പട്ടിയുണ്ട് കടിക്കില്ല ; കുലസ്ത്രീകളുണ്ട് സൂക്ഷിക്കുക
ന്യൂസിലാൻഡ് അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളുടെ ഭരണം കയ്യാളുന്ന പ്രധാനികളിൽ പുരോഗമന ബോധമുള്ള സ്ത്രീകൾ കടന്നുവരുന്നു. അതിനെപ്പറ്റി നവ,സമൂഹ മാധ്യമങ്ങളിൽ പുരോഗമന ജനതയാകെ ആരോഗ്യപരമായ അഭിപ്രായങ്ങളും രേഖപ്പെടുത്തി അത് പങ്കിട്ട ശേഷം മുന്നേറ്റത്തിന്റെ ഗ്രാഫ് ഇഴഞ്ഞാണെങ്കിലും ഉയരങ്ങളിലേക്ക് തന്നെയെന്ന് സമാശ്വസിക്കുമ്പോളാണ് ഇവിടെ ഒരു ആൾദൈവത്തിന്റെ പരസ്യത്തിന് വേണ്ടിയും, 'ആർഷഭാരത' വിഡ്ഢി തലച്ചോറുകൾ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയും പ്രവർത്തിക്കുന്ന അമൃതാ ടി വിയിലെ അടുക്കള പരിപാടിയിലും കുലസ്ത്രീ വിപ്ലവമരങ്ങേറുന്നത്. അമൃത ടി വി ആയത് കൊണ്ട് തന്നെ അതിശയമൊന്നുമില്ല കുഞ്ഞ് കുട്ടികളെ വരെ പിന്തിരിപ്പൻ ഗോത്രീയതക്ക് അടിമപ്പെടാൻ പ്രോത്സാഹനം കൊടുക്കുന്ന 'ശ്രേഷ്‌ഠ ഭാരതം' പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്ന അമൃതാ ടി വി ക്ക് ഇതൊക്കെ ഭൂഷണം തന്നെ തർക്കമില്ല. പിന്നെ ഗസറ്റ് വിഞ്ജാപനത്തിലൂടെ പേര് മാറ്റി ദൈവമായ സുധാമണി എന്ന ‘മരണമില്ല പകരം കറുത്ത കല്ലായി മാറുമെന്ന്’ പറഞ്ഞ് നടക്കുന്ന ആത്മീയ കൊള്ളക്കാരിയും അവരെ പിൻപറ്റുന്ന കാട്ടുകള്ളന്മാരും ഭാവി സുരക്ഷിതമാക്കാൻ ആർച്ച ബാരതം കച്ചവടം ചെയ്യാനാരംഭിച്ച ചാനലിൽ കുലസ്ത്രീ വിപ്ലവം ആഘോഷമാകുന്നത് നമുക്കിടയിൽ ചർച്ച ചെയ്യേണ്ടി വന്നാൽ അത് – വർഷം 2021 ലേക്ക് എത്തുന്നു എന്നത് കൊണ്ടും , ഈ ആധുനികതയിൽ ലോക രാഷ്ട്രങ്ങളുടെ നെറുകയിൽ സ്ത്രീകളുടെ കൂടുതലായ കടന്നു വരവിനെ പുരോഗമന ജനത സ്വാഗതം ചെയ്യുകയും ചെയ്യുന്ന വേളയായിപ്പോയി എന്നതിനാലാണ്.
അല്ലാത്ത പക്ഷം ചന്ദ്രനെ നോക്കി കുരയ്ക്കുന്ന നായ്ക്കൂട്ടത്തിനെ ഒഴിവാക്കും പോലെ അവഗണിച്ചേനെ..
പിന്നെ മറ്റൊരു കാര്യമെന്തെന്നാൽ അർഹിക്കുന്നതല്ലേ കൊതിക്കാവൂ ..? ന്യൂസിലൻഡിനെ കണ്ടിട്ട് , യു എസിനെ കണ്ടിട്ട് , മറ്റു വികസിത പുരോഗമന രാജ്യങ്ങളെ ആകെ കണ്ടിട്ട് .. നമുക്കും വേണം പുരോഗമന ജനാധിപത്യ ഭരണകൂടം എന്ന് ചിന്താ ശേഷിയില്ലാത്ത , യുക്തിബോധമില്ലാത്ത ഒരു മഹാഭൂരിപക്ഷത്തിന്റെ നടുവിൽ നിന്ന് ആഗ്രഹിച്ചിട്ട് എന്ത് കാര്യം.
കാക്കാന്മാരിൽ നിന്നും പെൺകുട്ടികളെ സംരക്ഷിക്കാൻ നടക്കുന്ന കുലസ്ത്രീകളും, കുലസ്ത്രീ ആണെന്ന് സ്വയം ക്ലൈം ചെയ്ത ശേഷം ആ നാമം എളുപ്പത്തിൽ കിട്ടുന്ന ഒന്നല്ല എന്നുമൊക്കെ വാദിക്കുന്നവർ ചെന്നടിയേണ്ട സ്ഥലം തീർച്ചയായും അമൃതാ ടി വി യോ, ജനം ടി വി യോ ഒക്കെ തന്നെയാണ്. ഇതേ വീഞ്ഞ് മറ്റൊരു കുപ്പിയിൽ നിറച്ച് മീഡിയാ വൺ ടീമും വിൽക്കുന്നുണ്ട്, ഒരിടത്ത് കുല, മറ്റൊരിടത്ത് ചോയ്സ്. മത പിന്നാമ്പുറമില്ലാത്ത ചാനലുകളിലും ഇത്തരം ഗോത്രീയ ജീവികൾ വന്നിരുന്ന് അഭിമാനത്തോടെ തന്നെ താൻ കിടക്കുന്ന തടവറയെ പുകഴ്ത്തുന്നതും നാം കണ്ടിട്ടുണ്ട്.. ഓർമയില്ലേ തട്ടമൊന്നു മാറിയാൽ അപ്പോൾ തന്നെ ഷിനോയെന്ന് നീട്ടി വിളിക്കുന്ന ഇക്കാക്കയെ പുകഴ്ത്തുന്ന അറബി വേർഷൻ കുലയെയും, അതിൽ അഭിമാനത്തോടെ ചിരിക്കുന്ന ഇക്കാക്കയെയും.
ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം വേർതിരിക്കുന്ന, ഗോ മൂത്രത്തിലെ സ്വർണ്ണത്തിന്റെ അളവും ഔഷധ മൂല്യവും ചർച്ച ചെയ്യുന്ന, ഉസ്താദ് കാറിത്തുപ്പിയ ബിരിയാണിയും തിന്നിട്ട്- തട്ടമിടാത്തതിന് , അഭിപ്രായം പറഞ്ഞതിന്, നൃത്തം ചെയ്തതിന് പെൺകുട്ടികളെ വേശ്യ എന്ന് വിളിച്ചവഹേളിക്കുന്ന, ക്നാനായ വർഗ്ഗത്തിന്റെ പൂർവിക പെരുമയിൽ കന്യാമറിയത്തിനു പോലും രതിമൂർച്ഛ സംഭവിക്കുന്ന വംശശുദ്ധിയുടെ അവകാശികൾ എന്ന് അഭിമാനം കൊള്ളുന്ന – സഹജീവിയെ പങ്കാളിയാക്കാൻ മതങ്ങൾ ഭ്രഷ്ട് കൂലി ഈടാക്കുന്ന, നിഷ്കളങ്കത മാറാത്ത കുഞ്ഞിനെ വരെ നാക്കും ശരീരവും തുളച്ച് ഇരുമ്പ് കുത്തിയിറക്കി വഴി നീളെ കാവടി തുള്ളിക്കുന്ന.
ഈ മഹാ ഭൂരിപക്ഷത്തിന് യോജിച്ച ഭരണം തന്നെയാണ് ഇന്ത്യയിലുള്ളത് ക്ഷമിക്കണം ഇന്ത്യയല്ല ഭാരതം. എന്തായാലും കുലസ്ത്രീ വിപ്ലവങ്ങൾ കൊഴുക്കട്ടെ.. സ്ത്രീ അടിമയാണെന്ന് സ്ത്രീകൾ തന്നെ വാദിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യട്ടെ… പൊട്ടക്കുളം തവളയുടെ ചോയ്സ് എന്നതുപോലെ തടവറയെ സ്നേഹിച്ച കുലകൾ അടിമത്വം പ്രചരിപ്പിച്ചോട്ടെ.. നമുക്കെന്താ അല്ലെ ?
VishnuAnilkumar