Saturday, November 09, 2024

ഹിന്ദി വന്ന ജനിതക വഴി

ഹിന്ദി പഠിക്കേണ്ടി വരുമോ? ഏകദേശം ഉറപ്പായും പഠിക്കേണ്ടി വരും. ഇംഗ്ലീഷും പഠിക്കേണ്ടി വരും.
അപ്പൊ മലയാളമോ? പഠിച്ചല്ലേ പറ്റൂ. നമ്മെ നാം ആക്കുന്നത് പ്രധാനമായും ഭാഷ ആണല്ലോ.

ഇതെല്ലം കൂടി നടക്കുമോ? നടന്നേക്കില്ല. ഭാവി പ്രവചിക്കാന്‍ ബുദ്ധിമുട്ടാണ്. ഒരു പക്ഷെ, ഇംഗ്ലീഷിന്റെ വകഭേദങ്ങള്‍ ലോകത്തെ മൊത്തം വിഴുങ്ങുന്നതിനു മുന്‍പ്, ഹിന്ദി ഇന്ത്യയില്‍ നമ്മുടെ മലയാളത്തെ വിഴുങ്ങിക്കൂടെന്നില്ല. അങ്ങനെ വന്നാല്‍ മൂവ്വായിരത്തഞ്ഞൂറ് കൊല്ലം മുന്‍പേ തുടങ്ങിയ ഒരു മിശ്രണ പ്രക്രിയ അതിന്റെ സ്വാഭാവിക പരിണാമ ഗുപ്തിയില്‍ എത്തി എന്ന് കരുതിയാല്‍ മതി.
ലുക്ക് ഹിയര്‍ – വെറുതെ വികാരം കൊണ്ടിട്ട് കാര്യമില്ല. ചരിത്രത്തിന്റെ ഭയാനകതകളെ കണ്ണില്‍ തന്നെ നോക്കാന്‍ ധൈര്യം ഉള്ളത് ആവണം നമ്മുടെ സംസ്‌കാരം. അതിനു കഴിയുന്നില്ലെങ്കില്‍, ആ ഭയാനകതകളുടെ ഭീകര വശങ്ങള്‍ നമ്മെ വിട്ടു പോയിട്ടില്ല എന്ന് കരുതേണ്ടി വരും. അങ്ങനെ കണ്ണടച്ച് മുന്നോട്ട് പോകാന്‍ പറ്റില്ല. ചരിത്രം എന്ന കണ്ണാടിയിലേക്ക് നോക്കിയേ പറ്റൂ. ലുക്ക് മാന്‍. ലുക്. വേറെ നിവര്‍ത്തിയില്ല .

ഇന്ത്യയില്‍ രണ്ടു പ്രധാന ഭാഷ കുടുംബങ്ങള്‍ ഉണ്ടെന്ന് പണ്ടേ അറിയാമായിരുന്നു.

ഇന്‍ഡോ – യൂറോപ്യന്‍ ഗ്രൂപ്പ് – സംസ്‌കൃതത്തില്‍ നിന്ന് വന്നവ – ഹിന്ദി, ഹിന്ദി വകഭേദങ്ങള്‍, ഗുജറാത്തി, മറാത്തി, ഒറിയ, ബംഗാളി, തുടങ്ങിയവ.

ദ്രാവീഡിയന്‍ ഭാഷകള്‍ – ഏതോ അജ്ഞാത ഭാഷ അമ്മയില്‍ നിന്ന് വന്നവ – മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒക്കെ – ഇങ്ങു തെക്ക് മാത്രം ഉള്ളവ.

വില്യം ജോണ്‍സ് എന്ന ഇംഗ്ലീഷ് ജഡ്ജി – ഒരു ഭാഷ പണ്ഡിതന്‍ – വേദങ്ങള്‍ ആദ്യമായി കേട്ട് അന്തം വിട്ടവന്‍. സംസ്‌കൃതം, ലാറ്റിന്‍, ഗ്രീക്ക് എന്നീ ഭാഷകള്‍, മറ്റൊരു മുതു മുത്തശ്ശി ഭാഷയുടെ മക്കള്‍ ആണെന്നതാണ് അത്. എന്നാല്‍ ദ്രവീഡിയന്‍, ഇവിടെ ഇന്ത്യയില്‍ മാത്രമേ ഉള്ളു. യൂറോപ്യന്‍ ഭാഷകള്‍ മിക്കവയും ലാറ്റിന്‍, ഗ്രീക്ക് എന്നിവയില്‍ നിന്ന് വന്നവ ആണ്.

അച്ഛന്‍, അപ്പന്‍ – പിതാഹ (സംസ്‌കൃതം ), പിതാ (ഹിന്ദി ), പാറ്റെര്‍ (ലാറ്റിന്‍ ), ഫാദര്‍ (ഇംഗ്ലീഷ് )

‘അമ്മ – മാതാഹ, മാതാ, മാറ്റര്‍, മദര്‍, അനിയന്‍ , ചേട്ടന്‍ – ഭ്രാതാഹ, ഫ്രാറ്റര്‍, ബ്രദര്‍.

അങ്ങനെ തുടങ്ങിയാല്‍ തീരില്ല. ചരിത്രപരമായ പഴക്കം, ഭാഷ മാറുന്നതിന് അനുസരിച്ച്, നമുക്ക് കണക്കാക്കാം. ഋഗ്വേദവും മറ്റു വേദങ്ങളും തമ്മില്‍ ഉള്ള മാറ്റങ്ങള്‍ വച്ച്, ഋഗ്വേദത്തിനു കണക്കാക്കിയ പഴക്കം – മൂവായിരത്തഞ്ഞൂറ്, നാലായിരം കൊല്ലം.

ആരാണ് വേദങ്ങളുടെ ഉപജ്ഞാതാക്കള്‍? സംസ്‌കൃത ശ്ലോകങ്ങള്‍ മാത്രം – സാധനങ്ങള്‍ ഇല്ലാത്ത വാക്കുകള്‍.

എന്നാല്‍, അയ്യായിരം, ആറായിരം കൊല്ലം പഴക്കം ഉള്ള, അന്നത്തെ കാലത്തെ ഏറ്റവും വലിയ നാഗരിക സംസ്‌കാരമായ, ഒരു പക്ഷെ എല്ലാ ആദ്യകാല പൗരാണിക സംസ്‌കാരങ്ങളെക്കാളും വലിയ, സിന്ധൂ നദീ തട സംസ്‌കാരം. പക്ഷെ ഒത്തിരി ഒത്തിരി പഴേ കെട്ടിടങ്ങളും, നഗരങ്ങളും, വസ്തുക്കളും മാത്രം. കുറെ എഴുത്തുകള്‍. പക്ഷെ ഇത് വരെ വായിക്കാന്‍ പറ്റിയിട്ടില്ല.

സാധനങ്ങള്‍ – പക്ഷെ വാക്കുകള്‍ ഇല്ല. വാക്കുകള്‍ ഇല്ലാത്ത സംസ്‌കാരം. മണ്‍മറഞ്ഞ ഒന്ന്.

മഴ കുറഞ്ഞതിനെ തുടര്‍ന്ന്, ഏകദേശം നാലായിരത്തഞ്ഞൂറ്, നാലായിരം കൊല്ലം മുന്‍പ് , പതിയെ അസ്തമിച്ചു തുടങ്ങിയ സംസ്‌കാരം. ആരാണവര്‍? എന്തായിരുന്നു മതം? രാജാക്കന്മാര്‍ ആര്?

ഒരു ചുക്കും അറിഞ്ഞൂടാ.

പിന്നെ നമ്മുടെ രാജ്യത്ത്, പല തരം ആളുകള്‍ ഉണ്ട്. കറുത്തവരും, വെളുത്തവരും ഉണ്ട്. വടക്ക് പടിഞ്ഞാറ്, വെളുത്തവര്‍ കുറച്ച് കൂടുതല്‍ ഉണ്ട്. അതില്‍ തന്നെ ജാതി വ്യത്യാസങ്ങള്‍ ഉണ്ട്. ഇന്ത്യ ആകമാനം നോക്കിയാല്‍, ജാതിയില്‍ ഒരു വര്‍ണ വ്യത്യാസം ഉണ്ട്. വേദങ്ങളില്‍ തന്നെ വര്‍ണങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

ഇങ്ങനെ ഇരിക്കുമ്പോള്‍ ആണ് പോപ്പുലേഷന്‍ ജെനെറ്റിക്‌സ് എന്ന ശാസ്ത്ര ശാഖാ, ബോംബുകള്‍ തുടരെ തുടരെ പൊട്ടിക്കുന്നത്. ഏറ്റവും വലിയ ബോംബ്, ദാ ഇപ്പൊ – 2019 ല്‍ പൊട്ടിയതേ ഉള്ളു. സയന്‍സ്, സെല്‍ എന്നീ വിഖ്യാത ജേര്‍ണലുകളില്‍ വന്ന രണ്ടു ബ്രഹത് പഠനങ്ങളിലൂടെ. (റെഫെറെന്‍സ്)

എന്താണ് പോപ്പുലേഷന്‍ ജെനെറ്റിക്‌സ്?

മനുഷ്യരുടെ ഡി ന്‍ എ പഠിക്കുന്നത് വഴി, മനുഷ്യ യാത്രകളുടെ ചരിത്രം നമുക്ക് അറിയാന്‍ പറ്റും എന്നതാണ് അത്. വിശദാംശങ്ങള്‍ക്ക് റെഫെറന്‍സുകള്‍ നോക്കുക.

വൈ ക്രോമസോമുകളിലൂടെ, ആണുങ്ങള്‍ വഴിയുള്ള മിശ്രണം അറിയാം.

മൈറ്റോ കോണ്‍ഡ്രിയല്‍ ഡി ന്‍ എ യിലൂടെ പെണ്ണുങ്ങളുടേത് അറിയാം.

മുഴുവന്‍ ഡി ന്‍ എ യിലെ ഇന്‌ട്രോണ്‍സ് എന്ന സ്ഥലങ്ങളിലെ മാറ്റങ്ങള്‍ (മ്യൂറ്റേഷന്‍ റേറ്റ്) നോക്കി പഴക്കം അറിയാം.

ഇതേ ടെക്‌നിക്കുകള്‍ ഇപ്പോള്‍ ഉള്ള, ആളുകളില്‍ നോക്കാം. മൂവ്വായിരവും, നാലായിരവും വര്‍ഷം പഴക്കം ഉള്ള ശവങ്ങളില്‍ നിന്ന്, എല്ലുകളിലെ മജ്ജയില്‍ നിന്ന്, ഡി ന്‍ എ എടുക്കാം! ഇതും, ഇപ്പോള്‍ അവിടെ താമസിക്കുന്നവരുമായി നമുക്ക് പൊരുത്തം നോക്കാം.

ചുരുക്കത്തില്‍ പറയട്ടെ – എം ര്‍ ഐ, സി ടി സ്‌കാന്‍ ഒക്കെ മസ്തിഷ്‌ക്ക പഠനങ്ങളില്‍ എന്ത് മാത്രം മാറ്റങ്ങള്‍ വരുത്തിയോ, ഏകദേശം അത്രേം മാറ്റം, ചരിത്ര പഠനത്തില്‍, ഈ കൊണാണ്ടറി കൊണ്ട് വന്നിട്ടുണ്ട്.

ഇപ്പൊ സംഭവങ്ങള്‍ ഏകദേശം ക്ലിയര്‍ ആണ്. സബ് കുച്ച്, ഥോഡാ ബഹുത് – ദിഖ്താ ഹേ

ഹാന്‍ ജീ.

രണ്ടു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മനുഷ്യന്‍ ഉണ്ടായി- ആഫ്രിക്കയില്‍. ഏകദേശം അറുപതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കുറെ എണ്ണം പുറത്ത് ചാടി. ഒരു ഗ്രൂപ്പ്, കടല്‍ത്തീരം വഴി, ഇന്ത്യയില്‍ വന്നു, പിന്നീട് ഓസ്‌ട്രേലിയ വരെ എത്തി.

അന്ന് തൊട്ട്, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍, ഇഷ്ടം പോലെ മനുഷ്യര്‍ തിങ്ങി പാര്‍ത്തിരുന്നു! അവര്‍ പെറുക്കികളും നായാടികളും ആയി ജീവിച്ചു എന്ന് വിചാരിക്കണം. ഇപ്പോഴത്തെ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മാത്രമേ, കലര്‍പ്പില്ലാത്തവര്‍ ഉള്ളൂ!

ഇപ്പോള്‍ ഉള്ള ഇന്ത്യക്കാര്‍ മൊത്തം ഒരു മിശ്രണം ആണ്. എന്നാല്‍ ഈ മിശ്രണത്തിനു ചില പ്രത്യേകതകള്‍ ഉണ്ട്.

ഏകദേശം ആറായിരം കൊല്ലങ്ങള്‍ക്ക് മുന്‍പ്, ഇപ്പോള്‍ ഇറാന്‍ എന്ന് ഉള്ള പ്രദേശത്ത് ഉള്ള ആളുകളും, ഒറിജിനല്‍ ഇന്ത്യക്കാരും ഒരു മിശ്ര വിഭാഗം ആയി, കൃഷി പഠിച്ചു. ഒരു ഭീകര സംസ്‌കാരം ആയി വളര്‍ന്നു. പത്ത് രണ്ടായിരം കൊല്ലം അതി ബ്രഹത് ആയി നില നിന്നു. ബാബിലോണ്‍, ഈജിപ്ത് മുതലായ സ്ഥലങ്ങളില്‍ വ്യാപാര ബന്ധങ്ങള്‍ പുലര്‍ത്തി. ദ്രാവീഡിയന്‍ ‘അമ്മ ഭാഷ ഇവരുടെ ആയിരിക്കാന്‍ സാധ്യത ഉണ്ട്.

പിന്നീട്, നാലായിരം കൊല്ലങ്ങള്‍ക്ക് മുന്‍പ്, ഈ പടുകൂറ്റന്‍ സംസ്‌കാരം ക്ഷയിച്ചു. അവര്‍ പതിയെ തെക്കോട്ടും കിഴക്കോട്ടും സഞ്ചരിച്ചു. പുരാതന ഇന്‍ഡ്യാക്കാരുമായി ലയിച്ചു. ലയനം കൂടുതലും, സിന്ധൂ സംസ്‌കാര ആണുങ്ങളില്‍ നിന്ന്, പുരാതന പെണ്ണുങ്ങളിലേക്ക് ആണ് നടന്നത്. അതായത്, സിന്ധൂ നദീ തടക്കാര്‍ (ദ്രവീഡിയന്‍ ഭാഷ പറഞ്ഞിരിക്കാന്‍ സാധ്യത ഉള്ളവര്‍) സാമൂഹികമായി ഉന്നതര്‍ ആയിരുന്നിരിക്കാന്‍ സാധ്യത ഉണ്ടെന്നര്‍ത്ഥം. മാത്രമല്ല, ദ്രവീഡിയന്‍ ഭാഷകള്‍ ഇന്ത്യ മൊത്തം ആധിപത്യം സ്ഥാപിച്ചിരിക്കണം! ഉയര്‍ന്ന ആളുകളുടെ ഭാഷ ഇപ്പോഴും ജയിക്കും അപ്പൊ അന്‍പതിനായിരം കൊല്ലം നില നിന്നിരുന്ന മറ്റേ ഭാഷകള്‍ എല്ലാം സ്വാഹാ! അവ ഇങ്ങിനി വരാത്ത വണ്ണം പോയി മറഞ്ഞു!

ഇനിയാണ് ക്‌ളൈമാക്‌സ് – ബഹുത് ബഡാ.

മൂവായിരത്തഞ്ഞൂറും നാലായിരവും കൊല്ലങ്ങള്‍ക്ക് ഇടയില്‍, അത്രയും മുന്‍പ്, റഷ്യന്‍ പുല്‍ത്തകിടികളില്‍ ഉണ്ടായിരുന്ന ഒരു ഗ്രൂപ്പ്, പല സമയങ്ങളില്‍ ആയി, ഇന്ത്യയിലോട്ട് പ്രവഹിച്ചു. ആട്, പശു മേയ്ക്കല്‍ ആയിരുന്നു ഇവരുടെ പ്രധാന പരിപാടി. കുതിരയെ ആദ്യമായി മെരുക്കുന്നത് ഇവര്‍ ആണ്. സിന്ധു സംസ്‌കാരത്തില്‍ കുതിര ഇല്ലെന്നു തന്നെ പറയാം.

ഇതിനും ആയിരം കൊല്ലങ്ങള്‍ക്ക് മുന്‍പ്, യൂറോപ്പ് മൊത്തം കൈയേറി, ഇന്‍ഡോ യൂറോപ്യന്‍ ഭാഷകള്‍ അവിടെ മൊത്തം അവര്‍ ആക്കി. ലാറ്റിന്‍, ഗ്രീക്ക് ഒക്കെ. ഇന്ന് ലോകം മൊത്തം ഈ ഭാഷകള്‍ക്ക് ആണ് മേല്‍കൈ.

ഇവിടെ ഇന്‍ഡോ യൂറോപ്യന്‍ ഭാഷകള്‍ കൊണ്ട് വന്നത് ഇവര്‍ ആണെന്ന് ഏകദേശം ഉറപ്പാണ്.

വളരെ പതിയെ, ഇവരും ഇന്ത്യന്‍ ജനതയില്‍ ലയിച്ചു. ഇവിടെ ലയനം, വരത്തന്‍ ആണുങ്ങളില്‍ നിന്ന് ഇവിടുണ്ടായിരുന്ന പെണ്ണുങ്ങളിലേക്ക് ആണ്. ഇതില്‍ നിന്നും ഇവര്‍ ഇവിടെ സാമൂഹികമായി ഉയര്‍ന്നവര്‍ ആയിരുന്നു എന്നൂഹിക്കാം.

സിന്ധു നദീ തട സംസ്‌കാരത്തില്‍ നിന്നുള്ള (രാഖിഗാര്‍ഹിയില്‍ – ഹരിയാന) ഒരു ശവത്തില്‍ നിന്ന് സ്റ്റെപ്പി ജനിതകം തീരെ കിട്ടിയില്ല വേറെ പല കാരണങ്ങള്‍ കൊണ്ടും, സിന്ധു സംസ്‌കാരം വേദങ്ങള്‍ക്ക് മുന്‍പ് ഉള്ളത് ആണ്.

ഇപ്പോള്‍ ഉള്ള എല്ലാ ഇന്‍ഡ്യാക്കാരിലും ഈ കലര്‍പ്പ് മൊത്തം ഉണ്ട്! എന്നാല്‍, ചില പ്രത്യേകതകള്‍ ഉണ്ട്.

ഒന്ന് – വടക്കേ ഇന്ത്യക്കാരില്‍ റഷ്യന്‍ സ്റ്റെപ്പിയില്‍ നിന്ന് വന്നവരുടെ കലര്‍പ്പ് വളരെ കൂടുതല്‍ ആണ്. തെക്കോട്ട് വരും തോറും ഇത് കുറഞ്ഞു, കുറഞ്ഞു വരുന്നു.

രണ്ട് – ഉയര്‍ന്ന ജാതിക്കാരില്‍, സ്റ്റെപ്പി ജീനുകള്‍ കൂടുതല്‍ ആണ്. തെക്കേ ഇന്ത്യയില്‍ ഉള്ളവരിലും ഈ വ്യത്യാസം പ്രകടം തന്നെ.

കുറച്ചൊക്കെ മിശ്രണം നടന്നെങ്കിലും, കഴിഞ്ഞ ഒരു ആയിരത്തി എണ്ണൂറ് കൊല്ലങ്ങള്‍ ആയി, ഇന്ത്യന്‍ ജാതികള്‍ തമ്മില്‍ മിശ്രണം വളരെ കുറവ് ആണ്. ഇത് ലോകത്തില്‍ ഒരിടത്തും ഇല്ലാത്ത ഒരു അദ്ഭുതം ആണ്. വടക്കേ യൂറോപ്പ്യനും, തെക്കേ യൂറോപ്പ്യനും തമ്മില്‍ ഉള്ളതിനേക്കാളും വളരെ ഏറെ ജനിതക വ്യത്യാസം ഒരേ ഗ്രാമത്തില്‍ ഉള്ള രണ്ടു ജാതിക്കാര്‍ തമ്മില്‍ ഉണ്ടായേക്കാം.

ഇത്രയും പറഞ്ഞത്, ഏകദേശം ഉറപ്പായ സത്യങ്ങള്‍ മാത്രം. ഇതില്‍ നിന്ന് അധികം ഊഹിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അത് ശരിയും അല്ല. അത് വായനക്കാര്‍ക്ക് വിടുന്നു.

വളരെ പഴയ യുദ്ധങ്ങള്‍ നമ്മള്‍ മറന്നിരിക്കുന്നു. പുതിയവ മാത്രമേ ഓര്‍മ്മയുള്ളു. പഴേ ഭാഷകള്‍ പോയി, പുതിയവ വന്നു. ഇനിയും ഭാഷകള്‍ മരിക്കും. നമ്മള്‍ ഒത്തിരി മറക്കും.

Dr. ജിമ്മി മാത്യു

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.