മക് ഡൗഗലും ആത്മാവിൻറെ ഭാരവും
1907 ൽ, മക് ഡൗഗൽ എന്ന അമേരിക്കൻ ഡോക്ടർ, ആത്മാവിൻറെ ഭാരം കണ്ടുപിടിക്കാൻ ഒരു പരീക്ഷണം നടത്തി. മരണാസന്നരായ ആറു രോഗികളുടെ ഭാരം മരണത്തിനു മുമ്പും പിമ്പും രേഖപ്പെടുത്തി. ഇതിൽ ഒരാളുടെ ഭാരത്തിനു മാത്രം മരണശേഷം 21.3 ഗ്രാമിൻറെ കുറവു കണ്ടെത്തി. (മരിക്കുന്ന രോഗികളുടെ ഭാരം അളക്കുന്നതിന് അദ്ദേഹം ഉപയോഗിച്ച സ്കെയിലിൻറെ സെൻസിറ്റിവിറ്റി ഏകദേശം 5.6 ഗ്രാം ആയിരുന്നു.). ഇതേ പരീക്ഷണം പട്ടികളിൽ നടത്തിയെങ്കിലും ഭാരവ്യത്യാസം ഉണ്ടായില്ല.
Advertise
എന്തെങ്കിലും നിഗമനത്തിൽ എത്തിച്ചേരുന്നതിനു മുമ്പ് പരീക്ഷണം പലതവണ ആവർത്തിക്കണമെന്ന് അദ്ദേഹം പറയുകയുണ്ടായി. എന്നാൽ അതേ ഫലമുളവാക്കിയ മറ്റൊരു പരീക്ഷണം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
സാമ്പിളിൻറെ വലുപ്പം കുറവായതിനാൽ ശാസ്ത്രലോകം അക്കാലത്തുതന്നെ തിരസ്കരിച്ച ഈ പരീക്ഷണഫലം, പിന്നീട് ആത്മാവിൻറെ വിശ്വാസികൾ ഏറ്റെടുത്തു. ആത്മാവിൻറെ ഭാരം 21 ഗ്രാം ആണെന്നും, മൃഗങ്ങൾക്ക് ആത്മാവില്ലെന്നും, ഒക്കെ ശാസ്ത്രം തെളിയിച്ചതായി പ്രചരിപ്പിക്കപ്പെട്ടു. ഇന്ന് ഇത് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. തൻറെ വിശ്വാസം അനുസരിച്ച്, മനുഷ്യന് ആത്മാവ് ഉണ്ടെന്നും , മൃഗങ്ങൾക്ക് ഇല്ലെന്നും, ഒക്കെ തെളിയിക്കാൻ ആഗ്രഹിച്ച വിശ്വാസിയായ ഡോക്ടർ,പരീക്ഷണഫലത്തിനു മുമ്പിൽ പിൻമാറിയിട്ട് ഒരു നൂറ്റാണ്ടിലേറെ ആയി. എന്തായാലും വിശ്വാസികൾ വിടുന്ന മട്ടില്ല.
by
AnupIssac