ചൊവ്വാ ദോഷവും നേഴ്സ് ദോഷവും
പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങള്‍ നാലാണ്.
- Weak nuclear force
- Strong nuclear force
- Electro magnetic force
- Gravitational force
ഇതില്‍ ആദ്യത്തെ രണ്ടു ബലങ്ങളും ആറ്റത്തിലെ ന്യൂക്ളിയസിന് ഉള്ളിലുള്ളതാണ്. മൂന്നാമത്തെ ബലമായ വൈദ്യുത കാന്തിക ബലം നമുക്ക് ഉപകരണങ്ങള്‍ ഉപയോഗിച്ചു തിരിച്ചറിയാന്‍ കഴിയുന്നതാണ്. ചൊവ്വയില്‍ നിന്നും അങ്ങനെ നമ്മെ ബാധിക്കുന്ന ഒരു വൈദ്യുത കാന്തിക ബലം തിരിച്ചറിഞ്ഞിട്ടില്ല. ചുരുക്കത്തില്‍, ചൊവ്വ നമ്മെ സ്വാധീനിക്കുന്നെങ്കില്‍ അതു ഗുരുത്വ ബലത്താല്‍ മാത്രമാണ്.
Advertise
Message Pinnacle Online Academy on WhatsApp.
പ്രപഞ്ചത്തില്‍ പിണ്ഢമുള്ള എല്ലാ വസ്തുവും പിണ്ഢമുള്ള എല്ലാ വസ്തുവിനെയും ആകര്‍ഷിക്കുന്നു. ഇതാണ് ഗുരുത്വബലത്തിനു നിദാനം. അതു കണ്ടുപിടിക്കാനുള്ള സമവാക്യമാണ് ചിത്രത്തില്‍. ഒരു കിലോഗ്രാം ഭാരമുള്ള ഒരു വസ്തുവില്‍ ഭൂമി ചെലുത്തുന്ന ബലം 9.8N ആണ്. അതു ക്രിയ ചെയ്തിരിക്കുന്ന 9 ആം ക്ളാസ് പുസ്തകത്തിലെ പേജാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഈ സമവാക്യത്തില്‍, M എന്നത് വലിയ വസ്തുവിന്‍റെ പിണ്ഢവും, m എന്നത് ചെറിയ വസ്തുവിന്‍റെ പിണ്ഢവും, R എന്നത് ഈ വസ്തുക്കള്‍ തമ്മിലുള്ള അകലവും ആണ്.ഇതേ സമവാക്യത്തില്‍ ചൊവ്വയുടെ പിണ്ഢവും (6.39 × 10^23 kg), ഭൂമിയില്‍ നിന്നു ചൊവ്വയിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരവും (5.46 crore km), ജനിക്കുന്ന കുട്ടിയുടെ ഭാരവും (take it as 3 kg), കൊടുത്താല്‍, ചൊവ്വയ്ക്കു ഭൂമിയിലെ നവജാത ശിശുവിന്‍റെ മേല്‍ ചെലുത്താനാകുന്ന പരമാവധി ബലം ലഭിക്കും. അത് 0.000000043N ആണ്. ഇനി ഇതേ രീതിയില്‍, കുട്ടിയോട് 50 സെന്‍റിമീറ്റര്‍ അകലെ നില്ക്കുന്ന, 60 കിലോ ഭാരമുള്ള ഒരു നേഴ്സിന്‍റെ ഭാരം മൂലം ആ കുട്ടിയുടെ മേല്‍ ഉണ്ടാകുന്ന ഗുരുത്വബലം കാണാം. അത് 0.000000048N ആണ്.
ചുരുക്കത്തില്‍, ചൊവ്വ, ഭൂമിയിലെ നവജാത ശിശുവിന്‍റെ മേല്‍ ചെലുത്തുന്ന പരമാവധി ബലം, തൊട്ടടുത്തു നില്ക്കുന്ന നേഴ്സ് ചെലുത്തുന്ന ഗുരുത്വബലത്തെക്കാള്‍ ചെറുതാണ്. മാത്രമല്ല, അത്, ഒരു കിലോയുള്ള ഒരു വസ്തു എടുത്തു പിടിക്കുമ്പോള്‍ അതു കൈയ്യില്‍ ചെലുത്തുന്ന ബലത്തിന്‍റെ 20 കോടിയില്‍ ഒന്നിനെക്കാള്‍ ചെറുതാണ്. ചൊവ്വയ്ക്കു മാത്രമല്ല, ഒരു ഗ്രഹത്തിനും നമ്മുടെ ഭാവി നിയന്ത്രിക്കാനോ ജീവിതത്തെ സ്വാധീനിക്കാനോ കഴിയില്ലെന്നു മനസ്സിലാക്കാന്‍ ഇത്രയും മതിയാകും. വസ്തുക്കള്‍ തമ്മിലുള്ള ദൂരത്തിന്‍റെ വര്‍ഗ്ഗത്തിനനുസരിച്ച് ഗുരുത്വബലം കുറയുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. ബോറടിപ്പിക്കാതിരിക്കാനാണ് കാൽകുലേഷൻസ് (calculations) ഒഴിവാക്കിയത്.
By
AnupIssac