Saturday, November 09, 2024

വെടിയുണ്ടകൾ അരങ്ങ് വാഴാത്ത ക്യൂബൻ വിപ്ലവം !

വിമോചന സമരമെന്ന് ഓമന പേരിട്ടു വിളിക്കുന്ന, രക്തച്ചൊരിച്ചിലുകളുടേയും കൂട്ട കൊലകളുടേയും നടുത്തളത്തിലാണ് ദശകങ്ങൾക്ക് മുന്നേ, ഇന്ന് കാണുന്ന ക്യൂബ കെട്ടിപ്പടുത്തതെന്ന് നമുക്കറിയാം. ജനാധിപത്യ മൂല്യങ്ങളോ, ജനാധിപത്യ പ്രക്രിയകളോ ക്യൂബൻ ചരിത്രത്തിൽ പോയിട്ട് ഇന്നത്തെ പുത്തൻ ക്യൂബയിൽ പോലുമില്ലാത്ത ഒന്നാണ്. തോക്കിൻ കുഴലിലൂടെയാണ് സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടു വരേണ്ടതെന്ന ക്രൂരവും വിഡ്ഢിത്തം നിറഞ്ഞതുമായ സിദ്ധാന്തങ്ങൾ തന്നെയാണ് ഇന്നും ക്യൂബൻ സിരകളിൽ ഒഴുകി കൊണ്ടിരിക്കുന്നത്.ആ ക്യൂബയിലാണ്, ഇന്ന് വരെ ആ രാജ്യം സാക്ഷ്യം വഹിച്ചിട്ടില്ലാത്ത, വെടിയുണ്ടകൾ കൊണ്ടല്ലാത്ത, ഒരു ജനകീയ വിപ്ലവം കഴിഞ്ഞ ഏതാനും ദിനങ്ങളായി അവിടെ അരങ്ങേറി കൊണ്ടിരിക്കുന്നത് !

ഭക്ഷണത്തിനും മരുന്നിനും വേണ്ടിയുള്ള സമരം !

അതിലെല്ലാമുപരി, സ്വാതന്ത്ര്യത്തിനായുള്ള സമരം !

സ്വേച്ഛാധിപത്യ സ്വഭാവങ്ങൾ കാണിക്കുന്ന ഒരു ഗവൺമെന്റിനെ, ഫാസിസ്റ്റ് ഭരണകൂടമെന്ന് വിശേഷിപ്പിക്കാൻ നിങ്ങൾ മടിക്കുമോ ?

Advertise

advertise

Click here for more info

ജനങ്ങളുടെ മുകളിൽ അനാവശ്യമായ സാമ്പത്തിക-സാമൂഹിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഒരു ഗവൺമെന്റിനെ നോക്കി, ഇതൊരു ജനാധിപത്യവിരുദ്ധ ഗവൺമെന്റാണെന്ന് വിളിച്ചു പറയാൻ നിങ്ങൾ മടിക്കുമോ ? കാലഹരണപ്പെട്ടു പോയ ഒരു സാമ്പത്തിക അന്ധവിശ്വാസ പ്രത്യയ ശാസ്ത്രത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഒരു ഗവൺമെന്റിന്റെ പ്രവൃത്തി കണ്ട്, വിഡ്ഢിത്തമാണ് നിങ്ങൾ ചെയ്യുന്നതെന്ന് ഉച്ചത്തിൽ വിളിച്ചു പറയാൻ നിങ്ങൾ മടിക്കുമോ ? തെറ്റായ സാമ്പത്തിക നയങ്ങളിലൂടെ രാജ്യത്തെ ജനങ്ങളെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളി വിടുന്ന ഒരു ഗവണ്മെന്റിന്റെ ക്രൂരതയെ, ക്രൂരതയെന്ന് തന്നെ വിളിക്കാൻ നിങ്ങൾ മടിക്കുമോ ?വ്യക്തി സ്വാതന്ത്ര്യത്തിന് വില കൽപ്പിക്കാത്ത, ജനങ്ങൾ തങ്ങളുടെ അവകാശങ്ങൾക്കായി മുറവിളി കൂട്ടുമ്പോൾ അവരെ അടിച്ചൊതുക്കാൻ ശ്രമിക്കുന്ന, ഇലക്ട്രിസിറ്റി, ഇന്റർനെറ്റ്‌ പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ വിച്ഛേദിക്കുന്ന, സായുധ സേനകളെ വെച്ച് പ്രതിഷേധിക്കുന്നവരെ തെരുവിൽ വെച്ച് തന്നെ നേരിടുന്ന, യാതൊരു വിശദീകരണവുമില്ലാതെ അവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്ന, അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നവരെ ജീവിത കാലം മുഴുവൻ രാഷ്ട്രീയ തടവുകാർ എന്ന പേരിൽ അഴികൾക്കുള്ളിലാക്കി പീഡിപ്പിക്കുന്ന, അടിമുടി ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു ഗവണ്മെന്റിനെ ചൂണ്ടി, അതൊരു ഫാസിസ്റ്റ് ഭരണകൂടമാണെന്ന് വിശേഷിപ്പിക്കാൻ, നിങ്ങൾ മടിക്കുമോ ?

Advertise

advertise

Click here for more info

അങ്ങനെ മടിക്കില്ലെങ്കിൽ, അത് വിളിച്ചു പറയാനുള്ള ആർജ്ജവം നിങ്ങൾക്കുണ്ടെങ്കിൽ, ക്യൂബയുടേതൊരു ഫാസിസ്റ്റ് ഭരണകൂടമാണെന്ന് വിളിച്ചു പറയാൻ ഇനിയുമെന്തിന് നിങ്ങൾ താമസിക്കണം ?ആരെ നിങ്ങൾ ഭയക്കണം ? മേൽപ്പറഞ്ഞ ജനാധിപത്യ ധ്വംസനങ്ങളെല്ലാം ക്യൂബയിൽ നടന്നു കൊണ്ടിരിക്കുന്നവയാണ്. അതിനെതിരെയാണ്‌ ഇന്നവിടെയുള്ള ജനം തെരുവിലിറങ്ങി പോരാടുന്നതും ! ജനാധിപത്യ സംവിധാനങ്ങൾ നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് പോലും, എത്രത്തോളം വലിയ ജനാധിപത്യ ധ്വംസനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് നമുക്കറിയാം. അപ്പോൾ പിന്നെ, സ്വേച്ഛാധിപത്യ സംവിധാനങ്ങൾ നിലനിൽക്കുന്ന ക്യൂബയുടെ കാര്യം പ്രത്യേകിച്ചെടുത്തു പറയേണ്ടതില്ലല്ലോ ? ഇന്ന് സമരം ചെയ്യുന്ന പലരും തങ്ങളുടെ ജീവിതത്തിലിന്നുവരെ ഒരു സമരമോ, ഗവണ്മെന്റിനെതിരെയുള്ള ഒരു പ്രതിഷേധമോ നേരിട്ട് കണ്ടിട്ടു പോലുമില്ലാത്തവരാണെന്നതാണ് വാസ്തവം !

Advertise

advertise

Click here for more info

മിസൈലുകൾ തൊടുത്തു വിട്ട് ഒരു രക്തരൂക്ഷിത കലാപത്തിന് തന്നെ നേതൃത്വം വഹിക്കുന്ന, ഹമാസ് പോലുള്ള തീവ്രവാദ സംഘടനകളെ "വിമോചന പ്രസ്ഥാന"ങ്ങളെന്നും അവിടെ നടക്കുന്നത് "വിമോചന സമര"ങ്ങളാണെന്നും വിശേഷിപ്പിക്കുന്ന, നമ്മുടെ നാട്ടിലെ ഒരൊറ്റ "സാമൂഹ്യ നായകരും" സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഈ ക്യൂബൻ ജനതയ്ക്ക് ഒന്ന് പിന്തുണയേകാൻ പോലും രംഗത്ത് വരില്ലെന്നുറപ്പാണ്. കാരണം, ക്യൂബൻ ജനത ഇന്ന് ചവിട്ടിമെതിച്ച് നടന്നുകൊണ്ടിരിക്കുന്നത് ക്യൂബയുടെ വിരിമാറിലൂടെ മാത്രമല്ല, ഇവരെല്ലാം നമ്മുടെ നാട്ടിൽ പറഞ്ഞു പരത്തിയ, കമ്മ്യൂണിസ്റ്റ് ഭരണമെന്നാൽ സ്വർഗമാണെന്ന നട്ടാൽ മുളക്കാത്ത, കല്ലുവെച്ച നുണ കഥകളുടെ നെഞ്ചിലൂടെ കൂടിയാണ് ! ഒരു തെറ്റായ ഭരണകൂടത്തെ, മറ്റൊരു തെറ്റായ ആശയമുപയോഗിച്ച് കീഴടക്കിയെന്നതു കൊണ്ട് മാത്രം, അവിടെയുള്ള ജനങ്ങൾക്ക് സന്തോഷ പൂർണ്ണമായ നല്ലൊരു ജീവിതം ലഭിക്കില്ലെന്നും, തോക്കിൻ കുഴലുകളിലൂടെ നടത്തുന്ന വിപ്ലവം, മറ്റനേകം വിപ്ലവങ്ങളെ ക്ഷണിച്ചു വരുത്തുക മാത്രമേ ചെയ്യുകയുള്ളൂയെന്നും, നമ്മെ വീണ്ടും ഓർമ്മപ്പെടുത്തുന്നൊരു ജനകീയ പ്രക്ഷോഭം കൂടിയാണ് ക്യൂബയിലിന്ന് നടന്നു കൊണ്ടിരിക്കുന്നത്. വെടിയുണ്ടകൾ അരങ്ങ് വാഴാത്ത ഇന്നത്തെ ഈ ക്യൂബൻ വിപ്ലവം ക്യൂബയ്ക്കും ലോകത്തിനാകെയും പകർന്ന് തരുന്ന പ്രതീക്ഷകൾ ചെറുതൊന്നുമല്ല.

By
C S Suraj

profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.