370
"ഒരിക്കൽ ദില്ലിയിൽ INA മാർക്കറ്റിൽ പോയപ്പോൾ നടപ്പാതയുടെ അരികിൽ നിരന്നിരുന്ന് ബനിയനും ടീഷർട്ടുകളും കുഞ്ഞുടുപ്പുകളും വിൽക്കുന്ന കാശ്മീരി പണ്ഡിറ്റുമാരെ കണ്ടു. ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീരിൽ തലമുറകളായി സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചവരായിരുന്നു അവർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവാഹം കഴിഞ്ഞ് ഹണിമൂണിനായി അവിടെയെത്തുന്ന ഇണകളെ പൂവുകൾ നല്കി സ്വീകരിച്ചവരായിരുന്നു അവർ. ഭീകരരിൽ നിന്ന് ജീവൻ രക്ഷിക്കാനായി അവർ കൂട്ടമായി പലായനം ചെയ്തു.വീടും സമ്പാദ്യങ്ങളും പ്രമാണങ്ങളും നഷ്ടപ്പെട്ട അവരിൽ ചിലർ ഐഎൻഎ മാർക്കറ്റിൽ അഭയം തേടി.കൂട്ടത്തിൽ ഒരു ഡോക്ടറും ഉണ്ടായിരുന്നു.എല്ലാ രേഖകളും നഷ്ടപ്പെട്ട അയാൾക്ക് ഇനി ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ കഴിയില്ല. അയാൾ വിശപ്പടക്കാനായി പാതവക്കിലിരുന്ന് അടിവസ്ത്രങ്ങൾ വിറ്റ് ജീവിതം തുടരുന്നു."
ഇടത് സഹയാത്രികനായ മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ രണ്ടാഴ്ച മുമ്പ് മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ എഴുതിയതാണ്. ഇനി മറ്റൊരു സംഭവം കൂടി പറയാം.. കഴിഞ്ഞ വർഷം മെയ് മാസം കാശ്മീലെ ബുഡ്ഗാം ജില്ലയിലെ ചഡൂരാ തഹസിൽദാർ ഓഫീസിലെ ക്ളർക്കായ രാഹുൽ ഭട്ടിനെ പട്ടാപ്പകൽ സകലജീവനക്കാരുടെയും മുമ്പിൽ വെച്ച് ഒരു സംഘം ലഷ്കറെ തയ്ബ ഭീകരർ വെടിവെച്ചു കൊന്നു. എന്തായിരുന്നു രാഹുൽ ഭട്ട് ചെയ്ത കുറ്റം..? അയാൾ ഒരു കാശ്മീരി പണ്ഡിറ്റായിരുന്നു. താഴ്‌വരയിൽ നിന്നും പലായനം ചെയ്ത പണ്ഡിറ്റുകളെ തിരിച്ചു കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ പാക്കേജിൽ ജോലി ലഭിച്ച രാഹുൽ ഓഫീസ് കസേരയിൽ വെടിയുണ്ടകളേറ്റ് ചോരയിൽ മുങ്ങി നിശ്ചലനായി. നൂറ്റാണ്ടുകളായി കാശ്മീർ താഴ്‌വരയിൽ ജീവിച്ചുവന്നവരാണ് പണ്ഡിറ്റുകൾ. അവർ യൂറോപ്പിലെ ജൂതരെ പോലെ വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാമൂഹികമായും വളരെ നല്ല നിലയിലായിരുന്നു. 1980കളുടെ അവസാനമായപ്പോഴേക്കും കാശ്മീരിന്റെ നിയന്ത്രണം JKLF തീവ്രവാദികൾ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. VP സിംഗിന്റെ കൂട്ടുകക്ഷി മന്ത്രിസഭയുടെ കാലത്ത് ഭീകരത അതിന്റെ പാരമ്യത്തിൽ എത്തി. അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയിദിന്റെ മകൾ റൂബി സയിദിനെ JKLF തട്ടിക്കൊണ്ടുപോയി. കാശ്മീരിൽ ഭീകരരാഷ്ട്രം സ്ഥാപിക്കാൻ ഏറ്റവും തടസം അവിടുത്തെ ഏറ്റവും പുരാതന നിവാസികളായ പണ്ഡിറ്റുകളാണെന്നും അതുകൊണ്ട് അവരെ അവിടെ നിന്നും തുരത്തിയോടിക്കണം എന്ന സിസ്റ്റമാറ്റിക്ക് പദ്ധതിയുടെ ഭാഗമായാണ് Terrorist organisation ആയ JKLF, killing spree തുടങ്ങിയത്. പണ്ഡിറ്റുകളുടെ വീടുകൾ അവർ ആക്രമിച്ചു. കുഞ്ഞുങ്ങളെ ഉൾപ്പെടെ കൊലപ്പെടുത്തി. അവരുടെ വീടും സ്ഥലവും പിടിച്ചെടുത്തു. ഭീകരതയുടെ രക്തതാണ്ഡവം കണ്മുന്നിൽ കണ്ടവർ ജനിച്ചുവളർന്ന മണ്ണിൽ നിന്ന്, വീട്ടിൽ നിന്ന് ഭാണ്ഡക്കെട്ടുകളുമായി ദില്ലിയിലേക്കും ജമ്മുവിലേക്കുമെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഓടിപ്പോയി. അങ്ങനെ പണ്ഡിറ്റുകൾ സ്വന്തം രാജ്യത്ത് അഭയാർത്ഥികളായി. അവർ അനുഭവിച്ചതും കടന്നുപോയതുമായ ദുരന്തത്തിന്റെ കാഴ്ചയായിരുന്നു കാശ്മീർ ഫയൽസ് മൂവി. പടം കണ്ട കാശ്മീരി പണ്ഡിറ്റുകൾ പൊട്ടിക്കരഞ്ഞത് അത് അവരുടെ ദുരന്തത്തിന്റെ സങ്കടഗാഥ ആയതിനാലാണ്. സിറിയൻ, പാലസ്തീൻ, യമൻ, രോഹ്യംഗാ, കോംഗോ എന്നുവേണ്ട ലോകം മുഴുവനുമുള്ള അഭയാർത്ഥികൾക്കുവേണ്ടി നിലയ്ക്കാത്ത കണ്ണീരൊഴുക്കുന്ന പുരോഗമന ലിബറലുകൾക്ക് കാശ്മീർ പണ്ഡിറ്റുകളോട് മാത്രം മമതയില്ല. അവർ അതൊക്കെ അനുഭവിക്കാൻ ബാധ്യസ്ഥരാണ് അല്ലെങ്കിൽ വിധിക്കപ്പെട്ടവരാണ് എന്നതാണ് പുരോഗമനമതം. അതേസമയം കാശ്മീർ ഭീകരരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടാൻ പാടില്ലെന്ന കാര്യത്തിൽ ഇക്കൂട്ടർക്ക് വല്ലാത്ത കടുംപിടുത്തവുമാണ്. ഇന്ത്യയിലെ ഒരേയൊരു മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമാണ് ജമ്മുകാശ്മീർ. രമ്യതയോടെ സൗഹാർദ്ദത്തോടെ മുസ്ലീങ്ങളും ഹിന്ദുക്കളും മറ്റ് വിഭാഗങ്ങളും ജീവിക്കുന്ന ഒരു കാശ്മീർ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുനയൊടിച്ച് ദുർബലമാക്കുമായിരുന്നു. പക്ഷേ സംഭവിച്ചത് മറിച്ചാണ്. താഴ്‌വരയിൽ ആകെയുണ്ടായിരുന്ന 140000 പണ്ഡിറ്റുകളിൽ ഏതാണ്ട് ഒരു ലക്ഷം പേർ ജീവഭയത്താൽ നാടുവിട്ടു. എന്തു സംഭവിച്ചാലും പിറന്നുവീണ മണ്ണ് വിട്ടുപോകില്ലെന്ന വാശിയിൽ ശ്രീനഗറിൽ മെഡിക്കൽ ഷോപ്പ് നടത്തിവന്നിരുന്ന മഖൻ ലാൽ ബിന്ദ്രുവിനെ കഴിഞ്ഞ വർഷം ഭീകരർ വെടിവെച്ചു കൊന്നു. കാശ്മീരിന് ലഭിച്ച അല്ലെങ്കിൽ നല്കിയ പ്രത്യേക പദവി പണ്ഡിറ്റുകളുടെ പലായനത്തിലാണ് കലാശിച്ചത്. ജമ്മുവും ലേ- ലഡാക്കും കാശ്മീർ താഴ്‌വരയും കൂടി ചേർന്നതാണ് ഇന്നത്തെ ജമ്മു കാശ്മീർ. അതിൽ valley മാത്രമാണ് ഭീകരതയുടെ പിടിയിൽ അമർന്നത്. കാശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 മോഡി സർക്കാർ പിൻവലിച്ചതിന് ശേഷം സ്ഥിതിഗതികളിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. അവിടേക്ക് ഇപ്പോൾ ടൂറിസ്റ്റുകളുടെ പ്രവാഹമാണ്. എന്റെ തന്നെ നിരവധി സഹപ്രവർത്തകരും ഫേസ്ബുക്ക് സുഹൃത്തുക്കളും ഇന്ത്യയുടെ സ്വിറ്റ്സർലൻഡിന്റെ ഭംഗി നേരിട്ട് പോയി ആസ്വദിച്ച് ആഹ്ളാദത്തിന്റെ വർണ്ണചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കാമായിരുന്ന കോടാനുകോടികൾ ഭീകരതയെ നേരിടാനായി ചെലവഴിച്ചിട്ടുണ്ട്. നൂറുകണക്കിന് ധീരജവാന്മാരുടെ ജീവനാണ് കാശ്മീരിൽ പൊലിഞ്ഞിട്ടുള്ളത്. എന്നിട്ടും സമാധാനം മാത്രം പുലർന്നില്ല. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ടായെന്നുള്ള നയമാണ് കാശ്മീർ കാര്യത്തിൽ സ്വീകരിക്കേണ്ടതെന്നാണ് ഈയുള്ളവന്റെ വ്യക്തിപരമായ അഭിപ്രായം. താഴ്‌വരയിലെ ജനതയ്ക്ക് ഇന്ത്യയെ വേണ്ടായെങ്കിൽ അവരെ പിരിഞ്ഞു പോകാൻ അനുവദിക്കണം എന്ന പേഴ്സണൽ ഒപ്പിനിയന് രാഷ്ട്രവ്യവഹാരത്തിൽ അത്ര സ്വീകാര്യത ലഭിക്കില്ല. ആർട്ടിക്കിൾ 370 പിൻവലിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം സുപ്രീം കോടതി ഐക്യകണ്ഠേന ശരിവച്ചിരിക്കുന്നു. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പരമോന്നത നീതിപീഠം എടുത്തു പറയുകയും ചെയ്തിട്ടുണ്ട് ഒരു രാജ്യത്തിനുള്ളിൽ ഏതെങ്കിലും സംസ്ഥാനത്തിന് അതിന്റെ റിലീജിയസ് സ്റ്റാറ്റസിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പദവി നൽകുന്നത് ഫെഡറലിസത്തിനും സെക്കുലറിസത്തിനും നിരക്കുന്നതല്ല. സുപ്രീംകോടതി വിധി അസ്വസ്ഥത ജനിപ്പിക്കുന്നുവെന്ന യെച്ചൂരിയുടെ പ്രസ്താവന വിഘടനവാദികൾക്ക് മാത്രമാണ് രസിക്കുന്നത്. ഇന്ത്യയെ ഉൾക്കൊള്ളാത്തവരെ ഇന്ത്യൻ ജനതയും ഉൾക്കൊള്ളില്ലെന്ന് ഇനിയെങ്കിലും ഇടതുപക്ഷം തിരിച്ചറിയേണ്ടിയിരിക്കുന്നു.
യെ ചാന്ദ് സേ റോഷൻ ചെഹ് രാ
സുൽഫോം കാ രംഗ് സുനെഹരാ..
കാശ്മീർ കി കലിയിൽ മുഹമ്മദ് റാഫി പാടിയ പോലെ ഭാരതവും കാശ്മിരും പരസ്പരം വാരിപ്പുണരുന്ന ഒരു നല്ലകാലം വരുമെന്ന് സ്വപ്നം കാണാം.
Sajeev ala
Click the button below to join our whats app groups>>
Click the 'Boost' button to push this article to more people>>