Monday, December 23, 2024

ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യ വിസ്മയം

പരിണാമത്തിന്റെ തെളിവുകള്‍ ദിനംതോറും വളരുകയാണ്‌. ഒരിക്കലുമത്‌ ഇത്രമാത്രം ശക്തമായിരുന്നില്ലെന്നതാണ്‌ വസ്തുത. വിരോധാഭാസമെന്നു പറയട്ടെ, പരിണാമത്തിനെതിരെയുള്ള അബദ്ധധാരണകളാല്‍ പ്രചോദിതമായ പ്രതിരോധം ഇത്രയധികം കരുത്താര്‍ജ്ജിച്ച മറ്റൊരു കാലം ഓര്‍ക്കാനുമാവുന്നില്ല. പരിണാമ'സിദ്ധാന്തം' ശരിക്കും ഒരു വസ്തുതയാണെന്ന്‌ സ്ഥാപിക്കുന്ന എന്റെ വ്യക്തിഗത തെളിവുകളുടെ ശേഖരമാണ്‌ ഈ പുസ്തകം. ശാസ്ത്രത്തിലെ മറ്റേതൊരു വസ്തുതയെയുംപോലെ ഖണ്ഡിക്കാനാവാത്ത ഒന്നാണ്‌ പരിണാമവും. പരിണാമത്തെക്കുറിച്ച്‌ ഞാനെഴുതിയ ആദ്യ പുസ്തകമല്ലിത്‌. അതുകൊണ്ടുതന്നെ മറ്റു പുസ്തകങ്ങളില്‍നിന്നും വ്യത്യസ്തമായി എന്താണ്‌ ഇതിലുള്ളതെന്നു വ്യക്തമാക്കേണ്ടതുണ്ട്‌. എന്റെ 'കാണാക്കണ്ണി'യായി (missing link) ഇതിനെ വിശേഷിപ്പിക്കാം. ദി സെല്‍ഫിഷ് ജീനും (The selfish gene) എക്സ്റ്റൻഡഡ്‌ ഫിനോടൈപ്പും (Extended Phenotype) നമുക്ക്‌ പരിചിതമായ
പരിണാമത്തിന്റെ അത്രതന്നെ പരിചിതമല്ലാത്ത ചില വശങ്ങള്‍ അവതരിപ്പിക്കുന്നവയായിരുന്നു. എന്നാല്‍ അവയൊന്നും പരിണാമത്തിന്റെ തെളിവുകള്‍ നേരിട്ട്‌ ചര്‍ച്ചചെയ്യുന്ന ഗ്രന്ഥങ്ങളായിരുന്നില്ല. മറ്റു മൂന്ന്‌ പുസ്തകങ്ങളാകട്ടെ, അവയുടേതായ രീതിയില്‍ കാര്യഗ്രഹണത്തിനുള്ള മുഖ്യപ്രതിബന്ധങ്ങള്‍ കണ്ടെത്തുന്നതിലും നീക്കംചെയ്യുന്നതിലും ശ്രദ്ധ ക്രേന്ദ്രീകരിക്കുന്നവയായിരുന്നു. ദി ബ്ലൈൻഡ് വാച്ച്‌ മേക്കര്‍ (The Blind Watchmaker), റിവർ ഔട്ട് ഓഫ്‌ ഏഡൻ (River out of Eden) (മൂന്നെണ്ണത്തില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത്‌) ക്ലൈംബിങ് മൗണ്ട് ഇമ്പ്രോബബിൾ (Climbing Mount Improbable) എന്നിവ മുഖ്യമായും ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാനാണ്‌ ശ്രമിച്ചത്‌. 'പകുതിനേത്രം കൊണ്ട്‌ എന്താണ്‌ പ്രയോജനം ?', 'പകുതിച്ചിറകുകൊണ്ട്‌ എന്തു പ്രയോജനം ?' 'മിക്ക ഉല്‍പ്പരിവര്‍ത്തനങ്ങളും ഹാനികരമായ ഫലമുണ്ടാക്കുമെന്നിരിക്കെ പ്രകൃതിനിര്‍ധാരണം പ്രവര്‍ത്തിക്കുന്നതെങ്ങനെ ?' എന്നിങ്ങനെ പോകുന്നു ആ ചോദ്യങ്ങള്‍. ഈ മൂന്ന്‌ പുസ്തകങ്ങളും, വീണ്ടും
പറയട്ടെ, നിലവിലുണ്ടായിരുന്ന ചില വിഷമതകള്‍ പരിഹരിക്കുന്നതില്‍ വിജയിച്ചെങ്കിലും പരിണാമം ഒരു വസ്തുതയാണെന്നുള്ളതിന്റെ യഥാര്‍ത്ഥ തെളിവുകള്‍ അവതതരിപ്പിക്കുകയുണ്ടായില്ല. എന്റെ ഏറ്റവും വലിയ ഗ്രന്ഥമായ ദി ആന്‍സെസ്റേഴ്സ് ടെയിൽ (The Ancestor’s Tale) ജീവന്റെ ചരിത്രം മുഴുവന്‍ വിശദീകരിക്കുന്നുണ്ട്‌. ഒരു മുന്‍ഗാമി ചോസറിന്റെ കാന്റർബറി കഥകളിലെ തീര്‍ത്ഥാടനത്തിലെന്നപോലെ പിറകോട്ടു സഞ്ചരിച്ച്‌ ജീവന്റെ ചരിത്രം ചികയുകയാണവിടെ.പക്ഷേ, അവിടെയും പരിണാമം ശരിയാണെന്ന്‌ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഗ്രന്ഥരചന നിര്‍വഹിക്കപ്പെട്ടത്‌. 

advertise

ആ പുസ്തകങ്ങളിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍ പരിണാമത്തിന്റെ തെളിവുകള്‍ അവയിലെങ്ങും വേണ്ട്രത പ്രകടമായി അവതരിപ്പിച്ചിട്ടില്ലെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു. അവശ്യം നികത്തപ്പെടേണ്ട ഗൗരവതരമായ ഒരു
വിടവ്‌ തന്നെയാണത്‌. 2009 നല്ല വര്‍ഷമായിരുന്നു. ഡാര്‍വിന്റെ രണ്ടാം ജന്മ,ശതാബ്ദിയുടെ വര്‍ഷംകൂടിയായിരുന്ന ആ വര്‍ഷം ഒറിജിൻ ഓഫ്‌ സ്‌പീഷിസ് പ്രസിദ്ധീകരിച്ചതിന്റെ 150-ാം വാര്‍ഷികവുമായിരുന്നു. അതുകൊണ്ടുതന്നെ എനിക്കുണ്ടായതുപോലുള്ള സമാനമായ ചിന്തകള്‍ മറ്റുപലര്‍ക്കും തോന്നിയതില്‍ അത്ഭുതമില്ല. ആ വര്‍ഷം പരിണാമസംബന്ധിയായ ശ്രദ്ധേയമായ ചില രചനകള്‍ പുറത്തുവന്നിരുന്നു; വിശേഷിച്ചും ജെറി കോയന്റെ (Jerry Cyne) 'വൈ ഇവല്യൂഷന്‍ ഈസ്‌ ട്രൂ' ('Why Evolution is True ?'). ആ പുസ്തകത്തെക്കുറിച്ച്‌ ഞാന്‍ നടത്തിയ വളരെ അനുകൂലമായ റിവ്യൂ htt://richard-dawkins.net/article,3594,Heat-the-Hornet, Richard-Dawkins എന്ന എന്റെ വെബ്സൈറ്റില്‍ പുനഃപ്രസിദ്ധീകരിച്ചുണ്ട്‌. തളര്‍ത്താനാവാത്ത പോരാളിയായ എന്റെ ലിറ്റററി ഏജന്റ്‌ ജോണ്‍ ബ്രോക്ക്മാന്‍ ഈ പുസ്തകം പ്രസാധകര്‍ക്ക്‌ കൈമാറിയത്‌ 'Only a Theory ?' എന്ന പേരിലാണ്‌. പക്ഷേ, അപ്പോഴാണറിയുന്നത്‌ ഇതേ തലക്കെട്ട്‌ കെന്നത്ത്‌ മില്ലര്‍ (Kenneth Miller) മുമ്പ്‌ ഉപയോഗിച്ചിട്ടുണ്ടെന്ന്‌. ശാസ്ത്ര സിലബസ്സുകള്‍ ഇടയ്ക്കിടെ നിശ്ചയിക്കാനുള്ള പ്രസിദ്ധമായ കോടതിവിചാരണകളിലൊന്നിന്റെ (അദ്ദേഹം ഈ വിചാരണയില്‍ നായക്പ്രാധാന്യമുള്ള പങ്കാണ്‌ വഹിച്ചത്‌) ചോദ്യോത്തരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ രചിക്കപ്പെട്ട ഒരു പുസ്തകത്തിന്റെ വലിപ്പമുള്ള പ്രതികരണത്തിന്‌ നല്‍കാനായി കരുതിവെച്ചിരുന്ന പേരാണതെന്ന്‌ അപ്പോഴാണ്‌ ഞാനറിയുന്നത്‌. എന്തുതന്നെയായാലും, ആ തലക്കെട്ട്‌ എന്റെ പുസ്തകത്തിന്‌ അനുയോജ്യമാണോ എന്ന കാര്യത്തില്‍ എനിക്ക്‌ സന്ദേഹമുണ്ടായിരുന്നു. മറ്റൊരു ഷെല്‍ഫില്‍ ശരിക്കും അനുരൂപമായ തലക്കെട്ട് തൂങ്ങിക്കിടക്കുന്നതുകണ്ട്‌ ഞാനിത്‌ മാറ്റിവെക്കുകയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അജ്ഞാതനായ ഒരു അഭ്യുദയകാംക്ഷി ബാര്‍ണു മെസ്ക്യൂ മുദ്രാവാക്യമടങ്ങിയ ഒരു ടീ-ഷര്‍ട്ട്‌ എനിക്കയച്ചു തന്നിരുന്നു: “പരിണാമം: ഭൂമിയിലെ ഏറ്റവും മഹത്തായ സംഭവം, പട്ടണത്തിലെ ഏകവിനോദം” (’Evolution:The Greatest Show on Earth’, The Only Game in the Town’) എന്നാണിതില്‍ രേഖപ്പെടുത്തിയിരുന്നത്‌. പിന്നീടങ്ങോട്ടു പലപ്പോഴും ഞാന്‍ ആ ടീ-ഷര്‍ട്ട് ധരിച്ചുകൊണ്ട്‌ അതേപേരില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഈ പുസ്തകത്തിന്‌ ഏറ്റവും അനുയോജ്യമായ പേര്‍ അതാണെന്നു പെട്ടെന്ന്‌ ഞാന്‍ തിരിച്ചറിയുകയായിരുന്നു. പക്ഷേ, ഒരു പുസ്തകത്തിന്റെ തലക്കെട്ടിന്‌ വേണ്ടതിലും കൂടുതല്‍ ദൈര്‍ഘ്യമുണ്ടായിരുന്നതിനാല്‍ ഞാനത്‌ ചുരുക്കി “ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം” (Click here for purchase this book) എന്നാക്കുകയായിരുന്നു. 'Only a Theory ?' എന്ന തലവാചകമാകട്ടെ മുന്‍കരുതലെന്ന നിലയില്‍ ഒരു ചോദ്യചിഹ്നവുമിട്ട് ആദ്യത്തെ അധ്യായത്തിന്റെ പേരായി നല്‍കുകയും ചെയ്തു. 

profile

ഒരുപാടു പേര്‍ പലവിധത്തില്‍ എന്നെ ഈ സംരംഭത്തില്‍ സഹായിച്ചിട്ടുണ്ട്‌. മൈക്കല്‍ യുഡ്കിന്‍, റിച്ചാര്‍ഡ്‌ ലെന്‍സ്കി, ജോര്‍ജ്ജ്‌ ഓസ്റ്റര്‍, കാരലിന്‍ പോണ്ട്‌, ഹെന്റി ഡി ഗ്രിസ്സിനോ മേയര്‍, ജോനാഥന്‍ ഹോഡ്ജ്കിന്‍, മാറ്റ്‌ റിഡ്ലി, പീറ്റര്‍ ഹോളണ്ട്‌, വാള്‍ട്ടര്‍ ജോയ്സ്‌, യാന്‍ വോങ്‌, വില്‍ അറ്റ്കിന്‍സണ്‍, ലതാ മേനോന്‍, ക്രിസ്റ്റഫര്‍ ഗ്രഹാം, പോള കിര്‍ബി, ലിസ ബോര്‍, ഓവന്‍ സെല്ലി, വിക്റ്റര്‍ ഫ്‌ളിന്‍, കരന്‍ ഒവന്‍സ്‌, ജോണ്‍ എന്‍ഡ്ലര്‍, ഇയന്‍ ഡഗ്ളസ്‌ ഹാമില്‍ട്ടണ്‍, ഷെയ്ല ലീ, ഫില്‍ ലോഡ്‌, ക്രിസ്റ്റീന്‍ ഡെബ്ളെയിസ്‌, റാന്‍ഡ്‌ റസ്സല്‍ എന്നിവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. സാലി ഗാമിനാറയും ഹിലാരി റെഡ്മോനും അവരുടെ സംഘങ്ങളും യഥാക്രമം ബ്രിട്ടണിലും അമേരിക്കയിലും അങ്ങേയറ്റം സഹായകരവും ദൗത്യം സാധിതമാണെന്ന ബോധ്യം പകര്‍ന്നു നിലകൊണ്ടുവരുമായിരുന്നു. പ്രസിദ്ധീകരണത്തിന്റെ അന്തിമഘട്ടത്തിലൂടെ കടന്നുപോകവെ മൂന്ന്‌ പ്രാവശ്യം ശാസ്ത്രസാഹിതൃത്തില്‍ ആവേശകരമായ പുതിയ കണ്ടുപിടുത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഇവകൂടി ഉള്‍പ്പെടുത്തുവാനായി പ്രസിദ്ധീകരണ പ്രക്രിയയിലെ സങ്കീര്‍ണ്ണത നിറഞ്ഞതും ക്രമമായി നടക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍ ലംഘിക്കാനാകുമോ എന്നു ഞാന്‍, അത്ര ആത്മവിശ്വാസത്തോടു കൂടിയല്ലെങ്കിലും, ഓരോ തവണയും ആരാഞ്ഞിരുന്നു. സാധാരണ പ്രസാധകര്‍ അവസാനനിമിഷം കാണിക്കുന്ന ഇത്തരം അതിസാമര്‍ത്ഥ്യത്തോട അനുകൂലമായി പ്രതികരിച്ചേക്കില്ല. എന്നാല്‍ സാലിയും ഹിലരിയും മൂന്നുതവണയും യാതൊരു മുറുമുറുപ്പും പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല സന്തോഷം കലര്‍ന്ന ആവേശത്തോടെ കഠിനപരിശ്രമം നടത്തി അത്‌ സാധ്യമാക്കുകയായിരുന്നു. തുല്യയളവിലുള്ള പരിഗണനയും സഹായവുമാണ്‌ ഗിലിയന്‍ സോമര്‍സ്‌കെയില്‍സിന്റെ ഭാഗത്തുനിന്നുമുണ്ടായത്‌. സാഹിത്യബുദ്ധിയും സംവേദനത്വവും കോര്‍ത്തിണക്കി ഈ പുസ്തകം കോപ്പി-എഡിറ്റ്‌ ചെയ്ത്‌ സംയോജിപ്പിച്ചത്‌ അദ്ദേഹമാണ്‌. എന്റെ ഭാര്യ ലലാ വാര്‍ഡ്‌ (Lala Ward) ഒരിക്കല്‍ക്കൂടി എന്നോടൊപ്പമുണ്ടായിരുന്നു. ഒരിക്കലും നിലയ്ക്കാത്ത പ്രചോദനവും, ഉയര്‍ന്ന നിലവാരമുള്ള ശൈലി നിര്‍ദ്ദേശങ്ങളുമായി ലലാ നിലകൊണ്ടു. ചാള്‍സ്‌ സിമിയോണിയുടെ പേരിലുള്ള എന്റെ പ്രൊഫസര്‍ഷിപ്പിന്റെ ഏറ്റവും അവസാന മാസങ്ങളിലാണ്‌ ഈ ഗ്രന്ഥത്തിന്റെ രചന ആരംഭിക്കുന്നത്‌. ഞാന്‍ സേവനത്തില്‍നിന്ന്‌ വിരമിച്ച ശേഷമാണ്‌ പുസ്തകരചന പൂര്‍ത്തിയായത്‌. ആദ്യമായി ഞങ്ങള്‍ കണ്ടുമുട്ടിയതിനുശേഷം നീണ്ട 14 വര്‍ഷം ചാള്‍സ്‌ സിമിയോണി പ്രൊഫസറായി ഞാന്‍ സേവനമനുഷ്ഠിക്കുകയുണ്ടായി; അതിനിടെ 7 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഒരിക്കല്‍കൂടി ഞാന്‍ അദ്ദേഹത്തോടുള്ള നന്ദി കലര്‍ന്ന അഭിനന്ദനം അറിയിക്കട്ടെ. ഞങ്ങളുടെ സൗഹൃദം ഇനിയും തുടരുമെന്ന പ്രതീക്ഷ പങ്കുവെക്കാന്‍ ലലയും എന്നോടൊപ്പമുണ്ട്‌. ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്‌ ജോഷ്‌ ടിമോണിനാണ്‌ (Josh Timonen). RichardDawkins.netഎന്ന എന്റെ വെബ്സൈറ്റ്‌ വികസിപ്പിച്ചെടുക്കാനായി അദ്ദേഹത്തോടൊപ്പം പ്രയത്നിച്ച ചെറുസംഘത്തിനും കൂടിയാണ്‌ സമര്‍പ്പണം. തികഞ്ഞ പ്രതിഭാശാലിയായ ഒരു സൈറ്റ്‌ ഡിസൈനറായിട്ടാണ്‌ ഈ വെബ്സൈറ്റ് ടിമോണിനെ അടയാളപ്പെടുത്തുന്നത്‌. പക്ഷേ, അത്തരമൊരു പ്രസ്താവന യഥാര്‍ത്ഥത്തില്‍ മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണ്‌. ജോഷിന്റെ സൃഷ്ടിപരമായ കഴിവുകള്‍ക്ക്‌ അതിലേറെ ആഴമുണ്ട്‌. പക്ഷേ,മഞ്ഞുമലയുടെ വാഗ്മയചിത്രം ഞങ്ങളുടെ സംയോജിത സംരംഭത്തില്‍ അദ്ദേഹം നടത്തിയ വൈവിധ്യപൂര്‍ണ്ണമായ സംഭാവനകളുടെ വിപുലതയെയോ ഈഷ്മളമായ മനസ്സോടെ അദ്ദേഹമത്‌ നിര്‍വഹിച്ച രീതിയെപ്പറ്റിയോ പൂര്‍ണ്ണചിത്രം നല്‍കുന്നില്ലെന്നതാണ്‌ വാസ്തവം. !

പ്രസ്തുത പുസ്തകം വാങ്ങുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക 

profile

റിച്ചാഡ്‌ ഡോക്കിന്‍സ്‌

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.