ഇസ്ലാമും ഫെമിനിസവും
- ഞാനൊരു ഇസ്‌ലാമാണ്, ഞാൻ ഒരു ഫെമിനിസ്റ്റുമാണ് .
- തട്ടമിട്ട് ഫെമിനിസം പറയുന്നതിൽ എന്താണ് തെറ്റ്?
- ഹിജാബ് എന്റെ ചോയിസാണ്.
- ഒരു ഇസ്ലാം മത വിശ്വാസിയാണെന്ന് പറഞ്ഞ് എന്തുകൊണ്ട് എനിക്ക് ഫെമിനിസം പറഞ്ഞുകൂടാ ?
ഇത്തരം വാചകങ്ങൾ നമ്മളിന്ന് സാധാരണമായി സോഷ്യൽ മീഡിയയിൽ കണ്ടുവരുന്നതാണ്. ഒരു ചോദ്യം കൂടി 'ഇസ്ലാമും ഫെമിനിസവും ഒരുമിച്ച് പോകുമോ ?'. അതവിടെ നിൽക്കട്ടെ അതിനു മുന്നേ ആദ്യം പറഞ്ഞവ നമുക്ക് പരിശോധിക്കാം.
ഇസ്ലാമിക നിയമങ്ങളിൽപ്പെട്ട കുറച്ചു കാര്യങ്ങൾ ഞാനിവിടെ സൂചിപ്പിക്കാം.
ഒന്ന്, ഇസ്ലാം മതത്തിൽപ്പെട്ട എല്ലാ പെൺകുട്ടികൾക്കും തലമറക്കൽ നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. അല്ലാത്തപക്ഷം അവൾ തെറ്റുകാരിയാണ്. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ വർഷങ്ങളോളം തടവുശിക്ഷ വരെ വിധിക്കുന്ന രാജ്യങ്ങൾ ഇന്നുമുണ്ട്.
രണ്ട്, അന്യപുരുഷനെ നോക്കുവാനോ കാണുവാനോ, അന്യ പുരുഷൻ അവളെ കാണുവാനോ പാടുള്ളതല്ല. അപ്പോൾ സോഷ്യൽ മീഡിയകളിൽ സ്വന്തം ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നതുപോലും നിയമമനുസരിച്ച് തെറ്റാണ്. കാരണം അതിലൂടെ അന്യപുരുഷന്മാർ അവളുടെ മുഖം കാണുകയാണല്ലോ.
മൂന്ന്, പുരുഷൻമാരെ ആകർഷിക്കുംവിധം വസ്ത്രങ്ങൾ ധരിക്കാൻ പാടുള്ളതല്ല. തൊലിയുടെ നിറം കാണുംവിധം വസ്ത്രങ്ങൾ ധരിക്കാൻ പാടുള്ളതല്ല. ശരീരവടിവ് കാണുംവിധം വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല. കാരണം ഒരു മുസ്ലിം സ്ത്രീയുടെ സൗന്ദര്യം അവളുടെ ഭർത്താവിന് മാത്രം ആസ്വദിക്കാനുള്ളതാണ് എന്നാണ് ഇസ്ലാമിൽ പറയുന്നത്. ഇങ്ങനെ നോക്കുമ്പോൾ ഇസ്ലാമിൽ സ്ത്രീകൾക്ക് ചുരിദാർ ധരിക്കുന്നത് പോലും വിലക്കപ്പെട്ടിരിക്കുന്നു. എന്തിന് അധികം പറയണം പർദ്ദ പോലും ഷേയ്പ് ചെയ്യാൻ പാടുള്ളതല്ല.
നാല്, സ്ത്രീവേഷം പുരുഷനും പുരുഷവേഷം സ്ത്രീയും ധരിക്കാൻ പാടുള്ളതല്ല. ഇസ്ലാം പുരുഷവേഷമായി കണക്കാക്കുന്നവയിൽ ഒന്നാണ് ജീൻസ്. അപ്പോൾ ഒരു സ്ത്രീക്ക് അവൾക്ക് കംഫോർട്ടബിൾ ആണെന്ന് തോന്നുന്ന ഏതു വസ്ത്രവും ധരിക്കാം എന്നുള്ള കാര്യം ഇസ്ലാം നിയമപ്രകാരം തെറ്റാണ്.
അഞ്ച്, എപ്പോഴും പുരുഷന്റെ സംരക്ഷണയിൽ കഴിയേണ്ടവളാണ് സ്ത്രീ എന്ന് ഇൻഡയറക്ടറായി പലയിടങ്ങളിലും പറഞ്ഞു വെക്കുന്നു. സ്ത്രീക്ക് സ്വതന്ത്രമായി ചിന്തിക്കുവാനുള്ള അവകാശം പോലും ഇസ്ലാം നൽകുന്നില്ല എന്ന് ഇതിൽ നിന്നും വ്യക്തമാണ്.
ആറ്, മകന് എത്ര സ്വത്ത് വിഹിതമാണോ നൽകുന്നത് അതിന്റെ പകുതി സ്വത്തിനു മാത്രമേ മക്കൾക്ക് അവകാശമുള്ളൂ. ഇസ്ലാം സ്ത്രീകൾക്ക് പുരുഷനോടൊപ്പം തുല്യത നൾകുന്നില്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.
ഏഴ്, ഇസ്ലാമിക നിയമങ്ങൾ ഒന്നുംതന്നെ ആർക്കും തിരുത്തി എഴുതാൻ പറ്റുന്നവയല്ല. ഇതെല്ലാം ലോകാവസാനംവരെ നിലനിൽക്കേണ്ടതാണ്.
Advertise
ഇങ്ങനെ ഒരുപാട് നിയമങ്ങൾ ഇസ്ലാമിൽ നിലനിൽക്കുന്നുണ്ട്. വളരെ കുറച്ച് നിയമങ്ങൾ മാത്രമാണ് ഇവിടെ വ്യക്തമാക്കിയത്. ഇസ്ലാമിക നിയമമനുസരിച്ച് ഖുർആനിലും ഹദീസുകളിലും എഴുതപ്പെട്ട ഒന്നിനെയും ചോദ്യം ചെയ്യുവാനൊ, തെറ്റാണെന്ന് പറയുവാനോ, അതിന് അനുകൂലമല്ലാത്ത രീതിയിൽ പ്രവർത്തിക്കുവാനോ പാടുള്ളതല്ല. എന്തിനേറെ പറയണം ഇതിനെതിരായി ചിന്തിക്കുന്നതുപോലും ശിക്ഷാർഹമാണ്. എന്നുമാത്രമല്ല, ആ വ്യക്തി ആ നിമിഷം മുതൽ ഇസ്ലാമിൽ നിന്നും പുറത്താക്കപ്പെടും. ഇനി നോക്കാം. ലിംഗങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക, വ്യക്തി, സാമൂഹിക സമത്വം നിർവചിക്കാനും, സ്ഥാപിക്കാനും, ലക്ഷ്യമിട്ടുള്ള സാമൂഹിക പ്രസ്ഥാനങ്ങൾ, രാഷ്ട്രീയപ്രസ്ഥാനങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ എന്നിവയുടെ ഒരു ശ്രേണിയാണ് ഫെമിനിസം.
ഒരു ഇസ്ലാം മതവിശ്വാസിക്ക് ഒരിക്കലും മതവും ഫെമിനിസവും ഒരുമിച്ച് കൊണ്ടുപോകാൻ പറ്റില്ലെന്ന് ഇതിൽ നിന്നും വ്യക്തം. അപ്പോൾ പിന്നെ എങ്ങനെയാണ് തട്ടമിട്ടു കൊണ്ട് ഒരു വിശ്വാസിക്ക് ഫെമിനിസം പറയാൻ കഴിയുന്നത്. ഫെമിനിസം പറയാൻ കഴിയും എന്നാൽ ഒരു മതവിശ്വാസിയാണെങ്കിൽ അവർ നിയമപ്രകാരം ഒരു കാഫിർ ആകപ്പെടും. അതുകൊണ്ടു തന്നെ ഇസ്ലാമിൽ വിശ്വസിക്കുന്ന ഒരു വ്യക്തി ഫെമിനിസം പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. ക്ലബ് ഹോസ്സിലേയും മറ്റും 'സ്വതന്ത്രചിന്ത കുട്ടികളെവഴിതെറ്റിക്കുന്നു' മുതലായ ടോപ്പിക്കുകൾ ഉള്ള മീറ്റിംഗുകളിൽ കയറിയാൽ മതം ഫെമിനിസത്തിന്റെ ശത്രുവാണെന്ന് നിങ്ങൾക്ക് വ്യക്തമാകും.
"സ്ത്രീകൾക്ക് വേണ്ട സ്വാതന്ത്ര്യം ഇസ്ലാം നൽകുന്നുണ്ട്. ചില കാര്യങ്ങൾ പറഞ്ഞ് ചിലർ നിങ്ങളെ പിൻതിരിപ്പിക്കും. അത് സ്ത്രീകളെ നശിപ്പിക്കുവാനാണ്" എന്ന് ഒരു വ്യക്തി പ്രസംഗിക്കുന്ന വീഡിയോ ഈയിടെ ഞാൻ കണ്ടിരുന്നു. ശരിക്കും സ്ത്രീകൾക്ക് സ്വാതന്ത്ര്യം ആരെങ്കിലും കൊടുക്കേണ്ടതാണോ? എന്തേ, അത് ആരുടെയെങ്കിലും ഔദാര്യമാണോ? പുരുഷനെപ്പോലെ തന്നെയല്ലേ ഭൂമിയിൽ സ്ത്രീകളും ജനിച്ചത്. പിന്നെന്തുകൊണ്ടാണ് ഇത്തരം നിയമങ്ങൾ എഴുതപ്പെട്ടത്? എന്തുകൊണ്ടാണ് സ്ത്രീ ഭരിച്ചാൽ ലോകം തകരുമെന്ന് ആയത്ത് ഇറക്കിയത്? എന്തുകൊണ്ടാണ് ഇതെല്ലാം ചോദ്യം ചെയ്യുന്ന വ്യക്തി ഇസ്ലാമിൽ നിന്നും പുറത്താക്കപ്പെടുന്നത്?.
ഉത്തരം ഒന്നേയുള്ളൂ "ഭയം".
By
Psittacus