എൻഡോസൾഫാൻ
ഒരേ ആശുപത്രിയിൽ ഒരേതരം ജനിതക വൈകല്യങ്ങളുമായി രണ്ടു കുട്ടികൾ ജനിക്കുന്നു. അതിൽ ഒരു കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു, അത് എൻഡോസൾഫാൻ കൊണ്ടുള്ള പ്രശ്നമാണ് എന്ന്.
ഒരേ ആശുപത്രി വാർഡിൽ അടുത്തടുത്ത ബെഡുകളിൽ കിടക്കുന്ന ആസ്തമ രോഗികളായ രണ്ടുപേർ. അതിലൊരാൾ പറയുന്നു, തന്റെ അസുഖത്തിന് കാരണം, 20 വർഷം മുമ്പ് തളിച്ച എൻഡോസൾഫാൻ കീടനാശിനിയാണെന്ന്.ഇങ്ങനെ ഏതെങ്കിലും രീതിയിൽ എൻഡോസൾഫാൻ പട്ടികയിലിടം പിടിച്ചാൽ അവർക്കു പിന്നെ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ, യാത്ര ചിലവ്, ഓണ സമ്മാനം, ധന സഹായം, പുതിയ വീടുകൾ, സൗജന്യ റേഷൻ തുടങ്ങി എല്ലാം കിട്ടും. എൻഡോസൾഫാൻ ഇരകൾ എന്ന പേരിൽ നടക്കുന്ന കടുത്ത വിവേചനത്തിന്റെ ഏകദേശ രൂപമാണിത്.
ഏതൊക്കെ അസുഖങ്ങളാണ് എൻഡോസൾഫാൻ കാരണം ഉണ്ടായതെന്ന് ആർക്കും പറയാനാവില്ല. കാരണം, ഏതെങ്കിലും തരത്തിലുള്ള കാൻസറോ ജനിതക വൈകല്യങ്ങളോ ഉൾപ്പെടെ ഏതെങ്കിലും ഒരു പ്രത്യേക രോഗം എൻഡോസൾഫാൻ ഉണ്ടാക്കുമെന്ന് ലോകത്തെവിടെയും തെളിയിക്കപ്പെട്ടിട്ടില്ല. എൻഡോസൾഫാൻ കാരണമായിരിക്കാം എന്ന ഊഹത്തിൽ ഏതൊക്കെയോ ചില അസുഖങ്ങളെ, 22 വർഷങ്ങൾക്കു മുമ്പ് നടന്ന മെഡിക്കൽ ക്യാമ്പുകളിലെ ഡോക്ടർമാർ പട്ടികയിൽ ചേർക്കുകയായിരുന്നു. ലക്ഷങ്ങളുടെ ആനുകൂല്യങ്ങൾ കിട്ടുന്ന ഏർപ്പാടായതുകൊണ്ട് പട്ടികയിൽ ഇടം പിടിക്കാൻ കൊണ്ടുപിടിച്ച ശ്രമം നടന്നപ്പോൾ, വോട്ട് രാഷ്ട്രീയത്തിന്റെ സമ്മർദത്തിൽ, ആയിരക്കണക്കിന് ആളുകൾ പട്ടികയിൽ ചേർക്കപ്പെട്ടു. അങ്ങനെ, മദ്യപാനം കൊണ്ട് കരൾ രോഗിയായവരും പുകവലി കൊണ്ട് കാൻസർ വന്നവരും, എന്തിന് നടുവേദനയും പോളിയോയും ഫങ്കസ് രോഗങ്ങളും. മൂലക്കുരുവും വരെ എൻഡോസൾഫാൻ ഇരകൾ' ആയി.
ഇപ്പോൾ എൻഡോസൾഫാൻ സെൽ വീണ്ടും പുനസംഘടിപ്പിച്ചിരിക്കുകയാണ്.
ഇനി വീണ്ടും മെഡിക്കൽ ക്യാമ്പുകൾ നടക്കും. കൂടുതൽ കൂടുതൽ ആളുകൾ പട്ടികയിൽ കയറിപ്പറ്റും. കീടനാശിനി തളിച്ചതിനു തൊട്ടടുത്ത ഗ്രാമങ്ങളൊക്കെ എന്നോ പട്ടികയിലുണ്ട്. ഇപ്പോൾ അതിനും അകലെയുള്ള കൂടുതൽ സ്ഥലങ്ങളെ ഉൾപ്പെടുത്താൻ സർക്കാർ നിർബന്ധിതരാവുന്നതുകൊണ്ട് ആ പട്ടിക അങ്ങനെ വലുതായിക്കൊണ്ടിരിക്കുന്നു. കാസർഗോഡ് ഉണ്ട് എന്ന് പറയപ്പെടുന്ന എല്ലാ അസുഖങ്ങളും അത്ര തന്നെയോ അതിനേക്കാൾ കൂടുതലോ കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും ഉണ്ട്. അവർക്കൊന്നും കിട്ടാത്ത സഹായസഹതാപങ്ങളും ആനുകൂല്യങ്ങളും ഏതോകാലത്തു തളിച്ച ഒരു കീടനാശിനിയുടെ പേരിലുള്ള നുണക്കഥയുടെ അടിസ്ഥാനത്തിൽ ചിലർക്ക് മാത്രം കിട്ടുന്നത് വേദനാജനകമായ വിവേചനമാണ്. യഥാർത്ഥ ദുരന്തം, എൻഡോസൾഫാനല്ല, എൻഡോസൾഫാന്റെ പേരിലുള്ള ഈ വിവേചനമാണ്.
By
Dr Jithesh