വ്യക്തി-ഗോത്ര ബോധങ്ങൾ മാർപ്പാപ്പയുടെ കണ്ണിൽ..
ഒരു വ്യക്തിയെ അയാളുടെ മാത്രം ഐഡന്റിറ്റിയിൽ വിലയിരുത്തുന്നതും, അയാളുടെ മതത്തിന്റെയോ, ജാതിയുടെയോ, പാർട്ടിയുടെയോ, ഭാഷയുടെയോ, രാഷ്ട്രത്തിന്റെയോ ഒക്കെ ഐഡന്റിറ്റിയിൽ വിലയിരുത്തുന്നതും, തമ്മിൽ അജഗജ അന്തരം ഉണ്ട്. ഗോവക്കാരനും ഹൈന്ദവ വിശ്വാസിയും ആയ എന്റെ സഹപ്രവർത്തകൻ, എന്റെ പേരിൽ നിന്ന് ഞാൻ ഒരു ക്രൈസ്തവ വിശ്വാസി ആണെന്നു കരുതുകയും, എന്റെ വ്യക്തിപരമായ ഐഡന്റിറ്റി തിരക്കാതെ എന്നെ 'ക്രിസ്ത്യാനി' എന്ന കൂട്ടത്തിൽ കെട്ടുകയും ചെയ്യുന്നു എന്നു കരുതുക. പിന്നെ, ഞാൻ എത്ര നല്ലവനാണെങ്കിലും, അയാളെ സംബന്ധിച്ച് എന്റെ ഐഡന്റിറ്റി, ഒരു ക്രിസ്ത്യാനിയുടെ ഐഡന്റിറ്റി മാത്രമാണ്. സ്വയം ഒരു ഹൈന്ദവ ഐഡന്റിറ്റിയിൽ കെട്ടിയ അദ്ദേഹത്തിന്, എന്നെ കാണുമ്പോൾ പണ്ട് ക്രൈസ്തവ മിഷനറിമാർ ഗോവയിൽ നടത്തിയ മതപീഢനങ്ങളുടെ ചരിത്രം ഓർമ വരാനുള്ള സാധ്യത ഏറെയാണ്. ഞാനൊരു ക്രൈസ്തവ നാമധാരി മാത്രമാണെന്നും സ്വതന്ത്ര വ്യക്തിയാണെന്നും അയാൾ ചിന്തിക്കാൻ ഇടയില്ല. അങ്ങനെ ചിന്തിക്കാൻ സഹായിക്കുന്ന ഇടപഴകൽ പോലും ആദ്യത്തെ ചിന്ത റദ്ദാക്കുന്നു. യാതൊരു കാരണവും ഇല്ലാതെ എന്നോടുള്ള വെറുപ്പിലേക്ക് ഇത് വഴി തെളിക്കുന്നു.
Advertise
Click here for more info
വ്യക്തിബോധം നഷ്ടപ്പെടുമ്പോൾ വ്യക്തി കൂട്ടത്തിന്റെ ഭാഗമാകുന്നു. വ്യക്തികളെ ഇങ്ങനെ കൂട്ടങ്ങളാക്കുക വഴി, കൂട്ടങ്ങളുടെ നേതാക്കൾക്കു മാത്രമാണ് ലാഭം ഉണ്ടാകുന്നത്. വ്യക്തിബോധവും വ്യക്തി അവകാശങ്ങളും വിലകുറച്ചു കാണാനുള്ള മാർപാപ്പയുടെ ആഹ്വാനം, വ്യക്തികളെ കൂട്ടങ്ങളുടെ ഐഡന്റിറ്റിയിൽ കാണാനുള്ള ആഹ്വാനം തന്നെയാണ്. മറ്റൊരു അർഥത്തിൽ മതങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തികളെ ഒന്നിച്ചു നിർത്താനും മതങ്ങൾ തമ്മിൽ വെറുപ്പു പടർത്താനും ഉള്ള ആഹ്വാനം! വ്യക്തിയുടെ അവകാശബോധത്തെ അപലപിക്കുന്ന മാർപാപ്പ, 20 കൊല്ലം മുമ്പ് സ്ളോവാക്യയിൽ നിലവിലിരുന്ന കമ്മ്യൂണിസത്തെ അപലപിക്കുന്നതിന്റെ അർഥം മാത്രം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. (ഇദ്ദേഹം പറയുന്നതു പോലെ വ്യക്തിബോധത്തിനു വില കൊടുക്കാത്ത പ്രത്യയശാസ്ത്രമാണല്ലോ കമ്മ്യൂണിസവും).
Nb/- ഇദ്ദേഹം ആഹ്വാനം ചെയ്യുന്നതു പോലെ വ്യക്തിബോധം ഇല്ലാതാകുമ്പോഴാണ് - 'ക്രിസ്ത്യാനി ഹിന്ദുവിനു ഹൃദയം നല്കി'- എന്ന പോലുള്ള വാർത്തകൾ പ്രസക്തമാകുന്നത്. അല്ലാത്ത പക്ഷം ഈ വാർത്തകൾ അപ്രസക്തമാകും. കാരണം, വ്യക്തി ബോധമുള്ളിടത്ത്, ഒരു വ്യക്തി മറ്റൊരു വ്യക്തിക്കാണ് ഹൃദയവും രക്തവും ഒക്കെ നല്കുന്നത്.
By
Anup Issac