ചേട്ടാ, ഒരു പാഡ് ..
ചേട്ടാ, അൽട്രാ മതിട്ടോ വിങ്‌സ് ഉള്ളത്.
അത് എടുത്ത് ഒരു കടലാസ്സിൽ ഭദ്രമായി പൊതിഞ്ഞു എന്റെ കൈയ്യിൽ തന്നിട്ട്, കടയിലെ ചേട്ടൻ പറഞ്ഞു. മോനെ ഇതൊക്കെ മയത്തിന് വന്ന് ആരും കേൾക്കാതെ ചോദിച്ചാപ്പോരേ, കടയിലും പുറത്തും പെണ്ണുങ്ങളൊക്കെ ഉള്ളതല്ലേ.
അല്ല ചേട്ടാ, ഞാൻ ചോദിച്ചത് മയക്കുമരുന്നോ, അതോ നിരോധിച്ച ഏതെങ്കിലും മരുന്നൊ അല്ലല്ലോ, എന്റെ ഭാര്യക്ക് ഈ സമയത്ത് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു സാധനം അല്ലെ. അതിന് ഞാൻ ആരെയാണ് ഭയക്കേണ്ടത്, ഒളിക്കേണ്ടത്…..
ഇപ്പോൾ ദേ ഇത് വാങ്ങാൻ ഞാൻ ഇറങ്ങുമ്പോൾ, അവൾ ബെഡിൽ കീഴ്‌വയറും പൊത്തിപിടിച്ചു നിറകണ്ണുകളോടെ കിടക്കുകയാണ്,
ഏട്ടാ എനിക്കൊരു…
എന്ന് പറഞ്ഞ് തീരുംമുമ്പേ വണ്ടിയുമായി ഇറങ്ങിയതാണ് ഞാൻ, അത് എന്തുകൊണ്ടാണെന്ന് അറിയോ.
അവളുടെ ആ സാഹചര്യം പൂർണമായി മനസ്സിലാക്കിയത് കൊണ്ടാണ്. തികച്ചും ജീവശാസ്ത്രപരമായ ഒരു കാര്യം.ആ സമയത്ത് അവൾക്ക് ചെയ്ത് കൊടുക്കേണ്ട ഒരു കാര്യം ചെയ്യാൻ, ഞാൻ ആരോടും മിണ്ടാതെ വീട്ടിൽ നിന്ന് ഒളിച്ചിറങ്ങി ഇവിടെ വന്ന് ആരും കേൾക്കാതെ, അറിയാതെ ഒരു കള്ളനെ പോലെ പരുങ്ങി നിന്ന് ആളൊഴിയുമ്പോൾ ചേട്ടനോട് സ്വകാര്യത്തിൽ കാര്യം പറഞ്ഞ്, ഇതും വാങ്ങി ആരും കാണാതെ അടുക്കളവഴി കേറി അവൾക്കിത് കൊടുക്കണം ല്ലേ. ഇതിൽപരം അവളെ അപമാനിക്കുന്ന വേറെ എന്തുണ്ട്. ഇത് അവളുടെ ആവിശ്യവും, അവകാശവും ആണ് ചേട്ടാ.
ആർത്തവം തികച്ചും ജീവശാസ്ത്രപരമായ ഒരു കാര്യമാണ്. ആ സമയത്ത് അവളുടെ മാനസ്സികവും ശാരീരികവുമായ സാഹചര്യം ഉൾക്കൊള്ളാനും, അതിനനുസരിച്ചു പെരുമാറാനും കഴിയാത്ത പുരുഷൻ ദാമ്പത്യത്തിൽ ഒരു പരാജയം തന്നെയാണ്.
മറയ്‌ക്കേണ്ടത് മറയ്ക്കണം, അറിയേണ്ടത് അറിയണം അതിന് ഒരു മുഖംമൂടി അഴിച്ചു മാറ്റേണ്ട കാര്യമേ ഉള്ളു ചേട്ടാ…
അടുത്ത തവണ വരുമ്പോൾ ഞാൻ ഇതിലും ഉറക്കെ ചോദിക്കും, ഇതിലും കരുതലോടെയും സ്നേഹത്തോടെയും അവൾക്ക് കൊണ്ടുപോയി കൊടുക്കുകയും ചെയ്യും !!
മുഖം മൂടികൾ അഴിച്ചുവച്ചു അറിവ് നേടി ജീവിച്ചാൽ മാറാവുന്ന അഴുക്കെ നമ്മുടെ സമൂഹത്തിൽ ഉള്ളു ചേട്ടാ!!
നന്മയുള്ള നാളെകൾ ഉണ്ടാവട്ടെ …
By
Aba Charlie