Saturday, November 09, 2024

ഞാൻ എന്തൊരു ഞാനാണപ്പാ ?

ഫേസ് ബുക്കിൽ ഇപ്പോൾ നടക്കുന്ന ചെളിവാരിയെറിയാൽ രണ്ടു ഫാൻസ്‌ അസോസിയേഷനുകൾ തമ്മിലുള്ള വിരോധത്തിന്റെ ഭാഗമാണ്. വിശ്വനാഥൻ. സി ഫാൻസ്‌ v/s രവിചന്ദ്രൻ. സി ഫാൻസ്‌. ഇതിനിടെയിൽ കുറെ കെ വൈ എസ് (കേരള യുക്തിവാദി സംഘം) കമ്മികളും കടന്നു കയറി ചർച്ച കൊഴുപ്പിക്കുന്നു. മനില സി മോഹൻ ആണ് ഒരു കുപ്പ സമാനമായ വീഡിയോയിലൂടെ വഴിമരുന്നിട്ടത്. ഇന്നലെ ഒരാൾ ഫേസ്ബുക് വഴി രവിചന്ദ്രൻ പറയുന്നത് പച്ചക്കള്ളമാണ് എന്ന തലക്കെട്ടിൽ ആരോഗ്യപരമല്ലാത്ത ഒരു ലേഖനം(ലേഖനം എന്നൊന്നും വിളിക്കാൻ പറ്റില്ല) കണ്ടു. പ്രശസ്‌തോമാനിയ രോഗമുള്ള വ്യക്തി തനിക്ക് ഇടമറുകിനെ നേരിട്ടറിയാമായിരുന്നു എന്നത് സമൂഹത്തിന് മുൻപിൽ നിലവിളിക്കും പോലാണ് അത് കണ്ടപ്പോൾ തോന്നിയത്. പവനൻ മരിച്ചപ്പോൾ ഇടമറുക് അനുസ്മരണ കുറിപ്പെഴുതി അതിനാൽ അവർ തമ്മിൽ പ്രണയമാണ് എന്നൊക്കെ ഇടക്ക് പറയുന്നുണ്ട്. തലക്കെട്ടിൽ പറയുന്ന ‘പച്ചക്കള്ളം’ എന്ന വാക്കിന് അടിസ്ഥാനമിടാൻ ക്ലേശിച്ചായാലും എന്തോ കണ്ടെത്തിയതു പോലെ. അതിനപ്പുറം ബാക്കിയെല്ലാം സ്വയം പുകഴ്ത്തലായാണ് തോന്നിയത്. ‘ഞാൻ എന്തൊരു ഞാനാണ്’ എന്ന് വിളിച്ച് പറയുവാൻ രണ്ടു ഫാൻസ്‌ അസോസിയേഷൻ വിഷയത്തെ കരുവാക്കി. ഇനി പ്രസ്തുത വിഷയത്തിൽ (ഇടമറുകിനെ വേട്ടയാടിയത് സംബന്ധിച്ച്) വളരെ ചുരുക്കി കുറച്ച് കാര്യം പറയാം. പവനൻ, ഇടമറുക്, എം. സി. ജോസഫ്, എ. ടി. കോവൂർ, കലാനാഥൻ… എന്നിവരൊക്കെ മഹാന്മാർ ആണെന്നും രവിചന്ദ്രൻ സംഘിയാണെന്നും ഫാൻസ്‌ ഫൈറ്റേഴ്സ് പറഞ്ഞു വക്കുന്നു. ഇവിടെ നിന്നാണ് വിവാദ ചർച്ച ആരംഭിക്കുന്നത്. സത്യത്തിൽ പവനൻ, കലാനാഥൻ തുടങ്ങിയവർ യുക്തിവാദികൾ ആണോ? കുരുടന്മാർ ആനയെ കണ്ടതുപോലെ യുക്തിവാദത്തെ കണ്ടതിന്റെ പരിണിത ഫലം. യുക്തിവാദം എന്നാൽ ശാസ്ത്രീയ ചിന്തയാണ്. ജീവിതത്തിലുട നീളം ശാസ്ത്രീയ വീക്ഷണം പുലർത്താത്ത ഒരാളും യുക്തിവാദി എന്ന വിശേഷണത്തിന് അർഹരല്ല. പവനൻ, കലാനാഥൻ എന്നിവർ ആയുർവേദം ഉൾപ്പെടെ പല കപട ചികിത്സകളിലും വിശ്വസിച്ചിരുന്നു. ഇവർ വൈരുദ്ധ്യാത്മക ഭൗതിക വാദം ശാസ്ത്രീയമാണെന്നു വിശ്വസിക്കുക മാത്രമല്ല മറ്റുള്ളവരും അങ്ങിനെ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഇടമറുകും, കോവൂരും, എം. സി യുമെല്ലാം ഇതിൽ നിന്നും വ്യത്യസ്തരായിരുന്നു. ഇടമറുക് മനോരമയിൽ ജോലിനോക്കുന്ന സമയത്ത് അദ്ദേഹം കോട്ടയത്തായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹം കെ വൈ എസ് ന്റെ സംസ്ഥാന സെക്രട്ടറി ആയപ്പോൾ, കേരളമാകെ ഓടിനടന്ന് യൂണിറ്റുകൾ ഉണ്ടാക്കി. ഇതിനൊക്കെ പണം വേണമായിരുന്നു. യാത്രക്കായി പണം പലരിൽ നിന്നും കടം വാങ്ങി. ഇവയൊന്നും പലപ്പോഴും തിരിച്ചു കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മക്കളുടെ പഠനം, വാടക, തുടങ്ങിയ ജീവിത ചിലവുകൾ.

പല കാര്യങ്ങളിലും ആശയപരമായി ഇടമറുകുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്ന കെ വൈ എസുകാർ അദ്ദേഹത്തിനെതിരെ അപവാദങ്ങൾ പടച്ചു. ഇടമറുക് കെ വൈ എസ് വിട്ടു. അല്ല പുകച്ച് പുറത്തുചാടിച്ചു. ഇതൊക്കെ ചരിത്രം. യുക്തിരേഖ, തേരാളി എന്നിവയുടെ പഴയ ലക്കങ്ങൾ നോക്കിയാൽ മതി, തെളിവ് വേണ്ടവർ. (സനൽ ഇടമറുക് കെ വൈ എസ് നെതിരെ ഒരു കേസ്സ് കൊടുത്തിരുന്നു എന്നാണ് ഓർമ്മ) അന്ന് സംഘപരിവാർ ഇന്നത്തേതുപോലെ ശക്തമല്ലാത്തതുകൊണ്ടാകാം അന്ന് ഇടമറുകിനെയും, കോവൂരിനെയുമൊക്കെ സംഘികളാക്കാതിരുന്നത്. കമ്മ്യൂണിസത്തിനെതിരെ മിണ്ടിയാൽ സംഘിച്ചാപ്പ ഉറപ്പാണ്.
90-കളിൽ ആണെന്ന് തോന്നുന്നു ജർമ്മനിയിലെ യുക്തിവാദ പ്രസ്ഥാനത്തിലെ ഉർസല ഡാങ്കെയൽ എന്നോ മറ്റോ പേരുള്ള ഒരുയുവതി ഡൽഹിയിലെത്തി. അവരുമായി സനൽ ഇന്ത്യ ചുറ്റി സഞ്ചരിച്ചു. ഇവരുടെ ബന്ധവുമായി ബന്ധപ്പെട്ട് സന്ധ്യ പവനന് ഒരു കത്തെഴുതി. ആ കത്ത് പരസ്യമായി. അങ്ങിനെ പവനനും സനലുമായി കടുത്ത ശത്രുതയിലായി. അങ്ങിനെ നിരവധി കഥകളുണ്ട്. കലാനാഥന്റെ ഭാര്യയുടെ ജോലിയുടെ സംവരണത്തിന്റെ പിന്നാമ്പുറക്കഥകൾ തേരാളിയിലൂടെ പുറത്തുവന്നത് പാണന്മാർ സൗകര്യപൂർവ്വം മറക്കുന്നു. ഇടമറുക് കാലത്തിന് ശേഷം, 2010 വരെ കേരളത്തിലെ യുക്തിവാദ രംഗം നിർജ്ജീവമായിരുന്നില്ലേ? അതിന് ഒരുമാറ്റം ഉണ്ടായത് നാസ്തികനായ ദൈവത്തോടെയല്ലേ? പകിട 13,ബുദ്ധനെ എറിഞ്ഞകല്ലു, ബീഫും ബിലീഫും, മസ്തിഷ്‌കം കഥപറയുന്നു, വിവേകാനന്ദൻ ഹിന്ദു മിശിഹായോ, വാസ്തു ലഹരി, പ്രപഞ്ചത്തിലെ മഹാവിസ്മയം എന്നിവയൊക്കെ സംഘിരചനകളാണോ? ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, പിന്നീട് തല്ലിക്കൊല്ലുക. ഇതാണല്ലോ കമ്മ്യൂണിസ്റ്റ് തന്ത്രം. കൊതുക് പശുവിന്റെ അകിടിൽ കടിക്കുന്നത് പാലുകുടിക്കാനല്ല, ചോര കുടിക്കാൻ വേണ്ടിത്തന്നെയാണ്. കമ്മികൾ രവിചന്ദ്രനെ സംഘിയാക്കുന്നത് യുക്തിവാദത്തെ രക്ഷിക്കാനല്ല, നശിപ്പിക്കാൻ തന്നെയാണ്. യുക്തിവാദത്തിനെതിരെ ഇ എം എസ് മൂന്നു പുസ്തകങ്ങൾ എഴുതിയതും ഈ ദുഷ്ടലാക്കോടെയാണ്. ഒരു യുക്തിവാദിക്ക് ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് ആകുവാൻ കഴിയില്ല. കമ്മ്യൂണിസം മൂന്നു സെമറ്റിക് മതങ്ങളുടെ സംഘാതമാണ്. അതൊരു മതമാണ്. അശാസ്ത്രീയമാണ് അതിന്റെ നിയമങ്ങളും.മത സ്വഭാവം പുലർത്തിയവരാണ് ഐ ആർ എ ക്കാരും, കെ വൈ എസ് കാരും, ഐ ആർ എ യുടെ പരിപാടികളിൽ കെ വൈ എസ് കാർ പങ്കെടുക്കാൻ പാടില്ല, പങ്കെടുക്കില്ല. കെ വൈ എസ് ന്റെ പരിപാടികളിൽ ഐ ആർ എ ക്കാരും പങ്കെടുക്കില്ല, പങ്കെടുക്കുകയും ഇല്ല. രണ്ടു ഗോത്രങ്ങൾ. എന്നിട്ടാണ് അവർ തമ്മിൽ ഒരുപ്രശ്നവും ഇല്ല എന്നു തള്ളുന്നത്. അത് ഏറ്റെടുത്ത് പ്രചരിപ്പിക്കാൻ കുറേ ഫാൻസ്‌ ഫൈറ്റേഴ്സും. ഒരു സംഘടനയുമായി അഭിപ്രായ വ്യത്യാസമുള്ളവർ ആശയപരമായി വിയോജിച്ച് വേണം മുന്നോട്ട് പോകാൻ അതേ സംഘടയുടെ ഡ്യൂപ്ലിക്കേറ്റ് കോപ്പിയുമായി അരങ്ങത്തേക്ക് വരുന്നതിനെ സൂചിപ്പിക്കാൻ ആശയപ്രചരണം എന്ന വാക്ക് അനുയോജ്യമല്ല. വൈരങ്ങൾ തീർക്കാൻ വേണ്ടി ചിലർ കല്ലെറിയുന്നു. എങ്ങും എവിടെയും പരിഗണിക്കപ്പെടാത്തവർ പ്രശസ്‌തോമാനിയ (ഒരു ഹാസ്യ പദം) ബാധിച്ച് “അവർ തമ്മിൽ (ഇടമറുകും കെ വൈ എസും) പ്രശ്‌നമൊന്നുമില്ല. എനിക്ക് ഇടമറുകിനെ അറിയാം” എന്നവർത്തിക്കുന്നു. പക്ഷേ ആവർത്തിക്കപ്പെടുന്നത് എനിക്ക് ഇടമറുകിനെ അറിയാം എന്നത് മാത്രമാണ്. ‘ഞാനെന്തൊരു ഞാനാണപ്പാ’

By

Joseph Vadakkan

Chief Editor

Yukthivaadi

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.