ഡാർവിനിസവും സോഷ്യൽ ഡാർവിനിസവും!
രണ്ടിലും ഡാർവിനിസം എന്നൊരു വാക്കുള്ളത് കൊണ്ട്, രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കരുത്. ഡാർവിനിസവും സോഷ്യൽ ഡാർവിനിസവും തമ്മിൽ രക്തബന്ധം പോയിട്ട്, തമ്മിൽ നേരിട്ട് കണ്ട പരിചയം പോലുമില്ല!
ഡാർവിൻ അവതരിപ്പിച്ച പരിണാമസിദ്ധാന്തമാണ് “ഡാർവിനിസം” എന്ന പേരിൽ അറിയപ്പെടുന്നത്. 1858-59 കാലഘട്ടത്തിലാണ് ഡാർവിൻ തന്റെ പരിണാമസിദ്ധാന്തം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. ഡാർവിനിസം അവതരിപ്പിച്ചത് ഡാർവിനായിരുന്നെങ്കിലും, “ഡാർവിനിസം” എന്ന പുതിയൊരു വാക്ക് കൊണ്ടു വരുന്നത് പ്രശസ്ത ജീവശാസ്ത്രജ്ഞൻ ഹക്സിലിയായിരുന്നു. “ഓൺ ദ ഒറിജിൻ ഓഫ് സ്പീഷീസ്” എന്ന ഡാർവിന്റെ വിഖ്യാത കൃതിയെ പറ്റി 1860 ൽ ഹക്സിലി നടത്തിയ നിരൂപണത്തിലാണ് “ഡാർവിനിസം” എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്.ഡാർവിനിസം വന്നു കഴിഞ്ഞ്, ഏതാണ്ട് 1870 കാലഘട്ടത്തോടു കൂടിയാണ് “സോഷ്യൽ ഡാർവിനിസം” എന്ന പുതിയൊരാശയം ലോകത്ത് ഉദയം കൊള്ളുന്നത്. അപ്പോഴുമതിന് “സോഷ്യൽ ഡാർവിനിസം” എന്ന പേര് വന്നിരുന്നില്ല. 1877 ൽ ജോസഫ് ഫിഷർ എഴുതിയ “ദ ഹിസ്റ്ററി ഓഫ് ലാൻഡ്ഹോൾഡിങ് ഇൻ അയർലൻഡ്” എന്ന കൃത്യയിലൂടെയാണ് “സോഷ്യൽ ഡാർവിനിസം” എന്ന വാക്ക് ലോകത്തിനു മുന്നിലേക്കെത്തുന്നത്.എല്ലാ ജീവിവർഗങ്ങളും തന്നെ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. ഈ പോരാട്ടത്തിൽ നൈസർഗികമായി മുൻകൈയുള്ളവ അഭിവൃദ്ധിപ്പെടുകയും, അവ പിന്നീട് ഈ സ്വഭാവഗുണം അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്തു കൊണ്ട് ആ ജീവി വർഗം മുന്നോട്ടു പോവുകയും ചെയ്യും. പ്രകൃതിനിർദ്ധാരണം (Natural Selection) എന്ന പ്രക്രിയ വഴിയാണ്, അതിജീവനത്തിനായുള്ള ഈ പോരാട്ടത്തിൽ ചില ജീവിവർഗ്ഗങ്ങൾ വിജയിക്കുന്നതും ചിലവ പരാജയപ്പെടുന്നതും. ഇതാണ് പിൽക്കാലത്ത് “ഡാർവിനിസം” എന്ന പേരിൽ അറിയപ്പെട്ട ഡാർവിന്റെ പരിണാമസിദ്ധാന്തം.
അതായത്, യോഗ്യരായവർ അതിജീവിക്കുകയാണ് (survival of the fittest) ഇവിടെ ചെയ്യപ്പെടുന്നത്. “യോഗ്യരായവരുടെ അതിജീവനം” എന്ന ആശയം വരുന്നത് ഡാർവിനിസത്തിൽ നിന്നാണെങ്കിലും ഈ പദപ്രയോഗം ആദ്യമായി നടത്തുന്നത്, 1864 ൽ പ്രസിദ്ധീകരിച്ച “പ്രിൻസിപ്പിൾസ് ഓഫ് ബയോളജി” എന്ന കൃതിയിലൂടെ ഹെർബർട്ട് സ്‌പെൻസറാണ്. പിൽകാലത്ത് സോഷ്യൽ ഡാർവിനിസത്തിന്റെ വക്താവായി അറിയപ്പെട്ടതും ഇതേ സ്‌പെൻസർ തന്നെയാണ്. ഡാർവിനിസം വന്ന് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ, ജീവശാസ്ത്രത്തിൽ മാത്രമൊതുങ്ങി നിന്നിരുന്ന ഡാർവിനിസത്തെ, സാമൂഹ്യശാസ്ത്ര വിഷയങ്ങളായ സാമ്പത്തികശാസ്ത്രം, സമൂഹശാസ്ത്രം, രാഷ്ട്രതന്ത്രം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെടുത്താൻ തുടങ്ങിയിരുന്നു. അതായത്, യോഗ്യരായവ അതിജീവിക്കുകയും അല്ലാത്തവ തുടച്ചു നീക്കപ്പെടുകയും ചെയ്യും എന്ന സിദ്ധാന്തം സാമൂഹിക കാര്യങ്ങളിൽ കൂടി ഉപയോഗിക്കാൻ തുടങ്ങി.ഏറ്റവും ചുരുക്കി പറഞ്ഞാൽ, “പ്രകൃതിനിർദ്ധാരണം”, “യോഗ്യരായവ അതിജീവിക്കും” തുടങ്ങിയ ഡാർവിനിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ, സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ ബന്ധപ്പെടുത്തി, സാമൂഹിക വിഷയങ്ങളെ സമീപിക്കുന്നതിനെയാണ് “സോഷ്യൽ ഡാർവിനിസം” എന്ന് പറയുക.
ഈയൊരു വാദം കൊണ്ട് ഏകാധിപതികളേയും, രാജാക്കന്മാരെയും, വംശവെറിയേയും, ഫാസിസത്തേയും, സുസന്താനോത്പാദനവിദ്യയേയും (Eugenics) ന്യായീകരിക്കാൻ സോഷ്യൽ ഡാർവിനിസ്റ്റുകൾ ശ്രമിച്ചു കൊണ്ടേയിരുന്നു.ലോകം കണ്ട ഏറ്റവും വലിയ ക്രൂരന്മാരിലൊരാളായ അഡോൾഫ് ഹിറ്റ്ലർ, സോഷ്യൽ ഡാർവിനിസത്തെ വളരെയധികം ആരാധനയോടു കൂടിയായിരുന്നു കണ്ടിരുന്നത്. ഇതുകൊണ്ട് തന്നെ, ഒന്നാം ലോക മഹായുദ്ധത്തിലും, രണ്ടാം ലോക മഹായുദ്ധത്തിലും, ചെറുതല്ലാത്തൊരു പങ്ക് സോഷ്യൽ ഡാർവിനിസം വഹിക്കുകയുമുണ്ടായിട്ടുണ്ട്. സോഷ്യൽ ഡാർവിനിസ്റ്റുകളാൽ പ്രകീർത്തിക്കപ്പെട്ട സുസന്താനോത്പാദനവിദ്യ (Eugenics) ഏറ്റവും കൂടുതൽ പ്രാബല്യത്തിൽ കൊണ്ടു വരാൻ ശ്രമിച്ചതും ഹിറ്റ്ലർ തന്നെയായിരുന്നു.ബ്രിട്ടീഷുകാരനായ ഫ്രാൻസിസ് ഗാൽട്ടനാണ് Eugenics കണ്ടുപിടിക്കുന്നത്. മനുഷ്യരിലെ “മികച്ച” ആളുകളെ തിരഞ്ഞു കണ്ടുപിടിച്ച് അവരുടെ ജനിതകം മാത്രം അടുത്ത തലമുറയിലേക്ക് കടത്തി വിടാനനുവദിച്ചു കൊണ്ട്, “മികച്ച” മനുഷ്യരെ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വിദ്യയായാണ് Eugenics ലോകത്തേക്ക് കടന്നു വരുന്നത്. ബ്രിട്ടീഷുകാരനാണിത് കണ്ടു പിടിച്ചതെങ്കിലും, ഇതിനേറ്റവും കൂടുതൽ പ്രചാരം ലഭിച്ചത് അമേരിക്കയിലും, പിന്നീട് ഹിറ്റ്ലറിന്റെ ജർമനിയിലുമായിരുന്നു. ഹിറ്റ്‌ലറെ സംബന്ധിച്ചിടത്തോളം ആര്യന്മാരല്ലാത്തവരെല്ലാം ജന്മനാ തന്നെ ജീവിക്കാൻ “യോഗ്യ”രല്ലാത്തവരായിരുന്നു. ഇതിൽ ജൂതന്മാരും, സോവിയറ്റുകാരും, ജിപ്സികളും, സ്വവർഗ അനുരാഗികളുമെല്ലാം ഉൾപ്പെടും. ഇവരെല്ലാം സ്വാഭാവികമായും ഇവിടെ നിന്നും ഉന്മൂലനം ചെയ്യപ്പെടേണ്ടയാളുകളാണെന്ന ധാരണ യാതൊരു കുറ്റബോധവുമില്ലാതെ ഇവരെ കൊന്നൊടുക്കാൻ നാസികളെ സഹായിച്ചു. ഇത്തരത്തിൽ “യോഗ്യരായവർ” മാത്രമിവിടെ ജീവിച്ചാൽ മതിയെന്ന സോഷ്യൽ ഡാർവിനിസ്റ്റ് വാദം നിരവധി ജീവനുകൾ ഇവിടെ നിന്നും അപ്രതീക്ഷമാവാൻ കാരണമായിട്ടുണ്ട്. ഫാസിസ്റ്റ് ഭരണകൂടങ്ങൾ കടപുഴകി വീണ രണ്ടാം ലോക മഹായുദ്ധ സമയത്ത് തന്നെയാണ് സോഷ്യൽ ഡാർവിനിസവും, Eugenics സിദ്ധാന്തവും ശാസ്ത്രീയ അടിത്തറയില്ലാത്തവയാണെന്ന് കണ്ടു കൊണ്ട് ലോകത്ത് നിന്നും വലിയ രീതിയിൽ തുടച്ചു നീക്കപ്പെടുന്നത്. തുടച്ചു നീക്കപ്പെട്ടുവെന്ന് പറയുമ്പോഴും, ഇന്നും ചിലരില്ലെങ്കിലും കണ്ടു വരുന്ന ഒന്ന് തന്നെയാണീ സോഷ്യൽ ഡാർവിനിസം. ഡാർവിനിസം തന്നെയാണ് സോഷ്യൽ ഡാർവിനിസമെന്ന് തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നവരുടെ എണ്ണവും വളരെ കൂടുതൽ തന്നെയാണ്.മറ്റൊരു ലിംഗത്തിൽപ്പെട്ടവർ, ലൈംഗീക ന്യൂനപക്ഷങ്ങൾ, തങ്ങളിൽ നിന്നും വ്യത്യസ്തകളുള്ളവർ അങ്ങനെ തുടങ്ങീ ചില വിഭാഗങ്ങൾ, രണ്ടാം കിട പൗരന്മാരാണെന്നും, ജനിതകമായി തന്നെ തങ്ങളെക്കാളും താഴെക്കിടയിലുള്ളവരാണെന്നും വിശ്വസിക്കുന്ന ആളുകൾ നമ്മുക്കിടയിലിന്നുമുണ്ട്.അതിനിയും ഉപേക്ഷിക്കാൻ തയ്യാറല്ലെങ്കിൽ, ഏറ്റവും കുറഞ്ഞ പക്ഷം, യാതൊരു അടിത്തറയുമില്ലെന്ന് ലോകമെന്നേ എഴുതി തള്ളിയ ഒന്നിനെയാണ് നിങ്ങളിന്നും ചുമന്നു നടക്കുന്നതെന്നെങ്കിലും നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്!
By
C S Sooraj