡ്‌ഗിൽ quote ചേർക്കുന്നുണ്ട്. ചരിത്രത്തിലില്ലാത്തവണ്ണം അളവിൽ, ചുരുങ്ങിയ മണിക്കൂറുകൾ മഴപെയ്തുണ്ടായതാണ് കഴിഞ്ഞ പ്രളയമെന്നാണ് മിക്കവാറും ബോധമുള്ളവർ പറയുന്നത്. അതിനെ സാധൂകരിക്കുന്ന കണക്കുകളും ലഭ്യമാണ്.
എന്നാലും അറ്റൻഷൻ സീക്കിങിന് വേണ്ടി പെട്ടന്ന് ക്യാച് ചെയ്യുന്ന quotes ഉണ്ടാക്കി അതിനെ സയന്റിഫിക് ആയി കൊണ്ടുനടക്കാൻ ഇത്തിരിയൊക്കെ ഉളൂപ്പാവാം.
ഉരുൾപൊട്ടലിന്റെ പ്രധാന കാരണങ്ങളായി ലോകം മുഴുവനും പറയുന്നത് മണ്ണിന്റെ ഘടനയും അതിതീവ്ര മഴയുമാണ്. മൈനിങ് നടത്തിയാൽ ഉരുൾപൊട്ടൽ ഉണ്ടാകില്ല എന്നല്ല, പക്ഷെ കോഴിക്കോട് മൈനിങ് നടത്തിയാൽ കൊച്ചിയിൽ ഉരുൾപൊട്ടൽ ഉണ്ടാകും എന്നതരത്തിലുള്ള അതിശയോക്തികൾ അല്പസ്വല്പം ശാസ്ത്രബോധം ഉള്ളവരും കൊണ്ടുനടക്കുന്നത് കഷ്ടമാണ്.
കഴിഞ്ഞ തവണ ഉരുൾപൊട്ടൽ ഉണ്ടായ കവളപ്പാറയിൽ ഒരു ക്വാറിപോലും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല എന്നൊക്കെ അപ്പോപ്പോൾത്തന്നെ ആളുകൾ പ്രൂവ് ചെയ്യുന്നുണ്ടായിരുന്നു. ജിയോളജി ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഡോ. നന്ദകുമാർ പ്രസ്തുത സ്ഥലം സന്ദർശിച്ചു പറഞ്ഞത് അവിടെയുള്ള മണ്ണിന്റെ ഘടനയും മഴയുമാണ് ഉരുൾപൊട്ടലുണ്ടാക്കിയത് എന്നാണ്. എന്നിരുന്നാലും നുണകൾ നിർത്തുന്നുന്നില്ല.
ഉരുൾപൊട്ടിയത് എങ്ങനെ.?
ഇന്ന് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വയനാട്ടിലെ ഉരുൾപ്പൊട്ടലും, കവളപ്പാറയിലും മാത്രമല്ല ലോകത്തു പലയിടങ്ങളിലും ഉരുൾ പൊട്ടാറുണ്ട്. 2003ൽ ലോകവ്യാപകമായി നടന്നൊരു പഠനമുണ്ട് 12 മാസങ്ങളെടുത്തുകൊണ്ട് ഏകദേശം 210ഓളം വിനാശകരങ്ങളായ ഉരുൾപൊട്ടൽ സംഭവങ്ങൾ പഠിച്ചതിനു ശേഷം അവർ കണ്ടെത്തിയ കാര്യം 90%ത്തിനു മുകളിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്നതും കനത്ത മഴ കാരണമായിട്ടാണെന്നാണ്. (എങ്ങനെയാണ് കനത്തമഴയുണ്ടാകുമ്പോൾ ഉരുൾപൊട്ടൽ ഉണ്ടാകുന്നതെന്നതിന്റെ ചിത്രം കമന്റ് ബോക്‌സിൽ ഉണ്ട്.) പ്രാഥമികമായി കനത്ത മഴ മണ്ണിന്റെ pore water pressure കൂട്ടുന്നു അതുകൂടാതെ മണ്ണിന്റെ പാളിയും ചെരിഞ്ഞ പ്രദേശവും തമ്മിലുണ്ടായിരുന്ന റെസിസ്റ്റൻസ് ബലം; ജലത്തിന്റെ ആവരണം ഉണ്ടാക്കുന്ന tendancy to float പ്രതിഭാസം കാരണം കുറയുന്നു.
സ്വാഭാവികമായും ഗ്രാവിറ്റി, ഹൈഡ്രോളിക് പുഷ് എന്നിവകൊണ്ട് മണ്ണിന്റെ പാളികൾ അടർന്ന് ഉരുൾപൊട്ടൽ ഉണ്ടാകുന്നു. മഴയുടെ അളവും എത്രനേരം പെയ്യുന്നു എന്നതും ഉരുൾപൊട്ടലിനെ നിർണായകമായി സ്വാധീനിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് ഉരുൾപൊട്ടൽ മിക്കവാറും heavy rainfall എന്ന പ്രഥമ കാരണത്തെ മുന്നോട്ടുവെക്കുന്നത്. മനുഷ്യരുടെ ഇടപെടലുകൾക്കൊണ്ടു ഉരുൾപൊട്ടൽ ഉണ്ടാകുന്നില്ല എന്നല്ല, അതിൻറെ സാധ്യത മറ്റു ജിയോളജിക്കൽ, മോർഫോളജിക്കൽ കാരണങ്ങൾ കണക്കിലെടുക്കുമ്പോൾ നിസ്സാരമാണെന്നാണ്. അത്തരം ഒരു അപ്രധാന ഘടകത്തെയാണ് ഇവിടുത്തെ പരിസ്ഥിതി പ്രവർത്തകർ ചിരട്ടപ്പുട്ട് വീഡിയോകൾ ഒക്കെ പുറത്തിറക്കിയും pseudo സയന്റിസ്റ്റുകളെ കൂട്ടുപിടിച്ചും ആളുകളിലേക്ക് കടത്തിവിട്ട് ഭയപ്പെടുത്തുന്നത്.
കരിങ്കൽ ക്വാറികളിൽ സംഭവിക്കുന്നത്.
കേരളത്തിലെ കരിങ്കൽ ക്വാറികൾ ഇപ്പോൾത്തന്നെ അങ്ങേയറ്റം റെഗുലേറ്റഡ് ആയിട്ടാണ് പ്രവർത്തിക്കുന്നത്. ഒന്നാമതായി ലോക്കാലിറ്റിയുടെ പ്രശ്നമുണ്ട്. അങ്ങേയറ്റം പോപ്പുലേഷൻ ഡെൻസിറ്റി നിലനിൽക്കുന്ന, ചുറ്റും അഗ്രികൾച്ചറൽ ലാന്റുകൾ ഉള്ള സ്ഥലങ്ങളിൽ കരിങ്കൽ ക്വാറികൾ പ്രവർത്തിപ്പിക്കണമെങ്കിൽ വൈബ്രെഷൻസ് കുറഞ്ഞ, കണ്ട്രോൾഡ് എക്‌സ്‌പ്ലോസിവ്സ് മാത്രമേ നടത്താൻ പറ്റൂ. ക്വാറികൾ നടത്തുന്ന സ്ഫോടനങ്ങൾ കരിങ്കൽ ലേയറുകൾ ഇളക്കുവാനും കല്ലുകൾ അവിടെത്തന്നെ വീഴുവാനും ഒക്കെ വേണ്ടിയിട്ടാണ്. അല്ലാതെ തൃശൂർ പൂരത്തിന് ഡൈനാമൈറ്റ് കത്തിച്ചു പ്രകമ്പനം കൊള്ളിപ്പിക്കുന്ന പോലത്തെ പരിപാടിയല്ല. അടുത്തത് , മൈനിങ്ങിൽ പഞ്ചായത്ത് മെമ്പർ മുതൽ സ്റ്റേറ്റ് വരെ ഇടപെടുന്ന നാടാണ് നമ്മളുടേത്. പൊലൂഷൻ കണ്ട്രോൾ ബോർഡിൽ നിന്നുള്ള കൺസെന്റ്, explosive ലൈസെൻസ്, പഞ്ചായത്തിന്റെ ലൈസൻസ്, ക്വാറിക്കുള്ള പെർമിറ്റ്, ചുറ്റുമുള്ള സ്ഥലമുടമകളുടെ കൺസെന്റുകൾ, തുടങ്ങിയവയൊക്കെ ഉണ്ടെങ്കിൽ മാത്രമേ ചെറുകിട ക്വാറികൾ (5 ഹെക്ടറിൽ താഴെയുള്ള) പ്രവർത്തിപ്പിക്കാൻ കഴിയുകയുള്ളൂ. ഇതിന്റെ കൂടെ surface plan, geological plan, development plan, Excavation plan (yearwise), Environment plan, drainage plan തുടങ്ങി നൂറുകണക്കിന് സ്ട്രാറ്റജികൾ പാലിച്ചുകൊണ്ടോക്കയാണ് ഈ പരിപാടികൾ ഇവിടെ നടക്കുന്നത്. അതൊക്കെയുണ്ടെങ്കിൽ മാത്രമേ 2015ലെ മൈനിങ് നിയമപ്രകാരം മൈനിങ് പ്ലാൻ അംഗീകരിച്ചു കിട്ടൂ.
അല്ലാതെ ഒരു സുപ്രഭാതത്തിൽ നാലു ചാക്ക് അമോണിയം നൈട്രേറ്റു വാരി കുഴിയിലിട്ടു കത്തിച്ച് അനിയന്ത്രിതമായി പൊട്ടിച്ചെടുക്കാനൊന്നും പറ്റില്ല. മറ്റൊന്ന് മൈനിങ് രീതികളിൽ വന്ന മാറ്റമാണ് പഴയ കാല മലയാളം സിനിമകളിലെപോലെ ചെങ്കുത്തായ പാറക്കുഴികൾ നിർമിച്ചെടുക്കുന്ന രീതികൾക്കൊന്നും ഇപ്പോൾ ലൈസൻസ് കിട്ടില്ല 5മീറ്റർ ഹൈറ്റിലുള്ള തട്ടുകളായിട്ടാണ് ഇപ്പോഴുള്ള മൈനിംഗ്. അതാകട്ടെ പൂർണമായും ഉരുൾപൊട്ടൽ പോലെയുള്ള പ്രതിഭാസങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയുള്ളതുമാണ്. എന്നിരുന്നാലും ക്വാറി ഭയം മലയാളിയുടെ പൊതുബോധത്തിൽ എപ്പോഴുമുണ്ട്.
ഏതൊരു ദുരന്തത്തെയും ആരുടെയെങ്കിലുമൊക്കെ ഉത്തരവാദിത്തത്തിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നത് മനുഷ്യന്റെ സ്വാഭാവിക പ്രതികരണമാണ്. 'എനിക്കിതിൽ പങ്കില്ല, അവനാണ്' എന്നത് കുട്ടിക്കാല ഡിഫൻസാണ്. കേരളത്തിലടക്കം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ ഗ്ലോബൽ ആയിട്ടുള്ളതിന്റെ തുടർച്ചയാണ്. അതിനുള്ള കാരണക്കാർ പശ്ചിമഘട്ടത്തിൽ താമസിക്കുന്ന മനുഷ്യരാണ് എന്ന രീതിയിലുള്ള ഇന്റർപ്രറ്റേഷൻ സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവും അന്യനോടുള്ള വിദ്വേഷവും ആണെന്ന് മാത്രമേ പറയാൻ പറ്റൂ.
കൊച്ചിയിൽ റോഡിലെ കുഴികൾ അടയ്ക്കാൻ സിനിമാ നടൻ ജയസൂര്യ ഇറങ്ങിയ കാര്യമൊക്കെ വലിയ വേണ്ടയ്ക്കാ വാർത്തകൾ ആകുന്ന കാലത്ത് മലയോരത്ത് റോഡുകൾ നിയന്ത്രിക്കണം എന്നു പറയുന്നൊരു റിപ്പോർട്ടിനോട് അവിടുത്തെ മനുഷ്യർ ഐക്യപ്പെടില്ല. അതു പരിസ്ഥിതിബോധം ഇല്ലാത്തതുകൊണ്ടല്ല, അതിജീവനത്തിനുള്ള ജന്മവാസന ആയി കരുതിയാൽ മതി.
കടപ്പാട്.
Unknown by fb
Click the button below to join our whats app groups>>
Click the 'Boost' button to push this article to more people>>