കാപ്പിപ്പൊടി വിവരക്കേടുകൾ
''മനശാസ്ത്രപരമായി നോക്കുമ്പോൾ ആണിന് ജന്മത്താലെ ഒരു കലയുണ്ട്. ഉദാഹരണത്തിന് പിടക്കോഴിയെക്കാൾ കല പൂവൻകോഴിക്കുണ്ട്., പെൺമയിലിനെക്കാൾ കല ആൺമയിലിനുണ്ട്.. അതുപോലെ മനുഷ്യശരീരത്തിലും പുരുഷന് ഒരു പൂർണ്ണത ഉണ്ടെന്നാണ് മനശാസ്ത്രം പറയുന്നത്. ആ കുറവ് പരിഹരിക്കാൻ സ്ത്രീകൾ ശ്രമിക്കും. അതിനായി മുടിയുടെ ഫാഷൻ മാറ്റും.. ദേഹത്തു മുഴുവൻ പെയിന്റടിക്കും..''
കുടുംബധ്യാന ഗുരുവും തമാശക്കാരനും ആയി അറിയപ്പെടുന്ന ശ്രീ.ജോസഫ് പുത്തൻപുരയ്ക്കലിന്റെ വാക്കുകൾ ആണ് ഇത്. ( Listen from min 01.11 to 01.48 of video-)
Click here for play the video
സ്ത്രീ പുരുഷ മനശാസ്ത്രത്തെ പറ്റി ആധികാരികമായി സംസാരിക്കുന്ന ഇദ്ദേഹത്തിന്, മനശാസ്ത്രപരമായി എന്തറിവാണുള്ളത് എന്ന് ഇതു കേൾക്കുന്നവർക്ക് സംശയം ഉണ്ടായേക്കാം. കാരണം, 'മനശാസ്ത്രപരം' എന്ന പേരിൽ ഇദ്ദേഹം പറയുന്ന 'കല', ജീവശാസ്ത്രപരമാണ്. ലൈംഗിക ദ്വിരൂപത അഥവാ Sexual Dimorphism എന്നാണ് ഈ 'കല'യുടെ പേര്. ലൈംഗിക അവയവങ്ങൾ ഒഴിച്ചുള്ള ആൺപെൺ വ്യത്യാസങ്ങൾക്കാണ് ലൈംഗിക ദ്വിരൂപത എന്നു പറയുന്നത്. ആൺമയിലിന്റെ പീലിയും കോഴിപ്പൂവന്റെ പൂവും എല്ലാം ലൈംഗിക ദ്വിരൂപതയുടെ പരിധിയിൽ വരുന്നതാണ്. എന്താണ് ഈ ലൈംഗിക ദ്വിരൂപത എന്നു നോക്കാം.
1870 ലാണ് ചാൾസ് ഡാര്‍വിന്‍ 'ലൈംഗിക നിര്‍ദ്ധാരണം' (Sexual Selection) അവതരിപ്പിച്ചത്. കൂടുതല്‍ ആകര്‍ഷകമായ പീലികള്‍ ഉള്ള ആണ്‍ മയിലുകളെ, ഇണചേരാനായി പെണ്‍ മയിലുകള്‍ തിരഞ്ഞെടുക്കുന്നു. പെൺമയിലുകളെ ആകർഷിക്കാൻ കഴിയാത്ത ആൺമയിലുകൾക്ക് ഇണയെ ലഭിക്കാത്തതിനാൽ അടുത്ത തലമുറയെ ജനിപ്പിക്കാൻ കഴിയുന്നില്ല. അങ്ങനെ അവയുടെ ജീനുകൾ മയിലുകളുടെ ജീൻപൂളിൽ നിന്നു തന്നെ നീക്കം ചെയ്യപ്പെടുന്നു. ഇതാണ് വലിയ പീലികള്‍ ഉള്ള ആണ്‍ മയിലുകളുടെ ജീനുകള്‍ മാത്രം അതിജീവിക്കപ്പെടാന്‍ കാരണമാകുന്നത്. ആണ്‍മയിലിന്‍റെ വലിയ പീലികളും, കോഴിപ്പൂവന്‍റെ അങ്കവാലും, ആണ്‍ സിംഹത്തിന്‍റെ ജടയും, ആണ്‍ചീവീടിന്‍റെ അസഹ്യമായ ശബ്ദവുമൊക്കെ പെണ്‍ വര്‍ഗ്ഗത്തിന്‍റെ ചോയ്സ് ആണ്. പ്രത്യുത്പാദനത്തിലും കുട്ടികളുടെ പരിപാലനത്തിലും കൂടുതല്‍ പങ്കു വഹിക്കുന്നതിനാലാണ് പെണ്‍ വര്‍ഗ്ഗത്തിന് ഇവിടെ തിരഞ്ഞെടുപ്പിനുള്ള അവസരം ലഭിക്കുന്നത്. ഇങ്ങനെ പെണ്‍വര്‍ഗം ഇണയെ തിരഞ്ഞെടുക്കുന്ന ജീവികളില്‍, പൊതുവെ ആണ്‍ വര്‍ഗം സുന്ദരന്‍മാരായിരിക്കും. ഈ സൗന്ദര്യം ആ ജീവികളിലെ പെണ്‍വര്‍ഗത്തിന്‍റെ ചോയ്സ് ആണ്. പ്രത്യുത്പാദനത്തിൽ കൂടുതൽ പങ്കു വഹിക്കുന്ന പെൺവർഗത്തിന് ഡിമാന്റ് കൂടുതലായതിനാൽ ഇഷ്ടമുള്ള ഇണയെ ലഭിക്കുന്നു. അതുകൊണ്ടുതന്നെ ആൺവർഗത്തിന്റെ ഇഷ്ടം ഇവിടെ ഒരു വിഷയമല്ല. മനുഷ്യനിലും പ്രത്യുത്പാദനത്തിൽ കൂടുതൽ പങ്കു വഹിക്കുന്നതിനാൽ സ്ത്രീക്ക് ഡിമാന്റ് കൂടുതലാണ്. ഇനി, മനുഷ്യവർഗത്തിൽ ആർക്കാണ് പുത്തൻപുര പറയുന്ന 'പൂർണ്ണത' എന്നു ചിന്തിക്കുക. അങ്ങനെ ഒന്നുണ്ടെങ്കിൽ അത്, പ്രത്യുത്പാദനത്തിൽ കൂടുതൽ പങ്കു വഹിക്കുന്ന സ്ത്രീക്കു തന്നെയാണെന്ന് അനായാസം മനസിലാക്കാൻ കഴിയും. കുട്ടികളെ അടയിരുന്നു വിരിയിക്കുകയും പ്രസവിക്കുകയുമൊക്കെ ചെയ്യുന്ന ആണുങ്ങളുള്ള അപൂര്‍വ്വം ജീവിവര്‍ഗ്ഗങ്ങളില്‍, ആണ്‍ വര്‍ഗ്ഗത്തിന് ഡിമാന്റ് കൂടുതലാണ്.
അവർക്ക് ഇങ്ങനെ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.പൈപ്പ് മത്സ്യം (pipe fish), കടല്‍ കുതിര (sea horse), കടല്‍വ്യാളി (sea dragon), എന്നിവ ഉദാഹരണങ്ങളാണ്. ഇവിടെ ആണ്‍വര്‍ഗത്തിന്‍റെ അഭിരുചിക്കനുസരിച്ച് പെണ്‍വര്‍ഗം സുന്ദരികളായിരിക്കും. ഇങ്ങനെയുള്ള തിരഞ്ഞെടുപ്പാണ് ലൈംഗിക നിര്‍ദ്ധാരണം അഥവാ Sexual Selection. ഈ തിരഞ്ഞെടുപ്പിന്‍റെ ഫലമാണ് ലൈംഗിക ദ്വിരൂപത അഥവാ sexual dimorphism. ഒരേ ജീവിവര്‍ഗ്ഗത്തിലെ ആണ്‍ പെണ്‍ വര്‍ഗ്ഗങ്ങള്‍ തമ്മില്‍, ലൈംഗിക അവയവങ്ങള്‍ക്കു പുറമെയുള്ള ശാരീരിക വ്യത്യാസങ്ങളാണ് ലൈംഗിക ദ്വിരൂപതയുടെ പരിധിയില്‍ വരുന്നത്. പെണ്‍വര്‍ഗം തിരഞ്ഞെടുപ്പു നടത്തുന്ന ജീവികളിലെ ആണ്‍വര്‍ഗവും, ആണ്‍വര്‍ഗം തിരഞ്ഞെടുപ്പു നടത്തുന്ന ജീവികളിലെ പെണ്‍വര്‍ഗവും, കൂടുതല്‍ സുന്ദരന്‍മാര്‍/ സുന്ദരികള്‍ ആയിരിക്കും.Click here for ref/-
വിവരക്കേടു വിദ്യയാക്കി പച്ചയ്ക്കു സ്ത്രീവിരുദ്ധതയും പുരുഷ മേൽക്കോയ്മയും വിളമ്പുന്ന ഇദ്ദേഹത്തെ പോലുള്ളവരുടെ കുടുംബനവീകരണ ധ്യാനങ്ങൾ കേൾക്കാൻ പോവുകയും വളിച്ച സ്ത്രീവിരുദ്ധ തമാശകൾ കേട്ടു ചിരിക്കുകയും ചെയ്യുന്ന വിശ്വാസികളോടു സഹതാപം മാത്രമേയുള്ളൂ.. കുടുബപ്രശ്നങ്ങൾ പരിഹരിക്കാൻ യോഗ്യതയുള്ള കൗൺസിലർമാരെ സമീപിക്കുന്നതിനു പകരം ഇതുപോലുള്ളവരുടെ വാക്കുകൾ കേട്ടാൽ വിപരീദഫലമാവും ഉണ്ടാവുക.
By
Anup Issac