പ്രണയത്തിന്‍റെ പരിണാമം
മനുഷ്യനില്‍ പ്രണയം പരിണമിച്ചതെങ്ങനെ.? പരിണാമത്തെ പറ്റിയുള്ള അറിവ് പ്രണയം കൂടുതല്‍ ആസ്വദിക്കാന്‍ സഹായിക്കുമോ.? പരിണാമത്തെ പറ്റിയുള്ള ക്ലബ്ഹൗസ് ചര്‍ച്ചക്കിടയില്‍ ചോദിക്കപ്പെട്ട ചോദ്യങ്ങളാണ് ഇവ. ആദ്യം രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം പറയാം. പ്രണയത്തിന്‍റെ പരിണാമവും സയന്‍സും അറിഞ്ഞാല്‍ പ്രണയം കൂടുതല്‍ ആസ്വദിക്കാനാവുമോ എന്നറിയില്ല. എന്നാല്‍ പ്രണയനഷ്ടത്തില്‍ തകരാതിരിക്കാന്‍ ഇതു സഹായകമാകുമെന്ന് ഉറപ്പാണ്. ലൈംഗികത നിഷേധിക്കപ്പെട്ടതിന്‍റെ പേരില്‍ ആരും ആത്മഹത്യ ചെയ്തതായി അറിവില്ല. എന്നാല്‍ പ്രണയനഷ്ടത്തിന്‍റെ പേരിലുള്ള ആത്മഹത്യയും കൊലപാതകവും സാധാരണ കണ്ടുവരുന്ന വാര്‍ത്തയാണ്. വ്യക്തിപരമായി പറഞ്ഞാല്‍ പ്രണയനഷ്ടത്തിന്‍റെ പേരില്‍ വളരെയടുത്ത രണ്ടു സുഹൃത്തുക്കള്‍ നഷ്ടമായതിന്‍റെ നീറ്റല്‍ ഇപ്പോഴും അലട്ടുന്നുണ്ട്. പ്രണയനഷ്ടത്തിന്‍റെ പേരില്‍ ജീവന്‍ നഷ്ടമാകാതിരിക്കണമെങ്കില്‍ മനുഷ്യശരീരം ഒരു യന്ത്രമാണെന്നും, പ്രണയം പോലുള്ള വികാരങ്ങള്‍, ആ യന്ത്രത്തില്‍ നടക്കുന്ന, പരിണാമപരമായി അതിജീവിക്കപ്പെട്ട ജൈവരാസ പ്രവര്‍ത്തനങ്ങള്‍ മാത്രമാണെന്നും മനസ്സിലാക്കേണ്ടതുണ്ട്.
പ്രണയം എന്നത് മനുഷ്യന്റെ നിലനില്പിന് ആവശ്യമായ, പരിണാമപരമായ ഒരു അനുകൂലനമാണ്. മനുഷ്യനില്‍ കൂടുതലായി കാണുന്ന പരസ്പരമുള്ള ബോണ്ടിംഗ് പരിണമിച്ചത്, 70 ലക്ഷം വര്‍ഷംമുമ്പ് ചിമ്പാന്‍സികളുമായി നമുക്കുണ്ടായിരുന്ന പൊതുപൂര്‍വ്വികനില്‍ നിന്നും വേര്‍പിരിഞ്ഞ ശേഷമാണ്. വന്യജീവികളുമായി പോരടിച്ചിരുന്ന മനുഷ്യന്റെയും മനുഷ്യ പൂർവികന്‍റെയും പരിണാമ ചരിത്രത്തിൽ, മാതാപിതാക്കളുടെ തുണയില്ലാതെ കുഞ്ഞിന്റെ അതിജീവനം ബുദ്ധിമുട്ടായിരുന്നു. ഇവിടെ ഒന്നിച്ചു ജീവിക്കുന്നവരുടെ കുട്ടികളുടെ അതിജീവനം എളുപ്പമാവുകയും, മാതാപിതാക്കൾ പിരിഞ്ഞ കുട്ടികളുടെ അതിജീവനം ദുർഘടമാവുകയും ചെയ്തു. അങ്ങനെ പ്രണയത്തെ പിൻതുണയ്ക്കുന്ന ജീനുകള്‍ അതിജീവിക്കപ്പെട്ടു. പ്രണയം ജനിതകവും ഒരു പരിധി വരെ പ്രാകൃതവും ആണ്.
Advertise
Click here for more info
കൗമാര കാലഘട്ടം മുതൽ ഉല്പാദിപ്പിക്കപ്പെടുന്ന, ടെസ്റ്റോസ്റ്റെറോൺ (പുരുഷൻമാരിൽ), പ്രൊജസ്ട്രോൺ, ഈസ്ട്രജൻ (സ്ത്രീകളിൽ), തുടങ്ങിയ ഹോർമോണുകളാണ് പ്രണയത്തിനുള്ള പശ്ചാത്തലം ഒരുക്കുന്നത്. പ്രണയിതാവിൻറെ സാമിപ്യത്തിൽ അധികമായി നടക്കുന്ന, ഡോപ്പമിന്‍, PEA എന്നീ ന്യൂറോട്രാന്‍സ്മിറ്ററുകളുടെ പ്രവർത്തനഫലമായി അക്ഷരാർഥത്തിൽ 'കണ്ണുകാണാത്ത' അനുഭവം ഉണ്ടാകുന്നു. അവിടെ ജാതിമതങ്ങള്‍ അതിജീവിക്കപ്പെടുന്നെങ്കിലും ഇതിനൊക്കെ മതനിരപേക്ഷ ചിന്തകളുമായി വലിയ ബന്ധമില്ല. പ്രണയം ഒരു ലഹരിയാണ്.
Advertise
Click here for more info
പ്രണയിതാവിന്റെ അഭാവത്തില്‍, ഈ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനം കുറയുമ്പോൾ, ഉണ്ടാകുന്ന വിത്‌ഡ്രോവൽ സിംറ്റം(withdrawal symptom) ആണ് വിരഹം. ഇവിടെ യുക്തിയുടെ സ്ഥാനം നഷ്ടമാകുന്നതും ഹോര്‍മോണുകളുടെ ഇടപെടല്‍ മൂലമാണ്. ഈ യാന്ത്രികത തിരിച്ചറിയുകയും, അമൂല്യമായ ജീവന്‍ നഷ്ടപ്പെടുത്തുന്നത് വിഡ്ഢിത്തമാണെന്നു മനസ്സിലാക്കുകയും, ആണ് പ്രണയ നൈരാശ്യം മൂലമുള്ള ജീവനഷ്ടം കുറയ്ക്കാനുള്ള കരണീയമായ മാര്‍ഗ്ഗം.
By
AnupIssac