അറ്റുപോകാത്ത ഓർമ്മകൾ
ജോസഫ് മാഷിന്റെ സഫാരി ചാനലിലെ "ചരിത്രം എന്നിലൂടെ" എന്ന പ്രോഗ്രാമിലെ ആ ഒരു എപ്പിസോഡ് ( മകനെ പോലീസ് ക്രൂരമായി മർദ്ദിച്ച ആ രീതി) കണ്ടവർ എല്ലാം ആ ഒരു നിമിഷം ശ്വാസം അടക്കിപ്പിടിച്ച് നെടുവീർപ്പിട്ടിട്ടുണ്ടാകും. ആർക്കും ഒരു നിമിഷം ജീവശ്വാസം നിശ്ചലം ആയിട്ടുണ്ടാകും....
ഒളിവിൽ പോയ പ്രൊഫസറെ പിടിക്കാനായി അദ്ദേഹത്തിന്റെ മകൻ മിഥുനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രേഖാമൂലമല്ലാതെ ഒരിടത്തും അറസ്റ്റ് രേഖപ്പെടുത്താതെ ബിടെക് ബിരുദദാരിയായ 21വയസ്സുള്ള ആ യുവാവിനെ തൊടുപുഴ പോലീസ് മൂന്നാംമുറയ്ക്ക് വിധേയനാക്കി. മിഥുനെ പൂർണ്ണനഗ്നനാക്കി കാൽ നീട്ടിയിരുത്തിയിട്ട് തൊടുപുഴ എസ്ഐ ഷിന്റോ പി കുര്യൻ ക്രൂരമായി ചൂരൽ കൊണ്ട് അടിച്ചു. എല്ലാം പറയാൻ ആ പിതാവിന് സാധിക്കുന്നില്ല.. വാക്കുകളും മുറിഞ്ഞു പോകുന്നു.. തന്റെ മകനെ മുട്ടുകുത്തി ഇരുത്തി ഷിന്റോ കസേരയിൽ ഇരുന്ന് മിഥുന്റെ തല കൈമുട്ടുകൾക്ക് ഇടയിലാക്കി ഞെരിച്ചു. ഉവൈസ് എന്നുപേരുള്ള പോലീസുകാരൻ കഴുത്തിന് കുത്തി മുകളിലോട്ട് ഉയർത്തിയപ്പോൾ നിലത്തു കാൽമുട്ടിയിരുന്നില്ല. ശ്വാസം നിലച്ചു എന്ന് തോന്നുന്ന നിമിഷങ്ങളിലൂടെ ആ ചെറുപ്പക്കാരൻ കടന്നുപോയി.. നിരപരാധിയായ ഒരു യുവാവിനെ ഇത്രയും ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്നത് താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ ആയിരുന്നില്ല. ഏറ്റവും നല്ല നിയമവ്യവസ്ഥ ഉണ്ടെന്ന് മേനിനടിക്കുന്ന, ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയും നിയമസാക്ഷരതയുമുള്ള കേരളത്തിലാണ്.
ഇതെക്കുറിച്ച് ഒരു അന്വേഷണം മലയാളി സമൂഹം ആഗ്രഹിക്കു ന്നുണ്ട്. ഇങ്ങനെ സംഭവിച്ചു എങ്കിൽ കുറ്റക്കാർ ശിക്ഷ അനുഭവിക്ക ണം. ഇനി ഒരാവർത്തനം ഉണ്ടാകരുത്. ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടാൻ തയ്യാറാവണം. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം. പരമോന്നത നീതിപീഠം ജനങ്ങൾക്ക് വേണ്ടി അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
TG Gopakumar
''ആലപ്പുഴ മെഡിക്കല്‍ കോളജിലായിരുന്നു സലോമിയുടെ പോസ്റ്റ്മോര്‍ട്ടം. അവളുടെ കണ്ണുകള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ തലേന്നുതന്നെ ഞാന്‍ ഒപ്പിട്ടുകൊടുത്തിരുന്നു.
അജ്ഞാതരായ രണ്ടുപേര്‍ക്ക് അവളുടെ കാഴ്ച പകുത്തു നല്കിയിട്ട് ഇരുപത്തിയെട്ടുകൊല്ലം മുൻപ് ഞാന്‍ അണിയിച്ച മന്ത്രകോടി പുതച്ചുകൊണ്ട് ഏകദേശം അഞ്ചുമണിയോടെ അവള്‍ വീണ്ടും വീട്ടിലെത്തി. വീടിനുള്ളില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നതിനാല്‍ ഒരു ബാത്‌റൂമില്‍ കൊണ്ടുപോയി എന്റെ കൗമാരകാല സുഹൃത്തായിരുന്ന പതിപ്പള്ളില്‍ റ്റോമി പള്ളിയില്‍ പോകാനുള്ള വസ്ത്രം എന്നെ ധരിപ്പിച്ചു. ആകാശത്ത് കരിമേഘങ്ങള്‍ വന്ന് കിടുകിടുത്തെങ്കിലും മഴ പൊടിഞ്ഞില്ല. അന്ത്യചുംബനം നല്‍കി ഞാനും മക്കളും അവളെ യാത്രയാക്കി. ആയിരക്കണക്കിനാളുകള്‍ അതിനു സാക്ഷികളായി. പള്ളിയില്‍ വെച്ച് കൈപിടിച്ച് കൂടെക്കൂട്ടിയ അവളെ പള്ളിസെമിത്തേരിയിലെ കല്ലറയില്‍ അടക്കം ചെയ്തു മടങ്ങുമ്പോൾ എന്റെ മനസ്സെന്നപോലെ വാനവും ഘനപ്പെട്ടു നിന്നു."
മാഷെ , അങ്ങയുടെ അറ്റുപോകാത്ത ഓർമ്മകളിൽ ഈ ഭാഗം വായിച്ചവരിൽ കരഞ്ഞുപോകാത്തവരായി ആരെങ്കിലുമുണ്ടാകുമോ ?
ഇഗ്‌നേഷ്യസ് കലയന്താനി
ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും ഒരൊറ്റ ഇരുപ്പിൽ വായിച്ചു തീർത്ത രണ്ടേ രണ്ടു പുസ്തകങ്ങൾ മാത്രമേ 45 വർഷത്തിലധികമായ എന്റെ വായനാ ചരിത്രത്തിൽ ലിഖിതപ്പെട്ടിട്ടുള്ളു..
അതിൽ ഒരെണ്ണം ടി ഡി രാമകൃഷ്ണന്റെ 2017 ലെ വയലാർ അവാർഡ് നേടിയ കൃതിയായ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' യും, മറ്റൊരെണ്ണം 2022 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പുസ്തകമായ ശ്രീ ടി ജെ ജോസഫ് മാഷിന്റെ 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന ആത്മകഥയാണ്. 432 പേജുകൾ അടങ്ങിയ ഈ പുസ്തകം വായനാശീലം ഇല്ലാത്ത മനുഷ്യർ പോലും ഒറ്റയിരുപ്പിൽ വായിച്ചു തീർക്കുമെന്നുറപ്പാണ്. അധ്യായങ്ങൾ പിന്നിട്ട് മുന്നേറുമ്പോൾ യാന്ത്രികമായി നമ്മൾ ആ പുസ്തകത്തിൽ അലിഞ്ഞു ചേരും എന്നതിന് തർക്കമില്ല. വായന പുരോഗമിക്കുമ്പോൾ എഴുത്തുകാരൻ നേരിട്ട അവസ്ഥകളിൽ നാം തന്നെ സ്വയം നിൽക്കുന്നതായ വികാരത്തിൽ എത്തപ്പെടും. കണ്ണീർ വാർത്തു കരഞ്ഞുകൊണ്ടല്ലാതെ ഈ പുസ്തകം മാനവികത കൈമുതലായ ആർക്കും വായിച്ചു തീർക്കാൻ കഴിയില്ല. ആവർത്തിച്ചു വായിക്കുമ്പോളും ആ വൈകാരികതക്ക് തെല്ലും മാറ്റമുണ്ടാകാനിടയില്ല. ഈ പുസ്തകം ആനന്ദത്തോടെ വായിക്കുന്ന കൂട്ടരുണ്ട്. ലോക മാനവികതക്ക് മാത്രമല്ല മനുഷ്യരാശിക്ക് തന്നെ ഭീഷണിയായ 1400 വർഷം പഴക്കമുള്ള തലച്ചോറും പേറി ജീവിക്കുന്നവർ, ആ ബുദ്ധിശൂന്യർ തന്നെയാണ് അറ്റുപോകാത്ത ഓർമ്മകൾ എന്ന ഈ പുസ്തകത്തിന്റെ രചനക്ക് കാരണമായവർ. എന്നിരുന്നാലും ഈ ബുദ്ധി ശൂന്യരുടെ മതനിയമം നടപ്പാക്കപ്പെട്ടതിനപ്പുറത്തേക്ക് ജോസഫ് മാഷിന് വ്യഥകൾ സമ്മാനിച്ചത് സഭയും സഭാ മാനേജ്മെന്റിലെ പാതിരിമാരും തന്നെയാണ്. "നിങ്ങളെ വിലങ്ങണിയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെ"ന്ന് പറഞ്ഞ യൂണിഫോം ധാരിയല്ലാത്ത പോലീസുകാരന്റെ മത മനോനിലയും, രചയിതാവിന്റെ പുത്രനെ മൂന്നാം മുറക്ക് വിധേയനാക്കിയ ഷിന്റോ കുര്യൻ എന്ന ഉദ്യോഗസ്ഥനും ഈ രചനക്ക് സാഹിത്യ അക്കാദമി പുരസ്കാരം കൊടുത്ത അതേ സംസ്ഥാനത്ത് സകല പ്രിവിലേജുകളോടും ജീവിക്കുന്നു. ഈ പുസ്തകം ഇനിയും വായിക്കാത്ത ഓരോ മനുഷ്യനും ഇത് വായിച്ചിരിക്കണം എന്ന് മാത്രമേ പറയുവാനുള്ളൂ..
Maithreyan teskovski