Saturday, November 09, 2024

ഭൂതകാലത്തിന്റെ സന്ദേശവാഹകൻ

ഓമുവാമുവ

ശാസ്ത്രലോകത്തെയൊന്നാകെ അമ്പരപ്പിക്കുകയാണ് ഓമുവാമുവ. കാരണം ഇത് എന്താണെന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഛിന്നഗ്രഹം, ധൂമകേതു, പറക്കും തളിക, അന്യഗ്രഹ ജീവികളുടെ സ്പേസ് ക്രാഫ്റ്റ് എന്നിങ്ങനെ പരികൽപനകൾ ഒരുപാട് വരുന്നുണ്ട്. ഒന്നും തെളിയിക്കാൻ പറ്റിയിട്ടില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ്. ഓമുവാമുവ സൗര കുടുംബത്തിലെ അംഗമല്ല. അതിന്റെ ജന്മദേശം സൗരയൂഥത്തിന് വെളിയിൽ എവിടെയോ ആണ്. അതായത് സൗരയൂഥത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ ഇൻറർ സ്റ്റെല്ലാർ ഒബ്ജക്ട് ആണ് ഓമുവാമുവ
ഹവായ് ഭാഷയിൽ മെസഞ്ചർ എന്നാണ് ഓമുവമുവയുടെ അർഥം. 2017 ഒക്ടോബർ 19 ന് ഹവായിലെ ഹാലിയകാല ഒബ്സർവേറ്ററിയിലെ പാൻസ്റ്റാർസ് ടെലസ്കോപ്പ് ഉപയോഗിച്ചാണ് റോബർട്ട് വെറിക്ക് എന്ന ജ്യോതിശാസ്ത്രജ്ഞൻ ഈ പ്രതിഭാസം കണ്ടെത്തിയത്. പക്ഷെ അൽപം വൈകിപ്പോയിരുന്നു. ഓമുവാമുവ പെരിഹീലിയനിൽ എത്തിയ സെപ്തംബർ 9 കഴിഞ്ഞ് 40 റിവസം കഴിഞ്ഞാണ് ഇത് ജ്യോതിശാസ്ത്രജ്ഞരുടെ ദൃഷ്ടിയിൽ പെടുന്നത്. അപ്പോഴേക്കും അത് ഭൂമിയിൽ നിന്നും 33 ദശലക്ഷം കിലോമീറ്റർ അകലെ എത്തിയിരുന്നു. അതിവേഗതയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഈ ദ്രവ്യ ശകലം 2022 ൽ നെപ്ട്യൂണും കടന്നു പോകും. തുടർന്നുള്ള യാത്ര ഇന്റർ സ്റ്റെല്ലാർ സ്പേസിന്റെ വിജനതകളിലൂടെ.
ഓമുവാമുവ ഒരു വാൽനക്ഷത്രമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ വാൽനക്ഷത്രങ്ങൾക്കുള്ളതുപോലെയുള്ള തലയും (coma) വാലും ഇതിനില്ല. ചിലപ്പോൾ അതൊരു ഛിന്നഗ്രഹമായേക്കാം എന്നൊരു നിർദേശമുണ്ടായി. പക്ഷെ അതിന്റെ നോൺ ഗ്രാവിറ്റേഷണൽ വെലോസിറ്റി ഈ പരികൽപനയെയും ചോദ്യം ചെയ്യുന്നു. ഇതിന്റെ സഞ്ചാരപഥം പരിഗണിച്ചാൽ ലൈറ താരാഗണത്തിലുള്ള ഏതെങ്കിലുമൊരു നക്ഷത്രത്തിന്റെ ഗ്രഹ കുടുംബത്തിലെ അംഗമായിരിക്കാം ഓമുവാമുവ. ഭൂമിയേക്കാൾ വികാസം പ്രാപിച്ച ഏതെങ്കിലുമൊരു നാഗരികതയിൽ നിന്നുള്ള സന്ദർശകരായിരിക്കാമെന്നും പരികൽപനയുണ്ട്. എന്നാൽ ഈ പരികൽപനക്ക് ആരാധകർ കുറവാണ്.
100 മുതൽ 1000 മീറ്റർ വരെ നീളവും 35 മുതൽ 167 മീറ്റർ വരെ വീതിയും / കനവും ഉള്ള ഓമുവാമുവക്ക് ഇരുണ്ട ചുമപ്പു നിറമാണ്. ഇതിന്റെ വലുപ്പം കുറവായതും ഭൂമിയിൽ നിന്ന് വളരെ അകലെ ആയതും കാരണം നിരീക്ഷണം എളുപ്പമല്ല. പ്രത്യക്ഷ കാന്തികമാനം 13.5 ഉള്ള വളരെ മങ്ങിയ ഈ ദ്രവ്യ പിണ്ഡത്തിന്റെ വിവരങ്ങൾ ലഭിക്കുന്നത് അതിന്റെ ലൈറ്റ് കർവ് അപഗ്രഥിച്ചിട്ടാണ്. മണിക്കൂറിൽ 94,800 കിലോമീറ്റർ വേഗതയിലാണ് ഓമുവാമുവ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ കണക്കുകൂട്ടലിൽ പ്രത്യക്ഷ കാന്തികമാനം 23 ആണ്. പ്രത്യക്ഷ കാന്തികമാനം പോസിറ്റീവ് മൂല്യത്തിൽ വർധിക്കുന്തോറും ദ്രവ്യ പിണ്ഡത്തിന്റെ ശോഭ കുറഞ്ഞ് മങ്ങിപ്പോകും. നെഗറ്റീവ് വാല്യുവിലേക്ക് എത്തുമ്പോഴാണ് ശോഭ കുടുകയും ദൃഷ്ടിഗോചരമാവുകയും ചെയ്യുന്നത്.
2021 മാർച്ചിൽ ജ്യോതിശാസ്ത്രജ്ഞർ ഇതിനൊരു ശാസത്രീയ നാമം നിശ്ചയിച്ചു. അതനുസരിച്ച് ഇതൊരു നൈട്രജൻ ഐസ് പാളിയാണത്രേ. പേര് II/2017 U1. രാമ എന്ന പേരായിരുന്നു ആദ്യം നിശ്ചയിച്ചത്. ആർതർ സി ക്ലാർക്കിന്റെ റോൺദിവ്യു വിത്ത് രാമ എന്ന സയൻസ് ഫിക്ഷൻ നോവലിലെ എലിയൻ സ്പേസ് ക്രാഫ്റ്റിന്റെ പേരാണിത്. നോവലിൽ ഈ സ്പേസ് ക്രാഫ്റ്റ് കണ്ടെത്തുന്നതിനും ഇപ്പോൾ ഓമുവാമുവ കണ്ടെത്തിയതിലും സമാനതകൾ ഏറെയുണ്ട്.
ഈ ദ്രവ്യ ശകലം പെരിഹീലിയനിൽ എത്തിയപ്പോൾ നാസയുടെ സോളാർ സ്പേസ്ക്രാഫ്റ്റായ സ്റ്റീരിയോക്ക് (STEREO HI-1A) ഇതിനെ കാണാൻ കഴിയാത്തതും നാൽപതു ദിവസം കഴിഞ്ഞ് കണ്ടെത്തിയതും ഓമുവാമുവയുടെ ദുരുഹത വർധിപ്പിക്കുന്നുണ്ട്. സെറ്റി (Search for Extra Terrestrial Intelligence-SETI) ഇൻസ്റ്റിറ്റ്യൂട്ടിന്റെ റേഡിയോ ടെലസ്കോപ്പ്, അലൻ ടെലസ്കോപ്പ് അറേ, ഗ്രീൻ ബാങ്ക് ടെലസ്കോപ്പ് എന്നീ റേഡിയോ ദൂരദർശിനികൾ ഉപയോഗിച്ച് പഠനം നടത്തിയെങ്കിലും അസാധാരണമായ റേഡിയോ സിഗ്നലുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. നിരവധി ഭൂതല, ബഹിരാകാശ ദൂരദർശിനികൾ ഇപ്പോൾ ഓമുവാമുവയെ നിരീക്ഷിച്ചു വരികയാണ്. പാൻസ്റ്റാർസ്, കാനഡ – ഫ്രാൻസ് – ഹവായ് ടെലസ്കോപ്പ്, വെരി ലാർജ് ടെലസ്കോപ്പ്, ജെമിനി സൗത്ത് ടെലസ്കോപ്പ്, കെക്ക് – 2 ടെലസ്കോപ്പ്, ഹബിൾ, സ്പിറ്റ്സർ എന്നിവയാണ് നിരീക്ഷണത്തിനുപയോഗിക്കുന്ന ദൂരദർശിനികൾ.
പക്ഷെ ഓമുവാമുവ പിടികൊടുക്കാതെ പറന്നകലുകയാണ്. ഒരുപാട് ദുരുഹതകൾ ബാക്കിവച്ചുകൊണ്ട്.

By

Dr Sabu Jose

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.