Saturday, November 09, 2024

ദൈവത്തിന്റെ ഡയറി

വൈവിദ്ധ്യങ്ങളായ കഥാപുസ്തകങ്ങളിൽ നിന്നും യാഥാർത്ഥ്യത്തിൻ്റെ കുപ്പായമണിഞ്ഞ് മനുഷ്യരിലേക്ക് പകർന്ന മിഥ്യാനുഭൂതിയാണ് സർവ്വശക്തനും, അവൻ്റെ വിവിധ നാമങ്ങളാൽ പ്രചരിക്കുന്ന അമാനുഷികതകളും.

അപ്രകാരം വിവിധങ്ങളായ ഭാഷകളിലും, ഗ്രന്ഥങ്ങളിലും എല്ലാം നിയന്ത്രിക്കുന്ന സർവ്വശക്തസാന്നിദ്ധ്യം നിങ്ങൾക്ക് കാണാം.
അതെ മുപ്പത്തിമുക്കോടി രൂപങ്ങളാലും, അരൂപിയായും ചിന്താശേഷിയില്ലാത്ത ഒരു ഭൂരിപക്ഷത്തിൻ്റെ വൈകല്യം മുതലെടുത്ത് ജീവിച്ചു പോകുന്ന ആകാശത്ത് പാർപ്പിടം പണിഞ്ഞ് താമസിക്കുന്ന ദൈവം എന്ന നാമം കൊണ്ട് നിങ്ങളറിഞ്ഞുകൊണ്ടിരിക്കുന്ന സർവ്വശക്തനായ എൻ്റെ ഒളിവിലെ ഓർമ്മക്കുറിപ്പുകളാണിത്.

അവശാനയതു കൊണ്ടും ഇനിയൊരു തുറന്നെഴുത്തിന് സാധ്യത മങ്ങുന്നതിനാലുമാണ് ഇത്തവണ ഞാനിതിനു മുതിരുന്നത്.

സ്വാഭാവികതയിൽ നടപ്പാകാൻ സാധ്യതയുള്ള എല്ലാ വിഷയങ്ങളുടെയും നടത്തിപ്പിന്റെ കടപ്പാട് മനുഷ്യരിൽ നിന്നും എൻ്റെ മനശാസ്ത്ര പ്രാവീണ്യത്താൽ കവർന്നെടുത്താണ് ഭൂത,വർത്തമാന കാലയളവുകളിൽ ഞാൻ വിഹരിച്ചത്. ഇതിനിടയിൽ നിരവധി തവണ എനിക്ക് ഒളിവിൽ പോകേണ്ടി വന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തിലും ഞാൻ ഒളിവിലാണ്. മുൻസാഹചര്യങ്ങളിൽ ഞാൻ പൂർവ്വാധികം ശക്തിയാർജിച്ച് തിരിച്ച് വരവ് നടത്തിയെങ്കിലും നിലവിൽ എൻ്റെ ഭാവി നേരിയ ശതമാനം ചോദ്യചിഹ്നത്തിലാണ്. അതു കൊണ്ട് തന്നെയാണ് എൻ്റെ ഭൂതകാല ഒളിവുസമയങ്ങളിൽ ചിലത് നിങ്ങളിലേക്ക് ഞാൻ പങ്കിടുന്നത്.

ബി സി ഇ 10000 ൽ മനുഷ്യരെ ബാധിക്കാൻ തുടങ്ങിയ .. പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാന വർഷങ്ങളിൽ ഓരോ വർഷവും നാലു ലക്ഷം പേരെ യൂറോപ്പിൽ കൊന്നൊടുക്കിയ ഇരുപതാം നൂറ്റാണ്ടിനുമുൻപ് മുപ്പത് കോടിക്കും , അൻപത് കോടിക്കും ഇടയിൽ മനുഷ്യരെ കൊന്നൊടുക്കിയ “അകമലരി” എന്നു മലയാളത്തിൽ വിളിക്കുന്ന വസൂരിയാണ് എന്നെ ദീർഘകാലം ഒളിവിൽ പാർപ്പിച്ചതെങ്കിലും, 0542 ൽ 100 ദശലക്ഷം പേരെയും , ശേഷം 1346 ൽ ആരംഭിച്ച് മൂന്നു ശതാബ്ദം നീണ്ടുനിന്ന് 25 ദശലക്ഷം പേരെ വകവരുത്തി തുടർന്ന് 1894 ൽ ആരംഭിച്ച് 1950 വരെ നീണ്ട് നിന്ന് 40484 മരണങ്ങൾ വരുത്തി വീണ്ടും 1987 ൽ 3037 മരണങ്ങളും 2001 ൽ 175 മരണങ്ങളും വിതച്ച് സർവ്വലോക രക്ഷകനായ എൻ്റെ സ്വത്വത്തെ ആദ്യമായും, ശേഷം തുടർ നാളുകളിൽ ഇടക്കിടെ വന്നു പിടിച്ചുലച്ച ഭീകരനാണ് കറുത്ത മരണം എന്ന് ലോകം വിശേഷിപ്പിച്ച ‘പ്ലേഗ്’ .

മേൽ പ്രതിപാദിച്ച വെല്ലുവിളികളെയാകെ എൻ്റെ ന്യായീകരണത്തൊഴിലാളികളെ വെച്ച് എൻ്റെ കോപം മൂലമാണിതൊക്കെ സംഭവിക്കുന്നതെന്ന് സമർത്ഥിച്ച് ഞാൻ മുന്നേറി. യാഥാർത്ഥ്യം കൊണ്ട് ഞാൻ ഒളിവിലായിരുന്നെങ്കിലും മേൽപ്പറഞ്ഞ മഹാമാരികളുടെ മൊത്ത വിതരണാവകാശം ഏറ്റെടുത്ത് എന്റെ കോപത്തിന്റെ പ്രഹരമാണിതെന്ന ഭയം വിതച്ച് ഞാനെൻ്റെ സ്വത്വത്തെ അടിയുറപ്പിച്ചു മുൻപത്തേക്കാൾ ശക്തിയിൽ.

സർവ്വശക്തനായ എനിക്ക് സ്വാഭാവിക പരിണിതിയിൽ ഉരുത്തിരിയുന്ന സംഭവങ്ങളല്ലാതെ , ‘കൈ’വേർപെട്ട് പോയവൻ്റെ ‘കൈ’ തിരിച്ചു വളർത്തിക്കൊടുക്കാനൊന്നും ശേഷിയില്ലായെന്ന് മനസ്സിലാക്കാൻ കഴിവില്ലാത്ത ഒരു വലിയ ഭൂരിപക്ഷ ജനതയെ ഭയപ്പെടുത്തി സ്യഷ്ടാവെന്ന നാമം നേടിയെടുക്കാൻ എനിക്കും എൻ്റെ ന്യായീകരണത്തൊഴിലാളികൾക്കും ലവലേശം ബുദ്ധിമുട്ടേണ്ടി വന്നില്ല.

ഇന്നുവരെ ആരും നഷ്ട്ടപ്പെട്ടു പോയ സ്വന്തം അവയവം വീണ്ടും വളരണേ എന്ന് എന്നോട് പ്രാർത്ഥിച്ചിട്ടുമില്ല, കേട്ടോ..?

അസംഭവ്യമായ കാര്യങ്ങളെക്കുറിച്ചൊക്കെ അവരുടെ ‘ഉപബോധമനസ്സി’ന് ധാരണയുണ്ടെന്നത് എൻ്റെ നല്ല ഭാവിക്ക് ദോഷമായി ഭവിച്ചേക്കാമെങ്കിലും നിലവിൽ അവരുടെ ‘ബോധനസ്സ്’ എൻ്റെയും എൻ്റെ ന്യായീകരണത്തൊഴിലാളികളുടെയും നിയന്ത്രണത്തിലുള്ള കാരാഗൃഹത്തിൽ തടവിലാണ്.

എന്നെ ഒളിവ് ജീവിതത്തിലേക്ക് വീണ്ടും തള്ളിവിട്ട ഒരു വ്യാപനമാരിയാണ് 1918 ൽ പൊട്ടിപ്പുറപ്പെട്ട ഉറവിടമേതെന്ന് ഇന്നുമറിയാത്ത രോഗം. ലോകം എക്കാലത്തും നേരിട്ട മഹാവ്യാധികളിലൊന്ന്, ലോകസമ്പത്ത് ഘടനയെ തകർത്ത മഹാവിപത്ത്. ‘മഹാമാരികളുടെ മാതാവ്’ എന്ന പേരിൽ കുപ്രസിദ്ധിയാർജിച്ച രോഗം. ലോക ജനസംഖ്യയുടെ നാലിലൊന്നിനെയും ബാധിച്ച രോഗം. ലോകത്ത് 50 കോടിയിലേറെ പേർക്ക് ബാധിച്ച് 5 കോടിയിലേറെ പേരെ മരണത്തിലേക്ക് തള്ളിവിട്ട ഉറവിടമേതെന്ന് കൃത്യമായ ധാരണയൊന്നുമില്ലെങ്കിലും.. ആ മഹാമാരിയെ ലോകം ‘സ്പാനിഷ് ഫ്ലൂ’ എന്നു വിളിക്കുന്നു.

ഇത്തരം വെല്ലുവിളികൾ എന്റെ കോപ ഫലമാണെന്ന ആവർത്തനത്തിലൂടെ കൃത്യമായി സമർത്ഥിച്ച് വെല്ലുവിളികളെ വളമാക്കി സർവ്വശക്ത കുപ്പായം അലക്കി വെളുപ്പിച്ച് കൂടുതൽ പ്രഭ ചൊരിഞ്ഞ് ഞാൻ മുന്നേറി. സ്പാനിഷ് ഫ്ലൂവിന് മുൻപ് 1852 ൽ 10 ലക്ഷം പേരുടെ ജീവനപഹരിച്ച ബ്രിട്ടീഷ് ഭരണകാലത്ത് ഇൻഡ്യയിൽ പൊട്ടിപ്പുറപ്പെട്ട തേഡ് കോളറ, 1889-90 കളിൽ റഷ്യയിൽ പൊട്ടിപ്പുറപ്പെട്ട 10 ലക്ഷം മനുഷ്യരെ കൊന്നൊടുക്കിയ H3N8 റഷ്യൻ ഫ്ലൂ, 1910-11 കാലഘട്ടങ്ങളിൽ ഇൻഡ്യയിൽ പൊട്ടിപ്പുറപ്പെട്ട് മിഡിലീസ്റ്റ് ,നോർത്ത് ആഫ്രിക്ക, കിഴക്കൻ യൂറോപ്പ് , റഷ്യ എന്നിവിടങ്ങളിലും പടർന്നു പിടിച്ച 8 ലക്ഷം പേരെ കൊന്നൊടുക്കിയ ‘സിക്സ്ത് കോളറ’, സ്പാനിഷ് ഫ്ലൂവിന് ശേഷം 1957 ൽ രൂപപ്പെട്ട ഒരു ലക്ഷത്തോളം പേരെ കൊന്നൊടുക്കിയ ഹോങ്കോങ്ങ് ഫ്ലൂ., ഇവയൊന്നും എനിക്ക് ഒരു വെല്ലുവിളിയായി ഭവിച്ചിട്ടില്ലെങ്കിലും..
ഞാൻ എൻ്റെ തൊഴിലാളികളാൽ പ്രചരിപ്പിച്ച പൊതുബോധത്താൽ മുങ്ങി അഭിമാന ഹാനിയാൽ മറയ്ക്കപ്പെട്ട് എനിക്ക് ലവലേശം തട്ടുകേടില്ലാതെ കടന്ന് വന്ന ഒരു വിപത്താണ് 1976 ൽ കോംഗോയിൽ കണ്ടെത്തിയ 2002 മുതൽ 2012 വരെ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടുതലായി വ്യാപിച്ച- 1990 കളിൽ ലോകമാകമാനം ഭീതിയുണർത്തി ഇതുവരെ മൂന്നരക്കോടി ജനങ്ങളുടെ മരണത്തിന് കാരണമായ ഞാൻ വിഭാവനം ചെയ്ത് പ്രചരിപ്പിച്ച പൊതുബോധവൽക്കരിക്കപ്പെട്ട അഭിമാന ഹാനികര ഉൽപ്പന്നമായ ലൈംഗീക ബന്ധം മൂലം പടരുന്ന ഹ്യൂമൻ ഇമ്യൂണോ വൈറസ് (HIV) വഴി ബാധിക്കുന്ന എയ്ഡ്സ്. ഇഷ്ടൻ എനിക്കൊരു പ്രതിസന്ധിയേ അല്ലായിരുന്നു. ഇഷ്ടൻ പിടികൂടി അവശനായവരാരും രക്ഷക്കായി എന്നെ പ്രാർത്ഥിച്ചില്ല മേൽ പ്രതിപാദിച്ച ആരോഗ്യഹാനിക്കപ്പുറം, അഭിമാനഹാനിയായ ഈ രോഗം മാത്രമാണ് എന്നെ ഒളിവിൽ പറഞ്ഞ് വിടാത്തത്.ശേഷം അജയ്യനായി വാണരുളിയിരുന്ന എന്നെ ഒറ്റപ്പെട്ട പ്രാദേശിക പ്രശ്നങ്ങളല്ലാതെ മറ്റാരും അലട്ടിയിരുന്നില്ല. ചെറിയകാര്യങ്ങളൊക്കെ എൻ്റെ ന്യായീകരണ തൊഴിലാളികളുടെ നേതാക്കന്മാരായ പുരോഹിതരിലേക്ക് പോലും എത്തിയില്ല എന്നതാണ് വസ്തുത.
എല്ലാം എൻ്റെ അന്തം വിശ്വാസികൾ ന്യായീകരിച്ചു തള്ളി മറിച്ച് പരിഹരിച്ചു.

അങ്ങനെ സ്യഷ്ടാവിൻ്റെ കള്ളകുപ്പായമിട്ട് പ്രതിസന്ധികളെ തരണം ചെയ്ത് നിർബാധം വിഹരിക്കുമ്പോളാണ് 2014 – 16 കാലയളവിൽ മധ്യ ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകൾക്ക് സമീപമുള്ള ഗനിയയിൽ രൂപപ്പെട്ട ഒരു രോഗം അതിൻ്റെ സഞ്ചാര നാൾവഴി സിയേറ ലിയോണയിലും , ലൈബീരിയയിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ കണക്കിൽ 50% ത്തോളം മരണനിരക്ക് വരുന്ന രോഗം. 28616 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 11310 പേർക്ക് മരണം സംഭവിച്ചു. ലോകത്തെയാകെ ഭയപ്പെടുത്തിയെങ്കിലും പൂർവ്വകാല ആരോപണങ്ങൾ ഭംഗിയായായി സമർത്ഥിച്ച് എനിക്ക് വളമാക്കി തന്ന എൻ്റെ തൊഴിലാളി നേതാക്കളായ പുരോഹിതർക്കും കൂട്ടർക്കും ‘എബോള’യും ഒരു ഭീഷണിയായിരുന്നില്ല.
പക്ഷേ ഇന്ന് കാലം അതിവേഗം പുരോഗമിക്കുന്നു..

ഒരു മേശയ്ക്കു ചുറ്റും വിരലിലെണ്ണാവുന്ന എണ്ണത്തിൽ ചുരുങ്ങി എന്റെ പൊയ്മുഖം തുറന്ന് കാട്ടിയിരുന്ന യുക്തിവാദികൾ ചിന്താശേഷിയെന്ന ഗർഭം ധരിച്ച് പരിഷ്കരണബോധമെന്ന കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നു. എനിക്കെതിരെയുള്ള ശബ്ദത്തിൻ്റെ മാറ്റൊലികൾ ഉച്ചസ്ഥായിയിലാകുന്നു. നവ മാധ്യമങ്ങൾ എനിക്കെതിരെ വിവിധങ്ങളായ രൂപത്തിൽ കണ്ഠ ക്ഷോഭം മുഴക്കുന്നു. ശാസ്ത്രപുരോഗതി എൻ്റെ സ്വത്വത്തെ കുത്തിയിളക്കുമ്പോൾ അതിനെ പിൻതാങ്ങി യുക്തിവാദികൾ എനിക്കെതിരെ ആശയമാകുന്ന മൂർച്ചയേറിയ ആയുധമുയർത്തി വെല്ലുവിളിക്കുന്നു.

തലച്ചോറ് നശിച്ച, സർവ്വ ശക്തനായ ഞാൻ രക്ഷക്കുണ്ട് എന്ന മൂഢസ്വർഗ്ഗത്തിൻ വിരാചിക്കുന്ന, എൻ്റെ പ്രീതിക്കായി അഗ്നിയിലൂടെ ഓടുന്ന, സ്വന്തം അവയവങ്ങളിൽ മൂർച്ചയേറിയ ലോഹങ്ങൾ കുത്തിയിറക്കുന്ന മഹാഭ്രാന്ത വിശ്വാസ സൈനികരാൽ നന്നേ ബുദ്ധിമുട്ടി എനിക്കെതിരെയുള്ള വസ്തുതകളെ അതിക്ലേശം പ്രതിരോധിക്കുന്നതിനിടയിലാണ് ഈ വർത്തമാന കാലത്ത് 2019 ൽ തുടങ്ങി 21 ലും തുടരുന്ന എന്താകും, എങ്ങനെ തീരും എന്ന് ഒരു ധാരണയുമില്ലാത്ത ഒരു രോഗം ഇടിവെട്ടിയവനെ പാമ്പുകടിച്ചെന്ന പോലെ വന്ന് ഭവിക്കുന്നത്. ചൈനയിലെ ഹ്യൂബേയ് പ്രവിശ്യയിലെ വുഹാനിൽ കണ്ടെത്തിയ പിന്നീട് പുറത്തേക്ക് വ്യാപിച്ച് നിലവിൽ ലോകമെമ്പാടുമുള്ള അനേക രാജ്യങ്ങളിൽ അതിവ്യാപനത്തിൻ്റെ മഹാമാരിയായി നൃത്തം വെച്ച് ലക്ഷത്തിലധികം ആളുകളെ സംഹരിച്ച് ഇന്നും സംഹാര നൃത്തം തുടർന്ന് കൊണ്ട് ആവിർഭവിച്ചുകൊണ്ടിരിക്കുന്ന ഈ വൈറസിൻ്റെ ഏറ്റവും പുതിയ ക്ലിനിക്കലും, സാംക്രമിക രോഗ ശാസ്ത്ര സംബന്ധമായ ലക്ഷണങ്ങൾ അനുസരിച്ച് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന, മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം വ്യാപിക്കുന്ന കോവിഡ് 19 എന്ന നോവൽ കൊറോണ വൈറസ് എൻ്റെ അസ്ഥിത്വത്തിന് ഭീഷണിയാകുമോ എന്ന സന്ദേഹ സാഹചര്യത്തിലാണ് ഞാൻ ഇത്തരം സമാന കാലഘട്ടങ്ങളുടെ ഓർമ്മകൾ പങ്കുവെച്ചത്.
എനിക്കറിയാം മതവിശ്വാസികളെ .. ഞാനില്ലാതെ നിങ്ങൾക്ക് ജീവിക്കാനാകില്ല, ഏതൊരു സാഹചര്യത്തിലും നിങ്ങൾ ജീവൻ കൊടുത്തും എന്നെ രക്ഷിക്കും. യുക്തിവാദികളുടെ ആശയമെന്ന ആയുധത്തിന് മുൻപിൽ സർവ്വശക്തൻ്റെ കള്ളക്കുപ്പായമണിഞ്ഞ ദൈവമെന്ന എൻ്റെ കാൽച്ചുവട്ടിൽ പണയപ്പെടുത്തിയ തലച്ചോറിൻ്റെ സ്ഥാനത്തെ ‘ശൂന്യത’ പരിചയാക്കി എനിക്കു വേണ്ടി നിങ്ങൾ പോരാടുക.

ഏത് മഹാമാരി ആകെ ജനസംഖ്യയിൽ കുറവ് വരുത്തിയാലും മിച്ചപ്പെട്ട സംഖ്യ എൻ്റെ കാരുണ്യമാണെന്ന് യുക്തൻ്റെ ആശയത്തിന് മുന്നിൽ പ്രത്യാരോപണം നടത്തുക.

എനിക്കായി ലിഖിതപ്പെടുന്ന കപട ചരിത്രങ്ങൾക്കായി ചിന്താശേഷിയുള്ളവർക്ക് മുന്നിൽ എനിക്കായി നാണം കെട്ട് പോരാടുക, നമ്മൾ അതിജീവിക്കും .

പ്രിയപുരോഹിതരേ, വിശ്വാസികളായ കഴുതകളേ.. എൻ്റെ ഒളിവുകാല ഓർമ്മക്കുറിപ്പുകൾക്കപ്പുറം ഇതൊരു യുദ്ധാഹ്വാനമായി എടുക്കില്ലേ നിങ്ങൾ? “ആശയങ്ങളിൽ നിന്ന് നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.”

എന്ന് സർവ്വശക്തനായ നിങ്ങളുടെ സ്വന്തം സ്യഷ്ടാവ് ദൈവം .

By

VishnuAnilkumar

Editor

Yukthivaadi

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.