Saturday, November 09, 2024

അമ്പിളികുട്ടന്മാരും ഉത്തരാധുനിക ഭ്രമങ്ങളും

"I am a conspiracy theorist and i want attention!"

ഭാരതം ചൊവ്വയിലേക്ക്‌ പേടകം (Mars Orbiter Mission|MOM) അയച്ചകാലത്തും മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയോ എന്ന്‌ സംശയം പ്രകടിപ്പിക്കുന്ന വരെ തട്ടി നടക്കാനാവാത്ത സ്ഥിതിയാണുള്ളത്‌! സോഷ്യല്‍ മീഡിയയിലാണ്‌ ഇത്തരം സംശയവാദങ്ങളുടെയും ഗൂഡാലോചന സിദ്ധാന്തങ്ങളുടെയും തള്ളിക്കയറ്റമുള്ളത്‌. ഒരുപക്ഷേ, മലയാളി കഴമ്പുള്ള വിഷയങ്ങളും ബാലിശമായ കാര്യങ്ങളും സമാന ഗൗരവത്തോടെ ചർച്ച ചെയ്യുന്ന ഏക സാമൂഹികതലം അതുമാത്രമാണല്ലോ. ഇന്നും എന്തുകൊണ്ട്‌ ഇത്തരം സംശയവാദങ്ങള്‍ വന്യമായി ആഘോഷിക്കപ്പെടുന്നു ? ചിന്തിക്കേണ്ട വിഷയമാണ്‌. ഇക്കൂട്ടരില്‍ നല്ലൊരു പങ്കും മതവിശ്വാസികളും അരവിശ്വാസികളുമാണെങ്കിലും ചുരുക്കംചില അവിശ്വാസികളെയും കൂട്ടത്തില്‍ കാണാനാവും. ഇവര്‍ക്കെല്ലാം പൊതുവായി ഒരു സ്വത്വബോധമുണ്ട്‌. പ്രകടമായ ശാസ്ത്രവിരുദ്ധതയും ഉത്തരാധുനികഭ്രമവുമാണതിന്റെ കറിക്കൂട്ടുകള്‍. They are all proud to be anti-science and post-modernist! സയന്‍സിനോടും അതിന്റെ രീതിശാസ്ത്രത്തോടും രമ്യതപ്പെടാന്‍ അവർ വിസമ്മതിക്കുന്നു. സയന്‍സ്‌ അവരെ സംബന്ധിച്ചിടത്തോളം ബോംബും കീടനാശിനികളും ഉത്പാദിപ്പിക്കുന്ന ഒരുതരം ക്ഷുദ്രക്രിയയാണ്‌! തങ്ങളുടെ ചപലവിശ്വാസങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സയന്‍സിനെ അധിക്ഷേപിക്കേണ്ടതുണ്ടെന്ന്‌ അവര്‍ കരുതുന്നു. സയന്‍സിനും കുഴപ്പമുണ്ട്‌, അത്‌ പൂര്‍ണ്ണമായും ശരിയല്ല എന്നൊക്കെയാണ്‌ പതിവ്‌ പല്ലവികള്‍. ചരിത്രപരമായ സാമൂഹ്യബോധവും മാനവികതയും തങ്ങള്‍ കൂടിയ അളവില്‍ പ്രകടമാക്കുന്നുവെന്ന്‌ അവകാശപ്പെടുന്നതിന്റെ ഭാഗമാണത്‌. ശരിയുടെ കുത്തക അവകാശപ്പെടുന്ന ഒരിനം മതമായിട്ടാണ്‌ ഇവരുടെ മസ്തിഷ്കങ്ങള്‍ സയന്‍സിനെ അടയാളപ്പെടുത്തി വെച്ചിരിക്കുന്നത്‌. എല്ലാറ്റിനെയും മതം എന്നു വിളിച്ച്‌ ആക്ഷേപിക്കുമെങ്കിലും യഥാര്‍ത്ഥ മതത്തോട്‌ അതിരുകളില്ലാത്ത ആരാധനയും സ്‌നേഹവും പ്രകടമാക്കാന്‍ ഉത്തരാധുനിക ഭ്രമിതാക്കള്‍ മടിക്കാറില്ല. യുദ്ധം തങ്ങളുണ്ടാക്കിയ കടലാസ്‌ പുലികളോടു മാത്രം ! നമ്മുടെ മുഖ്യധാരാമാധ്യമങ്ങള്‍ ശാസ്ത്രവിരുദ്ധ-ഉത്തരാധുനിക ഭ്രമഘോഷങ്ങളുടെ (post-modernist delusions) പൂരപ്പറമ്പായി മാറിയിട്ടുണ്ട്‌. ശാസ്ത്രം കൊണ്ടുവരുന്ന നേട്ടങ്ങള്‍ സദാ ആസ്വദിക്കുമ്പോഴും അതിന്റെ വേരറുത്ത്‌ ഉന്മാദം കൊള്ളുന്നതില്‍ അവര്‍ ഹരം കണ്ടെത്തുന്നു.

ശരീരം കള്ളമാണെന്നും രോഗം ഭാവനയാണെന്നും വാക്സിന്‍ വിഷമാണെന്നും പ്രചരിപ്പിക്കുന്ന പ്രതിലോമ മാധ്യമങ്ങളാണ്‌ ഇന്നിന്റെ അപമാനമായ 'ചരട്‌ കെട്ടിയ കേരള' ത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്‌. advertise

ഉത്തരാധുനികഭ്രമവാദികള്‍ അനുശാസിക്കുന്നതുപോലെ ഏവര്‍ക്കും പ്രിയപ്പെട്ട 'കഥകള്‍' വെച്ചുവിളമ്പുകയാണ്‌ തങ്ങളുടെ മുഖ്യ ദാത്യമെന്നവര്‍ നിശ്ചയിച്ചുറച്ചിരിക്കുന്നു. സമൂഹം എത്രമാത്രം പിന്നോട്ടടിക്കപ്പെടുന്നു എന്നത്‌ അവിടെ ഒരു വിഷയമേയല്ല. വിദ്യാസമ്പന്നരിലെ ശാസ്ത്രവിരുദ്ധതയും അന്ധവിശ്വാസത്വരയുമാണ്‌ കേരളസമൂഹത്തെ ഏറെ തളര്‍ത്തുന്നത്‌. ശാസ്ത്രത്തില്‍ ഗവേഷണ ബിരുദവും രചനാചരിത്രവുമായി നടക്കുന്നവര്‍പോലും മതമൗലികവാദികളെപ്പോലും ലജ്ജിപ്പിക്കുന്ന തോതില്‍ അന്ധവിശ്വാസങ്ങളും, ഗൂഡാലോചനാസിദ്ധാന്തങ്ങളും വിറ്റഴിക്കുന്നത്‌ കാണാം. ഈയിടെ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ സംഘടിപ്പിച്ച ചില ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത നമ്മുടെ ശാസ്ത്രജ്ഞരുടെയും ശാസ്ത്രലേഖകരുടെയും ജ്ഞാനതലം സാധാരണക്കാരുടെപോലും നെറ്റി ചുളിക്കുന്നതായിരുന്നു. ചരടുംകുറിയും ചന്ദനവുമിട്ട്‌ തങ്ങളുടെ മതപരത പ്രകടമാക്കിയും 'ചൊവ്വാദോഷ'ത്തെ ന്യായീകരിച്ചും മംഗള്‍യാന്‍ ചര്‍ച്ച പതപ്പിച്ച ശാസ്ത്രജ്ഞരുണ്ട്‌. ശാസ്ത്രഗവേഷണങ്ങള്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന മറ്റൊരാള്‍ ചൊവ്വയിലേക്ക്‌ മീഥേന്‍ സെന്‍സര്‍ (Methane Sensor for Mars/MSM) കൊണ്ടുപോയതിന്റെ കാരണം അന്വേഷിച്ച ചാനല്‍ അവതാരകനോട്‌ പറഞ്ഞതിങ്ങനെ:

"വിഷവാതകമായ മീഥേന്‍ ഉണ്ടെന്ന്‌ സ്ഥിരീകരിച്ചാല്‍ അവിടെ ജീവനുണ്ടാകാനുള്ള യാതൊരു സാധ്യതയുമില്ലെന്നുറപ്പിക്കാം!”

ചന്ദ്രയാന്‍ ദൗത്യം ചന്ദ്രനില്‍ 'ജലം' കണ്ടെത്തിയെന്നും ഇദ്ദേഹം തട്ടിവിട്ടു. ചൊവ്വയിലേക്ക്‌ അയച്ച ഓര്‍ബിറ്ററില്‍ മീഥേന്‍ സെന്‍സര്‍ ഘടിപ്പിച്ചത്‌ മീഥയിന്റെ സാന്നിധ്യത്തില്‍ അതിജീവനം സാധ്യമായ അതിസൂക്ഷ്മജീവികളുണ്ടോ എന്നറിയാന്‍ വേണ്ടിയാണ്‌. ചന്ദ്രനില്‍ കണ്ടെത്തിയത്‌ 'ജലം' അല്ല മറിച്ച്‌ ഹൈഡ്രോക്സിലുകളുടെ (Hydroxyl) സാന്നിധ്യം മാത്രമാണെന്ന്‌ ചൂണ്ടിക്കാണിച്ചപ്പോള്‍ ഹൈഡ്രോക്സിലായാലും ജലമായാലും ഹൈഡ്രജനും ഓക്സിജനും തന്നെയല്ലേ അതിലുമുള്ളത്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ രസികന്‍ മറുപടി. ഹൈഡ്രജനും ഓക്സിജനും ചേരുമ്പോള്‍ ഉണ്ടാകുന്ന രാസസംയുക്തങ്ങളുടെ സ്വഭാവങ്ങള്‍ തമ്മില്‍ അജഗജാന്തരമുണ്ടെന്ന്‌ ഏഴാംക്ലാസ്റ്റില്‍ തിരിച്ചറിയുന്ന കാര്യമാണ്‌. ജീവദ്രാവകമായ ജലവും (H2O) വിഷവസ്തുവായ ഹൈഡ്രജന്‍ പെറോക്സൈഡും (Hydrogen peroxide/H2O2) ഹൈഡ്രജന്‍ ഓക്സിജന്‍ സംയുക്തങ്ങളാണെന്നും നാം സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്‌, കണങ്ങളല്ല മറിച്ച്‌ അവയുടെ വിന്യാസമാണ്‌ ഭൗതികഗുണങ്ങള്‍ നിര്‍ണ്ണയിക്കുന്നത്‌. (It is not particle but pattern decides property). വിഖ്യാതരായ നമ്മുടെ ശാസ്ത്രവിദഗ്ദ്ധരില്‍ ചിലരെങ്കിലും അടിസ്ഥാനവിഷയങ്ങളില്‍ ചപലധാരണകള്‍ പേറുന്നവരാണെന്നത്‌ അസുഖകരമായവസ്തുതയാണ്‌.

advertise

Click on the image

എല്ലാ കോണുകളില്‍നിന്നും സയന്‍സ്‌ ആക്രമണം നേരിടുന്നു. സയന്‍സിനെ ആക്രമിക്കുന്നവര്‍ അപഹസിക്കുന്നത്‌ ആധുനികതയെയും നാഗരികതയെയും തന്നെയാണ്‌. ഇറാക്കിലെ ഐസിസ്‌ (ISIS or IS) മുതല്‍ കേരളത്തിലെ ഉത്തരാധുനികഭ്രമക്കാര്‍വരെ ആ ജോലി സസന്തോഷം നിര്‍വഹിക്കുന്നുണ്ട്‌. പ്രതിലോമസിദ്ധാന്തങ്ങളിലും പ്രാകൃതവിദ്യകളിലും പ്രണയപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നു. ശാസ്ത്രവിരുദ്ധതയില്‍ ആഴത്തില്‍ അഭിമാനിക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന യുക്തിവാദികള്‍! കേരളത്തില്‍ മാത്രം കാണാവുന്ന അത്യപൂര്‍വ കാഴ്ചയാണ്‌ ശാസ്ത്രസാഹിത്യപരിഷത്ത്‌ പോലുള്ള പ്രസ്ഥാനങ്ങളില്‍പ്പോലും ശാസ്ത്രവിരുദ്ധതയും ഉത്തരാധുനികഭ്രമവും നുഴഞ്ഞുകയറിയിരിക്കുന്നു. തീക്കട്ടയില്‍വരെ ഉറുമ്പരിച്ച്‌ തുടങ്ങിയെന്ന്‌ സാരം! പണ്ട്‌ ഹോമിയോപ്പതിയിലും പ്രകൃതിചികിത്സയിലും കൂടോത്രത്തിലും ഒതുങ്ങിയിരുന്ന ഇക്കൂട്ടരുടെ ശാസ്ത്രവിരുദ്ധത മലയാളിയെ മൂത്രം കുടിപ്പിക്കാനും മലംതീറ്റിക്കാനും വാക്സിന്‍ വലിച്ചെറിയാനും പ്രേരിപ്പിക്കുന്നതിലേക്കു വളര്‍ന്നിരിക്കുന്നു എന്നറിയുന്നത്‌ സ്തോഭജനകമല്ലേ? 1969-ല്‍ മനുഷ്യന്‍ നടത്തിയ ചാന്ദ്രയാത്ര സംബന്ധിച്ച സംശയവാദങ്ങളും ഗൂഡാലോചനാസിദ്ധാന്തങ്ങളും ഈ ശാസ്ത്രവിരുദ്ധതയുടെ ഉപോത്പന്നങ്ങളാണ്‌. തങ്ങള്‍ 'സത്യാന്വേഷികള്‍' ആണെന്നാണ്‌ ഗൂഡാലോചനാവാദക്കാരുടെ പ്രധാനപ്പെട്ട അവകാശവാദം. അമേരിക്ക ലോകത്തെ വഞ്ചിച്ചിരിക്കുന്നു, ചാന്ദ്രയാത്ര കള്ളക്കഥയാണ്‌, 1969-72 കാലഘട്ടത്തില്‍ നിരവധി തവണ ചന്ദ്രനില്‍ പോയെന്നു പറയുന്നവര്‍ പിന്നെ പോകാത്തത്‌ ഈ കള്ളക്കഥ സ്ഥിരീകരിക്കുന്നു എന്നൊക്കെയാണ്‌ പ്രധാന വാദങ്ങള്‍. “എനിക്ക്‌ വ്യാജസിദ്ധാന്തങ്ങള്‍ തിരിച്ചറിയാനുള്ള അപാരമായ വൈദഗ്ദ്ധ്യമുണ്ട്‌. ഞാന്‍ പറയുന്നു, സംഗതി ശുദ്ധതട്ടിപ്പാണ്‌. എനിക്ക്‌ എങ്ങനെയെങ്കിലും ശ്രദ്ധിക്കപ്പെടണം'--ഇതാണ്‌ ചാന്ദ്രയാത്ര സംബന്ധിച്ച ഗൂഡാലോചനാസിദ്ധാന്തക്കാര്‍ (The Moon Hoax/Conspiracy theory Mongers) പറയാതെ പറയുന്നത്‌. തല്‍ക്കാല സൗകര്യത്തിനായി നമുക്കിവരെ 'അമ്പിളിക്കുട്ടന്മാര്‍' എന്ന ചുരുക്കപ്പേരില്‍ സംബോധനചെയ്യാം. 1990 അവസാനം പ്രചരിപ്പിക്കപ്പെട്ട 'മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല' എന്ന ഗൂഡാലോചനാസിദ്ധാന്തം (The Moon Hoax Theory) കോടികള്‍ വിറ്റുവരവുള്ള കോര്‍പ്പറേറ്റ്‌ വ്യവസായമായി പരിണമിച്ചിരുന്നു. ശാസ്ത്രജ്ഞരെ നിഷ്പ്രഭമാക്കിയ ഒരുപിടി 'സൂപ്പര്‍ ശാസ്ത്രജ്ഞര്‍'ആ കോലാഹലത്തിലൂടെ ഭൂജാതരായി. ശാസ്ത്രചരിത്രം എരിവും പുളിയും ചേര്‍ത്ത്‌ കെട്ടുകഥകളായി വായനാമുറികളില്‍ എത്തിക്കപ്പെട്ടു.

advertise

 വിവാദം സമ്പത്തും പ്രശസ്തിയും കായ്ക്കുന്ന കല്പവ്യക്ഷമായതോടെ പുസ്തകങ്ങള്‍, വീഡിയോകള്‍, ടീ ഷര്‍ട്ടുകള്‍, കാര്‍ട്ടൂണുകള്‍, ടി.വി. പരിപാടികള്‍, ചലച്ചിത്രങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയവയിലൂടെ ലോകമെമ്പാടും ഈ സിദ്ധാന്തചര്‍ച്ച കാട്ടുതീപോലെ വ്യാപിച്ചു. ക്ഷിപ്ര വിശ്വാസികളെയും സാധാരണക്കാരെയും പെട്ടെന്ന്‌ ആകര്‍ഷിക്കാനായതോടെ ബില്‍ കെയ്സിങ്ങും(William Charles Kaysing/1922-2005) റാല്‍ഫ്‌ റെനെയും(Ralph René/1933-2008) ഉള്‍പ്പെടെയുള്ള വിവാദനായകര്‍(Hoaxers) ലോകപ്രശസ്തരുമായി. ഗൂഡാലോചനാസിദ്ധാന്തങ്ങള്‍ എന്നും മനുഷ്യനെ ഹരം കൊള്ളിച്ചിട്ടുണ്ട്‌. നിഗൂഡതാവാദങ്ങള്‍ ആകാക്ഷയും. ഉദ്വേഗവും ജനിപ്പിക്കും. ഉത്തരാധുനികതയാണ്‌ നിഗൂഡതാവാദങ്ങളെ സൃഷ്ടിക്കുന്നത്‌ എന്നൊരു വാദമില്ല. ഉത്തരാധുനികത വരുന്നതിനു മുമ്പ്‌ ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ക്ക്‌ ദൗര്‍ലഭ്യമുണ്ടായിരുന്നില്ലതാനും. പക്ഷേ, എല്ലാത്തരം ഗൂഡാലോചനാ സിദ്ധാന്തങ്ങളുടെയും ആശയപരിസരം ഉത്തരാധുനിക ചിന്താരീതിയുമായി സമരസപ്പെടുന്നതാണ്‌. അൽപ്പ യുക്തിയും ചപലവാദങ്ങളും ഉന്നയിച്ച്‌ ചിന്താരീതിയെ വികലപ്പെടുത്തുക എന്നതാണ്‌ അതില്‍ പ്രധാനം. ചാന്ദ്രയാത്രാവിവാദം ഇതിന്‌ നല്ലൊരു ഉദാഹരണമാണ്‌. ഈ കണ്ടുപിടിത്തത്തിന്‌ അമേരിക്കയുടെ ശത്രുരാജ്യങ്ങളിലും ഇസ്‌ലാമികലോകത്തും കൂടുതല്‍ സ്വീകാര്യത ലഭിച്ചത്‌ സ്വാഭാവികംമാത്രം. അമേരിക്കന്‍ വിരുദ്ധതയും മതാന്ധതയും സിദ്ധാന്തത്തിന്റെ എരിവ്‌ കൂട്ടി. ചാന്ദ്രയാത്രയെക്കുറിച്ച്‌ സാധാരണജനങ്ങള്‍ക്കിടയില്‍ പെട്ടെന്ന്‌ സംശയമുണര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ചില ചപലയുക്തികള്‍ മുന്നോട്ടു വെക്കുന്നതില്‍ വിവാദപ്രിയര്‍ ആദ്യഘട്ടത്തില്‍ വിജയിച്ചിരുന്നുവെന്നത്‌ സത്യമാണ്‌. എന്നാല്‍ തടസവാദങ്ങള്‍ക്ക്‌ ഒന്നൊന്നായി കൃത്യമായ മറുപടി നല്‍കപ്പെടുകയും (വീഡിയോ സിമുലേഷന്‍ ഉള്‍പ്പെടെ) ചാന്ദ്രയാത്രകള്‍ നടത്താന്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പുതിയതായി പദ്ധതിയിടുകയും ചെയ്തതോടെ വാദം പൊളിച്ചടുക്കപ്പെട്ടു. എങ്കിലും പേസ്റ്റ്‌ ട്യൂബില്‍ തിരിച്ച്‌ കയറ്റാന്‍ പ്രയാസമാണ്‌ എന്ന്‌ പറയുന്നതുപോലെ ജനങ്ങളുടെ സംശയം അവസാനിച്ചിട്ടില്ല! ഇത്തരം ശാസ്ത്രവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ 2011 മുതല്‍ ഞാന്‍ ബ്ലോഗിലൂടെ (Click here) നടത്തിക്കൊണ്ടിരിക്കുന്ന ആശയസമരത്തിന്റെ പരിണതിയാണ്‌ അമ്പിളികുട്ടന്മാർ എന്ന ഈ പുസ്തകം. ഇപ്പോഴാണ്‌ പുസ്തകരൂപത്തിലാക്കാന്‍ സമയംകിട്ടുന്നത്‌. കഥകളെ പിന്തുടര്‍ന്ന്‌ സ്വയം അനാദരിക്കുന്ന ഒരു തലമുറ ഇവിടെ ഉണ്ടാകരുതെന്ന ആത്മാര്‍ത്ഥമായ ആഗ്രഹമാണ്‌ ഈ പുസ്തകത്തിന്റെ രചനയ്ക്കു പിന്നില്‍. ഞാനും ശ്രീ മുഹമ്മദ്‌ നസീറും ചേര്‍ന്നാണ്‌ ആമുഖരചന നടത്തിയിട്ടുള്ളത്‌. 'ദി ഹിന്ദു'ദിനപത്രത്തിന്റെ കണ്ണൂര്‍ ജില്ലാലേഖകനാണ്‌ നസീര്‍. എന്റെ ജീവിതപങ്കാളിക്ക്‌ സമര്‍പ്പിക്കുന്ന രണ്ടാമത്തെ പുസ്തകമാണിത്‌. കരടുരൂപം വായിച്ച്‌ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയ യുവശാസ്ത്രകാരന്‍ വൈശാഖന്‍ തമ്പിയോടും പ്രിയ മിത്രം നാമംഗലം പരമേശ്വരനോടും പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറായ പ്രസാധകരോടുമുള്ള നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ. സാധാരണ വായനക്കാര്‍ക്ക്‌ മനസിലാകുന്ന രീതിയില്‍ ശാസ്ത്രവസ്തുതകള്‍ അവതരിപ്പിക്കാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌. ആ നിലയില്‍ കുറച്ചൊക്കെ ലളിതവത്കരണം സംഭവിച്ചിട്ടുണ്ടാവാം. വായനക്കാര്‍ക്ക്‌ മനസ്റ്റിലായില്ലെങ്കിൽ ഉദ്യമംതന്നെ പ്രയോജന രഹിതമാകുമല്ലോ. ഈ കൃതിയെ ശാസ്ത്ര സാഹിത്യം എന്ന നിലയില്‍ പരിഗണിക്കാന്‍ അപേക്ഷ. ഈവിഷയത്തില്‍ കൂടുതല്‍ ആഴത്തിലുള്ള തുടരന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഈ ഉദ്യമം പ്രചോദകമായി തീര്‍ന്നാല്‍ സന്തോഷം.

ഈ കൃതി വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

profile

Ravichandran C

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.