എബ്രാം ഖുറേഷി അബ്രാം.. പക്ഷേ സംഘിയെപ്പേടി
'കൊലയാളികൾ'
അവർ ഏത് മതക്കാരായാലും പാർട്ടിക്കാരായാലും തുറന്നുകാട്ടപ്പെടണം.
2002ലെ ഗുജറാത്ത് കലാപകാലത്ത് നരോദ്യപാട്യയിൽ മുസ്ലീം കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊടുംകുറ്റവാളിയാണ് ബാബു ബജ്റംഗി. ഈ നികൃഷ്ടജീവിയെ വില്ലനായല്ലാതെ ഹീറോയാക്കി പടം പിടിക്കാനാവുമോ..? (ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ പോലെ ഭരണകക്ഷിയുടെ പ്രിയപ്പെട്ട കുറ്റവാളിയായ ബാബു ബജ്റംഗിയും ഫുൾടൈം പരോളിലാണ്) ബജ്റംഗിയെ ശിക്ഷിച്ച അതേ ഇന്ത്യൻ നീതിന്യായ സംവിധാനം തന്നെയാണ് ഗോധ്രയിൽ സബർമതി എക്സ്പ്രസിന് തീയിട്ട് സ്ത്രീകളും കുട്ടികളുമടക്കം 59 പേരെ കൊലപ്പെടുത്തിയ ഇസ്ലാമിക തീവ്രവാദികളെയും ഇരുമ്പഴിക്കുള്ളിലാക്കിയത്. പക്ഷെ കേരളത്തിലെ വൺസൈഡഡ് മനുഷ്യസ്നേഹികൾക്ക് ഗോധ്രയിൽ കത്തിച്ചാമ്പലായവരോടല്ല പകരം ട്രെയിന് തീകൊളുത്തിയവരോടാണ് അനുതാപം.
എമ്പുരാനിൽ ഗോധ്ര പരാമർശിക്കുന്നില്ലെന്ന് പരാതി പറയുന്നവർ 'സബർമതി റിപ്പോർട്ട്' ഒന്നു കണ്ടുനോക്കണം. സംഘപരിവാർ അനുഗ്രഹാശിസ്സുകളോട് നിർമ്മിച്ച ഈ പടത്തിൽ ഒരിടത്തും ഗുജറാത്ത് കലാപം പരാമർശിക്കുന്നേയില്ല. അങ്ങനെയൊരു സംഭവം നടന്നതായി പോലും സിനിമ പിടിച്ചവർ അറിഞ്ഞിട്ടേയില്ല. പ്രധാനമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും വേണ്ടി സബർമതി റിപ്പോർട്ടിന്റെ പ്രത്യേക പ്രദർശനം വരെ ഒരുക്കിയിട്ടും സിനിമ ബോക്സോഫീസിൽ എട്ടുനിലയിൽ പൊട്ടി.
ഒരു സിനിമ മുന്നോട്ട് വയ്ക്കുന്ന പൊളിറ്റിക്കൽ അജണ്ടയെ എതിർക്കാനുള്ള അവകാശം ആർക്കുമുണ്ട്. പക്ഷെ വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ജനാധിപത്യപരമായും സമാധാനപരവുമായിരിക്കണം. എമ്പുരാനെയും വിമർശിക്കാം..ഡമോക്രസിയിൽ ഒരു തമ്പുരാനും വിമർശനാതീതനല്ല. എൺപതുകളുടെ അവസാനം കാശ്മീർ താഴ്‌വരയിൽ നടന്ന പണ്ഡിറ്റുകളുടെ വംശഹത്യയുടെ നേർക്കാഴ്ചയായിരുന്നു കാശ്മീർ ഫയൽസ്. അവിടെ ഇരകളോട് ഐക്യദാർഢ്യപ്പെട്ടവർ എമ്പുരാന്റെ കാര്യം വരുമ്പോൾ വേട്ടക്കാരൻ ബജ്‌രംഗിക്ക് ഒപ്പം ചേരുന്നു. നരോദ്യപാട്യയിൽ ബാബുലാൽ ബജ്റംഗിയുടെ നേതൃത്വത്തിൽ സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പടെ 96 മുസ്ലീങ്ങളെയാണ് കൊലപ്പെടുത്തിയത്. അയാളെ എമ്പുരാനിൽ ഹീറോയാക്കിയിരുന്നെങ്കിൽ ഇപ്പോഴത്തെ വിമർശകർ പടത്തെ വാനോളം പുകഴ്ത്തുമായിരുന്നു.
ഇനി നമുക്ക് ബജറംഗിക്കെതിരെ നീതിബോധത്താൽ പൊട്ടിത്തെറിക്കുന്നവരുടെ മാനവികത ഒന്ന് പരിശോധിക്കാം.. സംഘപരിവാറും RSS ഉം ഇല്ലാത്ത കാലത്ത് 1921ൽ പതിനായിരത്തോളം ഹിന്ദുക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ മലബാർ കലാപത്തിന് നേതൃത്വം നല്കിയ കൊടുംഭീകരൻ വാരിയൻ കുന്നന് വൻ ഫാൻ ഫോളോയിംഗ് ഉള്ള നാടാണ് കേരളം. തുർക്കിയിലെ സുൽത്താനെ ബ്രിട്ടീഷുകാർ സ്ഥാനഭ്രഷ്ടനാക്കിയതിന്റെ പേരിൽ എട്ടും പൊട്ടും തിരിയാത്ത ഏറനാടൻ മനുഷ്യരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ വാരിയം കുന്നൻ ടീമിനെ വാഴ്ത്തി സിനിമ പിടിക്കാൻ ഒരുമ്പെട്ടവർ ഈ കേരളത്തിലുണ്ട്. മലബാർ കൂട്ടക്കൊലയുടെ ഇരകളുടെ പിന്തുടർച്ചക്കാർ ജീവിക്കുന്ന മലപ്പുറത്തെ ടൗൺഹാൾ കൂട്ടക്കൊലക്കാരൻ വാരിയം കുന്നന്റെ പേരിലാണുള്ളത്.
പാർട്ടി വിട്ട് ബിജെപിയിലേക്ക് പോയ ഒരു യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അടുത്തിടെ ശിക്ഷിച്ചപ്പോൾ കൊലയാളികൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ ആയിരങ്ങളാണ് തലശ്ശേരി സെഷൻസ് കോടതിയുടെ മുമ്പിൽ തടിച്ചുകൂടിയത്. ഇതേ പിന്തുണയാണ് ബജ്റംഗിയ്ക്കും മായാ കോട്വാനിക്കും ബിജെപിയും നല്കുന്നത്.
1984ലെ സിഖ് കൂട്ടക്കൊലയ്ക്ക് നേതൃതം നല്കിയ HKL ഭഗത്, ജഗദീഷ് ടൈറ്റ്ലർ, സജ്ജൻ കുമാർ എന്നിവരെ പൂർണ്ണമായും സംരക്ഷിക്കുകയും അവർക്ക് പ്രതിരോധം തീർക്കുകയും ചെയ്ത പാർട്ടിയാണ് കോൺഗ്രസ്. HKL ഭഗത് രാജീവ് മന്ത്രിസഭയിൽ 5 കൊല്ലം മന്ത്രിപദവി അലങ്കരിച്ചപ്പോൾ ടൈറ്റ്ലർ നരസിംഹറാവു മിനിസ്ട്രിയിൽ ഫാമിലി നോമിനിയായി.
മതമേതായാലും പാർട്ടി ഏതായാലും ആർട്ടിസ്റ്റിക് ഫ്രീഡം സംരക്ഷിക്കപ്പെടണം. എമ്പുരാൻ ഒരു കലാസൃഷ്ടിയാണ്. കച്ചവടതാല്പര്യം ഇല്ലാത്ത ഒന്നും ഈ ഭൂമിയിലില്ല. സർവസംഘപരിത്യാഗികൾ പോലും ഒരു മുതൽമുടക്കുമില്ലാതെ കോടാനുകോടികൾ സമ്പാദിക്കുന്ന രാജ്യത്ത്, വലിയ ഇൻവെസ്റ്റ്മെന്റിൽ സിനിമ പിടിക്കുന്നവർ ലാഭം ലക്ഷ്യമിടുന്നതിൽ ഒരു തെറ്റുമില്ല.
എമ്പുരാനിൽ ഗോധ്ര വിഷയമായില്ലെന്ന് പരാതി പറയുന്നവർ പോലും ബജ്റംഗി പുണ്യവാളനാണെന്ന് അവകാശപ്പെടുന്നില്ല. പടത്തിനെതിരെ തെരുവിൽ പ്രകടനമോ പ്രക്ഷോഭമോ അക്രമമോ ഒന്നും നടക്കുന്നില്ല. പക്ഷെ എമ്പുരാനിൽ ചില നീക്കുപോക്കുകൾ നടത്തി സംഘപരിവാറിനെ സാന്ത്വനിപ്പിക്കും എന്നാണ് കേൾക്കുന്നത്.
ബിജെപിയുടെ പരസ്യപിന്തുണ പോലുമില്ലാതെ സോഷ്യൽ മീഡിയ ക്യാംപെയ്ൻ അഴിച്ചു വിട്ട ഹിന്ദുത്വരാഷ്ട്രീയ അണികൾക്ക് മുന്നിൽ എമ്പുരാൻ മുട്ടുമടക്കിയിരിക്കുന്നു. ഇന്റർനാഷണൽ ഡോണായ എബ്രഹാം ഖുറേഷിയുടെ ഈ കീഴടങ്ങൽ കേരളരാഷ്ട്രീയത്തിന്റെ ഭാവിയിലേക്കുള്ള ദിശാസൂചകമാണ്.
അടുത്ത കാലം വരെ കേരളത്തിലെ രാഷ്ട്രീയ അജണ്ട നിശ്ചയിച്ചിരിക്കുന്നത് പൊളിറ്റിക്കൽ ഇസ്ലാമായിരുന്നു. അവർ സെറ്റ് ചെയ്തിരുന്ന നരേറ്റീവിന് ചുറ്റിനും മുട്ടുകുത്തി ഭ്രമണം ചെയ്തു നടക്കുകയായിരുന്നു കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് വരെ മുഖ്യധാരാ മതേതരരാഷ്ട്രീയം. അവിടേക്കാണ് വാളെടുക്കാതെ രക്തം ചൊരിയാതെ സംഘപരിവാർ ഇടിച്ചു കയറിയിരിക്കുന്നത്.
മുസ്ലീം വിരുദ്ധമെങ്കിലും ഹിന്ദുത്വ രാഷ്ട്രീയം അടിമുടി അനുകരിക്കുന്നത് ഇസ്‌ലാമിന്റെ മോഡസ് ഓപ്പറണ്ടി തന്നെയാണ്. അല്ലാഹു അക്ബർ എന്ന് കേൾക്കുമ്പോൾ സാദാ മനുഷ്യർക്കുണ്ടാകുന്ന അതേ ഭീതിയും ഭയവും ജയ് ശ്രീറാം ഉല്പാദിപ്പിക്കുന്നു.
മതരാഷ്ട്രീയവും കേഡർ പൊളിറ്റിക്സും ലിബറൽ ജനാധിപത്യത്തെ തുരങ്കം വയ്ക്കാൻ നടക്കുന്ന പ്രതിലോമശക്തികളാണ്. ചില നേരങ്ങളിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി ചമയുന്ന ഇക്കൂട്ടർ മറ്റുചിലപ്പോൾ ഫ്രീഡം ഓഫ് എക്സ്പ്രഷന്റെ ആരാച്ചാരായി മാറുന്നു. കൊലയാളി സ്വന്തം ഗോത്രക്കാരനല്ലാതാകുമ്പോൾ മാത്രമാണ് രാഷ്ട്രീയകക്ഷികളും മതജാതിസംഘടനകളും അവരുടെ അന്ധരായ അണികളും ഇരകൾക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത്. ഇക്കൂട്ടരുടെ കള്ളക്കരച്ചിലും ഗ്ളിസറിൻ അഭിനയവും തിരിച്ചറിയാനുള്ള ജാഗ്രതയും വിവേകവും പൊതുസമൂഹം ആർജ്ജിക്കേണ്ടിയിരിക്കുന്നു, മാനായും മാരീചനായും വേഷം മാറിവരുന്നവരെ കരുതിയിരിക്കണം.
ഒരു കട്ടുമില്ലാത്ത ഒറിജിനൽ എമ്പുരാനൊപ്പം..
Sajeev ala