ലക്ഷദ്വീപിലെ ചാണക നിക്സൺ
ലോകത്തിലെ ഫാസിസ്റ്റ് രാഷ്ട്രീയ നേതാക്കന്മാരുടെ ലിസ്റ്റിൽ ഏറ്റവും പ്രധാന കണ്ണിയാണ് 1969-74 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സൺ. 1971 നിക്സന്റെ നേതൃത്വത്തിൽ അനധികൃത മയക്കമരുന്ന് വ്യാപാരത്തിനെതിരെ ഒരു ആഗോള ക്യാമ്പയിൻ അമേരിക്കയിൽ തുടങ്ങി. ‘വാർ ഓൺ ഡ്രഗ്സ്’ എന്ന പേരിലറിയപ്പെട്ട ഈ ക്യാമ്പയിനിന്റെ ഭാഗമായി സൈനിക ഇടപെടലുകളും വലിയ രീതിയിൽ അറസ്റ്റുകളും നടപ്പിലാക്കി. മയക്കുമരുന്ന് വ്യാപാരത്തിനെതിരെ തുടങ്ങിയ പദ്ധതിയാണെങ്കിലും റിച്ചാർഡ് നിക്സന്റെ ഉദ്ദേശം മറ്റൊന്നായിരുന്നു.കറുത്തവർഗ്ഗക്കാരെയും, ഹിപ്പികളെയും കുടിയേറ്റക്കാരെയും അമേരിക്കൻ മണ്ണിൽ നിന്നും ആട്ടിയോടിക്കുക. ഈ പദ്ധതി പ്രകാരം പട്ടാളക്കാർക്ക് എപ്പോ വേണമെങ്കിലും ആരുടെ വീട്ടിലും അതിക്രമിച്ചുകയറി അറസ്റ്റ് ചെയ്യാം. വളരെ ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കയിലെ ന്യൂനപക്ഷമായ കറുത്ത വർഗക്കാരും ഹിപ്പികളും കുടിയേറ്റക്കാരും അവിടുത്തെ ജയിലുകളിൽ ഭൂരിപക്ഷമായി. ഇതെല്ലാം ചെയ്യുന്നത് ജനങ്ങളുടെ നന്മയ്ക്കും വികസനത്തിനും വേണ്ടിയാണ് എന്നാണ് ഫാസിസ്റ്റുകൾ പറഞ്ഞത്. ഫാസിസ്റ്റ് രാഷ്ട്രീയത്തെ താങ്ങിനിർത്തുന്ന തൂണുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ‘പ്രൊപ്പഗാൻഡ’. അതായത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വ്യക്തമായ പ്രശ്നകരമായ ലക്ഷ്യങ്ങൾ, വ്യാപകമായി അംഗീകരിക്കപ്പെട്ട ആശയങ്ങൾക്കൊണ്ട് മറച്ചുവെക്കുക. അന്ന് അമേരിക്കയിൽ നടന്ന സംഭവങ്ങൾക്ക് സമാനമായാണ് ലക്ഷദ്വീപിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ. വളരെ തുച്ഛമായ നിരക്കിൽ പോലും കുറ്റകൃത്യങ്ങൾ ഇല്ലാത്ത ലക്ഷദ്വീപിൽ ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഗുണ്ടാ ആകറ്റ് നടപ്പിലാക്കി. ജനങ്ങളുടെ തൊഴിൽ, ഭക്ഷണം, ജീവിതോപാധികൾ, സംസ്കാരം എന്നിവയുടെ മേൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി. ജനാധിപത്യ സംവിധാനത്തിലൂടെ നിലവില്‍ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറച്ച് എല്ലാം അഡ്മിനിസ്‌ട്രേറ്ററുടെ കീഴിലാക്കി. രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഇത്രയും ചെയ്തിട്ട് അഡ്മിനിസ്ട്രേറ്റർ ‘ചാണക നിക്സൺ’ പറഞ്ഞു ജനങ്ങളുടെ വികസനത്തിനും നന്മക്കും വേണ്ടിയാണിതെന്ന് . മാത്രമല്ല സോഷ്യൽ മീഡിയയിൽ സംഘികളുടെ വക ലക്ഷദ്വീപിനെ കുറിച്ചുള്ള കെട്ടുകഥകളും. ഫിലിപ്പീൻസിന്റെ അടുത്തുള്ള മാർഷൽ ദ്വീപിലെ പോലീസ് പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ചിത്രങ്ങൾ ട്വിറ്ററിലും മറ്റ് മാധ്യമങ്ങളിലും പ്രചരിപ്പിക്കുകയും ഇത് ലക്ഷദ്വീപിൽ സംഭവിച്ചതാണ് എന്നും സംഘികൾ ഇപ്പോൾ പാടി നടക്കുന്നുണ്ട്. മാർച്ച് 18 ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) മിനിക്കോയ് ദ്വീപുകളിൽ നിന്ന് അഞ്ച് എകെ -47 റൈഫിളുകൾ വഹിച്ച് മൂന്ന് ബോട്ടുകൾ തടഞ്ഞുവെന്നും 1,000 ലൈവ് റൗണ്ടുകളും 300 കിലോ ഹെറോയിനുമാണെന്നും. കൂടുതൽ സംയുക്ത അന്വേഷണത്തിനായി ബോട്ടുകളെ അടുത്തുള്ള തുറമുഖത്തേക്ക് കൊണ്ടുപോകുകയാണെന്നും അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽനിന്നും ട്വീറ്റ് ചെയ്തിരുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ ഈ ബോട്ടുകളുടെ ലക്ഷ്യസ്ഥാനം പങ്കിടാൻ കഴിയില്ലെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ ഐസിജി കമാൻഡന്റ് അനൂപ് കുമാർ അറിയിച്ചെങ്കിലും സംഘികൾ വളരെ ആത്മവിശ്വാസത്തോടെ പറയുന്നു “എന്റെ രാമാ… ആ ബോട്ട് വന്നത് ലക്ഷദ്വീപിലേക്ക് തന്നെ”. ലക്ഷദ്വീപിൽ നിറയെ ജിഹാദികൾ ആണെന്നും അവിടെ മയക്കു മരുന്ന് മാഫിയ ഉണ്ടെന്നും കേന്ദ്രസർക്കാർ വലിയ മാറ്റങ്ങളാണു ലക്ഷദ്വീപിൽ കൊണ്ടുവന്നതെന്നും സംഘികളുടെ ഇടയിൽ വലിയ ചർച്ചയാവുന്നുണ്ട്.
റിച്ചാർഡ് നിക്സന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന എച്ച് ആർ ഹാൽഡെമാൻ അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പിൽ നിക്സൻ പറഞ്ഞ കാര്യങ്ങൾ എഴുതിവെച്ചിരുന്നു. അത് ഇങ്ങനെയാണ്.
“മുഴുവൻ പ്രശ്‌നവും ശരിക്കും കറുത്തവരാണെന്ന വസ്തുത നിങ്ങൾ അഭിമുഖീകരിക്കേണ്ടതുണ്ട്. ദൃശ്യമാകാതെ തന്നെ ഇത് തിരിച്ചറിയുന്ന ഒരു സിസ്റ്റം ആവിഷ്കരിക്കുക എന്നതാണ് പ്രധാനം”.
അമേരിക്കയിൽ റിച്ചാർഡ് നിക്സൺ വാർ ഓൺ ഡ്രഗ്സിന്റെ പേരിൽ വേട്ടയാടിയത് ന്യൂനപക്ഷ ജനങ്ങളെയാണെങ്കിൽ. ഇവിടെ നമ്മുടെ വികസന സിംഹം ചാണക നിക്സൺ വികസനമെന്ന പേരിൽ ആരെയാണ് വേട്ടയാടുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളു.
By
Jaishin
Sub Editor
yukthivaadi