ഭാരതീയ വിവാഹവും ലോട്ടറിയും
ഭാരത്തിന്റെ സംസാകാരത്തിനു കാലങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക് വിധേയമാകാത്ത ഒന്നാണ് നമ്മുടെ കല്യാണ രീതി. പരസ്പരം ഇഷ്ടപ്പെടുന്ന രണ്ടുപേർ തമ്മിൽ ഒരുമിച്ചു ജീവിക്കണം എന്ന അടിസ്‌ഥാനപരമായ തത്വത്തിനു പകരം ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതിനു ശേഷം പരസ്പരം ഇഷ്ടപ്പെട്ടാൽ മതി എന്ന തരത്തിലാണ് നമ്മുടെ കല്യാണ രീതികൾ ചിട്ടപെടുത്തിയിട്ടുള്ളത്. ഒരു ലോട്ടറി എടുക്കാൻ ഉപയോഗിക്കുന്ന അതേ ഭാഗ്യപരീക്ഷണം തന്നെയാണ് കാലാകാലങ്ങളായി ഭാരതീയർ അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ ഉപയോഗിക്കുന്നത്. ലോട്ടറി എടുക്കുമ്പോൾ അതിലെ സംഖ്യകൾ ആണ് നോക്കുന്നതെങ്കിൽ ഇവിടെ പങ്കാളിയുടെ സാമ്പത്തിക സ്ഥിതിയും കുടുംബ മഹിമയും നോക്കിയാണ് വിവാഹം തീരുമാനിക്കുന്നത്.
Advertise
ഇങ്ങനെ ഒരുമിച്ച പങ്കാളികൾക്ക് പരസ്പ്പരം ഒത്തുചേർന്നു പോകാൻ സാധിക്കില്ല എങ്കിൽ 'കുടുംബത്തെയോർത്ത്', 'മക്കളെയോർത്ത്' എല്ലാം സഹിച്ചു ജീവിതകാലം മുഴുവൻ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കേണ്ടി വരുന്നു. നമ്മുടെ സമൂഹം നിഷ്കർഷിച്ചിട്ടുള്ള വിവാഹ രീതി പ്രകാരം ഒരു പ്രസ്തുത വ്യക്തിയെ ജീവിതപങ്കാളി ആക്കാൻ നമ്മൾ തയ്യാറാകുമ്പോൾ നമ്മുടെ കൈയ്യിൽ ഉള്ളത് ആ വ്യക്തിയുടെ പേര്, ജാതി, മതം, ജോലി തുടങ്ങിയ വ്യക്തിവിവരങ്ങളും, കുടുംബ പശ്ചാത്തലവും, പെണ്ണുകാണൽ എന്ന ചടങ്ങിലൂടെ പരസ്പരം സംസാരിക്കാൻ അനുവദിച്ചു കിട്ടിയ ചുരുങ്ങിയ സമയത്തിനുള്ളിൽ അവരിൽ നിന്ന് മനസിലാക്കാൻ സാധിച്ച പരിമിതമായ വിവരങ്ങളും മാത്രമാണ്. ഈ അറിവുകളുടെ അടിസ്‌ഥാനത്തിൽ ഒരു ആയുഷ്കാലം മുഴുവൻ ആ വ്യക്തിയുമായി ചിലവിടണോ വേണ്ടയോ എന്ന് തീരുമാണിക്കേണ്ടി വരുന്നത് നിർഭാഗ്യകരമാണ്.
Advertise
കല്യാണലോചയുമായി വന്ന സമയത്ത് തന്റെ പങ്കാളിയുടെ സ്വഭാവത്തെ കുറിച്ച് അറിഞ്ഞിരുന്നു എങ്കിൽ ഞാൻ ഈ കല്യാണത്തിന് സമ്മതിക്കില്ലായിരുന്നു എന്നു ഖേദിക്കുന്ന ആയിരക്കണക്കിന് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇതേ ആളുകൾ തന്നെയാണ് അവരുടെ മക്കളേയും ഭാഗ്യപരീക്ഷണത്തിലൂടെ പങ്കാളിയെ കണ്ടെത്താൻ നിർബന്ധിക്കുന്നത് എന്നു ഓർക്കുമ്പോൾ അത്ഭുതം തോന്നും. സ്വന്തം ജീവിതം എങ്ങനെ ജീവിച്ചു തീർക്കണം എന്ന തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടേണ്ടിവരുക എന്നത് തന്നെ മനുഷ്യൻ എന്ന നിലയിൽ നമ്മുടെ അധഃപഥനം ആണ് കാട്ടുന്നത്. നോക്കു, നിങ്ങളുടെ കുട്ടികളുടെ വിവാഹം നിങ്ങളുടെ ഉത്തരവാദിത്തം അല്ല, അവരുടെ ചോയ്സ് ആണ്. അത് കൃത്യമായി ചെയ്യാൻ ഉള്ള കാര്യപ്രാപ്തിയും വിവേകവും അവർക്ക് ഉണ്ട് എന്ന് ഉറപ്പവരുത്തുക മാത്രമാണ് നിങ്ങളുടെ ഉത്തരവാദിത്തം.
Advertise
മനുഷ്യനു ഭാവി കാണാൻ സാധിക്കാത്തിടത്തോളം കാലം നമ്മൾ എടുക്കുന്ന തീരുമാനങ്ങളിൽ തെറ്റ് സംഭവിക്കുക സ്വാഭാവികമാണ്. സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ ഒരു വ്യക്തിക്ക് തെറ്റ് സംഭവിച്ചാൽ കുത്തുവാക്കുകളോ കുറ്റപ്പെടുത്തലുകളോ കൊണ്ടല്ല അതിനെ നേരിടേണ്ടത് മറിച്ച് അവരെ നമ്മോടു ചേർത്ത് നിർത്തി തെറ്റ് സംഭവിക്കുക എന്നത് മനുഷ്യസഹജം ആണെന്നും ഡിവോഴ്‌സും പുനർവിവാഹവും മറ്റെന്തിനെയും പോലെ തന്നെ സ്വാഭാവികമായ ഒന്നാണെന്നും പറഞ്ഞു മനസിലാക്കുക. മക്കളുടെ ജീവിതത്തെ നിയന്ത്രിക്കുന്നതിനു പകരം ജീവിതത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ ഉള്ള അർജ്ജവം അവർക്ക് നൽകുന്നതാവണം ഓരോ മാതാപിതാക്കളുടെയും കടമ.
സ്വന്തം തീരുമാനങ്ങളുടെയും അതിന്റെ ഫലങ്ങളുടെയും ആകെ തുകയാണ് എന്റെ ജീവിതം എന്നു ഒരോ മനുഷ്യനും അഭിമാത്തോടെ പറയാൻ കഴിയട്ടെ.
By
SajinAjay