ചിന്തിക്കണോ! മലയാളി ?
രാജേശ്വരി എന്ന് പറഞ്ഞാൽ ഭൂരിഭാഗം ആൾക്കാർക്കും പെട്ടെന്ന് മനസിലാവില്ല. പക്ഷേ കൊല്ലപ്പെട്ട ജിഷയുടെ അമ്മ എന്ന് പറഞ്ഞാൽ ഏതൊരു മലയാളിക്കും സുപരിചിതമാണ്. ജിഷയുടെ മരണത്തിനു ശേഷം നാളുകൾ കഴിഞ്ഞപ്പോൾ മലയാളിയുടെ വെറുപ്പിൽ നിന്നും ഉടലെടുത്ത പരിഹാസങ്ങൾക്ക് പാത്രമായ ഒരു വ്യക്തിയാണ് ജിഷയുടെ അമ്മ രാജേശ്വരി. ഞാൻ ഈ വിഷയവുമായി ബന്ധപ്പെട്ട ഏതോ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ സ്വതന്ത്ര ചിന്തകനെന്നൊക്കെ സ്വയം അവകാശപ്പെടുന്ന ഒരു വ്യക്തിയുമായി നീണ്ട തർക്കത്തിനിടയായിട്ടുണ്ട്. തർക്കമെന്നു പറയാനാവില്ല. കാരണം എതിർകക്ഷിയുടെ ഭാഗം ആരോഗ്യപരമായ കണ്ടെത്തലായിരുന്നില്ല, മറിച്ച് പൊതുബോധ വ്യവസ്ഥിതിയെ താങ്ങി നിന്നുകൊണ്ടുള്ള ടിപിക്കൽ മല്ലു തിങ്ങ്സ് ആയിരുന്നു അവ. വിഷയം ഇങ്ങനെയായിരുന്നു.. "ജിഷയുടെ അമ്മ രാജേശ്വരി മകളുടെ മരണത്തിനു ശേഷം സഹായഹസ്തമായി കിട്ടിയ പണം ചിലവഴിച്ച് ആഭരണം വാങ്ങിയതും, ബ്യൂട്ടീപാർലറിൽ പോയതും, പട്ടുസാരി വാങ്ങിയതും.., അവയൊക്കെ ധരിച്ച് ചാനലുകളുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടതുമൊന്നും ശെരിയല്ല എന്ന് മാത്രമല്ല, മലയാളിയോട് ചെയ്ത വലിയ അവഹേളനമായിപ്പോയി" എന്നാണ് മേൽ സൂചിപ്പിച്ച വ്യക്തിയുടെ വാദം. പുള്ളി സ്വയം അവകാശപ്പെടുന്നത് സ്വതന്ത്രചിന്തകനാണ് എന്നത് ഞാൻ ആവർത്തിക്കട്ടെ. പുള്ളിയോട് അന്ന് ആ കമെന്റ് ബോക്സിൽ എതിരഭിപ്രായം രേഖപ്പെടുത്തിയ ഞാനുൾപ്പെടുന്ന കുറച്ചുപേർ പറഞ്ഞത്. "ജിഷയുടെ അമ്മയായതുകൊണ്ടുതന്നെ പൊതുബോധം കല്പിച്ചിരിക്കുന്ന പ്രേത്യേക വേഷവിധാനത്തിലും, ജീവിത രീതിയിലും മാത്രമേ മേലിൽ അവർ ജീവിക്കാവൂ എന്നൊക്കെ പറയുന്നത് ഒരു പുരോഗമന ചിന്തകന് ഭൂഷണമാണോ ? ജിഷ എന്ന പെൺകുട്ടി കൊല്ലപ്പെട്ടതിന്റെ പേരിൽ രാജേശ്വരിക്ക് കിട്ടുന്ന ധനസഹായങ്ങൾ ഒന്നും രാജേശ്വരിയുടെ ആഗ്രഹപ്രകാരം ജീവിക്കാൻ എടുക്കരുത്, പകരം പൊതുബോധം തുല്യം ചാർത്തിയ കണ്ണീരിന്റെയും,യാതനയുടെയും അടയാളങ്ങൾ പേറി ജീവിക്കാൻ മാത്രമേ അതുപയോഗിക്കാവൂ എന്നൊക്കെ പറയുന്നതും പരിഹസിക്കുന്നതുമൊക്കെ രാജേശ്വരി എന്ന വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമല്ലേ ?" ഇതായിരുന്നു ഞങ്ങളുടെ പക്ഷം.
ഈ ഒരു വിഷയം ഇപ്പോൾ ഓർത്തെടുക്കാൻ കാരണം കുറച്ചു ദിവസങ്ങളായി മലയാളി ആഘോഷിക്കുന്ന ചിന്താ ജെറോം വിഷയങ്ങളിൽ ഇന്ന് വായിച്ച ഒരു ക്യാപ്സ്യൂൾ ആണ്. അതിപ്രകാരമായിരുന്നു. "മാതാവിന്റെ പെൻഷനും, ചിന്തയുടെ ശമ്പളവും ഉൾപ്പെടുന്ന അവരുടെ സ്വന്തം കാശിൽ റിസോർട്ടിൽ താമസിക്കുന്നതിന് ആർക്കാണിത്ര ചൊറിച്ചിൽ" എന്നാണ് കമ്മിയാപ്പീസിനു വേണ്ടി തയാറാക്കപ്പെട്ട ഏറ്റവും നൂതന മില്യൺ ഡോളർ ക്യാപ്സൂൾ. ചിന്തിക്കുന്ന, ബോധമുള്ള, നിക്ഷ്പക്ഷനായ മനുഷ്യർക്ക് ഇതുൾപ്പെടെയുള്ള ഇതുവരെയിറങ്ങിയ എല്ലാ ക്യാപ്‌സൂളുകളും ഹാസ്യം തന്നെയാണ്. മാലപ്പടക്കം പൊട്ടുംപോലെയാണ് ചിന്തയുടെ ഓരോ ന്യായങ്ങളും പൊട്ടിത്തെറിക്കുന്നത്. തമിഴ് നടൻ വിജയ് അദ്ദേഹത്തിന്റെ ഒരു സിനിമയിലെ ഡയലോഗിൽ കമ്യൂണിസം എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരമായി നമ്മുടെ വിശപ്പടങ്ങിയതിനു ശേഷം മിച്ചമുള്ള ഭക്ഷണം വിശക്കുന്ന മറ്റൊരു മനുഷ്യന്റേതാണെന്ന ആശയമാണ് കമ്യൂണിസം എന്നൊക്കെ വിലയിരുത്തുന്നുണ്ട്, ഇത് കണ്ടപ്പോൾ ഉണ്ടായ ക്യാപ്സൂൾ ആണോന്നറിയില്ല.. ജീവിത ചെലവുകൾക്കപ്പുറം അധികമായി ലഭിക്കുന്ന ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന ട്രില്യൺ ഡോളർ തള്ളൊക്കെ ചിന്ത തള്ളിവെച്ചിട്ടുണ്ട്. കേൾക്കാൻ ഇമ്പമുള്ള ഒരു ഹാസ്യമായിരുന്നു അത്. അൻപതിനായിരം രൂപയിൽ നിന്നും ഒരുലക്ഷം രൂപയായി ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, എന്ന ചിന്താ ജെറോമിന്റെ വാദം തെളിവുകൾ പുറത്തുവന്നതോടെ പൊട്ടി. കമ്മിക്യാപ്സൂൾ ഫാക്ടറിയുടെ പ്രവർത്തനസമയം അന്നുമുതൽ പിന്നിങ്ങോട്ട് യുദ്ധകാലാടിസ്ഥാനത്തിൽ ആയിരുന്നു. വരിവരിയായി നിന്നങ്ങനെ ഓരോന്നായി പൊട്ടാൻ തുടങ്ങി.. കോപ്പിയടിച്ച ഗവേഷണ പ്രബന്ധം സംബന്ധിച്ച ക്യാപ്സൂളുകൾ, റിസോർട്ടിലെ താമസത്തെ ന്യായീകരിക്കുന്ന ക്യാപ്സൂളുകൾ അങ്ങനെ 24*7 നേരവും കമ്മി ഫാക്ടറി പ്രവർത്തിക്കുന്നെങ്കിലും ചിന്ത എയറിൽ തന്നെ. മുകളിൽ സൂചിപ്പിച്ചതു പോലെ "മാതാവിന്റെ പെൻഷനും, ചിന്തയുടെ ശമ്പളവും ഉൾപ്പെടുന്ന അവരുടെ സ്വന്തം കാശിൽ റിസോർട്ടിൽ താമസിക്കുന്നതിന് ആർക്കാണിത്ര ചൊറിച്ചിൽ" എന്ന ക്യാപ്സൂൾ കണ്ടപ്പോൾ ജിഷയുടെ അമ്മ രാജേശ്വരിയുടെ ജീവിത രീതി വിഷയത്തിൽ പൊതുബോധ വക്താക്കളുമായി നടന്ന തർക്കം ഓർമയിലെടുക്കാൻ കാരണം.. രാജേശ്വരിക്ക് സഹായ ഹസ്തമായി കിട്ടിയ പണം അവരുടെ വ്യക്തിജീവിതത്തിൽ ഇഷ്ടപ്രകാരം വിനിയോഗിക്കാൻ അവകാശമുള്ളത് പോലെ ചിന്തയുടെ അമ്മയുടെ പെൻഷനും ചിന്തയുടെ ശമ്പളവും സ്വരുക്കൂട്ടി വെച്ച പണം റിസോട്ടിനു കൊടുത്താൽ ആർക്കാണ് പ്രശ്നം ? നിമിഷ നേരത്തേക്കെങ്കിലും ഇത്തരമൊരു മില്യൺ ഡോളർ സംശയം മനസിലേക്ക് കടന്നു വരാത്തവർ ഇല്ല എന്ന് കരുതാൻ വയ്യ.
സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ആയി സ്ഥാനം വഹിക്കുന്നതും, കമ്യൂണിസ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്) എന്ന കേരളത്തിലെ ഒരു വലിയ പാർട്ടിയുടെ ചെറുതല്ലാത്ത സ്ഥാനം വഹിക്കുന്ന പ്രവർത്തകയുമായ, തന്റെയും കുടുംബത്തിന്റെയും വിശപ്പടങ്ങിയ ശേഷം മിച്ചമുള്ള ഭക്ഷണം വിശക്കുന്ന മറ്റൊരാളുടേത് എന്ന തലത്തിലൊക്കെ ആശയം പ്രചരിപ്പിക്കുന്ന ചിന്ത.. അമ്മക്ക് കക്കൂസ് കെട്ടാൻ നിവൃത്തിയില്ലാത്തതുകൊണ്ട് റിസോർട്ടിൽ കാലങ്ങളായി താമസിക്കുന്നു എന്നത് ആർക്കാണ് ഇത്ര ചൊറിച്ചിൽ ഉണ്ടാക്കുന്നത് ?, റിസോർട്ടിന്റെ പ്രവർത്തനം അതായത് റിസോർട്ട് നിൽക്കുന്ന സ്ഥലം ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും കൃത്യമായും നിയമവിധേയമായി തന്നെയാണ് എന്നൊക്കെ ചിന്ത അന്വേഷിക്കേണ്ടതില്ലേ എന്ന് ചോദിക്കുന്നവർക്ക് ഭ്രാന്തല്ലേ ?, തന്റെ രാഷ്ട്രീയ സ്വാധീനത്താൽ റിസോർട്ടിലെ ക്രമക്കേടുകൾ അന്വേഷണവിധേയമാകില്ല എന്ന ഉറപ്പിന്മേൽ റിസോർട്ട് അധികൃതരും ചിന്തയുമായുള്ള ഒത്തുകളിയല്ലേ ഇതൊക്കെ എന്നൊക്കെ സംശയം പ്രകടിപ്പിക്കുന്നത് സംഘി/കൊങ്ങി വാഴകൾ അല്ലാതെ മറ്റാരാണ് ?, ഞാനുൾപ്പെടുന്ന മലയാളിയെ അലട്ടുന്ന ഈ ചോദ്യങ്ങളിൽ തന്നെയില്ലേ ചിന്തയുടെ നിരപരാധിത്വം..?! കമ്മി ക്യാപ്‌സൂൾ ഫാക്റ്ററിയിലെ ഓവർടൈം വർക്കിന്റെ പ്രതിസന്ധി തരണം ചെയ്യാനായി ചിന്തയുടെ അമ്മക്ക് കക്കൂസ് കെട്ടാൻ ബക്കറ്റ് പിരിവുമായി സഖാക്കൾ ഇറങ്ങുമോ എന്ന ഭയം മാത്രമാണ് മിച്ചം..
Vishnu Anilkumar