ഞാൻ എന്തു കൊണ്ട് നിരീശ്വരവാദിയായി ? ഭഗത് സിംഗ്
ഭഗത് സിംഗ് തൂക്കിലേറ്റപ്പെടുന്നതിന് ഏതാനും ദിവസം മുൻപ് അദ്ദേഹം തടവറയിൽവെച്ച് എഴുതിയ ലേഖനത്തിൻ്റെ മലയാള പരിഭാഷയാണ് ഈ പുസ്തകം.
തൻ്റെ വധശിക്ഷ നടപ്പിലാക്കുന്ന ദിവസങ്ങളെണ്ണി ഭഗത് സിംഗ് ലാഹോർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റപ്പെടേണ്ടവർക്കുള്ള പ്രത്യേക തടവറയിൽ കഴിഞ്ഞിരുന്ന സമയത്ത് അതേ ജയിലിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ട് തടവിൽ കഴിഞ്ഞിരുന്ന സ്വാതന്ത്ര്യ സമര സേനാനിയായ ബാബാ രൺദീർ സിംഗ് ഒരു ദിവസം ഭഗത് സിംഗിനെ കാണാൻ വന്നു.
ഭഗത് സിംഗിൻ്റെ നിരീശ്വരവാദ നിലപാടിനെ തിരുത്താൻ രൺധീർ സിംഗ് ആവുന്നത്ര ശ്രമിച്ചു. മരണമടുത്തു വരുന്ന സമയത്ത് ദൈവത്തോട് പ്രാർത്ഥിക്കാൻ അദ്ദേഹം ഭഗതിനെ ഉപദേശിച്ചു.
എന്നാൽ ദൈവത്തിൻ്റെ അസ്തിത്വം ഭഗതിനെ ബോധ്യപ്പെടുത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. കോപാകുലനായ രൺധീർ സിംഗ് ഭഗതിനെ ശകാരിച്ചു.പ്രശസ്തി കൊണ്ടുണ്ടായ പൊങ്ങച്ചവും സ്വാർഥതയുമാണ് ഭഗതിനെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തടവിൽ കൊടിയ യാതനകൾ അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും, ദൈവത്തെ വാഴ്ത്തുന്ന രൺധീർ സിംഗിൻ്റെ ആക്രോശങ്ങളാണ് “ഞാൻ എന്തുകൊണ്ട് നിരീശ്വരവാദിയായി ” എന്ന രചനയ്ക്ക് ഭഗത് സിംഗിന് പ്രചോദനമേകിയത്.
മനുഷ്യൻ്റെ ജീവിത സാഹചര്യങ്ങളിലെ ഓരോ അവസരങ്ങളിലും ദൈവത്തിൻ്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്തു കൊണ്ടു തൻ്റെ നിലപാട് വ്യക്തമാക്കുകയാണ് ഭഗത് ഈ ലേഖനത്തിലൂടെ ചെയ്യുന്നത്.
സമൂഹത്തിൻ്റെ പുരോഗതി ആഗ്രഹിക്കുന്നയാൾ എങ്ങനെ ആവണമെന്ന് ഈ ലേഖനത്തിൽ ഭഗത് വിശദീകരിക്കുന്നു.
‘’…..പുരോഗതിക്കു വേണ്ടി നിലകൊള്ളുന്ന ഓരോ ആളും പഴയ വിശ്വാസങ്ങൾ ഓരോന്നിനേയും വെല്ലുവിളിക്കാനും അവിശ്വസിക്കാനും വിമർശിക്കാനും തയ്യാറാകേണ്ടി വരും.നിലവിലുള്ള വിശ്വാസങ്ങളെ ഓരോന്നിനേയും ഇനം തിരിച്ച് സവിസ്തരം പരിശോധിക്കാനും? കാര്യകാരണബന്ധങ്ങളെപ്പറ്റി ചിന്തിക്കാനും തയ്യാറാകണം. അങ്ങനെ ആവശ്യമായത്ര യുക്തിചിന്തയ്ക്ക് ശേഷം ഒരാൾ ഒരു തത്വത്തിലോ സിദ്ധാന്തത്തിലോ വിശ്വസിച്ചു തുടങ്ങുന്നു എങ്കിൽ അത് സ്വാഗതാർഹമാണ്. “
മനുഷ്യൻ്റെ സുഖവും ദു:ഖവുമെല്ലാം ദൈവസൃഷ്ടി ആണെന്ന വാദത്തെയും ഭഗത് ഈ ലേഖനത്തിലൂടെ പൊളിച്ചടുക്കുന്നുണ്ട്.
“…..നിങ്ങൾ വിശ്വസിക്കുന്നതു പോലെ ഈ ഭൂമിയേയും പ്രപഞ്ചത്തേയും സൃഷ്ടിച്ച സർവവ്യാപിയും സർവജ്ഞനും സർവശക്തനുമായ ഒരു സ്വരൂപം ഉണ്ട് എങ്കിൽ, എന്തിനു വേണ്ടിയാണ് അയാൾ ഇതെല്ലാം സൃഷ്ടിച്ചത് ? എണ്ണമില്ലാത്ത ദുരന്തങ്ങളുടെ നിത്യ യാഥാർഥ്യസങ്കരമാണ് ഈ ലോകം. മഹാസങ്കടങ്ങളുടേയും യാതനകളുടേയും കേദാരം. ഒരാൾ പോലും പൂർണ്ണ തൃപ്തനല്ല.
ഇതെല്ലാം ദൈവത്തിൻ്റെ നിയമമാണെന്ന് ദയവായി പറയാതിരിക്കുക. നിയമങ്ങൾക്ക് വിധേയനായി മാത്രമേ ദൈവത്തിന് പ്രവർത്തിക്കുവാൻ കഴിയൂ എന്നു വരികിൽ അവനെ സർവ്വശക്തൻ എന്നു വിളിക്കുന്നതെങ്ങനെ ? അവൻ നമ്മെപ്പോലെ ഒരു അടിമ മാത്രം. സാധാരണ മനുഷ്യരെപ്പോലെ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയൻ.എല്ലാം ദൈവത്തിൻ്റെ ഒരു വിനോദം എന്നും പറഞ്ഞു കൂടാ.
നീറോ ചക്രവർത്തി റോമാ നഗരം കത്തിച്ചു ചാമ്പലാക്കി. എന്നിട്ട് ഇഷ്ട വിനോദമായ വീണ വായനയിൽ മുഴുകി. അയാൾ കുറേപ്പേരെ മാത്രമേ വധിച്ചുള്ളൂ. പരിമിതമായ ദുരന്തങ്ങളേ സൃഷ്ടിച്ചുള്ളൂ. എല്ലാം തൻ്റെ പൂർണ്ണമായ ആനന്ദത്തിനു വേണ്ടി. എന്നാൽ ചരിത്രത്തിൽ അയാൾക്ക് എവിടെയാണ് സ്ഥാനം ? ചരിത്രകാരൻമാർ അയാളെ പരാമർശിക്കുന്നത് എന്തുപേരിലാണ് ? പൈശാചികമായ ഗുണവിശേഷങ്ങൾ എല്ലാം അയാളുടെമേൽ ചൊരിയുന്നു. ദുഷ്ടനും ഹൃദയശൂന്യനും സ്വേച്ഛാധിപതിയുമായ നീറോയെ ഭർത്സിക്കുന്ന ശകാരങ്ങളും അധിക്ഷേപങ്ങളും കൊണ്ട് ചരിത്രത്തിൻ്റെ താളുകൾ പോലും കറുത്തു പോയിരിക്കുന്നു.
ചെങ്കിസ് ഖാൻ ഏതാനും ആയിരം ജനങ്ങളെ കശാപ്പുചെയ്തു. അയാൾ ആ വിനോദത്തിൽ സുഖവും ആനന്ദവും കണ്ടെത്തി. നാം അയാളുടെ പേര് കേൾക്കാൻ പോലും അറയ്ക്കുന്നു. ചരിത്രത്തിലെ വെറുക്കപ്പെട്ട ഒരു കഥാപാത്രമാണ് അയാൾ.
ഓരോ ദിവസവും, ഓരോ മണിക്കൂറും, ഓരോ മിനിട്ടും എണ്ണമറ്റ ദുരന്തങ്ങൾ സൃഷ്ടിച്ച് നീറോയെയും ചെങ്കിസ് ഖാനേയും നിഷ്പ്രഭരാക്കുന്ന ഒരു സർവശക്തനെ നിങ്ങൾക്ക് എങ്ങനെ ന്യായീകരിക്കാൻ കഴിയും ? ഓരോ നിമിഷത്തില്ലം ചെങ്കി സ്ഖാനെ കടത്തിവെട്ടുന്ന ദൈവത്തിൻ്റെ (?) ദുഷ്പ്രവർത്തികളെ എങ്ങനെ പിന്തുണയ്ക്കാമെന്നാണ് നിങ്ങൾ കരുതുന്നത് ?
അവിരാമവും ഘോരവുമായ അസ്വാസ്ഥ്യങ്ങളുടെ നിത്യ നരകമായ ഈ ലോകത്തെ അയാൾ എന്തിനു സൃഷ്ടിച്ചുവെന്ന് ഞാൻ ചോദിക്കുന്നു.
സർവശക്തൻ എന്തുകൊണ്ട് മനുഷ്യനെ സൃഷ്ടിച്ചു ? സൃഷടിക്കുന്നതു പോലെ സൃഷ്ടിക്കാതിരിക്കാനും അയാൾക്ക് അധികാരം ഉണ്ടായിരുന്നില്ലേ?
ഇതിനെല്ലാം എന്തു ന്യായീകരണമാണ് പറയാനുള്ളത് ?
യാതന അനുഭവിക്കുന്നവന് പരലോകത്ത് സമ്മാനങ്ങളും ദുഷ്ടന് ശിക്ഷയും നൽകാൻ വേണ്ടിയാണ് സൃഷ്ടികർമ്മം നടത്തിയത് എന്ന് പറയുമോ?
കൊള്ളാം. മൃദുവും സുഖദായകവുമായ ഒരു കുളിർ ലേപനം പിന്നീട് പുരട്ടിത്തരുവാൻ വേണ്ടി, ഇപ്പോൾ നിങ്ങളുടെ ദേഹത്ത് മുറിവുകൾ സൃഷ്ടിക്കുന്നവനെ എങ്ങനെ ന്യായീകരിക്കുവാൻ കഴിയും?
പട്ടിണിക്കിട്ട് വിറളിയെടുത്ത സിംഹത്തിൻ്റെ കൂട്ടിലേക്ക് പച്ച മനുഷ്യനെ എറിഞ്ഞു കൊടുക്കുകയും, ഹിംസ്ര ജന്തുക്കളുടെ വായിൽ നിന്ന് അഥവാ അവൻ രക്ഷപെട്ട്, മരണത്തെ അതിജീവിച്ച് പുറത്തു വന്നാൽ അവനെ വരവേൽക്കുകയും ചെയ്യുന്ന ഗ്ലാഡിയേറ്റർ സ്ഥാപനത്തിൻ്റെ സംഘാടകരേയും അനുചരൻമാരേയും ന്യായീകരിക്കാനാവുമോ ?
അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത് – എന്തുകൊണ്ട് ജ്ഞാനിയായ പരമേശ്വരൻ ഈ ലോകത്തേയും മനുഷ്യനേയും സൃഷ്ടിച്ചു ?
ആനന്ദത്തിനു വേണ്ടിയോ ?
എങ്കിൽ ദൈവവും,നീറോയും തമ്മിൽ എന്താണ് വ്യത്യാസം ? “
മുൻജന്മ പാപങ്ങളാണ് ഇപ്പോൾ അനുഭവിക്കുന്ന ദുഖത്തിന് കാരണം എന്ന വിശ്വാസികളുടെ വാദത്തെ ശരിയായ വാദമുഖങ്ങൾ കൊണ്ടു തന്നെ ഈ ലേഖനത്തിൽ ഖണ്ഡിക്കുന്നുണ്ട്
“……. ഹിന്ദുക്കൾ പറയുന്നു കഴിഞ്ഞ ജന്മത്തിൽ പാപികളായിപ്പോയതുകൊണ്ടാണ് ഈ ജന്മത്തിൽ ആളുകൾ ദുരിതമനുഭവിക്കുന്നത് എന്ന്. കൊള്ളാം. അപ്പോൾ അതിക്രമം കാട്ടുന്ന കശ്മലൻമാരെല്ലാം കഴിഞ്ഞ ജന്മത്ത് വിരുദ്ധ ജീവിതം നയിച്ചിരുന്നു എന്നാണോ? അതു കൊണ്ടത്രേ അവരിപ്പോൾ അധികാരത്തിൻ്റെ സർവ സുഖങ്ങളും നുണയുന്നത്.
ഇത്തരം സിദ്ധാന്തം സൃഷ്ടിച്ച നിങ്ങളുടെ പൂർവപിതാക്കൾ അസാമാന്യ കുശാഗ്രബുദ്ധികളായിരുന്നു എന്ന് സമ്മതിക്കുന്നു. അവിശ്വാസത്തിൻ്റേയും യുക്തിയുടേയും എല്ലാ ശ്രമങ്ങളേയും അടിച്ചു തകർക്കാൻ കെൽപ്പുള്ളത്ര ശക്തമായ സിദ്ധാന്തങ്ങൾ പടച്ചുവിടാനാണ് അവർ ശ്രമിച്ചത്.”
എങ്ങനെയാണ് മനുഷ്യർ വിശ്വാസികളായിത്തീരുന്നത് എന്ന് ഭഗത് വിശദീകരിക്കുന്നുണ്ട്.
“……. തികച്ചും ബാലിശമായ മറ്റൊരു ചോദ്യം ഉയർന്നു വന്നേക്കാം. എങ്കിലും സ്വാഭാവികമാണത്. ദൈവം ഇല്ല എങ്കിൽ ആളുകൾ എങ്ങനെയാണ് ഇല്ലാത്ത ദൈവത്തിൽ വിശ്വസിച്ചു തുടങ്ങിയത്?
അക്കാര്യം ചുരുക്കത്തിൽ വ്യക്തമാക്കാം.
ഭൂതപ്രേത പിശാചുക്കൾ ഉണ്ടെന്ന് മനുഷ്യൻ വിശ്വസിച്ചും ഭയന്നും തുടങ്ങിയ കാലഘട്ടത്തിൽ തന്നെയാണ് ദൈവത്തിലും വിശ്വസിക്കാൻ തുടങ്ങിയത്.
……. സമൂഹത്തിൽ ഒരു പരമാധീശ ശക്തിയെക്കുറിച്ച് വ്യാപകമായി പ്രചരിപ്പിക്കുകയും സാമാന്യജനങ്ങൾ അതിൽ ആകൃഷ്ടരാകുകയും വിശ്വാസികളായി മാറുകയും ചെയ്യുന്നു.”
ലേഖനത്തിൻ്റെ അവസാന ഭാഗത്ത് എത്തുമ്പോൾ ഭഗത് സിംഗ് തൻ്റെ നിലപാടുകളെ കൂടുതൽ വ്യക്തതയോടു കൂടിത്തന്നെ നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നു.
“……. എൻ്റെ പൊങ്ങച്ചമല്ല, എൻ്റെ ചിന്തകളുടെ രീതിയാണ് എന്നെ ഒരു നാസ്തികനാക്കി മാറ്റിയത്. ദൈവ വിശ്വാസവും നിത്യപ്രാർത്ഥനകളും, നിരർത്ഥകവും സ്വാർഥവുമെന്ന് ഞാൻ കരുതുന്നു. അത്തരം വിശ്വാസവും പ്രാർത്ഥനയും എനിക്ക് സഹായമായി വർത്തിക്കുകയില്ല എന്ന് എനിക്കുറപ്പുണ്ട്.മറിച്ച് അത് കാര്യങ്ങൾ കൂടുതൽ വഷളാകാൻ ഇടയാകുമോ എന്ന് എനിക്ക് സംശയവുമുണ്ട്.നിരീശ്വരവാദികൾ എല്ലാ വിഷമഘട്ടങ്ങളേയും ധീരമായി അഭിമുഖീകരിക്കാറുള്ളതായി ഞാൻ മനസിലാക്കിയിട്ടുണ്ട്. ഞാനും അതിനാണ് ശ്രമിക്കുന്നത്. കഴുമരത്തിൽ പോലും ഞാൻ തല ഉയർത്തി നിൽക്കും.”
മരണമുഖത്തു നിൽക്കുമ്പോഴും തൻ്റെ നിലപാടുകളിലും ബോധ്യങ്ങളിലും അടിയുറച്ചു നിൽക്കുന്ന ധീരനായ ഒരു മനുഷ്യനെ ഭഗതിൽ നമുക്ക് കാണാനാവും.
ഈ ലേഖനം വായിച്ചു കഴിയുമ്പോൾ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങാതിരിക്കാൻ നമുക്കുമാവില്ല.
By
Sudhi Shankaran