സമാന്തര വൈദ്യം! എന്ന ആരാച്ചാർ
ഒരു ഫേസ്ബുക്ക് പോസ്റ്റർ ഇന്ന് ശ്രദ്ധിച്ചു. മനുഷ്യരെയോ, മൃഗങ്ങളെയോ ചികിത്സിക്കാൻ യാതൊരു സർക്കാർ അംഗീകാരവുമില്ലാതെ ഒരു വ്യക്തി സ്റ്റെതസ്കോപ്പ് ഒക്കെ ഇട്ടു നിന്ന് മനുഷ്യരെ ചികിത്സിക്കുകയും, മരുന്നുകൾ ഉൾപ്പെടെ കുറിച്ച് കൊടുക്കുകയും ചെയ്യുന്നു എന്ന വിഷയം പ്രചരിപ്പിക്കാൻ ഉപയോഗിച്ച പോസ്റ്റർ ആണ് എന്റെ ശ്രദ്ധയെ ആകർഷിച്ചത്. പോസ്റ്ററിന്റെ ഉദ്ദേശ്യം ഒരു കപടനെ തുറന്നു കാട്ടുക എന്നതു തന്നെയാണ്. ആയുർവേദം, ഹോമിയോപ്പതി തുടങ്ങിയ സർക്കാർ മുദ്രയുള്ള കപടശാസ്ത്രങ്ങളെ തലോടുന്ന വ്യക്തിയുമായിരിക്കില്ല പോസ്റ്റ് ഇട്ട ആൾ. പ്രസ്തുത പോസ്റ്റർ ചുവടെ കൊടുക്കുന്നു.
ഈ പോസ്റ്ററിലെ രണ്ടു വരികളിലാണ് എവിടെയോ, എങ്ങോ ഒരു തട്ടുകേട് തോന്നുന്നത്. അതിങ്ങനെയാണ് "ആയുർവേദവും പഠിച്ചിട്ടില്ല, പേരിനു ഒരു മിട്ടായി ചികിത്സയുടെ ഹോമിയോപ്പതി പോലും പഠിക്കാത്ത ഇയാൾ എങ്ങനെ ഡോക്ടർ ആയി" ഈ വാക്കുകളിൽ ഒരു രാജ്യത്തിന്റെ ഗതികേട് ഒളിച്ചിരിപ്പുണ്ട്, ആയുർവേദം, ഹോമിയോ തുടങ്ങിയ കപടശാസ്ത്രങ്ങൾ പഠിക്കുക വഴി ഇവിടെ ഡോക്ടർ! ആവാം എന്ന ഗതികേട്. ഇവരെ ഡോക്ടർ എന്നല്ല മറിച്ച് 'ആരാച്ചാർ' എന്നാണ് വിളിക്കേണ്ടത്. സത്യത്തിൽ ആരാച്ചാർ എന്ന പ്രയോഗവും തെറ്റാണ്. നീതിപീഠത്തിന്റെ കൽപ്പന അനുസരിച്ച് തെറ്റ് ചെയ്ത വ്യക്തിയെ നിയമപരമായി തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്ന ജയിലിലെ തൊഴിലാളിയാണ് ആരാച്ചാർ. അവർ നിയമം അനുശാസിച്ചത് പ്രകാരം, തങ്ങൾ ഒരു മനുഷ്യനെ വധിക്കാൻ പോകുന്നു എന്ന അറിവോടെ ചെയ്യുന്ന ജോലിയാണ്. പക്ഷേ സാമൂഹിക നിലവാരത്തിന്റെ പൊതുബോധ കമ്പോളത്തിലെ ഉയർന്ന റാങ്കുള്ള മോഡേൺ മെഡിസിൻ ഡോക്ട്ടർ എന്ന ഗോൾ നേടുവാൻ കഴിയാത്ത കുറേപേർ ആയുർവേദ, ഹോമിയോ etc .. ഡോക്ട്ടർമാരായി പത്രാസിൽ നടക്കുന്നു. അറിഞ്ഞോ അറിയാതെയോ കപടശാസ്ത്രങ്ങൾ മാധ്യമമാക്കി മനുഷ്യരെ മരണത്തിലേക്ക് നടത്തി വിടുന്ന സർക്കാർ അംഗീകൃത ആരാച്ചാർമാരാണ് സമാന്തരവൈദ്യവും, വൈദ്യരും. നോക്കൂ ആ പേരിൽ തന്നെ ഉണ്ട് പിശകുകൾ. സമാന്തര വൈദ്യമാണത്രെ! അതെന്തൊന്ന് സാധനം?. ചികിത്സക്കെന്തിന് നേരല്ലാത്ത ഒരു മാർഗ്ഗം?. മോഡേൺ മെഡിസിൻ നേരായ മാർഗ്ഗമാണെന്നിരിക്കെ എന്തിനാണ് ഒരു സമാന്തര പാത?.
മനുഷ്യന്റെ ചിന്താ ശേഷി വികസിക്കാത്ത കാലഘട്ടങ്ങളിലെ അപരിഷ്‌കൃത സമ്പ്രദായങ്ങൾ ഒക്കെ 'പുണ്യം പുരാതനം' എന്നൊക്കെ വിശേഷിപ്പിച്ച് പരീക്ഷണ നിരീക്ഷണങ്ങൾക്കു വിധേയമാക്കാതെ, ആൽക്കലോയിഡുകളെക്കുറിച്ചും, പ്ലസീബോ എഫക്ടിനെക്കുറിച്ചും ധാരണയില്ലാത്ത ഭൂരിപക്ഷത്തെ വഞ്ചിച്ചുകൊണ്ട് തൊടിയിൽ നിൽക്കുന്ന ചെടികളെ ആകെ അരച്ചു കലക്കി ഔഷധമെന്നും പറഞ്ഞു നൽകുന്ന ഏർപ്പാടുകൾ നിത്യ രോഗത്തിലേക്കുള്ള പാതകളാണ്. ഇന്നത്തെ മഞ്ഞപ്പിത്തം മാറാൻ കഴിക്കുന്ന ആയുർവേദ മരുന്ന് നാളത്തെ ക്യാന്സറിന്റെ കാരണമായേക്കാം. സമാന്തര വൈദ്യവും, വൈദ്യരും ഫലത്തിൽ രോഗിക്ക് കിട്ടേണ്ട നേരായ ചികിത്സക്ക് തടസ്സമാകുകയാണ്.
അപ്രകാരം സാവധാന മരണത്തിലേക്ക് രോഗിയെ നയിക്കുന്ന എല്ലാ സമാന്തര ചികിത്സകരും ആരാച്ചാർമാരാണ്. അപരിഷ്‌കൃതമായ ഒരു രാജ്യത്തിന്റെ ഗതികെട്ട ആയുഷ് മന്ത്രാലയത്തിനു കീഴിലെ സർക്കാർ മുദ്രയുള്ള കൊലപാതകികൾ തന്നെയാണ് സമാന്തര ചികിത്സ നടത്തുന്നവരും, അതിനായി മുറവിളി കൂട്ടുന്നവരും.
VishnuAnilkumar