സത്യാനന്തര ഇരട്ടത്താപ്പുകൾ
2023 ഒക്ടോബർ 07 ന് ഹമാസ് തീവ്രവാദികൾ ഇസ്രയേലിലേക്ക് അതിക്രമിച്ചു കയറി കണ്ണിൽ കണ്ടവരെയെല്ലാം വെട്ടിയും കുത്തിയും വെടിവച്ചും കൊന്നുതള്ളിയപ്പോൾ,1200 നിരപരാധികളായ പച്ച മനുഷ്യർ ഏതാനും മണിക്കൂറുകൾ കൊണ്ട് പിടഞ്ഞു മരിച്ചപ്പോൾ ജയമോഹന്റെ "നൂറ് സിംഹാസനങ്ങൾ" എന്ന നോവലിലെ ധർമപാലനും ഓഫീസറും തമ്മിലുള്ള സംഭാഷണം ഉദ്ധരിച്ച് ഹമാസിനെ വെളുപ്പിച്ചുകൊണ്ട് അയാൾ എഴുതി;
"ഹമാസ് എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്.ഇനിയങ്ങോട്ടും പലസ്തീനികൾ എന്തുതന്നെ ചെയ്താലും അവർ നിരപരാധികളാണ്".
ഒന്നര കൊല്ലങ്ങൾക്കിപ്പുറം കാശ്മീരിലേക്ക് വിനോദയാത്ര പോയ 28 മനുഷ്യരെ വസ്ത്രം പൊക്കി നോക്കി മതമുറപ്പിച്ച്, ഉറ്റവരുടെയും ഉടയവരുടെയും മുന്നിലിട്ട് അതിർത്തി കടന്നെത്തിയ തീവ്രവാദികൾ വെടിവെച്ചു കൊല്ലുന്നു. കണ്ണിൽ ചോരയില്ലാത്ത ഈ കാടത്തത്തിനെതിരെ രാജ്യം സൈനിക നടപടി ആരംഭിക്കുന്നു. തീവ്രവാദ കേന്ദ്രങ്ങളെ മാത്രം ടാർജറ്റ് ചെയ്ത് തിരിച്ചടി നൽകുന്നു. അപ്പോൾ എം മുകുന്ദൻ്റെ "ഡൽഹി ഗാഥകൾ" എന്ന നോവലിലെ ശ്രീധരനുണ്ണിയെ ഉദ്ധരിച്ചുകൊണ്ട് സമാധാനത്തെക്കുറിച്ചും പിടഞ്ഞുവീഴുന്ന മനുഷ്യ ജീവൻ്റെ വിലകളെ കുറിച്ചും ഇതേ "ബുദ്ധിജീവി" എഴുതി;
"മരിച്ചുവീഴുന്ന മനുഷ്യരെയോർത്ത് മനസ്സ് വിങ്ങുന്ന ഏതു മനുഷ്യസ്നേഹിയുടെയും ഹൃദയം തകർക്കാൻ കെൽപ്പുള്ള വാർത്തയാണ് യുദ്ധം. ശ്രീധരനുണ്ണിയുടെ മരണത്തിലൂടെ യുദ്ധത്തിൻറെ ഭീകരതയും വിനാശവും അത്രമേൽ തീവ്രമായി എം മുകുന്ദൻ ആവിഷ്കരിച്ചിരിക്കുന്നു.പശ്ചാത്തലം ഇന്ത്യ-ചൈന യുദ്ധമാണെങ്കിലും എല്ലാ യുദ്ധത്തിനുമെതിരായ സന്ദേശമാണ് എം മുകുന്ദൻ പങ്കുവെയ്ക്കുന്നത്"
എങ്ങനെയുണ്ട് ?!
വ്യക്തിപരമായി യുദ്ധം ആഗ്രഹിക്കുന്ന ഒരാളല്ല ഞാൻ. യുദ്ധ വാർത്തകൾ വായിക്കുമ്പോൾ,"നിരപരാധികളാ"യ മനുഷ്യർ കൊല്ലപ്പെടുമ്പോൾ,അത് ലോകത്തിന്റെ ഏത് കോണിലായാലും ആഴത്തിലുള്ള വേദന തോന്നാറുണ്ട്. ഈ കുറിപ്പ് യുദ്ധത്തിനുള്ള ആവേശം കൊണ്ടുമല്ല... ഇമ്മാതിരി ഇരട്ടത്താപ്പ് മാനവികത പുലമ്പുന്ന,കാപട്യത്തിന്റെ കുലപതികളെ തുറന്നുകാണിക്കാൻ മാത്രമുള്ളതാണ്... അന്ന് തീവ്രവാദികൾ മനുഷ്യരെ അരിഞ്ഞു തള്ളിയപ്പോൾ അയാൾക്ക് ആവേശം. ഇന്ന് തീവ്രവാദികളെ രാജ്യം നേരിടുമ്പോൾ അയാൾക്ക് മാനവികതയുടെ വയറിളക്കം.
പറയാനുള്ളത് ഇന്നാട്ടിലെ സാധാരണ മുസ്ലിങ്ങളോടാണ്;
നിങ്ങളുടെ മത സ്വത്വബോധത്തെ പ്രകോപിപ്പിച്ചും പ്രലോഭിപ്പിച്ചും നിങ്ങളെ രാഷ്ട്രീയചൂഷണം ചെയ്യാനായി മാത്രം, ഇമ്മാതിരി കുത്തിത്തിരിപ്പ് സാഹിത്യവുമായി വരുന്ന ഐറ്റങ്ങളെ കരുതിയിരിക്കണം. അവർ നിങ്ങളുടെ മിത്രങ്ങളല്ല, ശത്രുക്കളാണ്. നിങ്ങളെ കബളിപ്പിക്കുന്നവരാണ്. നിങ്ങളുടെ വോട്ട് കൊതിച്ചു കൊണ്ട് മാത്രം സിദ്ധാന്തം പുലമ്പുന്നവരാണ്. നിങ്ങളെന്നും ഹിന്ദുവും മുസൽമാനുമായി വിഭജിച്ച് നിൽക്കേണ്ടത് അവരുടെ ആവശ്യമാണ്.... രാജ്യത്തിനൊപ്പം..ജയ് ഹിന്ദ്

KA Naseer