Saturday, November 09, 2024

എവറിസ്റ്റെ ഗാല്‍വയും വിവാഹം എന്ന വ്യവസ്ഥിതിയും

ഇരുപതാം വയസ്സില്‍ തന്നെ ഗണിതശാസ്ത്രത്തിന്‍റെ വിവിധ ശാഖകളില്‍ സ്വന്തമായ സംഭാവനകള്‍ നല്കിയ ഫ്രഞ്ച് ഗണിതജ്ഞനായിരുന്നു എവറിസ്റ്റെ ഗാല്‍വ. എന്നാല്‍ ആ പ്രതിഭയ്ക്ക് 21 വയസ്സു തികയ്ക്കാന്‍ കഴിഞ്ഞില്ല. തന്റെ പ്രണയിനിക്കു വേണ്ടി നടത്തിയ ദ്വന്ദ്വ യുദ്ധത്തിലാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. 
 
പരിണാമപരമായി ഓരോ ജീവിയുടെയും ലക്ഷ്യം, തങ്ങളുടെ പരമാവധി ജീന്‍ പതിപ്പുകള്‍ (കുട്ടികള്‍) ഉണ്ടാക്കുക എന്നതാണ്. അഥവാ അങ്ങനെ ചെയ്യുന്ന ജീവികളുടെ ജീനുകള്‍ ജീന്‍പൂളില്‍ നിലനിൽ ക്കുകയും അല്ലാത്തവയുടെ ജീനുകള്‍ ജീന്‍പൂളില്‍ നിന്നും ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യും. പ്രത്യുത്പാദന പ്രക്രിയയില്‍ പുരുഷനെക്കാള്‍ കൂടുതല്‍ പങ്കു വഹിക്കുന്നതിനാല്‍ തന്നെ, മനുഷ്യന്‍റെ പരിണാമ കാലഘട്ടങ്ങളില്‍ ഇണയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീയ്ക്ക് ആയിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സ്ത്രീയ്ക്ക് പുരുഷനെക്കാള്‍ ഡിമാന്‍റ് കൂടുതലായിരുന്നു.
 
Advertise
Advertise
 
 
മനുഷ്യവര്‍ഗ്ഗത്തിന്‍റെ അതിജീവനത്തിന് സ്ത്രീകളുടെ 10% പോലും പുരുഷന്‍മാര്‍ ആവശ്യമില്ല എന്ന വസ്തുതയില്‍ നിന്നും ഇതു കൂടുതല്‍ വ്യക്തമാകുന്നുണ്ട്. ഇവിടെ, സ്ത്രീകളുടെ തിരഞ്ഞെടുപ്പു പോലെ തന്നെ സ്ത്രീയ്ക്കു വേണ്ടിയുള്ള പുരുഷന്‍മാര്‍ തമ്മിലുള്ള മത്സരവും പ്രസക്തമാണ്. ഇങ്ങനെയുള്ള മത്സരങ്ങളില്‍ ഗാല്‍വയെ പോലുള്ള പ്രതിഭകള്‍ നഷ്ടപ്പെടുമെന്നതു മാത്രമല്ല, ഇത് സ്ത്രീയുടെയും പുരുഷന്‍റെയും സ്വൈര ജീവിതത്തെയും (Quality of life) നെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇവിടെ സമൂഹം കൊണ്ടുവന്ന പരിഹാരമാണ് വിവാഹം എന്ന വ്യവസ്ഥിതി. തന്റെ ഇണയെ നഷ്ടപ്പെടുമോ എന്ന ഭീതി, പുരുഷനില്‍ നിന്നും ആക്രമിക്കപ്പെടുമോ എന്ന ഭീതി സ്ത്രീയില്‍ നിന്നും മാറ്റുക വഴി ഭയരഹിതമായി ക്വളിറ്റി ഓഫ് ലൈഫ്  വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് സമൂഹത്തെ നയിക്കാന്‍ ഒരു പരിധിവരെ വിവാഹത്തിനു കഴിഞ്ഞിട്ടുണ്ട്. 
 
വിവാഹം പരിണമിച്ചു വന്ന പ്രാകൃത സംസ്കാരത്തില്‍ നിന്നും ഇന്നു മനുഷ്യന്‍ വളരെയധികം മുന്നോട്ടു പോയിക്കഴിഞ്ഞു. ആധുനിക സമൂഹത്തില്‍ ഓരോരുത്തരും അവകാശങ്ങളും കടമകളുമുള്ള സ്വതന്ത്ര പൗരന്മാരാണ്. അവരുടെ സംരക്ഷണം സ്റ്റേറ്റിന്‍റെ ചുമതലയാണ്. വിവാഹത്തിനോ കുടുംബത്തിനോ സമൂഹത്തിനോ ഇവിടെ വലിയ റോള്‍ ഇല്ല. വികസിത സമൂഹങ്ങളിലൊക്കെ വളരെക്കാലം ഒന്നിച്ചു ജീവിച്ചു കുട്ടികളും ഒക്കെ ആയ ശേഷമാണ് വിവാഹത്തെ പറ്റി ആലോചിക്കുന്നത്. വിവാഹത്തില്‍ വീട്ടുകാര്‍ ഇടപെടുന്നതും 'പെണ്ണു കാണുന്ന'തും 'കൈ പിടിച്ചു കൊടുക്കുന്ന'തും ഒക്കെ പറഞ്ഞാല്‍ അവര്‍ക്കു മനസ്സിലാവണമെന്നു പോലുമില്ല. 
 
 
പ്രാകൃത ചോദനകളും സാമൂഹ്യ വ്യവസ്ഥിതികളും അപ്രസക്തമാക്കി, വ്യക്തിക്കു പ്രാധാന്യം നല്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ റേഞ്ച് മനസ്സിലാക്കാന്‍ കഴിയാത്തതായിരിക്കാം, ഇപ്പോഴും 'കെട്ടി കൊണ്ടു വരലും' 'കെട്ടിച്ചു കൊടുക്കലും' ഒക്കെ നമ്മുടെ സമൂഹത്തില്‍ നില നിൽക്കാനുള്ള കാരണം!. നമ്മുടെ സമൂഹത്തില്‍ ഒരു സ്വതന്ത്രവ്യക്തി ആവാന്‍ വേണ്ട പ്രധാന ഘടകങ്ങളിലൊന്ന് സാമ്പത്തിക സ്വയം പര്യാപ്തതയാണ്. വിവാഹമെന്നത് സ്വതന്ത്ര വ്യക്തികള്‍ തമ്മിലുള്ള തികച്ചും വ്യക്തിപരമായ ഉടമ്പടി ആണെന്നും, ആ ഉടമ്പടി ലംഘിക്കപ്പെട്ടാല്‍ മറ്റ് ഉടമ്പടികളിലേതു പോലെ പരസ്പരം ഒഴിവാക്കാന്‍ കഴിയുമെന്നും, അവിടെയൊന്നും ഉടമ്പടിയില്‍ ഏര്‍പ്പെടുന്നവരുടെ വീട്ടുകാര്‍ക്ക് യാതൊരു സ്ഥാനവും ഇല്ലെന്നും മനസ്സിലാക്കിയാല്‍ തീരാവുന്ന പ്രശ്നങ്ങളാണ് മിക്കതും.
 
By
Anup Issac
സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.