ഒരു യുക്തിവാദിയുടെ മരണകുറിപ്പ്
കവിത
ഞാൻ മരിച്ചാൽ
നീ വരുമെന്നിനിക്കറിയാം
വരുന്ന വഴിയിൽ
എവിടെയെങ്കിലും
ഫ്ലെക്സ് കണ്ടാൽ
കീറി കളഞ്ഞേക്കണം
ചോദിച്ചാൽ, രണ്ടിന്റെന്ന്
മറപുരയ്ക്ക് മറയാവാൻ താല്പര്യമില്ലാത്തവനായിരുന്നു
എന്ന് പറഞ്ഞേക്കണം.
വീടിന്റെ മുന്നിലെ
വഴി മുടക്കി ആളുകൾ
നിൽക്കുന്നത് കണ്ടാൽ
മാറ്റി നിർത്തിയേക്കണം
ചോദിച്ചാൽ, വഴിയടച്ചു നാട്ടുകാരെ ബുദ്ധിമുട്ടിക്കാത്തവനായിരുന്നു
എന്ന് പറഞ്ഞേക്കണം.
Advertise
ആരെങ്കിലും എണ്ണിപ്പെറുക്കി കരയുന്നുണ്ടേൽ
വാ പൊത്തിയേക്ക്
ചോദിച്ചാൽ,
എല്ലാവരെയും നന്നായി
മനസ്സിലാക്കിയവനായിരുന്നു
എന്ന് പറഞ്ഞേക്കണം.
പരികർമ്മി വന്ന്
പണി തുടങ്ങിയാൽ
ഒരു നൂറ് രൂപ കൊടുത്ത്
പറഞ്ഞ് വിട്ടേക്ക്
ചോദിച്ചാൽ…
പ്രഹസനങ്ങൾക്കെതിരെ
ശബ്ദം ഉയർത്തിയവനായിരുന്നു
എന്ന് പറഞ്ഞേക്കണം.
തള്ളവിരൽ കൂട്ടി കെട്ടിയിട്ടുണ്ടേൽ
അഴിച്ചു കളഞ്ഞേക്ക്
ചോദിച്ചാൽ
ചങ്ങലകൾക്കെതിരെ പ്രതികരിച്ചവനായിരുന്നു
എന്ന് പറഞ്ഞേക്കണം.
പട്ടട കൂട്ടിയിട്ടുണ്ടേൽ
വിറകുകൾ വാരി,
അടുക്കളവശത്ത് കൂട്ടിയിട്ടേക്ക്
ചോദിച്ചാൽ,
ശരീരം മെഡിക്കൽ കോളേജിലേക്ക്
പറഞ്ഞ് വച്ചേക്കുവാന്ന് പറഞ്ഞേക്കണം.
മരിച്ചുടനെ നീ എത്തണം
കണ്ണുകൾ ദാനം ചെയ്തിട്ടുണ്ട്
അതിന്റെ ആളുകൾ വരുമ്പോൾ
നീ കാര്യങ്ങൾ നോക്കണം
ചോദിച്ചാൽ,
പ്രളയകാലത്തെടുത്ത
തീരുമാനമായിരുന്നെന്ന് പറഞ്ഞേക്കണം.
പിന്നെ, നീ വന്നാലുടനെ
എന്റെ വലത് കൈയ്യിൽ
ചുരുട്ടി പിടിച്ചിരിക്കുന്ന
കടലാസ് എടുക്കാൻ മറക്കരുത്
മുകളിൽ പറഞ്ഞകാര്യങ്ങൾ അക്കമിട്ട് അതിൽ എഴുതിയിട്ടുണ്ട്
ഒന്നും വിട്ട് പോവരുത്
ഇനി യാത്രയില്ല
ഇത് നിന്നോട് തന്നെ പറഞ്ഞത്,
അത് എന്തെന്നാൽ..
ഞാൻ മരിച്ചാൽ
നീ വരുമെന്ന് എനിക്കറിയാം !!
By
Manu Sachin