മനുഷ്യരറിയാൻ
ആന്തരികവ്യാപാരങ്ങളെ അളക്കാനും മനസ്സിലാക്കാനും വേണ്ടിയാണ് 'ജീവന്‍, മനസ്സ്, ആത്മാവ്' തുടങ്ങിയ പരികല്പനകൾ വികസിച്ചു വന്നതെന്ന് നമുക്കറിയാം. ഈ ആദ്യകാല പരികല്പനകള്‍, പരികല്പനകളുടെ തലം വിട്ട് ജീവിതയാഥാര്‍ത്ഥ്യങ്ങള്‍പോലെ വ്യവഹരിക്കപ്പെടുന്ന രീതിയിലാണ് ഭാഷയും സംസ്കാരവുമെല്ലാം വികസിച്ചുവന്നത്. അതിനാല്‍ ഇവ പരികല്പനകളാണെന്ന് എത്രതന്നെ സൂചിഷിക്കപ്പപെട്ടാലും ആ പരികല്പനകളെ ഒഴിച്ചുനിര്‍ത്തി ഇനി ഭാഷ രൂപപ്പെടുത്താന്‍ നമുക്കു കഴിയില്ല. അതിനാല്‍, മനസ്സ്, ബൗദ്ധികവ്യവഹാരങ്ങളെക്കുറിക്കുന്ന പരികല്പനയാണെന്ന് അറിയുമ്പോള്‍ത്തന്നെ, 'മനസ്സിലായില്ലേ', 'മനസിലാക്കണം' എന്നെല്ലാം എഴുതുകയും പറയുകയും ചെയ്യുകയേ നമുക്കു നിര്‍വാഹമുള്ളു. അത് അളവുകള്‍ക്ക് മീറ്ററും കിലോമീറ്ററും ഉപയോഗിക്കുമ്പോള്‍ത്തന്നെ 'ഒരു പത്തടി നടന്നാല്‍ മതി' എന്നു പറയുന്നതുപോലെയാണ്; (അടിയും മുഴവും ഒന്നും ഇന്ന് ഈ നാട്ടിൽ പ്രയോഗത്തിലില്ലെങ്കിലും.) ഇങ്ങനെ മനസ്സിലാക്കുമ്പോൾ, ആന്തരികവ്യാപാരങ്ങളെ ആദ്യകാലത്ത് അളന്ന് മനസ്സിലാക്കാന്‍ ഉപയോഗിച്ച അളവുകോലായി അല്ലെങ്കില്‍ പരികല്പനകളായി ജീവനെയും ആത്മാവിനേയുമൊക്കെ മനസ്സിലാക്കിയാല്‍, ശരീരത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന സൂക്ഷ്മത്തില്‍ സൂക്ഷ്മമായ ഒന്നായിരിക്കുന്നതുകൊണ്ടല്ല ആത്മാവിനെ നമുക്കു കാണാനാകാത്തത്. മറിച്ച്, അളന്ന മണ്ണില്‍ കുഴിച്ചു നോക്കിയാല്‍ മൈലോ, മീറ്ററോ കണ്ടെത്താനാകാത്ത കാരണംകൊണ്ടുതന്നെയാണ്. അങ്ങനെ 'ആത്മാവുണ്ടോ ദൈവമുണ്ടോ' എന്നെല്ലാം ആളുകള്‍ ചോദിക്കുമ്പോള്‍ മൈലും, മീറ്ററും പോലെ ഉണ്ട് എന്നും ഇപ്പോൾ അത്ര ഉപയോഗമില്ലാത്ത ഒന്നാണെന്നും പറഞ്ഞുകൊടുക്കേണ്ടതായിട്ടുണ്ട്..
ഒരിക്കലും ഉണ്ടായിട്ടില്ലാത്ത, ഉണ്ടായതെന്നും ഉണ്ടാക്കിയതെന്നും തെറ്റിദ്ധരിച്ചു പറഞ്ഞ പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവായ ദൈവവും ആന്തരികവ്യാപാരങ്ങളെ കുറിക്കുന്ന ആത്മാവും മനസ്സും എല്ലാം പരികല്പനകൾ മാത്രമാണെന്ന് നാം മനസ്സിലാക്കണം. ഇങ്ങനെ മനസ്സിലാക്കാന്‍ ഉപയോഗിച്ച അളവുകോലിന്റെ മുന്നില്‍ നിന്ന് “എന്നെ രക്ഷിക്കണമേ” എന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ റോഡരികത്തു നില്‍ക്കുന്ന കിലോമീറ്റര്‍ കുറ്റിയോടോ മൈല്‍കുറ്റിയോടോ “എന്നെ രക്ഷിക്കണമേ” എന്നു പറയുന്നതിനു തുല്യമാണ്. പാവം മൈൽക്കുറ്റിക്ക് എന്തുചെയ്യാന്‍ കഴിയും ? ഇനി ചില മൈല്‍ക്കുറ്റികള്‍ ചിലരെയൊക്കെ രക്ഷിച്ചിട്ടുള്ളതായി പറഞ്ഞു കേള്‍ക്കാറുണ്ട്. അത് ആലോചിച്ചു നോക്കിയാല്‍ ചിരിക്കാമെന്നല്ലാതെ നാം എന്തു പറയും? പക്ഷെ, കാക്ക മലർന്നു പറന്ന കഥ അടുത്ത ഗ്രാമത്തില്‍ തുടരുകതന്നെ ചെയ്യും.
ശ്രീ മൈത്രേയൻ രചിച്ച 'മനുഷ്യരറിയാൻ' എന്ന പുസ്തകത്തിൽ നിന്നും...
യുക്തിവാദി ബുക്ക്സ് നവീകരിച്ചു പുനഃപ്രസിദ്ധീകരിച്ച ഈ പുസ്തകം ഇവിടെ ക്ലിക്ക് ചെയ്തു വാങ്ങാവുന്നതാണ്.