പ്രശ്നം ദൈവം തന്നെ
എല്ലാ മതങ്ങളെയും സംബന്ധിച്ച്, അന്യന്‍റെ വിശ്വാസമാണ് പ്രധാന അന്ധവിശ്വാസം. തങ്ങളുടെ ദൈവമാണ് ശരിക്കും ദൈവമെന്നും മറ്റു ദൈവങ്ങളെല്ലാം വ്യജന്മാരാണെന്നും പറയുന്നതാണ് മതങ്ങളുടെ പൊതു സ്വഭാവം. പ്രത്യേകിച്ചും സെമറ്റിക് മതങ്ങളുടെ...
ഈ അര്‍ത്ഥത്തില്‍ എല്ലാ മതങ്ങളും ഒന്നു തന്നെയാണ് പറയുന്നതെന്നു പറയാം. അതുപോലെ തന്നെ, ഒരു കലഹത്തില്‍ ഒരു പക്ഷത്തെങ്കിലും മതം വന്നാല്‍, ആ കലഹം മത ദൈവത്തിനു വേണ്ടിയാവും. ചുരുക്കത്തില്‍, ഒരു മതം ഉള്‍പ്പെടുന്ന യുദ്ധമോ കലാപമോ ഒക്കെ, 'ഏതെങ്കിലും ഒരു മത ദൈവം ശരിയാണോ?', 'ഏതു ദൈവമാണ് ശരി?' എന്നൊക്കെ ഉള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടല്‍ ആവും. ഈ ലോകവാസം പരലോകത്തിലേക്കുള്ള കടത്തായതു കൊണ്ട്, മതങ്ങളെ സംബന്ധിച്ച് മനുഷ്യജീവന് വില കല്പിക്കേണ്ട ആവശ്യവും ഇല്ല.
Advertise
എത്ര നല്ല മനുഷ്യനും ഒരു നല്ല മതവിശ്വാസി ആകണമെങ്കില്‍, തന്റെ മതത്തിന്‍റെ ആശയങ്ങള്‍ക്കു വേണ്ടി മരിക്കാന്‍ തയ്യാറാവണം. ഇങ്ങനെ ആഹ്വാനം ചെയ്യപ്പെടുന്ന കൊലപാതക സംസ്കാരത്തില്‍ നിന്ന് ഒരു മതവിശ്വാസിക്കും മോചനമില്ല. ചുരുക്കത്തില്‍, ശരിയായ മതവിശ്വാസി ഒരു മതതീവ്രവാദിയാണ്. സാമൂഹ്യ സാഹചര്യമനുസരിച്ച്, തീവ്രവാദം, വിവിധ കാലങ്ങളില്‍, വിവിധ മതങ്ങളില്‍, ഏറിയും കുറഞ്ഞും ഇരിക്കും എന്നു മാത്രം. ഉദാഹരണത്തിന്, നാലാം നൂറ്റാണ്ടു മുതല്‍ ഏതാണ്ട് ആയിരം വര്‍ഷങ്ങള്‍ ഭൂമി നിറഞ്ഞാടിയത് ക്രിസ്ത്യന്‍ തീവ്രവാദമായിരുന്നു. ഇന്നത്തെ പോലെ ബോംബ് ഉള്ള കാലമല്ലാതിരുന്നതിനാല്‍, തരതമ്യേന മരണം കുറവായിരുന്നു എന്നു മാത്രം. ഏതാണ്ട് ഈ കാലയളവില്‍ തന്നെ ഇന്ത്യയില്‍ ശൈവ- വൈഷ്ണവ യുദ്ധങ്ങള്‍ സാധാരണമായിരുന്നു. ഇന്ന്, ഇസ്ളാമിക തീവ്രവാദം കൂടുതലായി കണ്ടു വരുന്നു.
അടിസ്ഥാനപരമായി, മതതീവ്രവാദം ദൈവത്തിനും ദൈവരാജ്യത്തിനും വേണ്ടി തന്നെയാണ്. ഈ സത്യം നിലനില്ക്കെ, തീവ്രവാദം ഇല്ലാതാക്കണമെങ്കില്‍ ആദ്യം ഇല്ലാതാക്കേണ്ടത് മനുഷ്യരാശിയുടെ ഏറ്റവും വലിയ അന്ധവിശ്വാസമായ ദൈവവിശ്വാസമാണ്. അതു നിലനിര്‍ത്തിക്കൊണ്ട്, എല്ലാ മതവും നല്ലതാണെന്നും അതിനെ തീവ്രവാദികള്‍ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്നും ഒക്കെയുള്ള ക്ളീഷേ ഡയലോഗുകള്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ തീവ്രവാദം നൈസായി രക്ഷപെട്ടുകൊണ്ടിരിക്കും.
By
AnupIssac