Saturday, November 09, 2024

ചീവീടുകളുടെ പ്രണയഗീതം

ചോദ്യം- ചീവീടിനു അതികഠിനമായ ശബ്ദം കൊടുത്തതാര്?

ഉത്തരത്തിലേക്കു വരുന്നതിനു മുമ്പ് ചീവീടുകളെ പറ്റി അറിയേണ്ട ചില കാര്യങ്ങള്‍..

ഒരു ജീവിവര്‍ഗ്ഗത്തിന്‍റെ നിലനില്പിനെ ആശ്രയിക്കുന്ന പ്രധാന ഘടകങ്ങള്‍ ഇരപിടിയൻമാരില്‍ നിന്നുള്ള രക്ഷയും പ്രത്യുത്പാദനവുമാണ്. ചീവീടുകളില്‍ (Cicada), ഈ രണ്ടു കാര്യങ്ങളും സാധ്യമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് അവയുടെ അസഹ്യമായ ശബ്ദമാണ്. ഏകദേശം 3000 ഓളം വര്‍ഗ്ഗങ്ങളുള്ള ചീവീടുകളില്‍ ഈ അസഹ്യമായ ശബ്ദമുണ്ടാക്കുന്നത് ആണ്‍ ചീവീടുകള്‍ മാത്രമാണ്. നമുക്ക് അസഹ്യമാണെങ്കിലും പെണ്‍ ചീവീടുകള്‍ക്ക് ഇത് ആകര്‍ഷകമായി തോന്നുന്നു. എന്നാല്‍ ഇതേ ശബ്ദം വവ്വാൽ പോലുള്ള ഇരപിടിയൻമാരെ അകറ്റുകയും ചെയ്യുന്നു. അങ്ങനെ നിലനില്പിനു വേണ്ട രണ്ടു കാര്യങ്ങളും ശബ്ദം വഴി സാദ്ധ്യമാകുന്നു. എന്തായാലും നമുക്ക് അസഹ്യമായ ചീവീടു ശബ്ദം, ആണ്‍ ചീവീടുകളുടെ പ്രണയ ഗീതമാണ്.

advertise

ശബ്ദം പുറപ്പെടുവിക്കുന്ന timbal, ആണ്‍ ചീവീടുകളുടെ അടിവയറിന്‍റെ ഭാഗത്താണ് ഉള്ളത്. തങ്ങളുടെ കഠോര ഗാനം ആലപിക്കുമ്പോള്‍, ആണ്‍ ചീവീടുകള്‍, സ്വയം അവയുടെ കേള്‍വിക്കു സഹായകമായ tympanam ഡിസേബിള്‍ ചെയ്യുന്നു. ഇത്, സ്വന്തം ഗാനം കേട്ടു കേള്‍വി നഷ്ടപ്പെടുന്ന അവസ്ഥയില്‍ നിന്നും അവയെ രക്ഷിക്കുന്നു. ചീവീടുകള്‍ ഉണ്ടാക്കുന്ന 120 ഡെസിബല്‍ വരെയുള്ള ശബ്ദം മനുഷ്യനില്‍ കേള്‍വിനാശം ഉണ്ടാക്കാന്‍ പോന്നതാണ്. എന്നാല്‍ പെണ്‍ ചീവീടുകളിലെ tympanum താരതമ്യേന ചെറുതാണ്. ഇത് ആണ്‍ ചീവീടുകളുടെ ശക്തമായ ശബ്ദം തിരിച്ചറിയാനും പ്രതികരിക്കാനും കഴിവുള്ളതാണ്.

ഇനി നമുക്കു ചോദ്യത്തിന്‍റെ ഉത്തരത്തിലേക്കു വരാം.
ഉത്തരം- a) ആണ്‍ ചീവീടുകള്‍ മാത്രമാണ് അതികഠിനമായ ശബ്ദം പുറപ്പെടുവിക്കുന്നത്.
b)ശബ്ദം കൊടുത്തത് പെണ്‍ ചീവീടുകളും ഇരപിടിയൻമാരും ആണ്.

എങ്ങനെയെന്നല്ലേ?

കൂടുതല്‍ ശബ്ദം ഉണ്ടാക്കുന്ന ആണ്‍ ചീവീടുകള്‍ പെണ്‍ ചീവീടുകളെ ആകര്‍ഷിക്കുകയും ഇരപിടിയൻമാരെ വെറുപ്പിക്കുകയും ചെയ്തു. ശബ്ദം കുറവുള്ള ആണ്‍ ചീവീടുകളെ പെണ്‍ വര്‍ഗ്ഗത്തിനു പകരം ഇരപിടിയൻമാര്‍ ഇഷ്ടപ്പെട്ടു.അങ്ങനെ ശബ്ദം കൂടുതലുള്ള ചീവീടുകള്‍ കൂടുതലായി കുട്ടികളെ ജനിപ്പിച്ചു. അടുത്ത തലമുറയിലേക്കു കൂടുതലായി പോയ അവയുടെ ജീനുകള്‍, ചീവീടുകളുടെ ജീന്‍പൂളില്‍ വ്യാപിച്ചു. പെണ്‍വര്‍ഗ്ഗത്തെ ആകര്‍ഷിക്കാന്‍ കഴിയാത്ത, ശബ്ദം കുറഞ്ഞ ചീവീടുകള്‍ നിര്‍ദ്ദയം ആഹരിക്കപ്പെടുകയും അവയുടെ ജീനുകള്‍ അന്യം നിന്നു പോവുകയും ചെയ്തു.

ഇനി, ഇരപിടിയൻമാരെ മാറ്റി നിര്‍ത്തി നോക്കിയാൽ, പെണ്‍വര്‍ഗം, ഇഷ്ടപ്പെട്ട ആണിനെ തിരഞ്ഞെടുക്കുന്ന രീതിയാണ് ലൈംഗിക നിര്‍ദ്ധാരണം അഥവാ Sexual Selection. ഇതിന്‍റെ ഫലമായി, ഒരേ ജീവി വര്‍ഗ്ഗത്തിന്‍റെ ആണ്‍ -പെണ്‍ വര്‍ഗ്ഗങ്ങള്‍ തമ്മില്‍, ലൈംഗികാവയവങ്ങളിലല്ലാതെ വരുന്ന പ്രകടമായ ശാരീരിക ഘടനാ വ്യത്യാസമാണ് Sexual Dimorphism. ആണ്‍ -പെണ്‍ ചീവീടുകളില്‍, ശബ്ദം കേള്‍ക്കാനും പുറപ്പെടുവിക്കാനും ഉപയോഗിക്കുന്ന tympanum, timbal, എന്നിവയുടെ വ്യത്യാസം Sexual Dimorphism ന്‍റെ പരിധിയിൽ വരുന്നു.

advertise

ചുരുക്കത്തിൽ, മൃഗങ്ങളുടെ പ്രത്യേകതകള്‍ക്കു കാരണം, സാഹചര്യങ്ങള്‍ക്കനുസൃതമായ, അന്ധവും, അലക്ഷ്യവും, ക്രൂരവുമായ പരിണാമമാണ്. നിലവിലുള്ള സാഹചര്യങ്ങളില്‍ പര്യാപ്തമായവയുടെ അതിജീവനവും അല്ലാത്തവയുടെ ക്രൂരമായ ഉന്‍മൂലനവും നടക്കുന്നു.

ഇവിടെ, ഒരു ജീവിവര്‍ഗ്ഗത്തിന്‍റെ ഗുണഗണങ്ങള്‍ ഏതെങ്കിലും അതീത ശക്തി അനന്ത സ്നേഹത്താല്‍ അനുഗ്രഹിച്ചു നല്കുന്നതല്ല. അതിജീവിക്കാന്‍ വേണ്ട ഗുണമില്ലാത്തവ നശിക്കുന്നതും ഗുണമുള്ളവമാത്രം നിലനില്ക്കുന്നതുമാണ്.

Click here for ref/- 1

Click here for ref/- 2

By
Anup Issac

profile

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.