Tuesday, May 20, 2025

നൂറ് കണക്കിന് കൊലകൾ!

യുദ്ധം മൂലം പട്ടിണി കിടക്കുന്ന ഒരു ജനതയ്ക്ക് മേലെ വീണ്ടും കടന്നു കയറ്റമോ !? അതും നൂറ് കണക്കിന് കൊലകൾ. മനസാക്ഷി ഉള്ളവരുടെ മനസ് ഒന്ന് ഉലയും, ഉമ്മത്തുകൾ നിന്ന് വിറക്കും, ബുദ്ധിജീവികൾക്ക് സാഹിത്യ മെഴുതാൻ മുട്ടും. എന്തിന്, ഗോവിന്ദ ചാമി വരെ വാർത്ത വായിച്ച് ഇസ്രായേലിനെയും സാമ്രാജ്യത്വ ശക്തികളേയും തലയിൽ കൈ വച്ച് മുടിഞ്ഞു പോകാൻ ശപിക്കും. എങ്കിൽ എന്റെ ചങ്ങാതിമാരെ നിങ്ങൾക്ക് വസ്തുത അറിയണമെങ്കിൽ മാത്രം തുടർന്ന് വായിച്ചാൽ മതി. അല്ലങ്കിൽ കമന്റിൽ തെറിവിളിച്ച് മടങ്ങി പൊയ്ക്കൊള്ളുക. ഇപ്പോഴെന്താണ് ഈ വാർത്തകളുടെ പെരുമഴ എന്ന് ആദ്യം പറയാം. അമേരിക്കൻ പ്രസിഡന്റ് ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തുകയാണ്. മിഡിലീസ്റ്റ് രാഷ്ട്രീയത്തിലെ ഒരു ഇരുണ്ട വശമാണ് ഗസയുടെ ജീവിതങ്ങൾ. ഇതിന്റെ യഥാർഥ വശം മത തീവ്രവാദമാണ് അതിനെ മനുഷ്യത്വം എന്ന അതി ന്യൂതനമായ മഹത്തായ ആശയം കൊണ്ട് മൂടി വയ്ക്കണം. തീവ്രവാദത്തെക്കാൾ അത് ഹൈലേറ്റ് ചെയ്യപ്പെടണം. മനുഷ്യരാശിക്ക് തന്നെ ഭീഷണിയായ തീവ്രവാദം അതു വഴി ചോദ്യം ചെയ്യപ്പെടാതെ നിലനിൽക്കണം. തീവ്രവാദികൾ എന്തു തന്നെ ചെയ്താലും അതിൽ തെറ്റില്ലന്ന് ഒരോ മനുഷ്യ സ്നേഹിയും ചിന്തിക്കണം.

ഇനി എന്താണ് ഇവിടെ വിഷയം എന്നു പറയാം.

ഗസയിൽ അക്രമണം നടക്കുന്നുണ്ടോ? ആളുകൾ കൊല്ലപ്പെടുന്നുണ്ടോ? അവിടെ പട്ടിണിയും പോഷകാഹാര കുറവും റിപ്പോർട്ട് ചെയ്യുന്നുണ്ടോ? ഉണ്ട്. ഉണ്ടന്ന് മാത്രമാണ് ഉത്തരം. അത് ഇസ്രായേൽ പ്രതിരോധ സേന പോലും മൂന്ന് വട്ടം സമ്മതിക്കുന്ന വസ്തുതയാണ്.ഉണ്ട്,. ഉണ്ട് ഉണ്ട്..

പിന്നെയെന്താണ് വിഷയം എന്നല്ലേ ! പറയാം

നഖ്ബയ്ക്ക് ശേഷം പലസ്തീനിൽ റെഫ്യൂജി ക്യാമ്പുകളും യു എന്നിന്റെ ഏജൻസികളും പ്രവർത്തിക്കുന്നുണ്ട്. അതിനെയെല്ലാം ഏകോപിക്കുന്നത് ഉൺട്രാ (UNRWA).(United Nations Relief and Works Agency for Palestine Refugees in the Near East) എന്ന ഏജൻസിയാണ് ഈ ഏജൻസി 1949-ൽ സ്ഥാപിക്കപ്പെട്ടതാണ് ഇത് ഫലസ്തീൻ അഭയാർത്ഥികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, താമസം തുടങ്ങിയ അവശ്യസേവനങ്ങൾ നൽകുന്നു. അത് കൂടാതെ ഇതിന് കീഴിൽ WFP (World Food Programme) – ഭക്ഷ്യസഹായം. UNICEF ന് കീഴിൽ (United Nations Children's Fund) കുട്ടികൾക്ക് വെള്ളം, ആരോഗ്യപരിചരണം, വിദ്യാഭ്യാസം. WHO (World Health Organization) – ആരോഗ്യസേവനങ്ങൾ. OCHA (Office for the Coordination of Humanitarian Affairs) – മനുഷ്യാവകാശ സഹായങ്ങളുടെ ഏകീകരണം. എന്നിങ്ങനെയുള്ള ഏജൻസികൾ പ്രവർത്തിക്കുന്നു. ഇതെല്ലാം പ്രവർത്തിക്കുന്നത് ഉൺട്രയുടെ കീഴിലാണ്. ഇനി ഈ ഉൺട്രാ(UNRWA) പ്രവർത്തിക്കുന്നത് ആരുടെ കീഴിൽ ആണന്നറിയാമോ? അത് ഹമാസിന്റെ കീഴിൽ ആണന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ അതാണ് സത്യം. സ്ക്കൂളുകൾ നടത്തുന്നതും സിലബസ് തയ്യാറാക്കുന്നതും ഇവരാണ്. അതിലോ, ശുദ്ധമായ തീവ്രവാദവും, മത വെറിയും, ജൂത വിരോധവും കൊണ്ട് സമ്പന്നമാണ്. ആശുപത്രികൾ നടത്തുന്നതും ഇവരാണ്, അവിടെ ഐ സി യു യൂണിറ്റുകൾ ഇല്ലെങ്കിലും തീവ്രവാദി തുരങ്കങ്ങൾ ഉണ്ട്. ക്ലാസ് മുറികളും ആശുപത്രികളും ആയുധ പുരകളാണ്. അവിടെ, സാധാരണ ജനങ്ങൾക്കും കുട്ടികൾക്കും ഇടയിലാണ് തീവ്രവാദികൾ സുരക്ഷിതത്വം തേടുന്നതും, ഗൂഢാലോചന നടത്തുന്നതും, മനുഷ്യ ജീവൻ വച്ച് പ്രതിരോധിക്കുന്നതും. ഒക്ടോബർ 7 അക്രമണത്തിൽ പങ്കെടുത്ത ഉൺട്രാ സന്നദ്ധ സേവകരെ പിരിച്ചു വിട്ടത് യു എൻ അന്വോഷണം നടത്തി അതിന്റെ അടിസ്ഥാനത്തിലാണ് എന്ന് അറിഞ്ഞാൽ നിങ്ങൾ പിന്നെയും ഞെട്ടും. ഉൺട്രാ ഫണ്ട് പോകുന്നത് റഫ്യൂജികളായ പാലസ്തീനികൾക്ക് അല്ല, മറിച്ച് ഹമാസ് നേതാക്കളുടെ പോക്കറ്റിലേക്കും, ആയുധ നിർമ്മാണ കമ്പനികളുടെ അക്കൗണ്ടുകളിലേക്കും കൂടിയാണന്നറിഞ്ഞാൽ നിങ്ങൾക്ക് ഞെട്ടാനെ നേരം ഉണ്ടാകു. പക്ഷേ, ഇതൊരു പുതിയ കാര്യമല്ല. സാക്ഷാൽ യാസിർ അറാഫത്തിന്റെ കാലം മുതലുള്ള ആചാരമാണ്.

ഗസ ഒരു തുറന്ന ജയിൽ എന്നായിരുന്നല്ലോ ഇത് വരെ നമ്മൾ കേട്ട "സത്യം" എന്നാൽ ഈ തുറന്ന ജയിലിൽ നിന്നാണ് ഒക്ടോബർ7ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ രഹസ്യാന്വോഷണ ഏജൻസിയായ മൊസാദിന്റേയും, ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിംപറ്റിന്റേയും, പ്രതിരോധ സേനയായ ഐ ഡി എഫിന്റേയും പ്രതിരോധം കടന്ന് ഇസ്രായേലിൽ നരമേധം നടന്നത് എന്നു കൂടി അറിയണം. യുദ്ധ സാമഗ്രികൾ, പണം എന്നിവ ഗസയിൽ സുലഭമായിരുന്നു. ഹമാസ് നേതാക്കൾ ബില്യൺ യു എസ് ഡി യുടെ അധിപൻമ്മാർ ആയിരുന്നു. തുറന്ന ജയിലിൽ ഇതെങ്ങനെ വന്നു ?!

എല്ലാ കണ്ണുകളും റഫയിലേക്ക് എന്ന ക്യാബെയ്ൻ നിങ്ങൾ ഓർക്കുന്നുണ്ടാകും. എല്ലാ വിധ മനുഷ്യ സ്നേഹികളും അതിൽ കണ്ണി ചേർന്ന് ഓർഗ്ഗാസം കൊണ്ടത് ഓർമ്മയില്ലേ. റഫ എന്നത് ഗാസയിലെ തെക്കൻ അറ്റത്തിൽ, ഈജിപ്ത് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന നഗരമാണ്. ഈജിപ്തിന്റെയും ഗസയുടേയും അതിർത്തി വഴിയാണ് ആയുധങ്ങളും, പണവും ഹമാസിന് എത്തിയിരുന്നത്. അന്ന് അത് പിടിച്ചപ്പോൾ ഉണ്ടായ ബഹളമാണ് നാം കണ്ടത്. ദാ ഇപ്പോൾ 2025 ഏപ്രിൽ 2-ന് ഇസ്രായേൽ സൈന്യം റഫാ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു, മൊറാഗ് ഇടനാഴിയുടെ ഭാഗമായും ഗാസയുടെ തെക്കൻ ഭാഗത്തെ പ്രധാന നഗരങ്ങൾ തമ്മിലുള്ള ബന്ധം വിച്ഛേദിക്കുന്നതിനും ഇത് ഇടയാക്കി.അവിടെ നിന്ന് ഇസ്രായേൽ പിൻമാറണം അതാണ് ഹമാസിന്റെ പ്രധാന ആവശ്യം. എന്നാൽ ഇതു വഴി കടന്നുവരുന്ന എയ്ഡ് ട്രക്കുകൾ പരിശോധനയില്ലാതെ ഐ ഡി എഫ് .കയറ്റി വിടുന്നില്ല. ആയുധവും പണവും കിട്ടുന്നില്ല എന്ന നിലവിളി പറ്റില്ലല്ലോ, അപ്പോൾ പിന്നെ ആഹാരം കിട്ടുന്നില്ല എന്ന് നിലവിളിച്ചാലോ!

മറ്റൊന്നാണ് നെറ്റ്സാരിം ഇടനാഴി (Netzarim Corridor) ഗാസ നഗരത്തിന്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ഇടനാഴി, ഗാസയുടെ വടക്കൻ ഭാഗത്തെ തെക്കൻ ഭാഗത്തിൽ നിന്ന് വേർതിരിക്കുന്നു. 2025 മാർച്ച് 18-ന് ഇസ്രായേൽ സൈന്യം ഈ ഇടനാഴി ഭാഗികമായി പുനർനിർമ്മിച്ചു, ഗാസയുടെ വടക്കും തെക്കും തമ്മിലുള്ള ഗതാഗതം പരിശോധിക്കുന്നതിനാണ് ഇത് ചെയ്തത്. മറ്റൊന്ന്, മൊറാഗ് ഇടനാഴി (Morag Corridor) 2025 ഏപ്രിൽ 12-ന് ഇസ്രായേൽ സൈന്യം മൊറാഗ് ഇടനാഴി പൂർണ്ണമായി നിയന്ത്രണത്തിലാക്കി. റഫാ നഗരത്തെ ഖാൻ യൂനിസിൽ നിന്ന് വേർതിരിക്കുന്ന ഈ ഇടനാഴി, ഗാസയുടെ തെക്കൻ ഭാഗത്തെ പ്രധാന നഗരങ്ങൾ തമ്മിലുള്ള ബന്ധം വിച്ഛേദിക്കുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ ഇടനാഴിയെ "രണ്ടാമത്തെ ഫിലഡെൽഫി ഇടനാഴി" എന്ന് വിശേഷിപ്പിച്ചു, ഹമാസിന്റെ നിയന്ത്രണം തളർത്തുന്നതിനും ബന്ദികളെ മോചിപ്പിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനും ഇവിടെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. അടുത്തത്, ഫിലഡെൽഫി ഇടനാഴി (Philadelphi Corridor) ഗാസയുടെ തെക്കൻ അതിർത്തിയിൽ, ഈജിപ്ത്-ഗാസ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ ഇടനാഴി, 2024 മെയ് മുതൽ ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലുണ്ട്. ഹമാസിന്റെ ആയുധങ്ങൾക്കും സൈനിക സഹായങ്ങൾക്കും തടയിടാൻ ഈ ഇടനാഴി ഉപയോഗിക്കുന്നു. ഇതിലേക്കാൾ ഉപരി ഹമാസിന്റെ റിക്രൂട്ട്മെന്റും, സായുധ പരിശീലനവും ഒക്കെ നടന്നിരുന്ന റഫ നഗരം പൂർണ്ണമായി ഐ ഡി എഫിന്റെ പരിധിയിൽ ആണ്. അവിടെ റഫ്യൂജി ക്യാമ്പുകളും, എയ്ഡും ഇസ്രായേൽ ചെയ്യുന്നു. അതിർത്തിയിലെ ക്യാമ്പുകൾ ഇസ്രായേലും, ഈജിപ്തും ചേർന്ന് നടത്തുന്നു. ഇവിടുന്നൊക്കെ ഒന്ന് ഇസ്രായേൽ പിൻമാറണം, ഞങ്ങൾക്ക് വീണ്ടും അടുത്ത അക്രമണം പ്ലാൻ ചെയ്യണം. റിക്രൂട്ട്മെന്റ് നടത്തണം. പാവം ജനങ്ങളെ മരണാരാധനയിൽ കുരുക്കണം.അതിനാണ് ഈ കരച്ചിലൊക്കെ. പക്കമേളക്കാർ കൂടെ കൂടുമെന്നും അന്താരാഷ്ട്ര സമ്മർദ്ധം ഏറുമെന്നും ഏറ്റവും കൂടുതൽ അനുഭവം ഉള്ളത് ഹമാസിന് തന്നെ.

ഇതൊക്കെ ശരി തന്നെ അതിനെന്തിന് ക്ഷാമം ഉണ്ടാക്കി പട്ടിണിക്ക് ഇടുന്നു ?

ന്യായമായ സംശയമാണ്, പറയാം.. ഹമാസിന്റെ സമ്പത്ത് ഈ വിഷമസന്ധിയിലും എട്ട് മില്യൺ യു എസ് ഡി വരും എന്നാണ് സ്വതന്ത്ര ഏജൻസികൾ അടക്കം നടത്തുന്ന നിരീക്ഷണം. ഹമാസിന്റെ പ്രധാന നേതാക്കളുടെ ആർജിത സ്വത്ത് അതിന്റെ നാല് ഇരട്ടിയോളം വരുമെന്ന് കണക്കാക്കപ്പെടുന്നു. അതായത്, കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പം പോലും ഇല്ലാത്ത ഗസയുടെ അതിജീവനത്തിനായി ഒരു ബഡ്ജറ്റ് തയ്യാറാക്കിയാൽ എവിടെ നിന്നും കടമെടുക്കാതെ തന്നെ കേരളത്തേക്കാൾ വലിയ ബഡ്ജറ്റ് ഉണ്ടാക്കാം. (കേരളത്തിന്റെ ബഡ്ജറ്റ് ഒരു ദശലക്ഷം ഡോളറെ വരൂ) ഈ പണം പാലസ്തീനികളുടെ പണമാണ്. തീവ്രവാദം മാത്രം കുലത്തൊഴിലായി സ്വീകരിച്ച ഹമാസിനും, നേതാക്കൾക്കും വേറെ എന്ത് സോഴ്സ് ആണ് ഉള്ളത് ? ഭരണത്തിലായിക്കുന്ന ഹമാസ് അത് ചെയ്യുന്നില്ല എന്നത് പോട്ടെ, ചെയ്യുന്നത് എന്താണ് ?

ഗസയിലെ എയ്ഡ് ട്രക്കുകൾ എല്ലാം ഹമാസ് നിയന്ത്രണത്തിലാണ് ഗസയിൽ പ്രവേശിച്ചിരുന്നത്. അതിലെ പാലസ്തീനികൾക്കുള്ള ഭക്ഷ്യ വസ്തുക്കൾ, വസ്ത്രം, മൊബെയ്ൽ ഫോണുകൾ, എന്തിന് സിഗററ്റ് പാക്കറ്റുകൾ വരെ തട്ടി എടുത്ത് കരിചന്തയിൽ വിൽക്കുക എന്നതായിരുന്നു ഹമാസ് ചെയ്തു വന്നത്. യുദ്ധം ഇല്ലാത്ത സമയങ്ങളിൽ പാലസ്തീനികൾക്ക് WFP നൽകിയിരുന്ന പർച്ചേഴ്സ് കൂപ്പണുകളിലെ പണവും ഒഴുകുന്നത് ഹമാസിന്റെ പോക്കറ്റിലേക്കാണ്. വാളണ്ടിയേഴ് എന്ന നിലയിൽ നല്ല ശംബളം പറ്റി പ്രവർത്തിക്കുന്നതും ഹമാസ് പോരാളികൾ തന്നെ.. ഇപ്പോൾ, പ്രശ്നബാധിത മേഖലകളിലെ കമ്യൂണിറ്റി കിച്ചനുകളുടെ നിയന്ത്രണവും യു എൻ ഏജൻസികൾക്കും അതു വഴി ഹമാസിനും തന്നെ.

അപ്പോൾ പട്ടിണിയും പോഷകാഹാര കുറവും ഉണ്ടാകാനുള്ള ഉത്തരവാദികൾ ആരാണ് ? എല്ലാം എയ്ഡ് ട്രക്കുകൾ പരിശോധിച്ച് വിടുന്ന സമയ താമസം കൊണ്ട് മാത്രം ഇസ്രായേലിന്റെ ചുമലിൽ വരുന്നത് എങ്ങനെയാണ്. ?

കഴിഞ്ഞ സീസ്ഫയറിന് ശേഷം ഇസ്രായേൽ തങ്ങളുടെ ടാർഗ്ഗറ്റ് ആക്രമണം വർദ്ധിപ്പിച്ചിട്ടുണ്ട്. വളരെ കൃത്യമായ Precision Attack ആണ് ഐ ഡി എഫ് നടത്തുന്നത്. പഴയത് പോലെ ജനസാദ്രത ഇല്ലാത്തതിനാൽ പാവങ്ങളെ മറയാക്കി അവരെ കൊലയ്ക്ക് കൊടുക്കാൻ മരണഗ്രൂപ്പായ ഹമാസിന് കഴിയുന്നുമില്ല. അത് തീവ്രവാദികളെ മാത്രം ലക്ഷ്യം വയ്ക്കാൻ ഐ ഡി എഫിനെ സഹായിക്കുന്നുണ്ട്. ഏപ്രിൽ മാസം മുതൽ കൃത്യമായ ടാർഗ്ഗറ്റുകളിൽ പ്രഹരിക്കാനും, ഹമാസ് തീവ്രവാദി നേതാക്കളെ പറുദീസയിൽ എത്തിക്കാനും ഐ ഡി എഫ് ന് കഴിയുന്നു. അവർക്കെതിരെയുള്ള മനുഷ്യ കുറ്റങ്ങളും, വീഡിയോ ദൃശ്യങ്ങളും ഡി എൻ എ പ്രൊഫൈൽ അടക്കം അന്താരാഷ്ട്ര സമൂഹത്തിനെ ബോധിപ്പിക്കാനും ഇസ്രായേലിന് കഴിയുന്നു. ഇത് തെല്ലൊന്നുമല്ല ഹമാസിനേയും, അവരുടെ യജമാനൻമ്മാരെയും ബുദ്ധിമുട്ടിക്കുന്നത്. എണ്ണം പറഞ്ഞ നേതാക്കൾ എല്ലാം കൊല്ലപ്പെട്ടിരിക്കുന്നു. അവശേഷിക്കുന്നവർ, ഇസ്രായേൽ ഏജൻസികളുടെ സർവയലൻസിലുമാണ്. അവശിഷ്ട ഹമാസിനെ എങ്കിലും രക്ഷിച്ചെടുക്കാനാണ് ലോകമാസകലം ഉള്ള ഹമാനസർ രാപകൽ ഇല്ലാതെ പണിയെടുക്കുന്നത്.

അവിടെയും, പാലസ്തീനികൾ എന്ന് മുദ്ര കുത്തിയ പാവം മനുഷ്യരുടെ പട്ടിണികൊണ്ട് ഒട്ടിയതും, പോഷകാഹാരം കൊണ്ട് ഉന്തിയതുമായ മനുഷ്യ കോലങ്ങളെ വേണം. കീറി പറിഞ്ഞ വസ്ത്രങ്ങൾ ഇട്ടുകൊണ്ട് തകർന്നടിഞ്ഞ കെട്ടിടങ്ങളിൽ കളിക്കുന്ന കുഞ്ഞുങ്ങളെ വേണം. പാലില്ലാത്ത മുലകളിൽ ചീമ്പി വലിക്കുന്ന ശിശുക്കളേയും കുട്ടികളേയും ചിത്രീകരിക്കുന്ന പ്രൊപ്പഗന്റകൾ വേണം. റഫ്യൂജി ക്യാമ്പുകളിൽ കണ്ണീരൊലിപ്പിക്കുന്ന വെള്ളാരം കല്ല് പോലുള്ള കണ്ണുകൾ ഉള്ള കുഞ്ഞുങ്ങൾ വേണം. യുദ്ധഭൂമിയിൽ പരിക്കേറ്റ കുട്ടിയെ വാരിയെടുത്ത് ഓടുകയും ഉച്ചത്തിൽ കരയുകയും ചെയ്യുന്ന മാതാപിതാക്കളെ വേണം. വൃദ്ധരും ഗർഭിണികളും, ഭിന്നശേഷിക്കാരും ഒക്കെ അങ്ങനെ ചോര ഒലിപ്പിച്ച് നിൽക്കണം. ഇതെല്ലാം, മനുഷ്യന്റെ തലച്ചോറിനെ കുറ്റബോധത്തിൽ ആഴ്ത്താൻ പറ്റിയ വാർത്തകളും, ചിത്രങ്ങളും, വീഡിയോകളുമായി എല്ലാ ഭാഷകളിലും ഇറക്കാൻ മാധ്യമങ്ങൾ വേണം. അവിടെയാണ് ആധുനിക നാഗരികതയുടെ പരാജയം എന്ന് ഭീകരർക്ക് നന്നായി അറിയാം.

KT Nishanth

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.